ഉൽപത്തി 4
4
1അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വായെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്ക് ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു. 2പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു. 3കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവയ്ക്ക് ഒരു വഴിപാടു കൊണ്ടുവന്നു. 4ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്ന്, അവയുടെ മേദസ്സിൽനിന്നുതന്നെ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. 5കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന് ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി. 6എന്നാറെ യഹോവ കയീനോട്: നീ കോപിക്കുന്നത് എന്തിന്? നിന്റെ മുഖം വാടുന്നതും എന്ത്? 7നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്ക് ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു. 8എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോട്: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്ത് അവനെ കൊന്നു. 9പിന്നെ യഹോവ കയീനോട്: നിന്റെ അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്: ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ എന്ന് അവൻ പറഞ്ഞു. 10അതിന് അവൻ അരുളിച്ചെയ്തത്: നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു. 11ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കൈയിൽനിന്ന് ഏറ്റുകൊൾവാൻ വായ്തുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം. 12നീ കൃഷി ചെയ്യുമ്പോൾ നിലം ഇനിമേലാൽ തന്റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും. 13കയീൻ യഹോവയോട്: എന്റെ കുറ്റം പൊറുപ്പാൻ കഴിയുന്നതിനെക്കാൾ വലിയതാകുന്നു. 14ഇതാ, നീ ഇന്ന് എന്നെ ആട്ടിക്കളയുന്നു; ഞാൻ തിരുസന്നിധി വിട്ട് ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു. 15യഹോവ അവനോട്: അതുകൊണ്ട് ആരെങ്കിലും കയീനെ കൊന്നാൽ അവന് ഏഴിരട്ടി പകരം കിട്ടും എന്ന് അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിനു യഹോവ അവന് ഒരു അടയാളം വച്ചു.
16അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ട് ഏദെനു കിഴക്കു നോദ്‍ദേശത്തു ചെന്നു പാർത്തു. 17കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവൻ ഒരു പട്ടണം പണിതു, ഹാനോക് എന്നു തന്റെ മകന്റെ പേരിട്ടു. 18ഹാനോക്കിന് ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു. 19ലാമെക് രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്ക് ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ. 20ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരവാസികൾക്കും പശുപാലകന്മാർക്കും പിതാവായിത്തീർന്നു. 21അവന്റെ സഹോദരനു യൂബാൽ എന്നു പേർ. ഇവൻ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവർക്കും പിതാവായിത്തീർന്നു. 22സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവനായിത്തീർന്നു; തൂബൽകയീന്റെ പെങ്ങൾ നയമാ. 23ലാമെക് തന്റെ ഭാര്യമാരോടു പറഞ്ഞത്:
ആദായും സില്ലായും ആയുള്ളോരേ,
എന്റെ വാക്കു കേൾപ്പിൻ;
ലാമെക്കിൻ ഭാര്യമാരേ,
എന്റെ വചനത്തിനു ചെവിതരുവിൻ!
എന്റെ മുറിവിനു പകരം
ഞാൻ ഒരു പുരുഷനെയും
എന്റെ പരുക്കിനു പകരം
ഒരു യുവാവിനെയും കൊല്ലും.
24കയീനുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ
ലാമെക്കിനുവേണ്ടി എഴുപത്തേഴ് ഇരട്ടി
പകരം ചെയ്യും.
25ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: കയീൻ കൊന്ന ഹാബെലിനു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞ് അവനു ശേത്ത് എന്നു പേരിട്ടു. 26ശേത്തിനും ഒരു മകൻ ജനിച്ചു; അവന് എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.
Trenutno izabrano:
ഉൽപത്തി 4: MALOVBSI
Istaknuto
Podijeli
Kopiraj
Želiš li da tvoje istaknuto bude sačuvano na svim tvojim uređajima? Kreiraj nalog ili se prijavi
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.