ഉല്പ. 19
19
സൊദോമിൻ്റെയും ഗൊമോരായുടെയും നാശം
1ആ രണ്ടു ദൂതന്മാർ വൈകുന്നേരത്ത് സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണവാതിൽക്കൽ ഇരിക്കുകയായിരുന്നു; ലോത്ത് അവരെ കണ്ടപ്പോൾ എഴുന്നേറ്റ് എതിരേറ്റുചെന്ന് നിലംവരെ കുനിഞ്ഞ് നമസ്കരിച്ചു: 2“യജമാനന്മാരേ, അടിയന്‍റെ വീട്ടിൽ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാത്രി വിശ്രമിക്കുവിൻ#19:2 വിശ്രമിക്കുവിൻ രാത്രി പാർക്കുവിൻ. ; രാവിലെ എഴുന്നേറ്റ് നിങ്ങളുടെ വഴിക്ക് പോകയുമാകാം” എന്നു പറഞ്ഞു.
അതിന്: “അല്ല, ഞങ്ങൾ തെരുവിൽ തന്നെ രാപാർക്കും” എന്നു അവർ പറഞ്ഞു.
3അവൻ ഏറ്റവും നിർബന്ധിച്ചു; അപ്പോൾ അവർ അവന്‍റെ അടുക്കൽ തിരിഞ്ഞു അവന്‍റെ വീട്ടിൽ ചെന്നു; അവൻ അവർക്ക് വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവർ ഭക്ഷണം കഴിച്ചു. 4അവർ ഉറങ്ങുവാൻ പോകുന്നതിനുമുമ്പേ സൊദോംപട്ടണത്തിലെ പുരുഷന്മാർ സകല ഭാഗത്തുനിന്നും വൃദ്ധന്മാരും യൗവനക്കാരും എല്ലാവരും വന്നു വീടു വളഞ്ഞു. 5അവർ ലോത്തിനെ വിളിച്ചു: “ഈ രാത്രി നിന്‍റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരുമായി സുഖഭോഗത്തിലേർപ്പെടേണ്ടതിന് അവരെ ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരൂ” എന്നു അവനോട് പറഞ്ഞു.
6ലോത്ത് വാതിലിലൂടെ അവരുടെ അടുക്കൽ പുറത്തു ചെന്നു, കതക് അടച്ചിട്ട് അവരോട്: 7“സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ. 8നോക്കൂ, പുരുഷസംസർഗം ഉണ്ടായിട്ടില്ലാത്ത കന്യകമാരായ രണ്ടു പുത്രിമാർ എനിക്കുണ്ട്; അവരെ ഞാൻ നിങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരാം; നിങ്ങളുടെ ഇഷ്ടംപോലെ അവരോട് ചെയ്തുകൊൾവിൻ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിനായിട്ടല്ലോ അവർ എന്‍റെ വീടിന്‍റെ നിഴലിൽ കീഴിൽ വന്നത്“ എന്നു പറഞ്ഞു.
9“മാറിനിൽക്ക” എന്നു അവർ പറഞ്ഞു. “ഇവനൊരുത്തൻ പരദേശിയായി വന്നു പാർക്കുന്നു; ന്യായംവിധിക്കുവാനും ഭാവിക്കുന്നു. ഇപ്പോൾ ഞങ്ങൾ അവരോട് ഭാവിച്ചതിലധികം നിന്നോട് ദോഷം ചെയ്യും” എന്നും അവർ പറഞ്ഞ് ലോത്തിനെ ശക്തിയായി തള്ളി വാതിൽ പൊളിക്കുവാൻ അടുത്തു.
10അപ്പോൾ ആ ദൈവ പുരുഷന്മാർ കൈ പുറത്തേയ്ക്ക് നീട്ടി ലോത്തിനെ അവരുടെ അടുക്കൽ അകത്ത് കയറ്റി വാതിൽ അടച്ചു, 11വാതിൽക്കൽ ഉണ്ടായിരുന്ന പുരുഷന്മാർക്ക് ആബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ട് അവർ വാതിൽ തപ്പിനടന്നു വിഷമിച്ചു.
ലോത്ത് സൊദോം വിട്ടുപോകുന്നു
12ആ ദൈവ പുരുഷന്മാർ ലോത്തിനോട്: “ഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തിൽ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്ന് കൊണ്ടുപൊയ്ക്കൊള്ളുക; 13ഇവർക്കെതിരെയുള്ള ഭയാനകമായ കുറ്റം യഹോവയുടെ മുമ്പാകെ വലുതായിത്തീർന്നിരിക്കകൊണ്ട് ഞങ്ങൾ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിക്കുവാൻ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
14അങ്ങനെ ലോത്ത് ചെന്നു തന്‍റെ പുത്രിമാരെ വിവാഹം ചെയ്യുവാനുള്ള മരുമക്കളോടു സംസാരിച്ചു: “നിങ്ങൾ എഴുന്നേറ്റ് ഈ സ്ഥലം വിട്ട് പുറപ്പെടുവിൻ; യഹോവ ഈ പട്ടണം നശിപ്പിക്കും” എന്നു പറഞ്ഞു. എന്നാൽ അവൻ തമാശ പറയുന്നു എന്നു അവന്‍റെ മരുമക്കൾക്കു തോന്നി. 15ഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ തിടുക്കപ്പെടുത്തി: “ഈ പട്ടണത്തിന്‍റെ ശിക്ഷയിൽ ദഹിക്കാതിരിക്കുവാൻ എഴുന്നേറ്റു നിന്‍റെ ഭാര്യയെയും ഇവിടെയുള്ള നിന്‍റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ട് പൊയ്ക്കൊള്ളുക” എന്നു പറഞ്ഞു.
