Logo YouVersion
Eicon Chwilio

യോഹന്നാൻ 16

16
1നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 2അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന് വഴിപാടു കഴിക്കുന്നു എന്ന് വിചാരിക്കുന്ന നാഴിക വരുന്നു. 3അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ട് ഇങ്ങനെ ചെയ്യും. 4അതിന്റെ നാഴിക വരുമ്പോൾ ഞാൻ അത് നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓർക്കേണ്ടതിന് ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ. 5ഇപ്പോഴോ ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു: നീ എവിടെ പോകുന്നു എന്ന് നിങ്ങൾ ആരും എന്നോടു ചോദിക്കുന്നില്ല. 6എങ്കിലും ഇത് നിങ്ങളോടു സംസാരിക്കകൊണ്ട് നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു. 7എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നത് നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയയ്ക്കും. 8അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും. 9അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ട് പാപത്തെക്കുറിച്ചും 10ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ട് നീതിയെക്കുറിച്ചും 11ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചുംതന്നെ. 12ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ട്; എന്നാൽ നിങ്ങൾക്ക് ഇപ്പോൾ വഹിപ്പാൻ കഴിവില്ല. 13സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കയും വരുവാനുള്ളത് നിങ്ങൾക്ക് അറിയിച്ചുതരികയും ചെയ്യും. 14അവൻ എനിക്കുള്ളതിൽനിന്ന് എടുത്ത് നിങ്ങൾക്ക് അറിയിച്ചു തരുന്നതുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തും. 15പിതാവിനുള്ളതൊക്കെയും എനിക്കുള്ളത്; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽനിന്ന് എടുത്തു നിങ്ങൾക്ക് അറിയിച്ചുതരും എന്ന് ഞാൻ പറഞ്ഞത്. 16കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണും. 17അവന്റെ ശിഷ്യന്മാരിൽ ചിലർ കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണും എന്നും പിതാവിന്റെ അടുക്കൽപോകുന്നു എന്നും അവൻ നമ്മോട് ഈ പറയുന്നത് എന്ത് എന്നു തമ്മിൽ ചോദിച്ചു. 18കുറഞ്ഞോന്ന് എന്ന് ഈ പറയുന്നത് എന്താകുന്നു? അവൻ എന്തു സംസാരിക്കുന്നു എന്ന് നാം അറിയുന്നില്ല എന്നും അവർ പറഞ്ഞു. 19അവർ തന്നോടു ചോദിപ്പാൻ ആഗ്രഹിക്കുന്നു എന്ന് അറിഞ്ഞു യേശു അവരോട് പറഞ്ഞത്: കുറഞ്ഞോന്നു കഴിഞ്ഞിട്ട് എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ട് എന്നെ കാണും എന്ന് ഞാൻ പറകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ ചോദിക്കുന്നുവോ? 20ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങൾ ദുഃഖിക്കും; എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും. 21സ്ത്രീ പ്രസവിക്കുമ്പോൾ തന്റെ നാഴിക വന്നതുകൊണ്ട് അവൾക്കു ദുഃഖം ഉണ്ട്; കുഞ്ഞിനെ പ്രസവിച്ച ശേഷമോ ഒരു മനുഷ്യൻ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവൾ തന്റെ കഷ്ടം പിന്നെ ഓർക്കുന്നില്ല. 22അങ്ങനെ നിങ്ങൾക്കും ഇപ്പോൾ ദുഃഖം ഉണ്ട് എങ്കിലും ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽനിന്ന് എടുത്തുകളകയില്ല. 23അന്നു നിങ്ങൾ എന്നോട് ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും. 24ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.
25ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോട് അറിയിക്കുന്ന നാഴിക വരുന്നു. 26അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല. 27നിങ്ങൾ എന്നെ സ്നേഹിച്ചു, ഞാൻ പിതാവിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്ന് വിശ്വസിച്ചിരിക്കകൊണ്ട് പിതാവ് താനും നിങ്ങളെ സ്നേഹിക്കുന്നു. 28ഞാൻ പിതാവിന്റെ അടുക്കൽനിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു. 29അതിന് അവന്റെ ശിഷ്യന്മാർ: ഇപ്പോൾ നീ സാദൃശ്യം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു. 30നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്ക് ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു; ഇതിനാൽ നീ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു എന്നു പറഞ്ഞു. 31യേശു അവരോട്: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ? 32നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ലതാനും. 33നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.

Uwcholeuo

Rhanna

Copi

None

Eisiau i'th uchafbwyntiau gael eu cadw ar draws dy holl ddyfeisiau? Cofrestra neu mewngofnoda