മർക്കൊസ് 15:33-47

മർക്കൊസ് 15:33-47 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആറാം മണി നേരമായപ്പോൾ ഒമ്പതാം മണി നേരത്തോളം ദേശത്ത് എല്ലാം ഇരുട്ട് ഉണ്ടായി. ഒമ്പതാംമണി നേരത്ത് യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്ന് അർഥമുള്ള എലോഹീ, എലോഹീ, ലമ്മാ ശബ്ബക്താനീ എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. അരികെ നിന്നവരിൽ ചിലർ കേട്ടിട്ട്: അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. ഒരുത്തൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ച വീഞ്ഞു നിറച്ച് ഒരു ഓടക്കോലിന്മേലാക്കി: നില്പിൻ; ഏലീയാവ് അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞ് അവനു കുടിപ്പാൻ കൊടുത്തു. യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി. അവന് എതിരേ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ട്: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമയും ഉണ്ടായിരുന്നു. അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു. വൈകുന്നേരമായപ്പോൾ ശബ്ബത്തിന്റെ തലേനാളായ ഒരുക്കനാൾ ആകകൊണ്ടു ശ്രേഷ്ഠമന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമഥ്യയിലെ യോസേഫ് വന്നു ധൈര്യത്തോടെ പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു. അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: അവൻ മരിച്ചിട്ട് ഒട്ടുനേരമായോ എന്ന് ശതാധിപനോട് വസ്തുത ചോദിച്ചറിഞ്ഞിട്ട് ഉടൽ യോസേഫിനു നല്കി. അവൻ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞ്, പാറയിൽ വെട്ടിയിട്ടുള്ള കല്ലറയിൽ വച്ചു; കല്ലറവാതിൽക്കൽ ഒരു കല്ല് ഉരുട്ടിവച്ചു. അവനെ വച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.

മർക്കൊസ് 15:33-47 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മധ്യാഹ്നം മുതൽ മൂന്നുമണിവരെ ദേശമാസകലം അന്ധകാരാവൃതമായി; മൂന്നുമണിക്ക് യേശു, “ഏലോയീ, ഏലോയീ, ലമ്മാ ശബ്ബക്താനി?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. ‘എന്റെ ദൈവമേ, എന്റെ ദൈവമേ അങ്ങ് എന്നെ കൈവിട്ടത് എന്ത്? എന്നാണ് ഇതിനർഥം. അടുത്തുനിന്നവരിൽ ചിലർ ഇതു കേട്ടപ്പോൾ, “അതാ അയാൾ ഏലിയായെ വിളിക്കുന്നു” എന്നു പറഞ്ഞു. ഒരാൾ ഓടിപ്പോയി പുളിച്ച വീഞ്ഞിൽ സ്പഞ്ചു മുക്കി ഞാങ്ങണത്തണ്ടിൽ വച്ച് അവിടുത്തേക്ക് കുടിക്കുവാൻ കൊടുത്തു. “ആകട്ടെ ഏലിയാ ഇയാളെ താഴെ ഇറക്കാൻ വരുമോ എന്ന് നമുക്കു കാണാം” എന്ന് അവർ പറഞ്ഞു. യേശു ഉച്ചത്തിൽ നിലവിളിച്ചു പ്രാണൻ വെടിഞ്ഞു. അപ്പോൾ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല മുകളിൽനിന്നു താഴെവരെ രണ്ടായി കീറിപ്പോയി. യേശു ഇങ്ങനെ പ്രാണൻ വെടിഞ്ഞത് കണ്ടപ്പോൾ അവിടുത്തേക്ക് അഭിമുഖമായി നോക്കി നിന്നിരുന്ന ശതാധിപൻ, “തീർച്ചയായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു” എന്നു പറഞ്ഞു. ഏതാനും സ്‍ത്രീകളും അല്പം അകലെ നിന്നുകൊണ്ട് ഇവയെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ മഗ്ദലേന മറിയവും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയവും ശലോമിയും ഉണ്ടായിരുന്നു. യേശു ഗലീലയിലായിരുന്നപ്പോൾ അവിടുത്തെ അനുഗമിക്കുകയും പരിചരിക്കുകയും ചെയ്തവരായിരുന്നു ഈ സ്‍ത്രീകൾ. അവിടുത്തോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു പല സ്‍ത്രീകളും അവിടെയുണ്ടായിരുന്നു. അന്നു ശബത്തിന്റെ തലേദിവസമായ ഒരുക്കനാളായിരുന്നു. അതുകൊണ്ട് സന്ധ്യ ആയപ്പോൾ, അരിമത്യസ്വദേശിയായ യോസേഫ് ധൈര്യസമേതം പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അയാൾ സന്നദ്രിം സംഘത്തിലെ സമാദരണീയനായ ഒരു അംഗവും ദൈവരാജ്യത്തെ പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. യേശു ഇത്രവേഗം മരിച്ചു എന്നു കേട്ടതിനാൽ പീലാത്തോസ് ആശ്ചര്യപ്പെട്ടു. അദ്ദേഹം ശതാധിപനെ വിളിച്ച്, യേശു മരിച്ചുകഴിഞ്ഞോ എന്നു ചോദിച്ചു. ശതാധിപനിൽ നിന്ന് യേശു മരിച്ച വിവരം ഗ്രഹിച്ചശേഷം ശരീരം യോസേഫിനു വിട്ടുകൊടുത്തു. അദ്ദേഹം യേശുവിന്റെ ശരീരം ഇറക്കി മൃതദേഹം പൊതിയുന്ന തുണി വാങ്ങിക്കൊണ്ടുവന്ന് അതിൽ പൊതിഞ്ഞു പാറയിൽ വെട്ടിയുണ്ടാക്കിയ കല്ലറയിൽ സംസ്കരിച്ചു; കല്ലറയുടെ വാതില്‌ക്കൽ ഒരു കല്ലുരുട്ടി വയ്‍ക്കുകയും ചെയ്തു. മഗ്ദലേന മറിയവും യോസെയുടെ അമ്മ മറിയവും യേശുവിന്റെ ശരീരം സംസ്കരിച്ച സ്ഥലം കണ്ടിരുന്നു.