16അവൻ താമസിച്ചപ്പോൾ, യഹോവ അവനോട് കരുണ ചെയ്യുകയാൽ, ആ ദൈവ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്‍റെ പുറത്തു കൊണ്ടുപോയി ആക്കി. 17അവരെ പുറത്തുകൊണ്ടുവന്ന ശേഷം അവൻ: “ജീവരക്ഷയ്ക്കായി ഓടിപ്പോവുക; പുറകോട്ട് നോക്കരുത്; ഈ പ്രദേശത്തെങ്ങും നിൽക്കയുമരുത്; നിനക്കു നാശം ഭവിക്കാതിരിക്കുവാൻ പർവ്വതത്തിലേക്ക് ഓടിപ്പോക” എന്നു പറഞ്ഞു.
18ലോത്ത് അവരോട് പറഞ്ഞത്: “അങ്ങനെയല്ല കർത്താവേ; 19അങ്ങേയ്ക്ക് അടിയനോടു കൃപ തോന്നിയല്ലോ; എന്‍റെ ജീവനെ രക്ഷിക്കുവാൻ എനിക്ക് വലിയ കൃപ അങ്ങ് കാണിച്ചിരിക്കുന്നു; പർവ്വതത്തിൽ ഓടി എത്തുവാൻ എനിക്ക് കഴിയുകയില്ല; പക്ഷേ എനിക്ക് ദോഷം തട്ടി മരണം സംഭവിക്കും. 20ഇതാ, ഈ പട്ടണം ഓടിരക്ഷപ്പെടുവാൻ കഴിയുന്നത്ര സമീപമാകുന്നു; അത് ചെറിയതുമാകുന്നു; ഞാൻ അവിടേക്ക് ഓടിപ്പോകട്ടെ. അത് ചെറിയതല്ലോ; എന്നാൽ എനിക്ക് ജീവരക്ഷ ഉണ്ടാകും.”
21ആ ദൈവപുരുഷൻ അവനോട്: “ഇതാ, ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ ഈ പട്ടണം ഞാൻ നശിപ്പിച്ചുകളയുകയില്ല. 22വേഗമാകട്ടെ! അവിടേക്ക് ഓടിപ്പോക; നീ അവിടെ എത്തുന്നതുവരെയും എനിക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല” എന്നു പറഞ്ഞു. അതുകൊണ്ട് ആ പട്ടണത്തിന് സോവർ എന്നു പേരായി.
23ലോത്ത് സോവരിൽ#19:23 ചെറിയ നഗരം കടന്നപ്പോൾ സൂര്യൻ ഉദിച്ചിരുന്നു. 24യഹോവ സൊദോമിൻ്റെയും ഗൊമോരായുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്ന്, ആകാശത്തു നിന്നുതന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു. 25ആ പട്ടണങ്ങൾക്കും പ്രദേശത്തിനു മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി. 26ലോത്തിന്‍റെ ഭാര്യ അവന്‍റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായിത്തീർന്നു. 27അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തുചെന്നു, 28സൊദോമിനും ഗൊമോറായ്ക്കും ആ പ്രദേശത്തിലെ സകലദിക്കിനും നേരെ നോക്കി, അതാ, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നത് കണ്ടു.
29എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു. ലോത്ത് പാർത്ത പട്ടണങ്ങൾക്ക് ഉന്മൂലനാശം വരുത്തിയപ്പോൾ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.
ലോത്തും പുത്രിമാരും
30അനന്തരം ലോത്ത് സോവർ വിട്ടുപോയി പർവ്വതത്തിൽ ചെന്നു പാർത്തു; അവന്‍റെ രണ്ടു പുത്രിമാരും അവനോടുകൂടെ ഉണ്ടായിരുന്നു; സോവരിൽ വസിക്കുവാൻ അവൻ ഭയപ്പെട്ടു; അവനും അവന്‍റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ താമസിച്ചു. 31അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോട്: “നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലായിടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല. 32വരിക; നമ്മുടെ അപ്പന്‍റെ വംശപാരമ്പര്യം നമ്മൾ സംരക്ഷിക്കേണ്ടതിന് അവനെ വീഞ്ഞുകുടിപ്പിച്ച് അവനോടുകൂടെ നമുക്ക് ശയിക്കാം” എന്നു പറഞ്ഞു.
33അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; മൂത്തവൾ അകത്ത് ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.
34പിറ്റെന്നാൾ മൂത്തവൾ ഇളയവളോട്: “ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്ന് രാത്രിയും വീഞ്ഞു കുടിപ്പിക്കുക; നമ്മുടെ അപ്പന്‍റെ വംശപാരമ്പര്യം നമ്മൾ സംരക്ഷിക്കേണ്ടതിന് നീയും അകത്തുചെന്ന് അവനോടുകൂടെ ശയിക്കുക” എന്നു പറഞ്ഞു. 35അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്നു അവനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.
36ഇങ്ങനെ ലോത്തിന്‍റെ രണ്ടു പുത്രിമാരും സ്വന്തം പിതാവിൽനിന്നും ഗർഭംധരിച്ചു. 37മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവനു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്ക് പിതാവ്. 38ഇളയവളും ഒരു മകനെ പ്രസവിച്ചു; അവനു ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്ക് പിതാവ്.
Селектирано:
ഉല്പ. 19: IRVMAL
Нагласи
Сподели
Копирај
Дали сакаш да ги зачуваш Нагласувањата на сите твои уреди? Пријави се или најави се
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.