Logo YouVersion
Ikona Hľadať

യോഹന്നാൻ 11

11
1 # ലൂക്കൊസ് 10:38,39 മറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസർ എന്ന ഒരുത്തൻ ദീനമായ്ക്കിടന്നു. 2#യോഹന്നാൻ 12:3ഈ മറിയ ആയിരുന്നു കർത്താവിനെ പരിമള തൈലം പൂശി തന്റെ തലമുടികൊണ്ടു അവന്റെ കാൽ തുടെച്ചതു. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായ്ക്കിടന്നതു. 3ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു. 4യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു. 5യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു. 6എന്നിട്ടും അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാർത്തു. 7അതിന്റെശേഷം അവൻ ശിഷ്യന്മാരോടു: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു. 8ശിഷ്യന്മാർ അവനോടു: റബ്ബീ, യെഹൂദന്മാർ ഇപ്പോൾ തന്നേ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു. 9അതിന്നു യേശു: പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകൽസമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല. 10രാത്രിയിൽ നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു. 11ഇതു പറഞ്ഞിട്ടു അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്നു അവരോടു പറഞ്ഞു. 12ശിഷ്യന്മാർ അവനോടു: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന്നു സൗഖ്യം വരും എന്നു പറഞ്ഞു. 13യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവർക്കു തോന്നിപ്പോയി. 14അപ്പോൾ യേശു സ്പഷ്ടമായി അവരോടു: ലാസർ മരിച്ചുപോയി; 15ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു. 16ദിദിമൊസ് എന്നു പേരുള്ള തോമാസ് സഹശിഷ്യന്മാരോടു: അവനോടുകൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.
17യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ടു നാലുദിവസമായി എന്നു അറിഞ്ഞു. 18ബേഥാന്യ യെരൂശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു. 19മാർത്തയെയും മറിയയെയും സഹോദരനെക്കുറിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു പല യെഹൂദന്മാരും അവരുടെ അടുക്കൽ വന്നിരുന്നു. 20യേശു വരുന്നു എന്നു കേട്ടിട്ടു മാർത്ത അവനെ എതിരേല്പാൻ ചെന്നു; മറിയയോ വീട്ടിൽ ഇരുന്നു. 21മാർത്ത യേശുവിനോടു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു. 22ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. 23യേശു അവളോടു: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. 24മാർത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. 25യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. 26ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. 27അവൾ അവനോടു: ഉവ്വു, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു 28പോയി തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ടു; നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു. 29അവൾ കേട്ട ഉടനെ എഴുന്നേറ്റു അവന്റെ അടുക്കൽ വന്നു. 30യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നേ ആയിരുന്നു. 31വീട്ടിൽ അവളോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റു പോകുന്നതു കണ്ടിട്ടു അവൾ കല്ലറെക്കൽ കരവാൻ പോകുന്നു എന്നു വിചാരിച്ചു പിൻചെന്നു. 32യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. 33അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി: 34അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാണ്ക എന്നു അവർ അവനോടു പറഞ്ഞു. 35യേശു കണ്ണുനീർ വാർത്തു. 36ആകയാൽ യെഹൂദന്മാർ: കണ്ടോ അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു. 37ചിലരോ: കുരുടന്റെ കണ്ണു തുറന്ന ഇവന്നു ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു. 38യേശു പിന്നെയും ഉള്ളം നൊന്തു കല്ലറെക്കൽ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വെച്ചിരുന്നു. 39കല്ലു നീക്കുവിൻ എന്നു യേശു പറഞ്ഞു. മരിച്ചവന്റെ സഹോദരിയായ മാർത്ത: കർത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ എന്നു പറഞ്ഞു. 40യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. 41അവർ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു. 42നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു. 43ഇങ്ങനെ പറഞ്ഞിട്ടു അവൻ: ലാസരേ, പുറത്തു വരിക എന്നു ഉറക്കെ വിളിച്ചു. 44മരിച്ചവൻ പുറത്തു വന്നു; അവന്റെ കാലും കൈയും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു.
45മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ടു അവനിൽ വിശ്വസിച്ചു. 46എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തതു അവരോടു അറിയിച്ചു.
47മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. 48അവനെ ഇങ്ങനെ വിട്ടേച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു. 49അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല; 50ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു. 51അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ. 52ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിന്നും തന്നേ. 53അന്നു മുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു.
54അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാർത്തു. 55യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹെക്കു മുമ്പെ നാട്ടിൽനിന്നു യെരൂശലേമിലേക്കു പോയി. 56അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ടു: എന്തു തോന്നുന്നു? അവൻ പെരുനാൾക്കു വരികയില്ലയോ എന്നു തമ്മിൽ പറഞ്ഞു. 57എന്നാൽ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നുവെച്ചു അവൻ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്നു കല്പന കൊടുത്തിരുന്നു.

Zvýraznenie

Zdieľať

Kopírovať

None

Chceš mať svoje zvýraznenia uložené vo všetkých zariadeniach? Zaregistruj sa alebo sa prihlás