മർക്കൊസ് 15:33-47 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആറാം മണിനേരം മുതൽ ഒമ്പതാംമണി നേരത്തോളം ദേശത്തു എല്ലായിടത്തും ഇരുട്ട് ഉണ്ടായി. ഒമ്പതാംമണി നേരത്ത് യേശു: “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്?” എന്നു അർത്ഥമുള്ള “എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ” എന്നു അത്യുച്ചത്തിൽ നിലവിളിച്ചു. അരികെ നിന്നവരിൽ ചിലർ കേട്ടിട്ടു: “നോക്കൂ അവൻ ഏലിയാവെ വിളിക്കുന്നു” എന്നു പറഞ്ഞു. ഒരുവൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ച വീഞ്ഞ് നിറച്ച് ഒരു ഓടക്കോലിന്മേലാക്കി: “ഏലിയാവ് അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം” എന്നു പറഞ്ഞു അവനു കുടിക്കുവാൻ കൊടുത്തു. അപ്പോൾ യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി. അവനു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ട്: “തീർച്ചയായും ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” എന്നു പറഞ്ഞു. സ്ത്രീകളും ദൂരത്തുനിന്ന് നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ഇളയ യാക്കോബിന്‍റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു. അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു. വൈകുന്നേരമായപ്പോൾ ശബ്ബത്തിന്‍റെ തലേദിവസമായ ഒരുക്കനാൾ ആകകൊണ്ടു ആലോചനാസമിതിയിലെ ബഹുമാന്യനായ ഒരംഗവും, ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസേഫ് ധൈര്യത്തോടെ പീലാത്തോസിന്‍റെ അടുക്കൽ ചെന്നു യേശുവിന്‍റെ ശരീരം ചോദിച്ചു. അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തോസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: യേശു മരിച്ചുവോ എന്നു അന്വേഷിച്ചു. ശതാധിപനിൽനിന്ന് വസ്തുത അറിഞ്ഞശേഷം അവൻ യേശുവിന്‍റെ ശരീരം യോസഫിനു വിട്ടുകൊടുത്തു. അവൻ ഒരു ശീല വാങ്ങി അവനെ കുരിശിൽനിന്ന് താഴെയിറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടിയിട്ടുള്ള ഒരു കല്ലറയിൽ വച്ചു, കല്ലറവാതില്ക്കൽ ഒരു കല്ല് ഉരുട്ടിവച്ചു; അവനെ സംസ്കരിച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.

മർക്കൊസ് 15:33-47 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു. അരികെ നിന്നവരിൽ ചിലർ കേട്ടിട്ടു: അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. ഒരുത്തൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഓടക്കോലിന്മേലാക്കി: നില്പിൻ; ഏലീയാവു അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു അവന്നു കുടിപ്പാൻ കൊടുത്തു. യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി. അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു. അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു. വൈകുന്നേരമായപ്പോൾ ശബ്ബത്തിന്റെ തലനാളായ ഒരുക്കനാൾ ആകകൊണ്ടു ശ്രേഷ്ഠമന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസേഫ് വന്നു ധൈര്യത്തോടെ പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു. അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: അവൻ മരിച്ചിട്ടു ഒട്ടുനേരമായോ എന്നു ശതാധിപനോടു വസ്തുത ചോദിച്ചറിഞ്ഞിട്ടു ഉടൽ യോസേഫിന്നു നല്കി. അവൻ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടീട്ടുള്ള കല്ലറയിൽ വെച്ചു, കല്ലറവാതില്ക്കൽ ഒരു കല്ലു ഉരുട്ടിവെച്ചു; അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.

