ഉല്പത്തി 13

13
1ഇങ്ങനെ അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമിൽനിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു. 2കന്നുകാലി, വെള്ളി, പൊന്നു ഈ വകയിൽ അബ്രാം ബഹുസമ്പന്നനായിരുന്നു. 3അവൻ തന്റെ യാത്രയിൽ തെക്കുനിന്നു ബേഥേൽവരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദിയിൽ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു. 4അവിടെ അബ്രാം യഹോവയുടെ നാമത്തിൽ ആരാധിച്ചു. 5അബ്രാമിനോടുകൂടെവന്ന ലോത്തിന്നും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു. 6അവർ ഒന്നിച്ചുപാർപ്പാൻ തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവർക്കു ഒന്നിച്ചുപാർപ്പാൻ കഴിഞ്ഞില്ല. 7അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും തമ്മിൽ പിണക്കമുണ്ടായി; കനാന്യരും പെരീസ്യരും അന്നു ദേശത്തു പാർത്തിരുന്നു. 8അതു കൊണ്ടു അബ്രാം ലോത്തിനോടു: എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ. 9ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു. 10#ഉല്പത്തി 2:10അപ്പോൾ ലോത്ത് നോക്കി യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടം പോലെയും സോവർ വരെ മിസ്രയീംദേശംപോലെയും ആയിരുന്നു. 11ലോത്ത് യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവർ തമ്മിൽ പിരിഞ്ഞു. 12അബ്രാം കനാൻദേശത്തു പാർത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളിൽ പാർത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു. 13സൊദോംനിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു. 14ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ അബ്രാമിനോടു അരുളിച്ചെയ്തതു: തലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. 15#അപ്പൊ. പ്രവൃത്തികൾ 7:5നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും. 16ഞാൻ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാൻ കഴിയുമെങ്കിൽ നിന്റെ സന്തതിയെയും എണ്ണാം. 17നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാൻ അതു നിനക്കു തരും. 18അപ്പോൾ അബ്രാം കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നു പാർത്തു; അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു.

Тодруулга

Хуваалцах

Хувилах

None

Тодруулсан зүйлсээ бүх төхөөрөмждөө хадгалмаар байна уу? Бүртгүүлэх эсвэл нэвтэрнэ үү