യോഹന്നാൻ 11:17-35
യോഹന്നാൻ 11:17-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വച്ചിട്ടു നാലു ദിവസമായി എന്ന് അറിഞ്ഞു. ബേഥാന്യ യെരൂശലേമിനരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു. മാർത്തയെയും മറിയയെയും സഹോദരനെക്കുറിച്ച് ആശ്വസിപ്പിക്കേണ്ടതിനു പല യെഹൂദന്മാരും അവരുടെ അടുക്കൽ വന്നിരുന്നു. യേശു വരുന്നു എന്ന് കേട്ടിട്ടു മാർത്ത അവനെ എതിരേല്പാൻ ചെന്നു; മറിയയോ വീട്ടിൽ ഇരുന്നു. മാർത്ത യേശുവിനോട്: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു. ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്ന് ഞാൻ അറിയുന്നു എന്നു പറഞ്ഞു. യേശു അവളോട്: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. മാർത്ത അവനോട്: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. യേശു അവളോട്: ഞാൻതന്നെ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. അവൾ അവനോട്: ഉവ്വ്, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീതന്നെ എന്ന് ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു പോയി, തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ട്; നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു. അവൾ കേട്ട ഉടനെ എഴുന്നേറ്റ് അവന്റെ അടുക്കൽ വന്നു. യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്തുതന്നെ ആയിരുന്നു. വീട്ടിൽ അവളോടുകൂടെ ഇരുന്ന് അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റുപോകുന്നത് കണ്ടിട്ട് അവൾ കല്ലറയ്ക്കൽ കരവാൻ പോകുന്നു എന്ന് വിചാരിച്ചു പിൻചെന്നു. യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ട് അവന്റെ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ട്, ഉള്ളം നൊന്തു കലങ്ങി: അവനെ വച്ചത് എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാൺക എന്ന് അവർ അവനോട് പറഞ്ഞു. യേശു കണ്ണുനീർ വാർത്തു.
യോഹന്നാൻ 11:17-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു അവിടെയെത്തിയപ്പോൾ ലാസറിനെ കല്ലറയിൽ വച്ചിട്ടു നാലു ദിവസം കഴിഞ്ഞു എന്നറിഞ്ഞു. യെരൂശലേമിനു വളരെ അടുത്താണ് ബേഥാന്യ. ഏകദേശം മൂന്നു കിലോമീറ്റർ ദൂരം മാത്രം. അതുകൊണ്ടു സഹോദരന്റെ നിര്യാണംമൂലം ദുഃഖിതരായ മാർത്തയെയും മറിയമിനെയും ആശ്വസിപ്പിക്കുവാൻ ഒട്ടേറെ യെഹൂദന്മാർ അവിടെയെത്തിയിരുന്നു. യേശു വരുന്നു എന്നു കേട്ടപ്പോൾ അവിടുത്തെ സ്വീകരിക്കുവാൻ മാർത്ത ഇറങ്ങിച്ചെന്നു. മറിയമാകട്ടെ വീട്ടിൽത്തന്നെ ഇരുന്നു. മാർത്ത യേശുവിനോട്, “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു. എങ്കിലും അങ്ങു ചോദിക്കുന്നതെന്തും ദൈവം നല്‌കുമെന്ന് ഇപ്പോഴും എനിക്കറിയാം” എന്നു പറഞ്ഞു. യേശു മാർത്തയോട്, “നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും” എന്നു പറഞ്ഞു. അപ്പോൾ മാർത്ത പറഞ്ഞു: “അന്തിമനാളിലെ പുനരുത്ഥാനത്തിൽ എന്റെ സഹോദരൻ ഉയിർത്തെഴുന്നേല്‌ക്കുമെന്ന് എനിക്കറിയാം.” യേശു അവളോട് അരുൾചെയ്തു: “ഞാൻ തന്നെയാണു പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരിക്കുമ്പോൾ എന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും ഒരുനാളും മരിക്കുകയില്ല; ഇതു നീ വിശ്വസിക്കുന്നുവോ?” “ഉവ്വ് കർത്താവേ, ലോകത്തിലേക്കു വരുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്ന ദൈവപുത്രനായ ക്രിസ്തു അങ്ങുതന്നെ എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു മാർത്ത പ്രതിവചിച്ചു. ഇത്രയും പറഞ്ഞിട്ട് മാർത്ത തിരിച്ചുപോയി മറിയമിനെ രഹസ്യമായി വിളിച്ച്, “ഗുരു വന്നിട്ടുണ്ട്, നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു. ഉടനെ മറിയം എഴുന്നേറ്റ് യേശുവിന്റെ അടുക്കലേക്കു പോയി. അതുവരെ യേശു ഗ്രാമത്തിൽ പ്രവേശിക്കാതെ മാർത്ത അദ്ദേഹത്തെ എതിരേറ്റ സ്ഥലത്തുതന്നെ നില്‌ക്കുകയായിരുന്നു. മറിയം തിടുക്കത്തിൽ എഴുന്നേറ്റു പോകുന്നത് അവളെ സാന്ത്വനപ്പെടുത്തിക്കൊണ്ടു വീട്ടിൽ ഇരുന്ന യെഹൂദന്മാർ കണ്ടു. അവൾ ശവക്കല്ലറയ്‍ക്കടുത്തു ചെന്നു വിലപിക്കുവാൻ പോകുകയായിരിക്കുമെന്നു വിചാരിച്ച് അവർ അവളുടെ പിന്നാലെ ചെന്നു. യേശു നിന്നിരുന്ന സ്ഥലത്ത് മറിയം എത്തി. അവിടുത്തെ കണ്ടപ്പോൾ മറിയം അവിടുത്തെ കാല്‌ക്കൽ വീണു, “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു. അവളും കൂടെയുണ്ടായിരുന്ന യെഹൂദന്മാരും കരയുന്നതു കണ്ടപ്പോൾ ദുഃഖംകൊണ്ട് യേശുവിന്റെ അന്തരംഗം നൊന്തുകലങ്ങി. അവിടുന്ന് അവരോട് ചോദിച്ചു: “അവനെ എവിടെയാണു സംസ്കരിച്ചത്?” അവർ മറുപടിയായി, “കർത്താവേ, വന്നു കണ്ടാലും” എന്നു പറഞ്ഞു. യേശു കണ്ണുനീർ ചൊരിഞ്ഞു.
