ലൂക്കൊസ് 3
3
1തീബെര്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതുര്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും 2ഇടപ്രഭുക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി. 3അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
4 #
യെശയ്യാവു 40:3-5
“മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ.
5എല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുർഘടമായതു നിരന്ന വഴിയായും തീരും;
6സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും”
എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നേ.
7 #
മത്തായി 12:34; 23:33 അവനാൽ സ്നാനം ഏല്പാൻ വന്ന പുരുഷാരത്തോടു അവൻ പറഞ്ഞതു: സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ? 8#യോഹന്നാൻ 8:33മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായിപ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ടു എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; അബ്രാഹാമിന്നു ഈ കല്ലുകളിൽ നിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 9#മത്തായി 7:19ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. 10എന്നാൽ ഞങ്ങൾ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു. 11അതിന്നു അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു. 12#ലൂക്കൊസ് 7:29ചുങ്കക്കാരും സ്നാനം ഏല്പാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു. 13നിങ്ങളോടു കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുതു എന്നു അവൻ പറഞ്ഞു. 14പടജ്ജനവും അവനോടു: ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നു: ആരെയും ബലാല്ക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിൻ എന്നു അവരോടു പറഞ്ഞു.
15ജനം കാത്തുനിന്നു; അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ 16യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. 17അവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.
18മറ്റു പലതും അവൻ പ്രബോധിപ്പിച്ചുകൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു. 19#മത്തായി 14:3,4; മർക്കൊസ് 6:17,18എന്നാൽ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ 20അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.
21ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, 22#ഉല്പത്തി 22:2; സങ്കീർത്തനങ്ങൾ 2:7; യെശയ്യാവു 42:1; മത്തായി 3:17; മർക്കൊസ് 1:11; ലൂക്കൊസ് 9:35പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
23യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു; 24യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെല്ക്കിയുടെ മകൻ, മെല്ക്കി യന്നായിയുടെ മകൻ, യന്നായി 25യോസേഫിന്റെ മകൻ, യോസേഫ് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ളിയുടെ മകൻ, എസ്ളി നഗ്ഗായിയുടെ മകൻ, 26നഗ്ഗായി മയാത്തിന്റെ മകൻ, മയാത്ത് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസേഫിന്റെ മകൻ, യോസേഫ് യോദയുടെ മകൻ, 27യോദാ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സൊരൊബാബേലിന്റെ മകൻ, സൊരൊബാബേൽ ശലഥീയേലിന്റെ മകൻ, ശലഥീയേൽ നേരിയുടെ മകൻ, 28നേരി മെൽക്കിയുടെ മകൻ, മെൽക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിന്റെ മകൻ, കോസാം എല്മാദാമിന്റെ മകൻ, എല്മാദാം ഏരിന്റെ മകൻ, 29ഏർ യോശുവിന്റെ മകൻ, യോശു എലീയേസരിന്റെ മകൻ, എലീയേസർ യോരീമിന്റെ മകൻ, യോരീം മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, 30ലേവി ശിമ്യോന്റെ മകൻ, ശിമ്യോൻ യെഹൂദയുടെ മകൻ, യെഹൂദാ യോസേഫിന്റെ മകൻ, യോസേഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ, 31എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ, 32ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സല്മോന്റെ മകൻ, സല്മോൻ നഹശോന്റെ മകൻ, 33നഹശോൻ അമ്മീനാദാബിന്റെ മകൻ, അമ്മീനാദാബ് അരാമിന്റെ മകൻ, അരാം എസ്രോന്റെ മകൻ, എസ്രോൻ പാരെസിന്റെ മകൻ, പാരെസ് യേഹൂദയുടെ മകൻ, 34യെഹൂദാ യാക്കോബിന്റെ മകൻ, യാക്കോബ് യിസ്ഹാക്കിന്റെ മകൻ, യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ, അബ്രാഹാം തേറഹിന്റെ മകൻ, 35തേറഹ് നാഹോരിന്റെ മകൻ, നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശലാമിന്റെ മകൻ, ശലാം കയിനാന്റെ മകൻ, 36കയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ, 37ലാമേക്ക് മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ, 38കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.
Currently Selected:
ലൂക്കൊസ് 3: വേദപുസ്തകം
ማድመቅ
ያጋሩ
ኮፒ

ያደመቋቸው ምንባቦች በሁሉም መሣሪያዎችዎ ላይ እንዲቀመጡ ይፈልጋሉ? ይመዝገቡ ወይም ይግቡ
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.