റോമർ 7:1-3
റോമർ 7:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നത്: മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന് അവന്റെമേൽ അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയുന്നില്ലയോ? ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവ് മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്ന് ഒഴിവുള്ളവളായി. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ അവൾ വേറേ പുരുഷന് ആയാൽ വ്യഭിചാരിണി എന്നു പേർ വരും; ഭർത്താവ് മരിച്ചു എങ്കിലോ അവൾ വേറേ പുരുഷന് ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു
റോമർ 7:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സഹോദരരേ, നിങ്ങൾ നിയമത്തെക്കുറിച്ച് അറിവുള്ളവരാണല്ലോ. അതുകൊണ്ടു ഞാൻ പറയുന്നത് നിങ്ങൾക്കു നിശ്ചയമായും മനസ്സിലാകും. നിയമത്തിന്റെ ആധിപത്യം ഒരുവന്റെമേലുള്ളത് അവൻ ജീവിച്ചിരിക്കുമ്പോൾ മാത്രമാണ്. ഉദാഹരണമായി വിവാഹിതയായ ഒരു സ്‍ത്രീ ഭർത്താവു ജീവിച്ചിരിക്കുന്നിടത്തോളം, അയാളോടു നിയമപരമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഭർത്താവു മരിച്ചു കഴിഞ്ഞാൽ അയാളോടു അവൾക്കുള്ള നിയമപരമായ ബന്ധം അവസാനിക്കുന്നു. ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അന്യപുരുഷനോട് ബന്ധം പുലർത്തിയാൽ അവൾ വ്യഭിചാരിണി എന്നു വിളിക്കപ്പെടും. ഭർത്താവു മരിച്ചശേഷം അവൾ മറ്റൊരുവനെ വിവാഹം ചെയ്താൽ വ്യഭിചാരിണിയാകുന്നില്ല. എന്തെന്നാൽ ആദ്യത്തെ ഭർത്താവിനോട് തന്നെ ബന്ധിപ്പിക്കുന്ന നിയമത്തിൽനിന്ന് അവൾ സ്വതന്ത്രയാണല്ലോ.
റോമർ 7:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നത്: മനുഷ്യൻ ജീവനോടിരിക്കുന്ന കാലത്തൊക്കെയും ന്യായപ്രമാണത്തിന് അവന്റെമേൽ അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയുന്നില്ലയോ? വിവാഹിതയായ സ്ത്രീ, ഭർത്താവ് ജീവിച്ചിരിക്കുന്ന കാലത്തോളം അവനോട് നിയമത്താൽ ബന്ധിയ്ക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഭർത്താവ് മരിച്ചാൽ അവൾ വിവാഹനിയമത്തിൽനിന്ന് ഒഴിവുള്ളവളായി. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ അവൾ മറ്റൊരു പുരുഷനോടുകൂടെ ജീവിച്ചാൽ വ്യഭിചാരിണി എന്നു വിളിക്കപ്പെടും; ഭർത്താവ് മരിച്ചു എങ്കിലോ അവൾ മറ്റൊരു പുരുഷനോടുകൂടെ ജീവിച്ചാൽ വ്യഭിചാരിണി എന്നു വരാതവണ്ണം അവൾ നിയമത്തിൽനിന്ന് സ്വതന്ത്രയാകുന്നു.
റോമർ 7:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നതു: മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന്നു അവന്റെമേൽ അധികാരമുണ്ടു എന്നു നിങ്ങൾ അറിയുന്നില്ലയോ? ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി. ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു പേർവരും; ഭർത്താവു മരിച്ചു എങ്കിലോ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു.
റോമർ 7:1-3 സമകാലിക മലയാളവിവർത്തനം (MCV)
സഹോദരങ്ങളേ, ഒരാൾ ജീവിച്ചിരിക്കുന്ന കാലത്തുമാത്രമാണ് ന്യായപ്രമാണത്തിന് അയാളുടെമേൽ അധികാരമുള്ളത് എന്നു നിങ്ങൾക്കറിഞ്ഞുകൂടേ? ന്യായപ്രമാണം അറിയുന്നവരോടാണല്ലോ ഞാൻ സംസാരിക്കുന്നത്. ഉദാഹരണമായി, വിവാഹിതയായ സ്ത്രീ ജീവനോടിരിക്കുന്ന ഭർത്താവിനോട് നിയമത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഭർത്താവു മരിച്ചാൽ, അയാളോട് ബന്ധിക്കുന്ന നിയമത്തിൽനിന്ന് അവൾ വിമുക്തയായിത്തീരുന്നു. ഭർത്താവ് ജീവിച്ചിരിക്കെ ഒരു സ്ത്രീ മറ്റൊരാളെ സ്വീകരിച്ചാൽ അവൾ വ്യഭിചാരിണി എന്നു വിളിക്കപ്പെടും. എന്നാൽ ഭർത്താവു മരിച്ചാലോ ഭർത്താവിനോട് അവളെ ബന്ധിക്കുന്ന നിയമത്തിൽനിന്ന് അവൾ സ്വതന്ത്രയായിത്തീരുന്നു. പിന്നീട് മറ്റൊരു പുരുഷനെ സ്വീകരിച്ചാൽ അവൾ വ്യഭിചാരിണിയാകുകയില്ല.