മത്തായി 21:18-22

മത്തായി 21:18-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ട്, അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്ന് അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി. ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയത് എങ്ങനെ എന്നു പറഞ്ഞ് ആശ്ചര്യപ്പെട്ടു. അതിനു യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്ന് ഉത്തരം പറഞ്ഞു.

മത്തായി 21:18-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിറ്റേദിവസം അതിരാവിലെ നഗരത്തിലേക്കു മടങ്ങിപ്പോകുമ്പോൾ യേശുവിനു വിശന്നു. വഴിയരികിൽ ഒരത്തിവൃക്ഷം നില്‌ക്കുന്നതു കണ്ട് യേശു അതിന്റെ അടുത്തു ചെന്നു. അതിൽ ഇലപ്പടർപ്പല്ലാതെ ഒന്നും കണ്ടില്ല. യേശു അപ്പോൾ അതിനോട് “മേലിൽ ഒരിക്കലും നിന്നിൽ ഫലം കായ്‍ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. ഇതു കണ്ട് ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു. “ഇത്രവേഗം ഈ വൃക്ഷം ഉണങ്ങിയത് എങ്ങനെ?” എന്ന് അവർ ചോദിച്ചു. യേശു അതിനു മറുപടിയായി പറഞ്ഞു: “ഇതു നിങ്ങൾ ഓർമിച്ചുകൊള്ളണം; നിങ്ങൾ അശേഷം സംശയിക്കാതെ വിശ്വാസമുള്ളവരായിരുന്നാൽ ഞാൻ ഈ അത്തിമരത്തോടു ചെയ്തതു മാത്രമല്ല, നിങ്ങൾക്കു ചെയ്യുവാൻ കഴിയുന്നത്; ഈ മലയോട് ഇളകി കടലിൽവീഴുക എന്നു നിങ്ങൾ പറഞ്ഞാൽ അതും സംഭവിക്കും. നിങ്ങൾ വിശ്വസിക്കുന്നപക്ഷം പ്രാർഥനയിൽ നിങ്ങൾ എന്തപേക്ഷിച്ചാലും അതു ലഭിക്കും.”

മത്തായി 21:18-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

രാവിലെ നഗരത്തിലേയ്ക്ക് മടങ്ങിപ്പോകുന്ന സമയം അവനു വിശന്നു. വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു; അടുക്കൽ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോട് പറഞ്ഞു; ക്ഷണത്തിൽ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. ശിഷ്യന്മാർ അത് കണ്ടപ്പോൾ: “അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയത് എങ്ങനെ?“ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. അതിന് യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോട് ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോട്: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയിൽ എന്ത് യാചിച്ചാലും നിങ്ങൾക്ക് ലഭിക്കും എന്നു ഉത്തരം പറഞ്ഞു.

മത്തായി 21:18-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു, അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി. ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. അതിന്നു യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.

മത്തായി 21:18-22 സമകാലിക മലയാളവിവർത്തനം (MCV)

പ്രഭാതത്തിൽ യേശു നഗരത്തിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വിശന്നു. വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടിട്ട് അദ്ദേഹം അതിന്റെ അടുത്തുചെന്നു. എന്നാൽ, അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. അപ്പോൾ യേശു അതിനോട്, “ഇനി ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ മരം ഉണങ്ങിപ്പോയി. ഇതുകണ്ട് ശിഷ്യന്മാർ വിസ്മയത്തോടെ, “അത്തിവൃക്ഷം ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത് എങ്ങനെ?” എന്നു ചോദിച്ചു. അതിനുത്തരമായി യേശു അവരോട്, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം ഈ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു നിങ്ങൾ ചെയ്യുമെന്നുമാത്രമല്ല, ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറഞ്ഞാൽ അതും സംഭവിക്കും, നിശ്ചയം. വിശ്വാസത്തോടുകൂടി നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു നിങ്ങൾക്കു ലഭിക്കും.”