Лого на YouVersion
Икона за пребарување

ഉല്പ. 23

23
സാറായുടെ മരണം
1സാറായ്ക്ക് നൂറ്റിരുപത്തേഴ് വയസ്സ് ആയിരുന്നു: ഇത് സാറായുടെ ആയുഷ്കാലം. 2സാറാ കനാൻദേശത്ത് ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയിൽ വച്ച് മരിച്ചു; അബ്രാഹാം സാറായെക്കുറിച്ച് വിലപിച്ചു കരയുവാൻ വന്നു.
3പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കൽനിന്ന് എഴുന്നേറ്റ് ഹിത്യരോട് സംസാരിച്ചു: 4“ഞാൻ നിങ്ങളുടെ ഇടയിൽ പരദേശിയും വന്നു പാർക്കുന്നവനും ആകുന്നു; ഞാൻ എന്‍റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന് എനിക്ക് നിങ്ങളുടെ ഇടയിൽ ഒരു ശ്മശാനഭൂമി അവകാശമായി തരുവിൻ” എന്നു പറഞ്ഞു.
5ഹിത്യർ അബ്രാഹാമിനോട്: “യജമാനനേ, കേട്ടാലും: 6അങ്ങ് ഞങ്ങളുടെ ഇടയിൽ “ദൈവത്തിന്‍റെ” ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളിൽവച്ചു വിശേഷമായതിൽ മരിച്ചവളെ സംസ്കരിച്ചുക്കൊള്ളുക; മരിച്ചവളെ അടക്കുവാൻ ഞങ്ങളിൽ ആരും ശ്മശാനസ്ഥലം അങ്ങേയ്ക്കു തരാതിരിക്കയില്ല” എന്നു ഉത്തരം പറഞ്ഞു.
7അപ്പോൾ അബ്രാഹാം എഴുന്നേറ്റ് ആ ദേശക്കാരായ ഹിത്യരെ വന്ദിച്ച് അവരോട് സംസാരിച്ചു: 8“ഞാൻ എന്‍റെ മരിച്ചവളെ കൊണ്ടുപോയി സംസ്കരിക്കുവാൻ നിങ്ങൾക്ക് സമ്മതമുണ്ടെങ്കിൽ എന്‍റെ അപേക്ഷ കേട്ടു എനിക്കുവേണ്ടി സോഹരിൻ്റെ മകനായ എഫ്രോനോട്, 9അദ്ദേഹം തന്‍റെ നിലത്തിന്‍റെ അതിർത്തിയിൽ തനിക്കുള്ള മക്പേലാ എന്ന ഗുഹ എനിക്ക് തരേണ്ടതിന് അപേക്ഷിക്കുവിൻ; നിങ്ങളുടെ ഇടയിൽ ശ്മശാനാവകാശമായിട്ട് അദ്ദേഹം അതിനെ യഥാർത്ഥ വിലയ്ക്ക് എനിക്ക് തരേണം” എന്നു പറഞ്ഞു.
10എന്നാൽ എഫ്രോൻ ഹിത്യരുടെ നടുവിൽ ഇരിക്കുകയായിരുന്നു; ഹിത്യനായ എഫ്രോൻ ഹിത്യരും നഗരവാതിൽക്കൽക്കൂടി പ്രവേശിച്ച എല്ലാവരും കേൾക്കെ അബ്രാഹാമിനോട്: 11“അങ്ങനെയല്ല, യജമാനനേ, കേൾക്കേണമേ; നിലവും അതിലെ ഗുഹയും ഞാൻ അങ്ങേയ്ക്ക് തരുന്നു; എന്‍റെ ജനത്തെ സാക്ഷിയാക്കി ഞാൻ അത് അങ്ങേയ്ക്ക് തരുന്നു; അങ്ങേയുടെ മരിച്ചവളെ അടക്കം ചെയ്താലും” എന്നുത്തരം പറഞ്ഞു.
12അപ്പോൾ അബ്രാഹാം ദേശത്തിലെ ജനത്തെ വന്ദിച്ചു. 13ദേശത്തിലെ ജനം കേൾക്കെ അവൻ എഫ്രോനോട്: “അങ്ങ് അത് തരുമെങ്കിൽ ദയചെയ്ത് കേൾക്കേണം; നിലത്തിന്‍റെ വില ഞാൻ അങ്ങേയ്ക്കു തരുന്നത് എന്നോട് വാങ്ങേണം; എന്നാൽ ഞാൻ എന്‍റെ മരിച്ചവളെ അവിടെ അടക്കം ചെയ്യും” എന്നു പറഞ്ഞു.
14എഫ്രോൻ അബ്രാഹാമിനോട്: “യജമാനനേ, കേട്ടാലും: 15നാനൂറ് ശേക്കല്‍വിലയുള്ള ഒരു ഭൂമി, അത് എനിക്കും അങ്ങേയ്ക്കും എന്തുള്ളു? അങ്ങേയുടെ മരിച്ചവളെ അടക്കം ചെയ്തുകൊൾക” എന്നുത്തരം പറഞ്ഞു.
16അബ്രാഹാം എഫ്രോൻ്റെ വാക്ക് സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാരുടെയിടയിൽ നിലവിലുള്ള തൂക്കം അനുസരിച്ച് നാനൂറ് ശേക്കൽ വെള്ളി അവനു തൂക്കിക്കൊടുത്തു.
17ഇങ്ങനെ മമ്രേക്കരികെ എഫ്രോനുള്ള മക്പേലാനിലവും അതിലെ ഗുഹയും നിലത്തിന്‍റെ അതിരിനകത്തുള്ള സകലവൃക്ഷങ്ങളും 18ഹിത്യരുടെയും നഗരവാതിൽക്കൽക്കൂടി കടന്നുപോയ എല്ലാവരുടെയും സമക്ഷത്തിൽ അബ്രാഹാമിന് അവകാശമായി ഉറച്ചുകിട്ടി. 19അതിന്‍റെശേഷം അബ്രാഹാം തന്‍റെ ഭാര്യയായ സാറായെ കനാൻദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു. 20ഇങ്ങനെ ഹിത്യർ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന് ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.

Селектирано:

ഉല്പ. 23: IRVMAL

Нагласи

Сподели

Копирај

None

Дали сакаш да ги зачуваш Нагласувањата на сите твои уреди? Пријави се или најави се