ഉൽപത്തി 5
5
1ആദാമിന്റെ വംശപാരമ്പര്യമാവിത്: ദൈവം മനുഷ്യനെ സൃഷ്‍ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; 2ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു; സൃഷ്‍ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്ക് ആദാമെന്നു പേരിടുകയും ചെയ്തു. 3ആദാമിനു നൂറ്റിമുപ്പതു വയസ്സായപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവനു ശേത്ത് എന്നു പേരിട്ടു. 4ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 5ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിമുപ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
6ശേത്തിനു നൂറ്റഞ്ചു വയസ്സായപ്പോൾ അവൻ എനോശിനെ ജനിപ്പിച്ചു. 7എനോശിനെ ജനിപ്പിച്ചശേഷം ശേത്ത് എണ്ണൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 8ശേത്തിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ടു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
9എനോശിനു തൊണ്ണൂറു വയസ്സായപ്പോൾ അവൻ കേനാനെ ജനിപ്പിച്ചു. 10കേനാനെ ജനിപ്പിച്ചശേഷം എനോശ് എണ്ണൂറ്റിപ്പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 11എനോശിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
12കേനാന് എഴുപതു വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു. 13മഹലലേലിനെ ജനിപ്പിച്ചശേഷം കേനാൻ എണ്ണൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 14കേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിപ്പത്തു സംവത്സരം ആയിരുന്നു; പിന്നെ അവൻ മരിച്ചു.
15മഹലലേലിന് അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ യാരെദിനെ ജനിപ്പിച്ചു. 16യാരെദിനെ ജനിപ്പിച്ചശേഷം മഹലലേൽ എണ്ണൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 17മഹലലേലിന്റെ ആയുഷ്കാലം ആകെ എണ്ണൂറ്റിത്തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
18യാരെദിനു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു. 19ഹാനോക്കിനെ ജനിപ്പിച്ചശേഷം യാരെദ് എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 20യാരെദിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ടു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
21ഹാനോക്കിന് അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജനിപ്പിച്ചു. 22മെഥൂശലഹിനെ ജനിപ്പിച്ചശേഷം ഹാനോക് മുന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു. 23ഹാനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു. 24ഹാനോക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
25മെഥൂശലഹിനു നൂറ്റെൺപത്തേഴു വയസ്സായപ്പോൾ അവൻ ലാമേക്കിനെ ജനിപ്പിച്ചു. 26ലാമേക്കിനെ ജനിപ്പിച്ചശേഷം മെഥൂശലഹ് എഴുനൂറ്റെൺപത്തിരണ്ടു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 27മെഥൂശലഹിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
28ലാമേക്കിനു നൂറ്റെൺപത്തിരണ്ടു വയസ്സായപ്പോൾ അവൻ ഒരു മകനെ ജനിപ്പിച്ചു. 29യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞ് അവനു നോഹ എന്നു പേർ ഇട്ടു. 30നോഹയെ ജനിപ്പിച്ചശേഷം ലാമേക് അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 31ലാമേക്കിന്റെ ആയുഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
32നോഹയ്ക്ക് അഞ്ഞൂറു വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.
Markert nå:
ഉൽപത്തി 5: MALOVBSI
Marker
Del
Kopier
Vil du ha høydepunktene lagret på alle enhetene dine? Registrer deg eller logg på
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.