യാക്കോബ് 2:14-26

യാക്കോബ് 2:14-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ട് എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്ത്? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ? ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോട്: സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കയും ചെയ്‍വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷയ്ക്ക് ആവശ്യമുള്ളത് അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്ത്? അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവേ നിർജീവമാകുന്നു. എന്നാൽ ഒരുത്തൻ: നിനക്കു വിശ്വാസം ഉണ്ട്; എനിക്കു പ്രവൃത്തികൾ ഉണ്ട് എന്നു പറയുമായിരിക്കും. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചുതരാം. ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറയ്ക്കയും ചെയ്യുന്നു. വ്യർഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ? നമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചിട്ടു പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടത്? അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണമായി എന്നും നീ കാണുന്നുവല്ലോ. അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അത് അവനു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവൻ ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു. അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽതന്നെ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു. അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊൾകയും വേറൊരു വഴിയായി പറഞ്ഞയയ്ക്കയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്? ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിർജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജീവമാകുന്നു.

യാക്കോബ് 2:14-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്റെ സഹോദരരേ, ഒരുവൻ വിശ്വാസമുണ്ട് എന്നു പറയുകയും അവന് അതനുസരിച്ചുള്ള പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനം? അവന്റെ വിശ്വാസം അവനെ രക്ഷിക്കുവാൻ പര്യാപ്തമാണോ? വിശപ്പടക്കാൻ ആഹാരവും നഗ്നത മറയ്‍ക്കാൻ വസ്ത്രവും ഇല്ലാതെ വലയുന്ന ഒരു സഹോദരനോടോ സഹോദരിയോടോ അവർക്ക് ആവശ്യമുള്ളതു കൊടുക്കാതെ “നിങ്ങൾ സമാധാനത്തോടുകൂടി പോയി തണുപ്പകറ്റി മൃഷ്ടാന്നം ഭക്ഷിക്കുക” എന്നു നിങ്ങളിൽ ആരെങ്കിലും പറയുന്നെങ്കിൽ അതുകൊണ്ട് എന്താണു പ്രയോജനം? അതുകൊണ്ട് പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം സ്വതേ നിർജീവമാകുന്നു. എന്നാൽ “നിനക്കു വിശ്വാസമുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്” എന്നു നിങ്ങൾ പറഞ്ഞേക്കാം. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ എനിക്കു കാണിച്ചുതരിക. എന്റെ വിശ്വാസം പ്രവൃത്തികളിൽ കൂടി ഞാൻ കാണിച്ചുതരാം. ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു. അതു നല്ലതുതന്നെ! പിശാചുക്കൾപോലും അതു വിശ്വസിക്കുന്നു. ഭയപ്പെട്ടു വിറയ്‍ക്കുകയും ചെയ്യുന്നു. മൂഢനായ മനുഷ്യാ, പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം നിഷ്ഫലമെന്നു ഞാൻ തെളിയിച്ചുതരണമോ? നമ്മുടെ പിതാവായ അബ്രഹാം തന്റെ പുത്രനായ ഇസ്ഹാക്കിനെ ബലിപീഠത്തിൽ സമർപ്പിച്ചു. അങ്ങനെ പ്രവൃത്തികളിലൂടെയാണല്ലോ അദ്ദേഹം നീതികരിക്കപ്പെട്ടത്. അബ്രഹാമിന്റെ പ്രവൃത്തികളോടൊപ്പം വിശ്വാസവും വർത്തിച്ചു എന്നും, വിശ്വാസം പ്രവൃത്തികളാൽ പൂർണമാക്കപ്പെട്ടു എന്നും നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ ‘അബ്രഹാം ദൈവത്തെ വിശ്വസിച്ചു; അതുകൊണ്ട് അദ്ദേഹത്തെ നീതിമാനായി അംഗീകരിച്ചു’ എന്ന വേദലിഖിതം സത്യമായി; അദ്ദേഹം ദൈവത്തിന്റെ സ്നേഹിതൻ എന്നു വിളിക്കപ്പെടുകയും ചെയ്തു. അങ്ങനെ, മനുഷ്യൻ പ്രവൃത്തികൾകൊണ്ടാണ് നീതിമാനായി അംഗീകരിക്കപ്പെടുന്നതെന്ന് നിങ്ങൾ അറിയുന്നു; കേവലം വിശ്വാസംകൊണ്ടല്ല. റാഹാബ് എന്ന വേശ്യയും അംഗീകരിക്കപ്പെട്ടത് പ്രവൃത്തികളിൽ കൂടിയാണ്. അവൾ ഇസ്രായേല്യചാരന്മാരെ സ്വീകരിക്കുകയും മറ്റൊരു വഴിയിലൂടെ അവരെ പുറത്തേക്കു പറഞ്ഞയയ്‍ക്കുകയും ചെയ്തു. ആത്മാവില്ലാത്ത ശരീരം നിർജീവമായിരിക്കുന്നതുപോലെ പ്രവൃത്തികൂടാതെയുള്ള വിശ്വാസവും നിർജീവമായിരിക്കും.

