ലൂക്കൊസ് 1:26-38

ലൂക്കൊസ് 1:26-38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്ന് ആയിരുന്നു. ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്ന്: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു. ദൂതൻ അവളോട്: മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും. അവൻ യാക്കോബുഗൃഹത്തിന് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. മറിയ ദൂതനോട്: ഞാൻ പുരുഷനെ അറിയായ്കയാൽ ഇത് എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. അതിന് ദൂതൻ: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉദ്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്ക് ഇത് ആറാം മാസം. ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ എന്ന് ഉത്തരം പറഞ്ഞു. അതിനു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.

ലൂക്കൊസ് 1:26-38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എലിസബെത്ത് ഗർഭവതിയായതിന്റെ ആറാം മാസത്തിൽ ഗലീലയിലെ ഒരു പട്ടണമായ നസറെത്തിൽ ദാവീദുരാജാവിന്റെ വംശജനായ യോസേഫിനു വിവാഹം നിശ്ചയിച്ചിരുന്ന മറിയം എന്ന കന്യകയുടെ അടുക്കൽ ദൈവം ഗബ്രിയേലിനെ അയച്ചു. ദൈവദൂതൻ മറിയമിനെ സമീപിച്ച് : “ദൈവത്തിന്റെ പ്രസാദവരം ലഭിച്ചവളേ, നിനക്കു വന്ദനം! ദൈവം നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ മറിയം വല്ലാതെ സംഭ്രമിച്ചു. “ഇതെന്തൊരഭിവാദനം!” എന്നു മനസ്സിൽ വിചാരിച്ചു. അപ്പോൾ മാലാഖ മറിയമിനോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; ദൈവം നിന്നിൽ പ്രസാദിച്ചിരിക്കുന്നു. നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന് യേശു എന്നു പേരിടണം. അവൻ വലിയവനായിരിക്കും; മഹോന്നതനായ ദൈവത്തിന്റെ പുത്രനെന്നു വിളിക്കപ്പെടുകയും ചെയ്യും; അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം സർവേശ്വരൻ അവനു നല്‌കും. അവൻ എന്നെന്നേക്കും ഇസ്രായേൽജനതയുടെ രാജാവായി വാഴും. അവന്റെ രാജത്വം അനന്തവുമായിരിക്കും.” മറിയം മാലാഖയോടു ചോദിച്ചു: “പുരുഷസംഗമം കൂടാതെ ഇതെങ്ങനെ സംഭവിക്കും?” മാലാഖ പ്രതിവചിച്ചു: “പരിശുദ്ധാത്മാവു നിന്റെമേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും. അതുകൊണ്ടു നിന്നിൽ ജനിക്കുന്ന വിശുദ്ധശിശു ദൈവത്തിന്റെ പുത്രൻ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാർച്ചക്കാരിയായ എലിസബെത്ത് വാർധക്യത്തിൽ ഒരു പുത്രനെ ഗർഭംധരിച്ചിരിക്കുന്നു. വന്ധ്യ എന്നു പറഞ്ഞുവന്ന എലിസബെത്തിന് ഇത് ആറാം മാസമത്രേ. ദൈവത്തിന് അസാധ്യമായിട്ട് ഒന്നുംതന്നെ ഇല്ലല്ലോ.” അപ്പോൾ മറിയം: “ഇതാ ഞാൻ കർത്താവിന്റെ ദാസി; അങ്ങു പറഞ്ഞതുപോലെ എനിക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അതിനുശേഷം ദൂതൻ അവിടെനിന്നു പോയി.

ലൂക്കൊസ് 1:26-38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എലിസബെത്ത് ഗർഭിണിയായി ആറു മാസം കഴിഞ്ഞപ്പോൾ ദൈവം ഗബ്രിയേൽദൂതനെ ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിലേക്ക് അയച്ചു. അവിടെ ദാവീദിന്‍റെ പിന്തുടർച്ചക്കാരനായ യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു. ദൂതൻ അവളുടെ അടുക്കൽ അകത്ത് ചെന്നു: ”കൃപ ലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു. അവൾ ആ വാക്ക് കേട്ടു ഭയപരവശയായി. ഇതു എന്തിനാണ് തന്നോട് പറയുന്നത് എന്നു വിചാരിച്ചു. ദൂതൻ അവളോട്: ”മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്‍റെ കൃപ ലഭിച്ചു. നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവനു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്‍റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം അവനു കൊടുക്കും അവൻ യാക്കോബിന്‍റെ സന്തതി പരമ്പരകൾക്ക് എന്നേക്കും രാജാവായിരിക്കും; അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല” എന്നു പറഞ്ഞു. മറിയ ദൂതനോട്: ”ഞാൻ കന്യക ആയതിനാൽ ഇതു എങ്ങനെ സംഭവിക്കും” എന്നു പറഞ്ഞു. അതിന് ദൂതൻ: ”പരിശുദ്ധാത്മാവ് നിന്‍റെമേൽ വരും; അത്യുന്നതന്‍റെ ശക്തിയാൽ അത് സംഭവിക്കും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്‍റെ ബന്ധുവായ എലിസബെത്ത് വൃദ്ധയായിരുന്നിട്ടും ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; വന്ധ്യ എന്നു പറഞ്ഞുവന്നവൾക്ക് ഇതു ആറാം മാസം. ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല” എന്നു ഉത്തരം പറഞ്ഞു. അതിന് മറിയ: ”ഇതാ, ഞാൻ കർത്താവിന്‍റെ ദാസി; അതുകൊണ്ട് നീ പറഞ്ഞ കാര്യങ്ങൾ എനിക്ക് സംഭവിക്കട്ടെ” എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.

ലൂക്കൊസ് 1:26-38 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു. ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു. ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും അവൻ യാക്കോബുഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം. ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.

ലൂക്കൊസ് 1:26-38 സമകാലിക മലയാളവിവർത്തനം (MCV)

എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാംമാസത്തിൽ ദൈവം ഗബ്രീയേൽ ദൂതനെ ഗലീലാപ്രവിശ്യയിലെ ഒരു പട്ടണമായ നസറെത്തിൽ, ദാവീദുവംശജനായ യോസേഫ് എന്ന പുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുക്കൽ അയച്ചു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു. ദൂതൻ അവളുടെ അടുക്കൽ ചെന്ന്, “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു. ദൂതന്റെ വാക്കുകൾ കേട്ട് മറിയ അന്തംവിട്ടുനിന്നു; ഇത് എന്തൊരു അഭിവാദനം എന്ന് അവൾ ചിന്തിച്ചു. എന്നാൽ ദൂതൻ അവളോട്, “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു. നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം. അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും. അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു. അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു. അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം. ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു. “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” മറിയ പ്രതിവചിച്ചു. ദൂതൻ അവളെ വിട്ടുപോയി.