DANIELA 3
3
സ്വർണവിഗ്രഹം
1നെബുഖദ്നേസർ രാജാവ് അറുപതു മുഴം ഉയരവും ആറു മുഴം വീതിയുമുള്ള ഒരു സ്വർണവിഗ്രഹമുണ്ടാക്കി, ബാബിലോണിലെ ദൂരാസമതലത്തിൽ സ്ഥാപിച്ചു. 2താൻ നിർമിച്ച വിഗ്രഹത്തിന്റെ പ്രതിഷ്ഠാകർമത്തിനു പ്രധാന ദേശാധിപതികളും ഭരണാധികാരികളും സ്ഥാനാപതികളും ഉപദേഷ്ടാക്കളും ഭണ്ഡാരംവിചാരിപ്പുകാരും ന്യായാധിപന്മാരും നിയമപാലകരും ദേശത്തുള്ള സകല ഉദ്യോഗസ്ഥന്മാരും വന്നുചേരാൻ നെബുഖദ്നേസർ ആളയച്ചു. 3രാജകല്പനയനുസരിച്ച് അവർ എല്ലാവരും വിഗ്രഹത്തിന്റെ പ്രതിഷ്ഠാകർമത്തിനെത്തി. അവർ വിഗ്രഹത്തിന്റെ മുമ്പിൽ വന്നു നിന്നു. 4രാജവിളംബരം അറിയിക്കുന്നവൻ ഉറക്കെ വിളിച്ചു പറഞ്ഞു: “രാജാവു കല്പിക്കുന്നു; ജനങ്ങളേ, വിവിധ രാജ്യക്കാരേ, വിവിധ ഭാഷക്കാരേ, 5കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ വാദ്യങ്ങളുടെ നാദം കേൾക്കുമ്പോൾ നെബുഖദ്നേസർ രാജാവു സ്ഥാപിച്ച സ്വർണവിഗ്രഹത്തെ നിങ്ങൾ വീണു നമസ്കരിക്കണം; 6ആരെങ്കിലും അങ്ങനെ ചെയ്യാതിരുന്നാൽ അപ്പോൾത്തന്നെ അയാളെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയും; 7അതുകൊണ്ട് കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ മുതലായവയുടെ നാദം കേട്ടപ്പോൾ സർവജനങ്ങളും വിവിധ രാജ്യക്കാരും ഭാഷക്കാരും നെബുഖദ്നേസർ സ്ഥാപിച്ച ആ സ്വർണവിഗ്രഹത്തെ സാഷ്ടാംഗംവീണു വന്ദിച്ചു.
8അപ്പോൾ ചില ബാബിലോണ്യർ മുമ്പോട്ടു വന്ന് യെഹൂദന്മാരുടെമേൽ വിദ്വേഷത്തോടെ കുറ്റമാരോപിച്ചു. 9അവർ നെബുഖദ്നേസർ രാജാവിനോട് പറഞ്ഞു: “മഹാരാജാവേ, അങ്ങു നീണാൾ വാഴട്ടെ! 10കാഹളം, കുഴൽ, കിന്നരം, തംബുരു, വീണ, നാഗസ്വരം മുതലായ വാദ്യങ്ങളുടെ നാദം കേൾക്കുമ്പോൾ എല്ലാവരും സാഷ്ടാംഗം വീണു സ്വർണവിഗ്രഹത്തെ വന്ദിക്കണമെന്നും 11ആരെങ്കിലും അപ്രകാരം ചെയ്യാതിരുന്നാൽ അവരെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയുമെന്നും അങ്ങു കല്പിച്ചിരുന്നല്ലോ. 12എന്നാൽ ബാബിലോൺ സംസ്ഥാനത്തെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിനായി അങ്ങു നിയമിച്ച ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ യെഹൂദന്മാർ രാജകല്പനയെ നിരസിക്കുന്നു. അവർ അങ്ങയുടെ ദേവന്മാരെ സേവിക്കുകയോ അവിടുന്നു പ്രതിഷ്ഠിച്ച സ്വർണവിഗ്രഹത്തെ ആരാധിക്കുകയോ ചെയ്യുന്നില്ല.”
13അപ്പോൾ രാജാവ് രോഷംപൂണ്ട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോയെയും തന്റെ മുമ്പിൽ ഹാജരാക്കാൻ കല്പിച്ചു; അവരെ രാജസന്നിധിയിൽ കൊണ്ടുവന്നു. 14രാജാവ് അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോയേ, നിങ്ങൾ എന്റെ ദേവന്മാരെ ആരാധിക്കുകയോ ഞാൻ പ്രതിഷ്ഠിച്ച സ്വർണവിഗ്രഹത്തെ വന്ദിക്കുകയോ ചെയ്യുന്നില്ലെന്നുള്ളതു ശരിയാണോ? 15അദ്ദേഹം തുടർന്നു: ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായവയുടെ നാദം മുഴങ്ങും. അപ്പോൾ ഞാൻ പ്രതിഷ്ഠിച്ച വിഗ്രഹത്തെ പ്രണമിച്ച് ആരാധിച്ചാൽ നിങ്ങൾക്കു നന്ന്; അല്ലെങ്കിൽ ആ നിമിഷംതന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയും; എന്റെ കൈയിൽ നിന്ന് ഏതു ദേവനാണ് നിങ്ങളെ വിടുവിക്കുക?”
16ശദ്രക്കും മേശക്കും അബേദ്നെഗോയും രാജാവിനോടു പറഞ്ഞു: “മഹാരാജാവേ, ഇതിനു ഞങ്ങൾ മറുപടി പറയേണ്ട ആവശ്യമില്ല. 17ജ്വലിക്കുന്ന അഗ്നിയിൽ ഞങ്ങളെ എറിയുകയാണെങ്കിൽ ഞങ്ങൾ ആരാധിക്കുന്ന ദൈവം ഞങ്ങളെ രക്ഷിക്കും. അങ്ങയുടെ കൈയിൽനിന്നു ഞങ്ങളെ വിടുവിക്കാൻ കഴിവുള്ളവനാണ് ഞങ്ങളുടെ ദൈവം. 18ഞങ്ങളുടെ ദൈവം ഞങ്ങളെ രക്ഷിച്ചില്ലെങ്കിലും അങ്ങയുടെ ദേവന്മാരെ ഞങ്ങൾ ആരാധിക്കുകയില്ല, അങ്ങു പ്രതിഷ്ഠിച്ച സ്വർണവിഗ്രഹത്തെ നമസ്കരിക്കുകയുമില്ല എന്ന് അങ്ങ് അറിഞ്ഞാലും.”
എരിയുന്ന തീച്ചൂളയിൽ
19നെബുഖദ്നേസരിന്റെ ഭാവം മാറി ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിവർക്കെതിരെ രോഷാകുലനായി ചൂളയുടെ ചൂട് സാധാരണയുള്ളതിന്റെ ഏഴു മടങ്ങ് വർധിപ്പിക്കാൻ അദ്ദേഹം കല്പിച്ചു. 20സൈന്യത്തിലെ അതിബലിഷ്ഠരായ പടയാളികളോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോയെയും ബന്ധിച്ച് എരിയുന്ന തീച്ചൂളയിൽ എറിയാൻ രാജാവ് ആജ്ഞാപിച്ചു. 21അവർ അവരെ കാൽച്ചട്ട, കുപ്പായം, മേലാട, തൊപ്പി മുതലായ വസ്ത്രങ്ങളോടുകൂടി ബന്ധിച്ച് എരിയുന്ന തീച്ചൂളയിലേക്ക് എറിഞ്ഞു. 22രാജകല്പന അതികർശനമായിരുന്നതുകൊണ്ടു ചൂള അത്യുഗ്രമായി ജ്വലിപ്പിച്ചിരുന്നു. തന്മൂലം ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോയെയും എടുത്തുകൊണ്ടു പോയവരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു. 23ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ മൂന്നുപേരും ബന്ധിതരായി ജ്വലിക്കുന്ന തീച്ചൂളയിൽ നിപതിച്ചു.