യാക്കോബ് 2:14-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്‍റെ സഹോദരന്മാരേ, ഒരുവൻ തനിക്കു വിശ്വാസം ഉണ്ട് എന്നു പറയുകയും പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്ത് പ്രയോജനം? ആ വിശ്വാസത്താൽ അവനു രക്ഷ പ്രാപിക്കുവാൻ സാധിക്കുമോ? ഒരു സഹോദരനോ, സഹോദരിയോ വസ്ത്രവും ദൈനംദിന ആഹാരവും ഇല്ലാതിരിക്കെ നിങ്ങളിൽ ഒരുവൻ അവരോട്: “സമാധാനത്തോടെ പോയി തണുപ്പകറ്റുകയും വിശപ്പടക്കുകയും ചെയ്‌വിൻ” എന്നു പറയുന്നതല്ലാതെ ദേഹരക്ഷയ്ക്ക് ആവശ്യമുള്ളത് അവർക്ക് കൊടുക്കാതിരുന്നാൽ ഉപകാരമെന്ത്? അങ്ങനെ പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം സ്വതവേ നിർജ്ജീവമാകുന്നു. എന്നാൽ ഒരുവൻ: “നിനക്കു വിശ്വാസം ഉണ്ട്; എനിക്ക് പ്രവൃത്തികൾ ഉണ്ട്” എന്നു പറയുമായിരിക്കും. നിന്‍റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്‍റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചുതരാം. ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ? കൊള്ളാം; ഭൂതങ്ങളും അങ്ങനെ വിശ്വസിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു. വ്യർത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്ന് ഗ്രഹിക്കുവാൻ നിനക്കു മനസ്സുണ്ടോ? നമ്മുടെ പിതാവായ അബ്രാഹാം തന്‍റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചപ്പോൾ, പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടത്. അവന്‍റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ. “അബ്രാഹാം ദൈവത്തെ വിശ്വസിക്കുകയും അത് അവനു നീതിയായി കണക്കിടുകയും ചെയ്തു” എന്നുള്ള തിരുവെഴുത്ത് നിവൃത്തിയാവുകയും, അവനു ദൈവത്തിന്‍റെ സ്നേഹിതൻ എന്നു പേർ ലഭിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യൻ വിശ്വാസത്താൽ മാത്രമല്ല, പ്രവൃത്തികളാൽ തന്നെ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു. അതുപോലെ രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊള്ളുകയും വേറൊരു വഴിയായി പറഞ്ഞയക്കുകയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്? ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നതു പോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.

യാക്കോബ് 2:14-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ? ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോടു: സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്‌വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്തു? അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു. എന്നാൽ ഒരുത്തൻ: നിനക്കു വിശ്വാസം ഉണ്ടു; എനിക്കു പ്രവൃത്തികൾ ഉണ്ടു എന്നു പറയുമായിരിക്കും. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചു തരാം. ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു. വ്യർത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ? നമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചിട്ടു പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടതു? അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ. അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവൻ ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു. അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു. അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊൾകയും വേറൊരു വഴിയായി പറഞ്ഞയക്കയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടതു? ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.

