DANIELA 4

4
മറ്റൊരു സ്വപ്നം
1നെബുഖദ്നേസർ രാജാവ് ലോകത്തെമ്പാടുമുള്ള എല്ലാ ജനങ്ങൾക്കും രാജ്യങ്ങൾക്കും ഭാഷക്കാർക്കും ഇപ്രകാരം എഴുതി: നിങ്ങൾക്ക് മംഗളം ഭവിക്കട്ടെ! 2അത്യുന്നതനായ ദൈവം എനിക്കു കാണിച്ചുതന്ന അദ്ഭുതങ്ങളും അടയാളങ്ങളും പ്രസിദ്ധമാക്കുന്നതു നല്ലതെന്ന് എനിക്കു തോന്നുന്നു. 3അവിടുന്നു കാട്ടിയ അടയാളങ്ങൾ എത്ര മഹനീയം! അദ്ഭുതങ്ങൾ എത്ര ശക്തമായവ! അവിടുത്തെ ആധിപത്യം തലമുറകളോളം ഉള്ളത്.
4നെബുഖദ്നേസർ എന്ന ഞാൻ എന്റെ കൊട്ടാരത്തിൽ സ്വൈരമായും ആഢംബര സമൃദ്ധിയോടുകൂടിയും വസിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു. 5അത് എന്നെ ഭയപ്പെടുത്തി. ഞാൻ ഉറങ്ങുമ്പോൾ കണ്ട ദർശനങ്ങൾ എന്നിൽ ഭീതി ഉളവാക്കി. 6സ്വപ്നത്തിന്റെ പൊരുൾ വ്യാഖ്യാനിച്ചു തരാൻ ബാബിലോണിലെ സകല വിദ്വാന്മാരെയും എന്റെ മുമ്പിൽ ഹാജരാക്കാൻ ഞാൻ കല്പിച്ചു. 7അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും ബാബിലോണിലെ വിദ്വാന്മാരും ജ്യോത്സ്യന്മാരും എന്റെ അടുക്കൽ വന്നു. ഞാൻ കണ്ട സ്വപ്നം അവരോടു വിവരിച്ചു. പക്ഷേ അതിന്റെ സാരം എന്തെന്നു പറയാൻ അവർക്കു കഴിഞ്ഞില്ല. 8ഒടുവിൽ എന്റെ ദേവനായ ബേൽത്ത്ശസ്സറിന്റെ പേരിൽ വിളിക്കപ്പെടുന്നവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനിയേൽ എന്റെ മുമ്പിൽവന്നു. അയാളോട് സ്വപ്നത്തെപ്പറ്റി ഞാൻ ഇങ്ങനെ പറഞ്ഞു: 9“മാന്ത്രികരിൽ മുഖ്യനായ ബേൽത്ത്ശസ്സറേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിലുണ്ടെന്നും അതുകൊണ്ട് ഒരു രഹസ്യവും നിനക്ക് ദുർഗ്രഹമല്ലെന്നും ഞാൻ മനസ്സിലാക്കുന്നു. ഇതാണ് ഞാൻ കണ്ട സ്വപ്നം. അതിന്റെ പൊരുൾ എന്തെന്നു പറയുക. 10കിടക്കയിൽ വച്ച് എനിക്കുണ്ടായ ദർശനത്തിൽ, ഭൂമിയുടെ മധ്യത്തിൽ വളരെ ഉയരമുള്ള ഒരു വൃക്ഷം നില്‌ക്കുന്നതു ഞാൻ കണ്ടു. അതു വളർന്നു ബലപ്പെട്ടു. 11അത് ആകാശം തൊട്ടുരുമ്മി നിന്നു. ഭൂമിയുടെ ഏതറ്റത്തുനിന്നു നോക്കിയാലും അതു കാണാമായിരുന്നു. 12ഭംഗിയുള്ള ഇലകളോടുകൂടിയ ആ വൃക്ഷം ഫലസമൃദ്ധമായിരുന്നു. എല്ലാവർക്കും ആവശ്യമുള്ള ആഹാരം അതിൽനിന്നു ലഭിച്ചിരുന്നു. വന്യമൃഗങ്ങൾ അതിന്റെ തണലിൽ വസിച്ചു. ആകാശത്തിലെ പക്ഷികൾ അതിന്റെ കൊമ്പുകളിൽ പാർത്തു. സർവ ജീവജാലങ്ങൾക്കും വേണ്ട ഭക്ഷണം അതിൽനിന്നു ലഭിച്ചു.
