ലൂക്കൊസ് 21
21
1അവൻ തലപൊക്കി ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാട് ഇടുന്നത് കണ്ടു. 2ദരിദ്രയായൊരു വിധവ രണ്ടു കാശ് ഇടുന്നത് കണ്ടിട്ട് അവൻ: 3ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 4എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാട് ഇട്ടത്; ഇവളോ തന്റെ ഇല്ലായ്മയിൽനിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.
5ചിലർ ദൈവാലയത്തെക്കുറിച്ച് അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ: 6ഈ കാണുന്നതിൽ ഇടിഞ്ഞു പോകാതെ കല്ല് കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും എന്ന് അവൻ പറഞ്ഞു. 7ഗുരോ, അത് എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്ത് എന്ന് അവർ അവനോടു ചോദിച്ചു. 8അതിന് അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞ് അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുത്. 9നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുത്; അത് ആദ്യം സംഭവിക്കേണ്ടതു തന്നെ. അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു. 10പിന്നെ അവൻ അവരോട് പറഞ്ഞത്: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. 11വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കര കാഴ്ചകളും ആകാശത്തിൽ മഹാലക്ഷ്യങ്ങളും ഉണ്ടാകും. 12ഇത് എല്ലാറ്റിനും മുമ്പേ എന്റെ നാമം നിമിത്തം അവർ നിങ്ങളുടെമേൽ കൈവച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും. 13അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും. 14ആകയാൽ പ്രതിവാദിപ്പാൻ മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന് മനസ്സിൽ ഉറച്ചുകൊൾവിൻ. 15നിങ്ങളുടെ എതിരികൾക്ക് ആർക്കും ചെറുപ്പാനോ എതിർ പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും. 16എന്നാൽ അമ്മയപ്പന്മാരും സഹോദരന്മാരും ചാർച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും. 17എന്റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും. 18നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും. 19നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.
20സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ. 21അന്ന് യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടു പോകട്ടെ; നാട്ടുമ്പുറങ്ങളിലുള്ളവർ അതിൽ കടക്കരുത്. 22എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകൾ പ്രതികാരകാലം ആകുന്നു. 23ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തുവലിയ ഞെരുക്കവും ഈ ജനത്തിന്മേൽ ക്രോധവും ഉണ്ടാകും. 24അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകല ജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും. 25സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടുകൂടിയ പരിഭ്രമം ഉണ്ടാകും. 26ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന് എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തും കൊണ്ടു മനുഷ്യർ നിർജീവന്മാർ ആകും. 27അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നത് അവർ കാണും. 28ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ.
29ഒരുപമയും അവരോടു പറഞ്ഞത്: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ. 30അവ തളിർക്കുന്നതു നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു സ്വതവേ അറിയുന്നുവല്ലോ. 31അവ്വണ്ണംതന്നെ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ. 32സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 33ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
34നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കെണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. 35അതു സർവഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. 36ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർഥിച്ചുംകൊണ്ടിരിപ്പിൻ.
37അവൻ ദിവസേന പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഒലിവുമലയിൽ പോയി പാർക്കും. 38ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന് അതികാലത്തു ദൈവാലയത്തിൽ അവന്റെ അടുക്കൽ ചെല്ലും.
Селектирано:
ലൂക്കൊസ് 21: MALOVBSI
Нагласи
Сподели
Копирај
Дали сакаш да ги зачуваш Нагласувањата на сите твои уреди? Пријави се или најави се
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.