യോഹന്നാൻ 11:17-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ട് നാലുദിവസമായി എന്നു അറിഞ്ഞു. ബേഥാന്യ യെരൂശലേമിനരികെ ഏകദേശം പതിനഞ്ചു നാഴിക ദൂരത്തായിരുന്നു. അനേകം യെഹൂദന്മാർ മാർത്തയെയും മറിയയെയും അവരുടെ സഹോദരനെക്കുറിച്ച് ആശ്വസിപ്പിക്കേണ്ടതിന് അവരുടെ അടുക്കൽ വന്നിരുന്നു. യേശു വരുന്നുണ്ടെന്നു കേട്ടപ്പോൾ മാർത്ത ചെന്നു അവനെ കണ്ടു; എന്നാൽ മറിയയോ വീട്ടിൽത്തന്നെ ഇരുന്നു. മാർത്ത യേശുവിനോടു: “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു. ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു“ എന്നു പറഞ്ഞു. യേശു അവളോട്: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. മാർത്ത അവനോട്: “ഒടുവിലത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു“ എന്നു പറഞ്ഞു. യേശു അവളോട്: ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. അവൾ അവനോട്: “ഉവ്വ്, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നെ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു“ എന്നു പറഞ്ഞിട്ട് പോയി, തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: “ഗുരു വന്നിട്ടുണ്ട്; നിന്നെ വിളിക്കുന്നു“ എന്നു പറഞ്ഞു. അവൾ കേട്ട ഉടനെ എഴുന്നേറ്റ് അവന്റെ അടുക്കൽ ചെന്നു. യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്ത് തന്നെ ആയിരുന്നു. വീട്ടിൽ മറിയയോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിച്ചിരുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റ് പോകുന്നത് കണ്ടിട്ട് അവൾ കല്ലറയ്ക്കൽ കരയുവാൻ പോകുന്നു എന്നു വിചാരിച്ചു അവളെ പിൻചെന്നു. യേശു ഇരിക്കുന്നിടത്ത് മറിയ എത്തി അവനെ കണ്ടപ്പോൾ കാല്ക്കൽ വീണു: “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു“ എന്നു പറഞ്ഞു. അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ട് ആത്മാവിൽ ഞരങ്ങി, അസ്വസ്ഥനായി: അവനെ വെച്ചത് എവിടെ? എന്നു ചോദിച്ചു. “കർത്താവേ, വന്നു കാണുക“ എന്നു അവർ അവനോട് പറഞ്ഞു. യേശു കണ്ണുനീർ വാർത്തു.
യോഹന്നാൻ 11:17-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ടു നാലുദിവസമായി എന്നു അറിഞ്ഞു. ബേഥാന്യ യെരൂശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു. മാർത്തയെയും മറിയയെയും സഹോദരനെക്കുറിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു പല യെഹൂദന്മാരും അവരുടെ അടുക്കൽ വന്നിരുന്നു. യേശു വരുന്നു എന്നു കേട്ടിട്ടു മാർത്ത അവനെ എതിരേല്പാൻ ചെന്നു; മറിയയോ വീട്ടിൽ ഇരുന്നു. മാർത്ത യേശുവിനോടു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു. ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. യേശു അവളോടു: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. മാർത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. അവൾ അവനോടു: ഉവ്വു, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു പോയി തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ടു; നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു. അവൾ കേട്ട ഉടനെ എഴുന്നേറ്റു അവന്റെ അടുക്കൽ വന്നു. യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നേ ആയിരുന്നു. വീട്ടിൽ അവളോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റു പോകുന്നതു കണ്ടിട്ടു അവൾ കല്ലറെക്കൽ കരവാൻ പോകുന്നു എന്നു വിചാരിച്ചു പിൻചെന്നു. യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി: അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാണ്ക എന്നു അവർ അവനോടു പറഞ്ഞു. യേശു കണ്ണുനീർ വാർത്തു.
