YouVersion logo
Dugme za pretraživanje

ഉൽപ്പത്തി 7

7
1സകലതും ക്രമീകരിക്കപ്പെട്ടതിനുശേഷം, യഹോവ നോഹയോട് അരുളിച്ചെയ്തത്: “ഞാൻ നിന്നെ ഈ തലമുറയിൽ നീതിമാനായി കണ്ടിരിക്കുന്നു; അതുകൊണ്ടു നീയും നിന്റെ കുടുംബം മുഴുവനും പെട്ടകത്തിനുള്ളിലേക്കു പ്രവേശിക്കുക. 2ശുദ്ധിയുള്ള മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഏഴുജോടിയെയും ശുദ്ധിയില്ലാത്ത#7:2 ശുദ്ധിയില്ലാത്ത, വിവക്ഷിക്കുന്നത് ഭക്ഷ്യയോഗ്യമായവയും യാഗാർപ്പണത്തിനുള്ളവയുമായി ദൈവം നിഷ്കർഷിച്ചിട്ടുള്ളത് ശുദ്ധിയുള്ള മൃഗങ്ങളാണ്, ഈ ഗണത്തിൽപ്പെടാത്തവ ശുദ്ധിയില്ലാത്ത മൃഗങ്ങളാണ്. മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഓരോ ജോടിയെയും 3പക്ഷികളുടെ ഓരോ ജാതിയിൽനിന്നും പൂവനും പിടയുമായി ഏഴുജോടിയെയും, പ്രളയശേഷം ഭൂമിയിൽ ഈവക ജീവനോടെ ശേഷിക്കേണ്ടതിനു നീ ചേർത്തുകൊള്ളണം; 4ഏഴുദിവസം കഴിഞ്ഞ്, ഞാൻ ഭൂമിയിൽ നാൽപ്പതുപകലും നാൽപ്പതുരാവും മഴപെയ്യിക്കുകയും ഞാൻ നിർമിച്ച സകലജീവികളെയും ഭൂമുഖത്തുനിന്നു തുടച്ചുനീക്കുകയും ചെയ്യും.”
5യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെയെല്ലാം നോഹ ചെയ്തു.
6ഭൂമിയിൽ പ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് 600 വയസ്സായിരുന്നു. 7നോഹയും തന്റെ ഭാര്യയും നോഹയുടെ പുത്രന്മാരും അവരുടെ ഭാര്യമാരും പ്രളയത്തിൽനിന്നു രക്ഷപ്പെടുന്നതിനായി പെട്ടകത്തിൽ പ്രവേശിച്ചു. 8ശുദ്ധിയുള്ളവയും അല്ലാത്തവയുമായ മൃഗങ്ങളിൽനിന്ന്, പക്ഷികളും എല്ലാ ഇഴജന്തുക്കളും, 9ആണും പെണ്ണുമായി ദൈവം കൽപ്പിച്ചതുപോലെ നോഹയുടെ അടുക്കൽവന്ന് പെട്ടകത്തിനുള്ളിൽ കടന്നു. 10ഏഴുദിവസം കഴിഞ്ഞപ്പോൾ ഭൂമിയിൽ പ്രളയം ആരംഭിച്ചു.
11നോഹയുടെ ആയുസ്സിന്റെ അറുനൂറാംവർഷം, രണ്ടാംമാസം, പതിനേഴാംതീയതിതന്നെ ആഴിയുടെ ഉറവുകൾ തുറക്കപ്പെട്ടു, ആകാശത്തിന്റെ കിളിവാതിലുകളും തുറക്കപ്പെട്ടു. 12നാൽപ്പതുപകലും നാൽപ്പതുരാവും ഭൂമിയിൽ മഴ പെയ്തുകൊണ്ടേയിരുന്നു.
13ഭൂമിയിൽ മഴ പെയ്യാൻ തുടങ്ങിയ ആ ദിവസംതന്നെ നോഹ തന്റെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരോടും ഭാര്യയോടും പുത്രന്മാരുടെ ഭാര്യമാരോടുംകൂടെ പെട്ടകത്തിൽ പ്രവേശിച്ചു. 14അവരോടൊപ്പം എല്ലാത്തരം വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പക്ഷികളും ചിറകുള്ള സകലതും ഉണ്ടായിരുന്നു. 15ജീവശ്വാസമുള്ള സമസ്തജന്തുക്കളുടെയും ഇണകൾ നോഹയുടെ അടുക്കൽവന്നു പെട്ടകത്തിൽ കയറി. 16ദൈവം നോഹയോടു കൽപ്പിച്ചതനുസരിച്ച്, ആണും പെണ്ണുമായിട്ടാണ് സകലജീവികളും പെട്ടകത്തിൽവന്നു കയറിയത്. അതിനുശേഷം യഹോവ അവരെ ഉള്ളിലാക്കി വാതിൽ അടച്ചു.
17നാൽപ്പതു ദിവസത്തേക്കു ഭൂമിയിൽ പ്രളയം തുടർന്നു; വെള്ളം പെരുകിയപ്പോൾ പെട്ടകം ഭൂമിയിൽനിന്ന് ഉയർന്നു. 18വെള്ളം ഭൂമിയിൽ അത്യധികം പെരുകി, പെട്ടകം വെള്ളത്തിനുമീതേ ഒഴുകിനീങ്ങി. 19ആകാശത്തിനു കീഴിലുള്ള ഉയർന്ന പർവതങ്ങളെയൊക്കെയും മൂടുംവിധം ഭൂമിയിൽ വെള്ളം പൊങ്ങി. 20പർവതങ്ങൾക്കുമേൽ പതിനഞ്ചുമുഴത്തിലധികം#7:20 ഏക. 6.8 മീ. ജലനിരപ്പുയർന്നു. 21പക്ഷികൾ, കന്നുകാലികൾ, വന്യജീവികൾ, ഇഴജന്തുക്കൾ, മനുഷ്യവർഗം മുഴുവനും, ഇങ്ങനെ സകലഭൂചരജീവികളും നശിച്ചു. 22മൂക്കിൽ ജീവശ്വാസമുള്ളവയായി, കരയിൽ അവശേഷിച്ചിരുന്നവയെല്ലാം ചത്തൊടുങ്ങി. 23ഭൂമുഖത്തു ജീവനോടെ ഉണ്ടായിരുന്നവയെല്ലാം നിർമാർജനം ചെയ്യപ്പെട്ടു; മനുഷ്യരെയും മൃഗങ്ങളെയും നിലത്തിഴയുന്ന ജീവികളെയും ആകാശത്തിലെ പക്ഷികളെയും—ഇങ്ങനെ സകലതിനെയും പ്രളയം തുടച്ചുനീക്കി. നോഹയും അദ്ദേഹത്തോടുകൂടെ പെട്ടകത്തിലുണ്ടായിരുന്നവരുംമാത്രം അവശേഷിച്ചു.
24പ്രളയം ഭൂമിയിൽ നൂറ്റി അൻപതു ദിവസത്തേക്കു തുടർന്നു.

Istaknuto

Podijeli

Kopiraj

None

Želiš li da tvoje istaknuto bude sačuvano na svim tvojim uređajima? Kreiraj nalog ili se prijavi