യെശയ്യാവ് 40:12-14

യെശയ്യാവ് 40:12-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

തന്‍റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ട് ആകാശത്തിന്‍റെ പരിമാണമെടുക്കുകയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുകയും പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആര്‍? യഹോവയുടെ ആത്മാവിനെ നിയന്ത്രിക്കുകയോ അവിടുത്തെ മന്ത്രിയായി അങ്ങയെ ഗ്രഹിപ്പിക്കുകയോ ചെയ്തവനാര്? യഹോവയെ ഉപദേശിച്ചു ന്യായത്തിന്‍റെ പാതയെ പഠിപ്പിക്കുകയും യഹോവയെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്‍റെ മാർഗ്ഗം കാണിക്കുകയും ചെയ്തുകൊടുക്കേണ്ടതിനു യഹോവ ആരോടാകുന്നു ആലോചന കഴിച്ചതു?

യെശയ്യാവ് 40:12-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മഹാസമുദ്രത്തെ കൈക്കുമ്പിളിൽ അളക്കുകയും ആകാശത്തെ കൈകൊണ്ട് അളന്നു തിട്ടപ്പെടുത്തുകയും ഭൂമിയിലെ പൂഴി മുഴുവൻ നാഴിയിൽ ഒതുക്കുകയും പർവതങ്ങളെ തുലാസിലും കുന്നുകളെ വെള്ളിക്കോലിലും തൂക്കി നോക്കുകയും ചെയ്യുന്നതാര്? സർവേശ്വരനു മാർഗനിർദേശം നല്‌കാൻ ആർക്കു കഴിയും? ആര് ഉപദേഷ്ടാവായി സർവേശ്വരനു ശിക്ഷണം നല്‌കും? ജ്ഞാനോദയത്തിനുവേണ്ടി അവിടുന്ന് ആരുടെയെങ്കിലും ഉപദേശം തേടിയിട്ടുണ്ടോ? സർവേശ്വരനു നീതിയുടെ മാർഗം പഠിപ്പിച്ചു കൊടുക്കുകയും ജ്ഞാനം ഉപദേശിക്കുകയും വിവേകത്തിന്റെ പാത ചൂണ്ടിക്കാണിക്കുകയും ചെയ്യാൻ ആരുണ്ട്?

യെശയ്യാവ് 40:12-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

തന്റെ ഉള്ളങ്കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ടു ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കയും പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആർ? യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ? അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന്നു അവൻ ആരോടാകുന്നു ആലോചന കഴിച്ചതു?

യെശയ്യാവ് 40:12-14 സമകാലിക മലയാളവിവർത്തനം (MCV)

മഹാസാഗരങ്ങളെ തന്റെ ഉള്ളങ്കൈയാൽ അളക്കുകയും ആകാശവിശാലത കൈയുടെ വിസ്തൃതികൊണ്ട് അളന്നുതിരിക്കുകയും ഭൂമിയിലെ പൊടി അളവുപാത്രംകൊണ്ട് അളന്നു തിട്ടപ്പെടുത്തുകയും പർവതങ്ങളെ ത്രാസുകൊണ്ടും മലകളെ തുലാംകൊണ്ടും തൂക്കുകയും ചെയ്യുന്നതാർ? യഹോവയുടെ ആത്മാവിന്റെ ആഴമളക്കാനോ യഹോവയുടെ ഉപദേഷ്ടാവായിരിക്കാനോ കഴിയുന്നതാർ? അറിവുപകർന്നുകിട്ടാനായി ആരോടാണ് യഹോവ ആലോചന ചോദിച്ചത്? നേരായ മാർഗം അവിടത്തെ പഠിപ്പിച്ചത് ആരാണ്? ജ്ഞാനം അവിടത്തെ ഉപദേശിച്ചത് ആരാണ്? അഥവാ, പരിജ്ഞാനത്തിന്റെ പാത ആരാണ് അവിടത്തേക്കു കാണിച്ചുകൊടുത്തത്?