യോഹന്നാൻ 11:17-35 സമകാലിക മലയാളവിവർത്തനം (MCV)
യേശു അവിടെ എത്തിയപ്പോൾ ലാസറിനെ കല്ലറയിൽ വെച്ചിട്ടു നാലുദിവസം കഴിഞ്ഞിരുന്നു എന്ന് അറിഞ്ഞു. ജെറുശലേമിൽനിന്ന് ബെഥാന്യയിലേക്കു മൂന്ന് കിലോമീറ്ററിൽ താഴെമാത്രമേ ദൂരമുണ്ടായിരുന്നുള്ളൂ. സഹോദരന്റെ വേർപാടിൽ മാർത്തയെയും മറിയയെയും ആശ്വസിപ്പിക്കാൻ അനേകം യെഹൂദർ എത്തിയിരുന്നു. യേശു വരുന്നു എന്നു കേട്ടപ്പോൾ അദ്ദേഹത്തെ എതിരേൽക്കാൻ മാർത്ത ഇറങ്ങിച്ചെന്നു; എന്നാൽ, മറിയ വീട്ടിൽത്തന്നെ ഇരുന്നു. മാർത്ത യേശുവിനോടു പറഞ്ഞു: “കർത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു. എങ്കിലും അങ്ങ് ചോദിക്കുന്നതെന്തും ഇപ്പോഴും ദൈവം അങ്ങേക്കു തരുമെന്ന് എനിക്കറിയാം.” “നിന്റെ സഹോദരൻ ഇനിയും ജീവിക്കും,” യേശു അവളോടു പറഞ്ഞു. “അവസാനനാളിലെ പുനരുത്ഥാനത്തിൽ അയാൾ ഉയിർത്തെഴുന്നേൽക്കുമെന്ന് എനിക്കറിയാം,” മാർത്ത പറഞ്ഞു. യേശു അവളോടു ചോദിച്ചു, “ഞാൻ ആകുന്നു പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നയാൾ മരിച്ചാലും ജീവിക്കും; എന്നിൽ വിശ്വസിച്ചുകൊണ്ട് ജീവിച്ചിരുന്ന ആരും ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നോ?” അവൾ പറഞ്ഞു: “ഉവ്വ് കർത്താവേ, ലോകത്തിലേക്കു വരാനുള്ള ദൈവപുത്രനായ ക്രിസ്തു അങ്ങുതന്നെ എന്നു ഞാൻ വിശ്വസിക്കുന്നു.” ഇതു പറഞ്ഞശേഷം അവൾ തിരികെപ്പോയി സഹോദരിയായ മറിയയെ അടുക്കൽ വിളിച്ച്, “ഗുരു വന്നിട്ടുണ്ട്, നിന്നെ അന്വേഷിക്കുന്നു” എന്നു രഹസ്യമായി പറഞ്ഞു. ഇതു കേട്ടു മറിയ വേഗം എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തേക്കുപോയി. യേശു ആ സമയംവരെ ഗ്രാമത്തിൽ കടക്കാതെ, മാർത്ത തന്നെ എതിരേറ്റ ആ സ്ഥലത്തുതന്നെ ആയിരുന്നു. മറിയയ്ക്ക് ആശ്വാസം പകർന്നുകൊണ്ട് അവളോടൊപ്പം ഭവനത്തിൽ ഉണ്ടായിരുന്ന യെഹൂദർ, അവൾ വേഗത്തിൽ എഴുന്നേറ്റു പുറത്തേക്കു പോകുന്നതുകണ്ട്, കല്ലറയ്ക്കൽ ചെന്നു കരയാൻ പോകുന്നു എന്നുകരുതി അവളുടെ പിന്നാലെ ചെന്നു. യേശു ഉണ്ടായിരുന്ന സ്ഥലത്തു മറിയ എത്തി അദ്ദേഹത്തെ കണ്ടു കാൽക്കൽവീണു, “കർത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു. അവളും അവളോടൊപ്പം വന്ന മറ്റ് യെഹൂദരും കരയുന്നതു കണ്ടപ്പോൾ യേശു ആത്മാവിൽ അതിദുഃഖിതനായി അസ്വസ്ഥനായിത്തീർന്നു. “നിങ്ങൾ അവനെ എവിടെയാണു സംസ്കരിച്ചത്?” എന്ന് യേശു ചോദിച്ചു. “കർത്താവേ, വന്നു കണ്ടാലും,” അവർ പറഞ്ഞു. യേശു കരഞ്ഞു.