ഉൽപത്തി 20

20
1അനന്തരം അബ്രാഹാം അവിടെനിന്നു തെക്കേദേശത്തേക്കു യാത്ര പുറപ്പെട്ട് കാദേശിനും സൂരിനും മധ്യേ കുടിയിരുന്ന് ഗെരാരിൽ പരദേശിയായി പാർത്തു. 2അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർരാജാവായ അബീമേലെക് ആളയച്ചു സാറായെ കൊണ്ടുപോയി. 3എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്ന് അവനോട്: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ എന്ന് അരുളിച്ചെയ്തു. 4എന്നാൽ അബീമേലെക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ? 5ഇവൾ എന്റെ പെങ്ങളാകുന്നു എന്ന് അവൻ എന്നോടു പറഞ്ഞുവല്ലോ. അവൻ എന്റെ ആങ്ങള എന്ന് അവളും പറഞ്ഞു. ഹൃദയപരമാർഥതയോടും കൈയുടെ നിർമ്മലതയോടുംകൂടെ ഞാൻ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. 6അതിനു ദൈവം സ്വപ്നത്തിൽ അവനോട്: നീ ഇതു ഹൃദയപരമാർഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നത്. 7ഇപ്പോൾ ആ പുരുഷന് അവന്റെ ഭാര്യയെ മടക്കിക്കൊടുക്ക; അവൻ ഒരു പ്രവാചകനാകുന്നു; നീ ജീവനോടിരിക്കേണ്ടതിന് അവൻ നിനക്കുവേണ്ടി പ്രാർഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്ന് അറിഞ്ഞുകൊൾക എന്ന് അരുളിച്ചെയ്തു. 8അബീമേലെക് അതികാലത്ത് എഴുന്നേറ്റു തന്റെ സകല ഭൃത്യന്മാരെയും വരുത്തി ഈ കാര്യമൊക്കെയും അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു. 9അബീമേലെക് അബ്രാഹാമിനെ വിളിപ്പിച്ച് അവനോട്: നീ ഞങ്ങളോടു ചെയ്തത് എന്ത്? നീ എന്റെമേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോട് എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു. 10നീ എന്തു കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തത് എന്ന് അബീമേലെക് അബ്രാഹാമിനോടു ചോദിച്ചതിന് അബ്രാഹാം പറഞ്ഞത്: 11ഈ സ്ഥലത്തു ദൈവഭയമില്ല നിശ്ചയം; എന്റെ ഭാര്യ നിമിത്തം അവർ എന്നെ കൊല്ലും എന്നു ഞാൻ നിരൂപിച്ചു. 12വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകൾ അല്ലതാനും; അവൾ എനിക്കു ഭാര്യയായി. 13എന്നാൽ ദൈവം എന്നെ എന്റെ പിതൃഭവനത്തിൽനിന്നു പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോട്: നീ എനിക്ക് ഒരു ദയ ചെയ്യേണം: നാം ഏതൊരു ദിക്കിൽ ചെന്നാലും അവിടെ, അവൻ എന്റെ ആങ്ങള എന്ന് എന്നെക്കുറിച്ച് പറയേണം എന്നു പറഞ്ഞിരുന്നു. 14അബീമേലെക് അബ്രാഹാമിന് ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്റെ ഭാര്യയായ സാറായെയും അവനു മടക്കിക്കൊടുത്തു: 15ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ബോധിച്ചേടത്തു പാർത്തുകൊൾക എന്ന് അബീമേലെക് പറഞ്ഞു. 16സാറായോട് അവൻ: നിന്റെ ആങ്ങളയ്ക്ക് ഞാൻ ആയിരം വെള്ളിക്കാശ് കൊടുത്തിട്ടുണ്ട്; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്ക് ഒരു പ്രതിശാന്തി; നീ എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു എന്നു പറഞ്ഞു. 17അബ്രാഹാം ദൈവത്തോട് അപേക്ഷിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൗഖ്യമാക്കി, അവർ പ്രസവിച്ചു. 18അബ്രാഹാമിന്റെ ഭാര്യയായ സാറായുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിലെ ഗർഭമൊക്കെയും അടച്ചിരുന്നു.

Markering

Deel

Kopiëren

None

Wil je jouw markerkingen op al je apparaten opslaan? Meld je aan of log in