റോമർ 14:1-23
റോമർ 14:1-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ. ഒരുവൻ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു. തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുത്; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുത്; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ. മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്ത യജമാനനത്രേ; അവൻ നില്ക്കും താനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിനു കഴിയുമല്ലോ. ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകല ദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറച്ചിരിക്കട്ടെ. ദിവസത്തെ ആദരിക്കുന്നവൻ കർത്താവിനായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിനായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിനായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു. നമ്മിൽ ആരും തനിക്കായിത്തന്നെ ജീവിക്കുന്നില്ല; ആരും തനിക്കായിത്തന്നെ മരിക്കുന്നതുമില്ല. ജീവിക്കുന്നു എങ്കിൽ നാം കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിനായി മരിക്കുന്നു; അതുകൊണ്ട് ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിനുള്ളവർതന്നെ. മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവ് ആകേണ്ടതിനല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തത്. എന്നാൽ നീ സഹോദരനെ വിധിക്കുന്നത് എന്ത്? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നില്ക്കേണ്ടിവരും. “എന്നാണ എന്റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങും, എല്ലാ നാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവ് അരുളിച്ചെയ്യുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുത്; സഹോദരന് ഇടർച്ചയോ തടങ്ങലോ വയ്ക്കാതിരിപ്പാൻ മാത്രം ഉറച്ചുകൊൾവിൻ. യാതൊന്നും സ്വതവേ മലിനമല്ല എന്നു ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറച്ചുമിരിക്കുന്നു. വല്ലതും മലിനം എന്ന് എണ്ണുന്നവനുമാത്രം അതു മലിനം ആകുന്നു. നിന്റെ ഭക്ഷണം നിമിത്തം സഹോദരനെ വ്യസനിപ്പിച്ചാൽ നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്. നിങ്ങളുടെ നന്മയ്ക്കു ദൂഷണം വരുത്തരുത്. ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ. അതിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്കു കൊള്ളാകുന്നവനുംതന്നെ. ആകയാൽ നാം സമാധാനത്തിനും അന്യോന്യം ആത്മികവർധനയ്ക്കും ഉള്ളതിനു ശ്രമിച്ചുകൊൾക. ഭക്ഷണംനിമിത്തം ദൈവനിർമാണത്തെ അഴിക്കരുത്. എല്ലാം ശുദ്ധംതന്നെ; എങ്കിലും ഇടർച്ച വരുത്തുമാറ് തിന്നുന്ന മനുഷ്യന് അതു ദോഷമത്രേ. മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന് ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നത് നല്ലത്. നിനക്കുള്ള വിശ്വാസം ദൈവസന്നിധിയിൽ നിനക്കുതന്നെ ഇരിക്കട്ടെ; താൻ സ്വീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ഭാഗ്യവാൻ. എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അതു വിശ്വാസത്തിൽനിന്ന് ഉദ്ഭവിക്കായ്കകൊണ്ട് അവൻ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തിൽനിന്ന് ഉദ്ഭവിക്കാത്തതൊക്കെയും പാപമത്രേ.
