മർക്കൊസ് 11:20-25

മർക്കൊസ് 11:20-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു. അപ്പോൾ പത്രൊസിന് ഓർമവന്നു: റബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്ന് അവനോടു പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ. ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ട് ഈ മലയോട്: നീ നീങ്ങി കടലിൽ ചാടിപ്പോക എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അതുകൊണ്ടു നിങ്ങൾ പ്രാർഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്ക് ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾ പ്രാർഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിനു നിങ്ങൾക്ക് ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ.

മർക്കൊസ് 11:20-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിറ്റേദിവസം രാവിലെ അവർ കടന്നുപോകുമ്പോൾ ആ അത്തിവൃക്ഷം സമൂലം ഉണങ്ങിയിരിക്കുന്നതായി കണ്ടു. അപ്പോൾ യേശു പറഞ്ഞ വാക്കുകൾ ഓർത്തുകൊണ്ട്, “ഗുരുനാഥാ, അതാ നോക്കൂ! അങ്ങു ശപിച്ച ആ അത്തിവൃക്ഷം ഉണങ്ങിപ്പോയതു കണ്ടില്ലേ?” എന്നു പത്രോസ് പറഞ്ഞു. യേശു പ്രതിവചിച്ചു: “നിങ്ങൾ ദൈവത്തിൽ വിശ്വാസമുള്ളവരായിരിക്കുക. ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു, ഹൃദയത്തിൽ സംശയലേശം കൂടാതെ താൻ പറയുന്നതുപോലെ സംഭവിക്കുമെന്നു വിശ്വസിച്ചുകൊണ്ട് ഒരുവൻ ഈ മലയോട് ഇളകി കടലിൽ വീഴുക എന്നു പറഞ്ഞാൽ അപ്രകാരം സംഭവിക്കും. അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥിക്കുമ്പോൾ നിങ്ങൾ എന്തിനുവേണ്ടിയെങ്കിലും അപേക്ഷിച്ചാൽ അതു ലഭിച്ചിരിക്കുന്നു എന്നു വിശ്വസിക്കുക. നിങ്ങൾ അപേക്ഷിക്കുന്നതെന്തും നിങ്ങൾക്കു ലഭിക്കുകയും ചെയ്യും. നിങ്ങൾ പ്രാർഥിക്കുവാൻ നില്‌ക്കുമ്പോൾ സ്വർഗസ്ഥനായ പിതാവു നിങ്ങളുടെ പിഴകൾ നിങ്ങളോടു ക്ഷമിക്കേണ്ടതിനു നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അതു ക്ഷമിക്കുക.

മർക്കൊസ് 11:20-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയത് കണ്ടു. അപ്പോൾ പത്രൊസിന് ഓർമ്മ വന്നു: “റബ്ബീ, നോക്കൂ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയി” എന്നു അവനോടു പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: “ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ. ആരെങ്കിലും തന്‍റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുകൊണ്ട് ഈ മലയോട്: ദൈവം നിന്നെയെടുത്ത് കടലിൽ എറിയട്ടെ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും, ദൈവം അങ്ങനെ തന്നെ ചെയ്യും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. അതുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അത് നിങ്ങൾക്ക് ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾ പ്രാർത്ഥിക്കുവാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കേണ്ടതിനു നിങ്ങൾക്ക് ആരോടെങ്കിലും വിരോധമായി വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ.

മർക്കൊസ് 11:20-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു. അപ്പോൾ പത്രൊസിന്നു ഓർമ്മവന്നു: റബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്നു അവനോടു പറഞ്ഞു. യേശു അവരോടു ഉത്തരം പറഞ്ഞതു: ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ. *ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു ഈ മലയോടു: നീ നീങ്ങി കടലിൽ ചാടിപ്പോക എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. *നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ.

മർക്കൊസ് 11:20-25 സമകാലിക മലയാളവിവർത്തനം (MCV)

രാവിലെ അവർ യാത്രപോകുമ്പോൾ തലേന്നു കണ്ട അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു. അപ്പോൾ പത്രോസിന് തലേദിവസത്തെ കാര്യം ഓർമ വന്നു. അയാൾ യേശുവിനോട്, “റബ്ബീ, നോക്കൂ, അങ്ങ് ശപിച്ച അത്തിവൃക്ഷം ഉണങ്ങിപ്പോയിരിക്കുന്നു!” എന്നു പറഞ്ഞു. അതിനുത്തരമായി യേശു പറഞ്ഞത്: “ദൈവത്തിൽ വിശ്വാസമുള്ളവരായിരിക്കുക. ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറയുകയും താൻ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്താൽ അത് അവന് സാധിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു ലഭിച്ചു എന്നു വിശ്വസിക്കുക, എന്നാൽ അതു നിങ്ങൾക്കു ലഭിക്കും. നിങ്ങൾ പ്രാർഥിക്കാൻ നിൽക്കുമ്പോൾ, ആർക്കെങ്കിലും വിരോധമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് അവരോട് ക്ഷമിക്കുക.