യോഹന്നാൻ 2

2
1മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. 2യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന് ക്ഷണിച്ചിരുന്നു. 3വീഞ്ഞു പോരാതെ വരികയാൽ യേശുവിന്റെ അമ്മ അവനോട്: അവർക്കു വീഞ്ഞ് ഇല്ല എന്നുപറഞ്ഞു. 4യേശു അവളോട്: സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു. 5അവന്റെ അമ്മ ശുശ്രൂഷക്കാരോട്: അവൻ നിങ്ങളോട് എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ എന്നു പറഞ്ഞു. 6അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ച് രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു. 7യേശു അവരോട് ഈ കല്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ എന്നു പറഞ്ഞു; അവർ വക്കോളവും നിറച്ചു. 8ഇപ്പോൾ കോരി വിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ എന്ന് അവൻ പറഞ്ഞു; അവർ കൊണ്ടുപോയി കൊടുത്തു. 9അത് എവിടെനിന്ന് എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു: 10എല്ലാവരും ആദ്യം നല്ലവീഞ്ഞും ലഹരിപിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ എന്ന് അവനോടു പറഞ്ഞു. 11യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവച്ചു ചെയ്തു തന്റെ മഹത്ത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.
12അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫർന്നഹൂമിലേക്കു പോയി; അവിടെ ഏറെനാൾ പാർത്തില്ല.
13യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി. 14ദൈവാലയത്തിൽ കാള, ആട്, പ്രാവ് എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു 15കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടുംകൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു; 16പ്രാവുകളെ വില്ക്കുന്നവരോട്: ഇത് ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുത് എന്നു പറഞ്ഞു. 17അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളയുന്നു എന്ന് എഴുതിയിരിക്കുന്നത് ഓർത്തു. 18എന്നാൽ യെഹൂദന്മാർ അവനോട്: നിനക്ക് ഇങ്ങനെ ചെയ്യാം എന്നതിന് നീ എന്ത് അടയാളം കാണിച്ചുതരും എന്നു ചോദിച്ചു. 19യേശു അവരോട്: ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിനകം അതിനെ പണിയും എന്ന് ഉത്തരം പറഞ്ഞു. 20യെഹൂദന്മാർ അവനോട്: ഈ മന്ദിരം നാല്പത്താറ് സംവത്‍സരംകൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു. 21അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്. 22അവൻ ഇതു പറഞ്ഞു എന്ന് അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
23പെസഹാപെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടു പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു. 24യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല. 25മനുഷ്യനിലുള്ളത് എന്ത് എന്നു സ്വതവെ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录