റോമർ 14:1-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിശ്വാസത്തിൽ ദുർബലനായവനെ അവന്റെ വ്യക്തിഗതമായ അഭിപ്രായങ്ങളെക്കുറിച്ചു വാദിക്കാതെ നിങ്ങളുടെ സമൂഹത്തിലേക്കു സ്വീകരിക്കുക. എന്തും ഭക്ഷിക്കുവാൻ ഒരുവന്റെ വിശ്വാസം അവനെ അനുവദിക്കുന്നു. എന്നാൽ വിശ്വാസത്തിൽ ദുർബലനായ മറ്റൊരുവൻ സസ്യങ്ങൾ മാത്രം ഭക്ഷിക്കുന്നു. എല്ലാം ഭക്ഷിക്കുന്നവൻ, ഭക്ഷിക്കാത്തവനോട് അവജ്ഞ കാട്ടരുത്. സസ്യങ്ങൾ മാത്രം ഭക്ഷിക്കുന്നവൻ എല്ലാം ഭക്ഷിക്കുന്നവനെയും കുറ്റപ്പെടുത്തരുത്. എന്തെന്നാൽ ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ. വേറൊരാളിന്റെ ദാസനെ വിധിക്കുവാൻ നീ ആരാണ്? അവൻ യോഗ്യനോ അയോഗ്യനോ എന്ന് നിർണയിക്കുന്നത് അവന്റെ യജമാനനാണ്. അവനെ യോഗ്യനാക്കുവാൻ കർത്താവു പ്രാപ്തനായതുകൊണ്ട് അവൻ യോഗ്യനായിത്തീരുന്നു. ഒരു ദിവസം മറ്റൊന്നിനെക്കാൾ പ്രാധാന്യമുള്ളതാണെന്നു ചിലർ കരുതുന്നു. എന്നാൽ എല്ലാ ദിവസവും ഒരുപോലെയാണെന്നത്രേ മറ്റുചിലർ വിചാരിക്കുന്നത്. ഓരോരുത്തനും അവനവന്റെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊള്ളട്ടെ. ഒരു ദിവസം മറ്റൊരു ദിവസത്തെക്കാൾ പ്രധാനമാണെന്നു കരുതുന്നവൻ കർത്താവിനോടുള്ള ആദരംകൊണ്ടാണ് അപ്രകാരം ചെയ്യുന്നത്. എല്ലാം തിന്നുന്നവനും അങ്ങനെ തന്നെ. എന്തെന്നാൽ താൻ ഭക്ഷിക്കുന്ന ആഹാരത്തിനുവേണ്ടി അവൻ ദൈവത്തെ സ്തുതിക്കുന്നു. ചില ഭക്ഷ്യസാധനങ്ങൾ വർജിക്കുന്നവനും കർത്താവിനോടുള്ള ആദരം മുൻനിറുത്തിയാണ് അങ്ങനെ ചെയ്യുന്നത്. അവനും ദൈവത്തെ സ്തുതിക്കുന്നു. നമ്മിലാരും തനിക്കുവേണ്ടിത്തന്നെ ജീവിക്കുകയോ തനിക്കുവേണ്ടിത്തന്നെ മരിക്കുകയോ ചെയ്യുന്നില്ല. നാം ജീവിക്കുന്നെങ്കിൽ കർത്താവിനുവേണ്ടി ജീവിക്കുന്നു; മരിക്കുന്നെങ്കിൽ കർത്താവിനുവേണ്ടി മരിക്കുന്നു; അതുകൊണ്ട് ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവർ തന്നെ. ജീവിക്കുന്നവരുടെയും മരിച്ചവരുടെയും കർത്താവായിരിക്കേണ്ടതിനാണല്ലോ ക്രിസ്തു മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തത്. അങ്ങനെയെങ്കിൽ നീ നിന്റെ സഹോദരനെ എന്തിനു വിധിക്കുന്നു? നിന്റെ സഹോദരന്റെ നേരേ എന്തിന് അവ ജ്ഞ കാട്ടുന്നു? നാമെല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്റെ മുമ്പിൽ നില്‌ക്കേണ്ടി വരുമല്ലോ. ‘എല്ലാവരും എന്റെ മുമ്പിൽ മുട്ടു മടക്കും ഞാൻ ദൈവമാകുന്നു എന്ന് എല്ലാവരും ഏറ്റുപറയും’ എന്നു സർവേശ്വരൻ ശപഥം ചെയ്ത് അരുൾചെയ്യുന്നു എന്നിങ്ങനെ വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. നാം ഓരോരുത്തരും ദൈവസമക്ഷം കണക്കു ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത്. പകരം നിന്റെ സഹോദരൻ ഇടറി വീഴുന്നതിനോ, പാപത്തിൽ നിപതിക്കുന്നതിനോ ഇടയാക്കുന്ന യാതൊന്നും ചെയ്യുകയില്ലെന്നു നിശ്ചയിക്കുകയാണു വേണ്ടത്. ഒന്നും സ്വഭാവേന അശുദ്ധമല്ല എന്ന് കർത്താവായ യേശുവിനോട് ഐക്യപ്പെട്ടിരിക്കുന്ന എനിക്കു ബോധ്യമുണ്ട്. എന്നാൽ ഏതെങ്കിലും അശുദ്ധമെന്ന് ഒരുവൻ വിശ്വസിക്കുന്നുവെങ്കിൽ അത് അവന് അശുദ്ധമായിത്തീരുന്നു. ഏതെങ്കിലും ആഹാരസാധനം നിമിത്തം നിന്റെ സഹോദരന്റെ മനസ്സിനു ക്ഷതമുണ്ടാകുന്നെങ്കിൽ നീ സ്നേഹപൂർവമല്ല പ്രവർത്തിക്കുന്നത്. ക്രിസ്തു ആർക്കുവേണ്ടി മരിച്ചുവോ, അവൻ നിന്റെ ഭക്ഷണം നിമിത്തം നശിക്കുവാൻ ഇടയാകരുത്. നിങ്ങൾ നല്ലതെന്നു കരുതുന്നവ ദുഷിക്കപ്പെടാൻ ഇടയാകരുത്. എന്തു തിന്നുന്നു, എന്തു കുടിക്കുന്നു എന്നതിലല്ല ദൈവരാജ്യത്തിന്റെ അനുഭവം, പ്രത്യുത പരിശുദ്ധാത്മാവു നല്‌കുന്ന ആനന്ദം, നീതി, സമാധാനം എന്നിവയിലാകുന്നു. ഇപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തിന്റെ പ്രസാദവും മനുഷ്യരുടെ അംഗീകാരവും നേടുന്നു. അതുകൊണ്ട് സമാധാനം കൈവരുത്തുന്നതും അന്യോന്യം ബലപ്പെടുത്തുന്നതുമായ കാര്യങ്ങളായിരിക്കണം എപ്പോഴും നമ്മുടെ ലക്ഷ്യം. ഭക്ഷണത്തിന്റെ പേരിൽ ദൈവത്തിന്റെ പ്രവൃത്തിയെ നശിപ്പിക്കരുത്. എല്ലാ ആഹാരസാധനങ്ങളും ഭക്ഷിക്കാവുന്നതാണ്. എന്നാൽ എന്തെങ്കിലും ഭക്ഷിക്കുന്നതുമൂലം, മറ്റൊരുവൻ പാപത്തിൽ വീഴാൻ ഇടയാക്കുന്നതു തെറ്റാണ്. നിന്റെ സഹോദരന്റെ വീഴ്ചയ്‍ക്കു കാരണമാകത്തക്കവണ്ണം മാംസം ഭക്ഷിക്കുകയോ, വീഞ്ഞു കുടിക്കുകയോ, മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞിരിക്കുകയാണുത്തമം. ഇക്കാര്യത്തിൽ നിന്റെ ബോധ്യം എന്താണോ, അത് നീയും ദൈവവും തമ്മിലുള്ള കാര്യമായിവച്ചുകൊള്ളുക. തന്റെ ബോധ്യമനുസരിച്ചു ചെയ്യുവാൻ തീരുമാനിക്കുന്ന കാര്യങ്ങളെപ്പറ്റി കുറ്റബോധമില്ലാത്തവൻ ഭാഗ്യവാനാണ്. എന്നാൽ താൻ ഭക്ഷിക്കുന്നതിനെക്കുറിച്ചു സന്ദേഹമുണ്ടെങ്കിൽ, അവൻ ഭക്ഷിക്കുമ്പോൾ കുറ്റം വിധിക്കപ്പെടുന്നു. എന്തുകൊണ്ടെന്നാൽ തന്റെ ഉത്തമ വിശ്വാസമനുസരിച്ചല്ലല്ലോ അവൻ പ്രവർത്തിക്കുന്നത്. വിശ്വാസത്തിൽനിന്ന് ഉദ്ഭവിക്കാത്തതെല്ലാം പാപമാകുന്നു.
റോമർ 14:1-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വിശ്വാസത്തിൽ ബലഹീനനായവനെ സ്വീകരിക്കുവിൻ; എങ്കിലും ഇങ്ങനെയുള്ള അഭിപ്രായവ്യത്യാസങ്ങളെ വിധിക്കരുത്. ഒരു വശത്ത്, ഒരുവന് എല്ലാം തിന്നാമെന്നുള്ള വിശ്വാസമുണ്ട്; മറുവശത്ത് ബലഹീനനായവൻ സസ്യാദികളെ മാത്രം തിന്നുന്നു. എല്ലാം തിന്നുന്നവൻ എല്ലാം തിന്നാത്തവനെ ധിക്കരിക്കരുത്; എല്ലാം തിന്നാത്തവൻ എല്ലാം തിന്നുന്നവനെ വിധിക്കുകയുമരുത്; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ. മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ അവന്‍റെ സ്വന്തയജമാനൻ്റെ മുമ്പിലത്രേ; അവനെ നിർത്തുവാൻ കർത്താവ് ശക്തനായതുകൊണ്ട് അവൻ നില്ക്കുവാൻ പ്രാപ്തനായി. ഒരുവൻ ഒരു ദിവസത്തേക്കാൾ മറ്റൊരു ദിവസത്തെ വിലമതിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും ഒരുപോലെ വിലമതിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറച്ചിരിക്കട്ടെ. ദിവസത്തെ ആദരിക്കുന്നവൻ കർത്താവിനായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിനായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിനായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു. നമ്മിൽ ആരും തനിക്കായി തന്നെ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നെ മരിക്കുന്നതുമില്ല. ജീവിക്കുന്നു എങ്കിൽ നാം കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിനായി മരിക്കുന്നു; അതുകൊണ്ട് ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിനുള്ളവർ തന്നെ. മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവ് ആകേണ്ടതിനല്ലോ ക്രിസ്തു മരിക്കുകയും ഉയിർക്കുകയും ചെയ്തതു. എന്നാൽ നീ നിന്റെ സഹോദരനെ വിധിക്കുന്നതു എന്ത്? അല്ല, നീ നിന്റെ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്‍റെ ന്യായാസനത്തിന് മുമ്പാകെ നിൽക്കേണ്ടിവരും. “ഞാൻ ജീവിച്ചിരിക്കുന്നതുകൊണ്ട്, എന്‍റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാ നാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവ് അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു തങ്ങളുടെ കണക്ക് ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത്; സഹോദരന് ഇടർച്ചക്കല്ലോ കെണിയോ വെയ്ക്കാതിരിപ്പാൻ മാത്രം തീരുമാനിച്ചുകൊൾവിൻ. യാതൊന്നും സ്വതവേ മലിനമല്ല എന്നു ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവനുമാത്രം അത് മലിനം ആകുന്നു. ഭക്ഷണം നിമിത്തം നിന്‍റെ സഹോദരനെ വ്യസനിപ്പിച്ചാൽ, നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്. നിങ്ങളുടെ നല്ല പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് അവരെ പരിഹസിക്കുന്നതിന് കാരണമാകരുത്. ദൈവരാജ്യം ഭക്ഷണത്തെയും പാനീയത്തെയും കുറിച്ചല്ല, മറിച്ച് നീതിയെയും സമാധാനത്തെയും പരിശുദ്ധാത്മാവിൽ സന്തോഷത്തെയും കുറിച്ചത്രേ. അതിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തിന് സ്വീകാര്യനും മനുഷ്യരാൽ അംഗീകരിക്കപ്പെട്ടവനും ആകുന്നു. ആകയാൽ നാം സമാധാനത്തിനും അന്യോന്യം ആത്മികവർദ്ധനയ്ക്കും ഉള്ളതിന് ശ്രമിച്ചുകൊൾക. ഭക്ഷണം നിമിത്തം ദൈവത്തിന്‍റെ പ്രവൃത്തിയെ അഴിക്കരുത്. എല്ലാ വസ്തുക്കളും ശുദ്ധം തന്നെ; എങ്കിലും ഇടർച്ചയ്ക്കു കാരണമാകത്തക്കവിധം തിന്നുന്ന മനുഷ്യന് അത് ദോഷമത്രേ. മാംസം തിന്നാതെയും വീഞ്ഞ് കുടിക്കാതെയും, സഹോദരന് ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നത് നല്ലത്. നിനക്കുള്ള ഈ പ്രത്യേകമായ വിശ്വാസത്തെ നിനക്കും ദൈവത്തിനും ഇടയിൽ സൂക്ഷിക്കുക. താൻ അംഗീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ഭാഗ്യവാൻ. എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അത് വിശ്വാസത്തിൽ നിന്നല്ലായ്കകൊണ്ട് അവൻ വിധിക്കപ്പെട്ടിരിക്കുന്നു. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.
റോമർ 14:1-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ. ഒരുവൻ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു. തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ. മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ. ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ. ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിന്നായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു. നമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നതുമില്ല. ജീവിക്കുന്നു എങ്കിൽ നാം കർത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിന്നുള്ളവർ തന്നേ. മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തതു. എന്നാൽ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നിൽക്കേണ്ടിവരും. “എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ. യാതൊന്നും സ്വതവെ മലിനമല്ല എന്നു ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറെച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവന്നു മാത്രം അതു മലിനം ആകുന്നു. നിന്റെ ഭക്ഷണംനിമിത്തം സഹോദരനെ വ്യസനിപ്പിച്ചാൽ നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുതു. നിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു. ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ. അതിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്കു കൊള്ളാകുന്നവനും തന്നേ. ആകയാൽ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവർദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക. ഭക്ഷണംനിമിത്തം ദൈവനിർമ്മാണത്തെ അഴിക്കരുതു. എല്ലാം ശുദ്ധം തന്നേ; എങ്കിലും ഇടർച്ച വരുത്തുമാറു തിന്നുന്ന മനുഷ്യനു അതു ദോഷമത്രേ. മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു. നിനക്കുള്ള വിശ്വാസം ദൈവസന്നിധിയിൽ നിനക്കു തന്നേ ഇരിക്കട്ടെ; താൻ സ്വീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ഭാഗ്യവാൻ. എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അതു വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കായ്കകൊണ്ടു അവൻ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.
