ഉൽപത്തി 9
9
1ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളിച്ചെയ്തതെന്തെന്നാൽ: നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ. 2നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകല മൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും സകല ഭൂചരങ്ങൾക്കും സമുദ്രത്തിലെ സകല മത്സ്യങ്ങൾക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു. 3ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്ക് ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു. 4പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങൾ മാംസം തിന്നരുത്. 5നിങ്ങളുടെ പ്രാണനായിരിക്കുന്ന നിങ്ങളുടെ രക്തത്തിനു ഞാൻ പകരം ചോദിക്കും; സകല മൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ പ്രാണനു പകരം ചോദിക്കും. 6ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയത്. 7ആകയാൽ നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ അനവധിയായി പെറ്റുപെരുകുവിൻ.
8ദൈവം പിന്നെയും നോഹയോടും അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തത്: 9ഞാൻ, ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും 10ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകല ജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകല മൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു. 11ഇനി സകല ജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാൻ നിങ്ങളോട് ഒരു നിയമം ചെയ്യുന്നു. 12പിന്നെയും ദൈവം അരുളിച്ചെയ്തത്: ഞാനും നിങ്ങളും നിങ്ങളോടുകൂടെ ഉള്ള സകല ജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിത്: 13ഞാൻ എന്റെ വില്ല് മേഘത്തിൽ വയ്ക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന് അടയാളമായിരിക്കും. 14ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ല് കാണും. 15അപ്പോൾ ഞാനും നിങ്ങളും സർവജഡവുമായ സകല ജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാൻ ഓർക്കും; ഇനി സകല ജഡത്തെയും നശിപ്പിപ്പാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല. 16വില്ല് മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സർവജഡവുമായ സകല ജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമം ഓർക്കേണ്ടതിനു ഞാൻ അതിനെ നോക്കും. 17ഞാൻ ഭൂമിയിലുള്ള സർവജഡത്തോടും ചെയ്തിരിക്കുന്ന നിയമത്തിന് ഇത് അടയാളം എന്നും ദൈവം നോഹയോട് അരുളിച്ചെയ്തു.
18പെട്ടകത്തിൽനിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാർ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്റെ പിതാവ്. 19ഇവർ മൂവരും നോഹയുടെ പുത്രന്മാർ; അവരെക്കൊണ്ടു ഭൂമിയൊക്കെയും നിറഞ്ഞു. 20നോഹ കൃഷി ചെയ്‍വാൻ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. 21അവൻ അതിലെ വീഞ്ഞു കുടിച്ചു ലഹരി പിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു. 22കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു. 23ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളിൽ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ട് അവർ പിതാവിന്റെ നഗ്നത കണ്ടില്ല. 24നോഹ ലഹരി വിട്ടുണർന്നപ്പോൾ തന്റെ ഇളയമകൻ ചെയ്തത് അറിഞ്ഞു. 25അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്ക് അധമദാസനായിത്തീരും എന്നു പറഞ്ഞു. 26ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ; കനാൻ അവരുടെ ദാസനാകും. 27ദൈവം യാഫെത്തിനെ വർധിപ്പിക്കട്ടെ; അവൻ ശേമിന്റെ കൂടാരങ്ങളിൽ വസിക്കും; കനാൻ അവരുടെ ദാസനാകും എന്നും അവൻ പറഞ്ഞു.
28ജലപ്രളയത്തിന്റെശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു. 29നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
Поточний вибір:
ഉൽപത്തി 9: MALOVBSI
Позначайте
Поділитись
Копіювати
Хочете, щоб ваші позначення зберігалися на всіх ваших пристроях? Зареєструйтеся або увійдіть
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.