ഉല്പത്തി 2

2
1ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
2 # പുറപ്പാടു 20:11; എബ്രായർ 4:4,10 താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി. 3താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
4യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല. 5യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‌വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. 6ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു. 7#1. കൊരിന്ത്യർ 15:45യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. 8അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി. 9#വെളിപ്പാടു 2:7; 22:2,14കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു. 10തോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു. 11ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു. 12ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു. 13രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു കൂശ്‌ദേശമൊക്കെയും ചുറ്റുന്നു. 14മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു. 15യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്‌വാനും അതിനെ കാപ്പാനും അവിടെ ആക്കി. 16യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. 17എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.
18അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു. 19യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി. 20മനുഷ്യൻ എല്ലാകന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാകാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല. 21ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു. 22യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. 23അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു. 24#മത്തായി 19:5; മർക്കൊസ് 10:7,8; 1. കൊരിന്ത്യർ 6:16; എഫെസ്യർ 5:31അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും. 25മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.

های‌لایت

به اشتراک گذاشتن

کپی

None

می خواهید نکات برجسته خود را در همه دستگاه های خود ذخیره کنید؟ برای ورودثبت نام کنید یا اگر ثبت نام کرده اید وارد شوید