റോമർ 14:1-23 സമകാലിക മലയാളവിവർത്തനം (MCV)
തർക്കവിഷയങ്ങളെക്കുറിച്ചു ശണ്ഠയിടാതെ വിശ്വാസത്തിൽ ബലഹീനരായവരെ അംഗീകരിക്കുക. എല്ലാം ഭക്ഷിക്കാമെന്ന് ഒരാൾ വിശ്വസിക്കുന്നു, എന്നാൽ ബലഹീനരായിരിക്കുന്ന വ്യക്തിയോ സസ്യാഹാരംമാത്രം ഭക്ഷിക്കുന്നു. എല്ലാം ഭക്ഷിക്കാം എന്നു കരുതുന്നയാൾ ഭക്ഷിക്കാത്തയാളെ പുച്ഛിക്കരുത്; ഭക്ഷിക്കാത്തയാൾ ഭക്ഷിക്കുന്നയാളെ കുറ്റപ്പെടുത്താനും പാടില്ല. കാരണം, അയാളും ദൈവത്തിനു സ്വീകാര്യനാണ്. മറ്റൊരാളുടെ ദാസനെ വിമർശിക്കാൻ എന്ത് അധികാരമാണ് നിനക്കുള്ളത്? അയാൾ നിന്നാലും വീണാലും അവന്റെ സ്വന്തം യജമാനനുതന്നെ. അയാളെ ഉറപ്പിച്ചുനിർത്താൻ ശക്തനായ കർത്താവ് അയാളെ ഉറപ്പിച്ചുനിർത്തുകതന്നെ ചെയ്യും. ഒരാൾ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാൾ ശ്രേഷ്ഠമായി കരുതുന്നു; മറ്റൊരാളാകട്ടെ, എല്ലാ ദിവസത്തെയും ഒരുപോലെ ശ്രേഷ്ഠമായി പരിഗണിക്കുന്നു. ഓരോരുത്തരും ചെയ്യുന്നത് അവരവരുടെ ഉത്തമബോധ്യമനുസരിച്ച് ആയിരിക്കണം. ഒരു ദിവസത്തെ മറ്റു ദിവസങ്ങളെക്കാൾ മാനിക്കുന്നയാൾ കർത്താവിനുവേണ്ടി അതു ചെയ്യുന്നു; മാംസാഹാരിയും ഭക്ഷിക്കുന്നത് കർത്താവിനുവേണ്ടി. കാരണം, ദൈവത്തിനു നന്ദി അർപ്പിച്ചിട്ടാണല്ലോ അവർ ഭക്ഷിക്കുന്നത്. അതുപോലെ, മാംസം ഭക്ഷിക്കാത്തവരും കർത്താവിനുവേണ്ടി ഭക്ഷിക്കാതിരിക്കുന്നു. അവരും ദൈവത്തിനു സ്തോത്രംചെയ്യുന്നു. നമ്മിൽ ആരും നമുക്കായി ജീവിക്കുന്നില്ല; നമുക്കായിത്തന്നെ മരിക്കുന്നതുമില്ല. നാം ജീവിക്കുന്നു എങ്കിൽ കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നെങ്കിലോ കർത്താവിനായി മരിക്കുന്നു. അതുകൊണ്ട്, ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവരാണ്. ഇങ്ങനെ, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും കർത്താവായിരിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു മരിക്കുകയും ഉയിർക്കുകയുംചെയ്തത്. പിന്നെന്തിനാണ് നീ സഹവിശ്വാസിയെ ന്യായം വിധിക്കുന്നത്? സഹവിശ്വാസിയെ നിന്ദിക്കുന്നതും എന്തിന്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നിൽക്കേണ്ടവരാണെന്ന് ഓർക്കുക. “കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്റെമുമ്പിൽ എല്ലാ മുഴങ്കാലും വണങ്ങും; എല്ലാ നാവും ദൈവത്തെ സ്തുതിച്ച് ഏറ്റുപറയും’ ” എന്നു തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ. അതേ, നാം