ഉൽപത്തി 15

15
1അതിന്റെശേഷം അബ്രാമിനു ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു. 2അതിന് അബ്രാം: കർത്താവായ യഹോവേ, നീ എനിക്ക് എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസർ അത്രേ എന്നു പറഞ്ഞു. 3നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു. 4അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവൻതന്നെ നിന്റെ അവകാശിയാകും എന്ന് അവനു യഹോവയുടെ അരുളപ്പാടുണ്ടായി. 5പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു. 6അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവൻ അവനു നീതിയായി കണക്കിട്ടു. 7പിന്നെ അവനോട്: ഈ ദേശത്തെ നിനക്ക് അവകാശമായി തരുവാൻ കൽദയപട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു എന്ന് അരുളിച്ചെയ്തു. 8കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളത് എനിക്ക് എന്തൊന്നിനാൽ അറിയാം എന്ന് അവൻ ചോദിച്ചു. 9അവൻ അവനോട്: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നു വയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു. 10ഇവയെയൊക്കെയും അവൻ കൊണ്ടുവന്ന് ഒത്ത നടുവേ പിളർന്നു ഭാഗങ്ങളെ നേർക്കുനേരേ വച്ചു; പക്ഷികളെയോ അവൻ പിളർന്നില്ല. 11ഉടലുകളിന്മേൽ റാഞ്ചൻപക്ഷികൾ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ആട്ടിക്കളഞ്ഞു. 12സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്റെമേൽ വീണു. 13അപ്പോൾ അവൻ അബ്രാമിനോട്: നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക. 14എന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും; അതിന്റെശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും. 15നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർധക്യത്തിൽ അടക്കപ്പെടും. 16നാലാം തലമുറക്കാർ ഇവിടേക്കു മടങ്ങിവരും; അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്ന് അരുളിച്ചെയ്തു. 17സൂര്യൻ അസ്തമിച്ച് ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവേ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി. 18അന്ന് യഹോവ അബ്രാമിനോട് ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത്നദിയായ 19മഹാനദിവരെയുള്ള ഈ ദേശത്തെ, കേന്യർ, കെനീസ്യർ, കദ്മോന്യർ, 20ഹിത്യർ, പെരിസ്യർ, രെഫായീമ്യർ, 21അമോര്യർ, കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നെ, തന്നിരിക്കുന്നു എന്ന് അരുളിച്ചെയ്തു.

های‌لایت

به اشتراک گذاشتن

کپی

None

می خواهید نکات برجسته خود را در همه دستگاه های خود ذخیره کنید؟ برای ورودثبت نام کنید یا اگر ثبت نام کرده اید وارد شوید