സങ്കീർത്തനങ്ങൾ 119:56-62

സങ്കീർത്തനങ്ങൾ 119:56-62 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നത് എനിക്കു വിഹിതമായിരിക്കുന്നു. യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു. പൂർണഹൃദയത്തോടെ ഞാൻ നിന്റെ കൃപയ്ക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ. ഞാൻ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു. നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിനു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു; ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും. നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി നിനക്കു സ്തോത്രം ചെയ്‍വാൻ ഞാൻ അർധരാത്രിയിൽ എഴുന്നേല്ക്കും.

സങ്കീർത്തനങ്ങൾ 119:56-62 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അങ്ങയുടെ കല്പനകൾ അനുസരിക്കുക എന്ന അനുഗ്രഹം എനിക്ക് ലഭിച്ചു. സർവേശ്വരനാണ് എന്റെ ഓഹരി; അവിടുത്തെ കല്പനകൾ പാലിക്കുമെന്നു ഞാൻ പ്രതിജ്ഞ ചെയ്തു. പൂർണഹൃദയത്തോടെ ഞാൻ അവിടുത്തെ കൃപയ്‍ക്കായി യാചിക്കുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എന്നോടു കരുണയുണ്ടാകണമേ. ഞാൻ എന്റെ ജീവിതവഴികളെക്കുറിച്ചു ചിന്തിച്ചു, അങ്ങയുടെ കല്പനകളിലേക്കു ഞാൻ തിരിഞ്ഞു. അങ്ങയുടെ ആജ്ഞകൾ ഞാൻ അനുസരിക്കുന്നു. അവ പാലിക്കാൻ ഞാൻ അത്യന്തം ഉത്സാഹിക്കുന്നു. ദുഷ്ടരുടെ കെണിയിൽ ഞാൻ അകപ്പെട്ടുവെങ്കിലും, അങ്ങയുടെ ധർമശാസ്ത്രം ഞാൻ മറക്കുന്നില്ല. അങ്ങയുടെ നീതിപൂർവകമായ കല്പനകൾക്കുവേണ്ടി അങ്ങയെ സ്തുതിക്കാൻ അർധരാത്രിയിൽ ഞാൻ എഴുന്നേല്‌ക്കുന്നു.

സങ്കീർത്തനങ്ങൾ 119:56-62 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുന്നത് എനിക്ക് അനുഗ്രഹമായിരിക്കുന്നു. യഹോവേ, അങ്ങ് എന്‍റെ ഓഹരിയാകുന്നു; ഞാൻ അങ്ങേയുടെ വചനങ്ങൾ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു. പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങേയുടെ കൃപയ്ക്കായി അപേക്ഷിക്കുന്നു; അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നോട് കൃപയുണ്ടാകേണമേ. ഞാൻ എന്‍റെ വഴികളെക്കുറിച്ച് ചിന്തിച്ച്, എന്‍റെ കാലുകൾ അങ്ങേയുടെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു. അങ്ങേയുടെ കല്പനകൾ പ്രമാണിക്കുവാൻ ഞാൻ ഒട്ടും വൈകാതെ ബദ്ധപ്പെടുന്നു; ദുഷ്ടന്മാരുടെ കയറുകൾ എന്നെ ചുറ്റിയിരിക്കുന്നു; എങ്കിലും ഞാൻ അങ്ങേയുടെ ന്യായപ്രമാണം മറക്കുന്നില്ല. അങ്ങേയുടെ നീതിയുള്ള ന്യായവിധികൾനിമിത്തം അങ്ങേക്കു സ്തോത്രം ചെയ്യുവാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്‍ക്കും.

സങ്കീർത്തനങ്ങൾ 119:56-62 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു എനിക്കു വിഹിതമായിരിക്കുന്നു. യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു. പൂർണ്ണഹൃദയത്തോടേ ഞാൻ നിന്റെ കൃപെക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ. ഞാൻ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു. നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു; ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും. നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി നിനക്കു സ്തോത്രം ചെയ്‌വാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും.

സങ്കീർത്തനങ്ങൾ 119:56-62 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്നു; അതെന്റെ ജീവിതചര്യതന്നെ ആയിരിക്കുന്നു. യഹോവേ, അവിടന്നാണ് എന്റെ ഓഹരി; അങ്ങയുടെ വചനങ്ങൾ അനുസരിക്കാമെന്നു ഞാൻ പ്രതിജ്ഞചെയ്തിരിക്കുന്നു. പൂർണഹൃദയത്തോടെ ഞാൻ തിരുമുഖം അന്വേഷിക്കുന്നു; അവിടത്തെ വാഗ്ദാനപ്രകാരം എന്നോടു കൃപാലുവായിരിക്കണമേ. ഞാൻ എന്റെ ജീവിതരീതികൾ വിചിന്തനംചെയ്യുന്നു എന്റെ കാലടികൾ അവിടത്തെ നിയമവ്യവസ്ഥകളിലേക്കു തിരിച്ചിരിക്കുന്നു. അവിടത്തെ കൽപ്പനകൾ കാലവിളംബംവരുത്താതെ അനുസരിക്കാൻ ഞാൻ തിടുക്കംകൂട്ടുന്നു. ദുഷ്ടർ കയറുകൊണ്ട് എന്നെ ബന്ധിച്ചാലും, അവിടത്തെ ന്യായപ്രമാണം ഞാൻ മറക്കുകയില്ല. അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം അവിടത്തേക്ക് നന്ദികരേറ്റാൻ അർധരാത്രിയിൽ ഞാൻ എഴുന്നേൽക്കുന്നു.