യാക്കോബ് 2:14-26 സമകാലിക മലയാളവിവർത്തനം (MCV)

എന്റെ സഹോദരങ്ങളേ, ഒരാൾ തനിക്കു വിശ്വാസമുണ്ടെന്ന് അവകാശപ്പെടുകയും അതിനനുസൃതമായ പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനം? ആ വിശ്വാസം അയാളെ രക്ഷിക്കുമോ? ഒരു സഹോദരനോ സഹോദരിക്കോ വസ്ത്രം ധരിക്കാനില്ലാതെയും പ്രതിദിന ആഹാരത്തിനുള്ള മാർഗം ഇല്ലാതെയും ഇരുന്നാൽ നിങ്ങളിൽ ഒരാൾചെന്ന് അയാളോട്: “വീട്ടിൽപോയി തീകായുകയും മൃഷ്ടാന്നഭോജനം കഴിക്കുകയുംചെയ്ത് സ്വസ്ഥമായിരിക്കൂ” എന്നു പറയുന്നതല്ലാതെ, അയാളുടെ സംരക്ഷണത്തിനു വേണ്ടതൊന്നും ചെയ്യുന്നില്ലെങ്കിൽ എന്തു പ്രയോജനം? ഇപ്രകാരമാണ് പ്രവൃത്തിയില്ലാത്ത വിശ്വാസം സ്വയം നിർജീവമായിരിക്കുന്നത്. എന്നാൽ, “നിനക്കുള്ളത് വിശ്വാസം; എനിക്കുള്ളത് പ്രവൃത്തി” എന്ന് ഒരാൾ പറഞ്ഞാൽ, പ്രവൃത്തികൾകൂടാതെയുള്ള നിന്റെ വിശ്വാസം എനിക്കു തെളിയിച്ചു തരിക, പ്രവൃത്തിയിലൂടെ ഉള്ള എന്റെ വിശ്വാസം ഞാനും തെളിയിച്ചു തരാം. ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നു. നല്ലതുതന്നെ! അശുദ്ധാത്മാക്കളും അതു വിശ്വസിക്കുകയും ഭയവിഹ്വലരാകുകയുംചെയ്യുന്നു. വിഡ്ഢിയായ മനുഷ്യാ, പ്രവൃത്തികൾ ഇല്ലാത്ത വിശ്വാസം നിഷ്‌പ്രയോജനമാണ് എന്നു മനസ്സിലാക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? നമ്മുടെ അബ്രാഹാം പിതാവ് മകൻ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചപ്പോൾ, പ്രവൃത്തിയാൽ അല്ലേ നീതീകരിക്കപ്പെട്ടത്? അദ്ദേഹത്തിന്റെ വിശ്വാസം പ്രവൃത്തിയോടു ചേർന്നു പ്രവർത്തിച്ചെന്നും പ്രവൃത്തിയാൽ വിശ്വാസം പൂർത്തീകരിക്കപ്പെട്ടുവെന്നും നിങ്ങൾ കാണുന്നല്ലോ? “അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു, അതുനിമിത്തം ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കി” എന്നുള്ള തിരുവെഴുത്ത് ഇങ്ങനെ നിറവേറുകയും അദ്ദേഹം ദൈവത്തിന്റെ സ്നേഹിതൻ എന്നു വിളിക്കപ്പെടുകയും ചെയ്തു. അങ്ങനെ മനുഷ്യൻ വിശ്വാസംകൊണ്ടുമാത്രമല്ല, മറിച്ച് അവർ ചെയ്യുന്ന പ്രവൃത്തികൾകൊണ്ടുമാണ് നീതിനിഷ്ഠരായി കണക്കാക്കപ്പെടുന്നത്. അതുപോലെ രാഹാബ് എന്ന ഗണികയും ആ ചാരന്മാരെ സ്വീകരിക്കുകയും അവരെ വേറൊരു വഴിക്കു പറഞ്ഞയയ്ക്കുകയും ചെയ്തപ്പോൾ പ്രവൃത്തികളാലല്ലേ നീതീകരിക്കപ്പെട്ടത്? ആത്മാവില്ലാത്ത ശരീരം നിർജീവം ആയിരിക്കുന്നതുപോലെ, പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജീവമാകുന്നു.