യോഹന്നാൻ 2:19-22
യോഹന്നാൻ 2:19-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു അവരോട്: ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിനകം അതിനെ പണിയും എന്ന് ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോട്: ഈ മന്ദിരം നാല്പത്താറ് സംവത്സരംകൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു. അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്. അവൻ ഇതു പറഞ്ഞു എന്ന് അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
യോഹന്നാൻ 2:19-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഈ ആലയം നശിപ്പിക്കുക; മൂന്നു ദിവസംകൊണ്ട് ഞാനിതു വീണ്ടും പണിയാം” എന്ന് യേശു പ്രതിവചിച്ചു. ഉടനെ യെഹൂദന്മാർ അവിടുത്തോടു ചോദിച്ചു: “നാല്പത്തിയാറു വർഷംകൊണ്ടാണ് ഈ ദേവാലയം നിർമിച്ചത്. ഇതു മൂന്നു ദിവസംകൊണ്ടു താങ്കൾ വീണ്ടും പണിയുമെന്നോ?” എന്നാൽ തന്റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചായിരുന്നു യേശു സൂചിപ്പിച്ചത്. യേശു പറഞ്ഞ ഈ വാക്കുകൾ അവിടുന്ന് മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റപ്പോൾ ശിഷ്യന്മാർ അനുസ്മരിച്ചു. അങ്ങനെ അവർ വേദലിഖിതവും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
യോഹന്നാൻ 2:19-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യേശു അവരോട്: ഈ മന്ദിരം തകർക്കുവിൻ; മൂന്നു ദിവസത്തിനകം ഞാൻ അതിനെ ഉദ്ധരിക്കും എന്നു ഉത്തരം പറഞ്ഞു. യെഹൂദ അധികാരികൾ അവനോട്: “ഈ മന്ദിരം നാല്പത്താറ് വർഷങ്ങൾകൊണ്ട് പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ ഉദ്ധരിപ്പിക്കുമോ?“ എന്നു ചോദിച്ചു. എന്നാൽ അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്. അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
യോഹന്നാൻ 2:19-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശു അവരോടു: ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരംകൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിന്നകം അതിനെ പണിയുമോ എന്നു ചോദിച്ചു. അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു. അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
യോഹന്നാൻ 2:19-22 സമകാലിക മലയാളവിവർത്തനം (MCV)
“ഈ മന്ദിരം പൊളിക്കുക; മൂന്നുദിവസത്തിനകം ഞാൻ ഇതു പണിതുയർത്തും,” എന്ന് യേശു അവരോടു പറഞ്ഞു. യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട് ചോദിച്ചു, “ഈ മന്ദിരം പണിയുന്നതിനു നാൽപ്പത്താറു വർഷം വേണ്ടിവന്നു; താങ്കൾ അതു കേവലം മൂന്നുദിവസംകൊണ്ടു പണിയുമെന്നോ?” എന്നാൽ, യേശു സ്വന്തം ശരീരം എന്ന മന്ദിരത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം, അവിടന്നു പറഞ്ഞിരുന്ന ഈ കാര്യം ശിഷ്യന്മാർ ഓർത്തു. അങ്ങനെ അവർ തിരുവെഴുത്തും യേശുവിന്റെ വചനവും വിശ്വസിച്ചു.