മർക്കൊസ് 15:33-47 സമകാലിക മലയാളവിവർത്തനം (MCV)

ഉച്ചയ്ക്ക് പന്ത്രണ്ടുമണിമുതൽ മൂന്നുമണിവരെ ദേശത്തെല്ലായിടത്തും ഇരുട്ടു വ്യാപിച്ചു. മൂന്നുമണിക്ക് യേശു, “ എലോഹീ, എലോഹീ, ലമ്മാ ശബക്താനി ” അതായത്, “എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ കൈവിട്ടതെന്ത്?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. അടുത്തുനിന്നവരിൽ ചിലർ ഇതു കേട്ടിട്ട്, “അതാ, അയാൾ ഏലിയാവിനെ വിളിക്കുന്നു” എന്നു പറഞ്ഞു. ഒരുത്തൻ ഓടിച്ചെന്ന് ഒരു സ്പോഞ്ചിൽ പുളിച്ച വീഞ്ഞു നിറച്ച് ഒരു ഈറ്റത്തണ്ടിന്മേൽവെച്ച് യേശുവിന് കുടിക്കാൻ കൊടുത്തുകൊണ്ട്, “നിൽക്കൂ, ഏലിയാവ് അയാളെ താഴെയിറക്കാൻ വരുമോ എന്നു നോക്കാം” എന്നു പറഞ്ഞു. യേശു അത്യുച്ചത്തിൽ നിലവിളിച്ച് പ്രാണത്യാഗംചെയ്തു. തൽക്ഷണം ദൈവാലയത്തിലെ തിരശ്ശീല മുകളിൽനിന്ന് താഴെവരെ രണ്ടായി ചീന്തിപ്പോയി. യേശുവിന്റെ മുമ്പിൽനിന്നിരുന്ന ശതാധിപൻ, അദ്ദേഹം പ്രാണത്യാഗം ചെയ്തതെങ്ങനെയെന്നു കണ്ട്, “ഈ മനുഷ്യൻ വാസ്തവമായും ദൈവപുത്രൻ ആയിരുന്നു!” എന്നു പറഞ്ഞു. ചില സ്ത്രീകൾ അകലെനിന്ന് ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിൽ മഗ്ദലക്കാരി മറിയയും ഇളയ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും ശലോമിയും ഉണ്ടായിരുന്നു. ഗലീലയിൽവെച്ചു യേശുവിനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തിരുന്നവരാണ് ഈ സ്ത്രീകൾ. ജെറുശലേമിലേക്ക് അദ്ദേഹത്തോടുകൂടെ വന്ന മറ്റുപല സ്ത്രീകളും അവിടെ ഉണ്ടായിരുന്നു. അന്ന് ശബ്ബത്തിന്റെ തലേദിവസമായ ഒരുക്കദിവസമായിരുന്നു. അതുകൊണ്ട് സന്ധ്യയായപ്പോൾ ന്യായാധിപസമിതിയിലെ ഒരു പ്രമുഖാംഗവും ദൈവരാജ്യം വരാനായി കാത്തിരുന്നവനുമായ അരിമഥ്യയിലെ യോസേഫ് ധൈര്യം സംഭരിച്ചുകൊണ്ട് പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് അപേക്ഷിച്ചു. “ഇത്രവേഗം യേശു മരിച്ചുവോ!” പീലാത്തോസ് ആശ്ചര്യപ്പെട്ടു. അയാൾ ശതാധിപനെ വരുത്തി യേശു മരിച്ചുകഴിഞ്ഞുവോ എന്നു ചോദിച്ചു. ശതാധിപനിൽനിന്ന് ഈ കാര്യം ഉറപ്പുവരുത്തിയതിനുശേഷം അദ്ദേഹം ശരീരം യോസേഫിനു വിട്ടുകൊടുത്തു. യോസേഫ് മൃതദേഹം താഴെയിറക്കി, ഒരു മൃദുലചണവസ്ത്രം വാങ്ങി ശവശരീരം അതിൽ പൊതിഞ്ഞ് പാറയിൽ വെട്ടിച്ചിരുന്ന കല്ലറയിൽ സംസ്കരിച്ചു. പിന്നീട് അയാൾ ഒരു കല്ല് ഉരുട്ടി കല്ലറയുടെ കവാടത്തിൽ വെച്ചു. മഗ്ദലക്കാരി മറിയയും യോസെയുടെ അമ്മയായ മറിയയും യേശുവിന്റെ മൃതദേഹം സംസ്കരിച്ചത് എവിടെയെന്നു കണ്ടു.