വ്യക്തിപരമായി ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടവരാണ്. അതുകൊണ്ട് നാം ഇനിമേൽ പരസ്പരം ന്യായംവിധിക്കാതിരിക്കാം. പകരം, സഹോദരങ്ങൾക്ക് വിശ്വാസത്തിൽ ഇടർച്ചയ്ക്കു കാരണമാകുന്ന തടസ്സമോ അവർ പാപത്തിൽ വീഴുന്നതിനു കാരണമായിത്തീരുന്ന കെണിയോ വെക്കുകയില്ല എന്നു തീരുമാനിക്കാം. കർത്താവായ യേശുവിൽ എനിക്കു ലഭിച്ച അധികാരത്താൽ ഒരു കാര്യം ഞാൻ അറിഞ്ഞും അതേക്കുറിച്ചു ദൃഢനിശ്ചയമുള്ളവനായുമിരിക്കുന്നു: ഒരു ഭക്ഷണവും സ്വതവേ അശുദ്ധമല്ല; എന്നാൽ, ഏതെങ്കിലും ഒരു ഭക്ഷണപദാർഥം അശുദ്ധമാണെന്ന് ഒരാൾ വിചാരിക്കുന്നു എങ്കിൽ അത് അയാൾക്ക് അശുദ്ധംതന്നെയാണ്. നിന്റെ ഭക്ഷണംമൂലം സഹോദരങ്ങൾക്കു വ്യസനം ഉണ്ടാക്കുന്നു എങ്കിൽ നിങ്ങൾ സ്നേഹത്തിൽ ജീവിക്കുന്നില്ല. ക്രിസ്തു ആർക്കുവേണ്ടി മരിച്ചുവോ ആ ആൾക്കു നിന്റെ ഭക്ഷണം നാശകരമാകരുത്. ഇങ്ങനെചയ്താൽ നീ നന്മയെന്നു പരിഗണിക്കുന്നവ മറ്റുള്ളവരുടെ ദൃഷ്ടിയിൽ തിന്മയായിത്തീരുകയില്ല. ദൈവരാജ്യം അനുഭവിക്കാൻ കഴിയുന്നത് ഭക്ഷണപാനീയങ്ങളിലൂടെയല്ല; മറിച്ച്, നീതിയിലൂടെയും സമാധാനത്തിലൂടെയും പരിശുദ്ധാത്മാവു നൽകുന്ന ആനന്ദത്തിലൂടെയുമാണ്. മേൽപ്പറഞ്ഞപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നയാൾ ദൈവപ്രസാദവും മനുഷ്യസ്വീകാര്യതയും ഉള്ളയാൾ ആയിരിക്കും. അതുകൊണ്ട് സമാധാനത്തിനും പരസ്പര ആത്മികാഭിവൃദ്ധിക്കും ഉതകുന്ന കാര്യങ്ങൾക്കായി നമുക്ക് പ്രയത്നിക്കാം. ഭക്ഷണം ദൈവത്തിന്റെ പ്രവൃത്തിയെ ശിഥിലമാക്കാൻ കാരണമാകരുത്. എല്ലാം ശുദ്ധമാണ്, എന്നാൽ ഒരു വസ്തു ഭക്ഷിക്കുന്നതിലൂടെ സഹവിശ്വാസി പാപത്തിലേക്കു നയിക്കപ്പെടുന്നു എങ്കിൽ ആ ഭക്ഷണം അശുദ്ധമാണ്. മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും നിന്റെ സഹവിശ്വാസിയെ പാപത്തിലേക്കു നയിക്കുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതാണ് നല്ലത്. ഈ വിഷയത്തെക്കുറിച്ചുള്ള നിന്റെ വിശ്വാസം നീയും ദൈവവുമായുള്ള ഒരു കാര്യമായി ചിന്തിക്കുക. ഒരാൾ ശരിയെന്ന് അംഗീകരിച്ചു പ്രവർത്തിക്കുന്നത് അയാൾക്കു കുറ്റബോധം ഉണ്ടാക്കുന്നില്ല എങ്കിൽ ആ വ്യക്തി അനുഗ്രഹിക്കപ്പെട്ടവൻ. എന്നാൽ, സന്ദേഹത്തോടെ ഭക്ഷിക്കുന്നയാൾ അത് ഉത്തമവിശ്വാസത്തോടുകൂടിയല്ല ചെയ്യുന്നത് എന്നതുകൊണ്ട് കുറ്റക്കാരനാണ്. ശരിയാണെന്ന ഉത്തമവിശ്വാസത്തിൽനിന്ന് ഉത്ഭവിക്കാത്തതെല്ലാം പാപമാണ്.