24നെബുഖദ്നേസർരാജാവ് അത്യദ്ഭുതത്തോടെ തിടുക്കത്തിൽ എഴുന്നേറ്റു: “നാം മൂന്നുപേരെയല്ലേ ബന്ധിച്ചു തീച്ചൂളയിൽ ഇട്ടത്?” രാജാവ് മന്ത്രിമാരോടു ചോദിച്ചു. 25“അതേ, രാജാവേ” അവർ പറഞ്ഞു. “ഇതാ ബന്ധിക്കപ്പെടാത്ത നാലുപേർ അഗ്നിയുടെ മധ്യത്തിലൂടെ നടക്കുന്നതായി ഞാൻ കാണുന്നു. അവർക്ക് ഒരു ഉപദ്രവവും ഏറ്റിട്ടില്ല. നാലാമത്തെ ആളാകട്ടെ ദേവതുല്യൻ” എന്നിങ്ങനെ രാജാവു പറഞ്ഞു.
വിമോചനവും ഉദ്യോഗക്കയറ്റവും
26നെബുഖദ്നേസർ ജ്വലിക്കുന്ന തീച്ചൂളയുടെ വാതില്‌ക്കൽ ചെന്ന് പറഞ്ഞു: “അത്യുന്നത ദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോയേ പുറത്തുവരിക.” അപ്പോൾ അവർ മൂന്നു പേരും തീച്ചൂളയിൽനിന്നു പുറത്തുവന്നു. 27പ്രധാനദേശാധിപതികളും ഭരണാധികാരികളും സ്ഥാനാപതികളും മറ്റ് ഉദ്യോഗസ്ഥപ്രമുഖരും ആ മൂന്നുപേരുടെ അടുത്തുചെന്നു. അവരുടെ ദേഹത്തു പൊള്ളലേല്പിക്കുന്നതിന് ആ അഗ്നിക്ക് ശക്തിയുണ്ടായിരുന്നില്ലെന്നവർ കണ്ടു. അവരുടെ തലമുടി കരിയുകയോ മേലങ്കി എരിയുകയോ ചെയ്തില്ലെന്നു മാത്രമല്ല തീയുടെ മണംപോലും അവർക്ക് ഏറ്റിരുന്നില്ല. 28നെബുഖദ്നേസർ പറഞ്ഞു: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോയുടെയും ദൈവം വാഴ്ത്തപ്പെട്ടവൻ! തന്നിൽ ആശ്രയിക്കുകയും രാജകല്പനകൂടി നിഷേധിച്ച് സ്വന്തദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെ ഭജിക്കുകയോ വന്ദിക്കുകയോ ചെയ്യുകയില്ലെന്ന ദൃഢനിശ്ചയത്തോടെ സ്വന്തം ശരീരത്തെകൂടി പീഡനത്തിന് ഏല്പിച്ചുകൊടുക്കുകയും ചെയ്ത ആ മൂവരെ അവരുടെ ദൈവം തന്റെ ദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നു.
29ഇപ്രകാരം വിടുവിക്കാൻ കഴിവുള്ള മറ്റൊരു ദൈവവുമില്ല. അതുകൊണ്ട് ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോയുടെയും ദൈവത്തിന് എതിരെ സംസാരിക്കുന്ന ജനത്തെയും ജനപദങ്ങളെയും ഭാഷക്കാരെയും കഷണം കഷണം ആക്കുകയും അവരുടെ ഭവനങ്ങൾ കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു നാം തീർപ്പു കല്പിക്കുന്നു.” 30രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്നെഗോയിക്കും ബാബിലോൺസംസ്ഥാനത്ത് ഉന്നതമായ പദവികൾ നല്‌കി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
DANIELA 3: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.