13അതാ, ഒരു ദൂതൻ, ഒരു പരിശുദ്ധൻ സ്വർഗത്തിൽനിന്ന് ഇറങ്ങി വരുന്നതു ഞാൻ ദർശനത്തിൽ കണ്ടു. 14ആ ദൂതൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ആ വൃക്ഷം വെട്ടി കൊമ്പുകൾ മുറിച്ച് ഇലകൾ തല്ലിക്കൊഴിച്ച് ഫലങ്ങൾ ചിതറിച്ചുകളയുക; മൃഗങ്ങൾ അതിന്റെ കീഴിൽനിന്ന് ഓടിപ്പോകട്ടെ; പക്ഷികൾ അതിന്റെ കൊമ്പുകളിൽനിന്ന് പറന്നകലട്ടെ. 15അതിന്റെ കുറ്റി ഇരുമ്പും ഓടുംകൊണ്ടു ബന്ധിക്കുക. വയലിലെ ഇളമ്പുല്ലിനിടയിൽ അത് ഇരിക്കട്ടെ. ആകാശത്തിലെ മഞ്ഞുകൊണ്ട് അവൻ നനയട്ടെ; മൃഗങ്ങളെപ്പോലെ നിലത്തെ പുല്ലുതിന്ന് അവൻ ഉപജീവിക്കട്ടെ. 16അവന്റെ മനുഷ്യസ്വഭാവം മാറി മൃഗത്തിന്റെ സ്വഭാവം ഉണ്ടാകട്ടെ. 17അങ്ങനെ ഏഴുവർഷം കഴിയട്ടെ. ഈ വിധി ദൂതന്മാരുടെ തീരുമാനവും വിശുദ്ധന്മാരുടെ കല്പനയും ആകുന്നു. അത്യുന്നതദൈവം മനുഷ്യരുടെ രാജ്യങ്ങളെ വാഴുന്നു; താൻ ഇച്ഛിക്കുന്നവർക്ക് അതു നല്‌കുന്നു. മനുഷ്യരിൽ വച്ച് എളിയവനെ അതിന്റെ അധിപതിയാക്കുന്നു. ഇതു സകല മനുഷ്യരും അറിഞ്ഞിരിക്കണം. 18നെബുഖദ്നേസർ രാജാവായ ഞാൻ ഈ സ്വപ്നം കണ്ടു: “ബേൽത്ത്ശസ്സറേ, ഇതിന്റെ സാരം എന്തെന്നു പറയുക. ഇതിന്റെ അർഥം പറഞ്ഞുതരാൻ എന്റെ രാജ്യത്തുള്ള വിദ്വാന്മാർക്ക് ആർക്കുംതന്നെ കഴിഞ്ഞില്ല. എന്നാൽ വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിലുള്ളതുകൊണ്ട് നിനക്കതു കഴിയും.”
സ്വപ്നസാരം അറിയിക്കുന്നു
19ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനിയേൽ അല്പനേരത്തേക്കു സ്തംഭിച്ചിരുന്നു പോയി. മനസ്സിൽകൂടി കടന്നുപോയ ചിന്തകൾ അദ്ദേഹത്തെ അസ്വസ്ഥനാക്കി. “ബേൽത്ത്ശസ്സറേ, സ്വപ്നവും അതിന്റെ അർഥവും ഓർത്തു പരവശനാകേണ്ട.” രാജാവു കല്പിച്ചു. ബേൽത്ത്ശസ്സർ പറഞ്ഞു: “മഹാരാജാവേ, സ്വപ്നം അവിടുത്തെ വെറുക്കുന്നവരെയും അതിന്റെ അർഥം അവിടുത്തെ വൈരികളെയും ഉദ്ദേശിച്ചായിരിക്കട്ടെ. 20ഭൂമിയുടെ ഏതറ്റത്തുനിന്നു നോക്കിയാലും കാണത്തക്കവിധം ആകാശംമുട്ടെ വളർന്നു ബലപ്പെട്ട് 21മനോഹരമായ ഇലപ്പടർപ്പോടും എല്ലാവർക്കും ഭക്ഷിക്കത്തക്കവിധം ധാരാളം ഫലങ്ങളോടും കൂടി നില്‌ക്കുന്നതും കീഴിൽ വന്യമൃഗങ്ങൾ വസിക്കുന്നതും ചില്ലകളിൽ പക്ഷികൾ പാർക്കുന്നതുമായ അവിടുന്നു കണ്ട വൃക്ഷം വളർന്നു, 22ബലിഷ്ഠനായിത്തീർന്നിരിക്കുന്ന അങ്ങുതന്നെ. അങ്ങയുടെ മഹത്ത്വം വളർന്ന് ആകാശത്തോളം ഉയർന്നിരിക്കുന്നു. അവിടുത്തെ ആധിപത്യം ഭൂമിയുടെ അറുതിവരെ വ്യാപിച്ചിരിക്കുന്നു. 23ആ വൃക്ഷം വെട്ടി നശിപ്പിക്കുക; എന്നാൽ അതിന്റെ കുറ്റി വേരോടുകൂടി ഇരുമ്പും ഓടുംകൊണ്ടു ബന്ധിച്ച് വയലിലെ ഇളമ്പുല്ലിൽ വിട്ടേക്കുക; ആകാശത്തിലെ മഞ്ഞുകൊണ്ട് അവൻ നനയട്ടെ; കാട്ടുമൃഗങ്ങളോടുകൂടി അവൻ അഷ്‍ടികഴിക്കട്ടെ; അങ്ങനെ ഏഴുവർഷക്കാലം കഴിയട്ടെ എന്നിപ്രകാരം സ്വർഗത്തിൽ നിന്നിറങ്ങിവന്ന ഒരു ദൂതൻ, ഒരു പരിശുദ്ധൻ വിളിച്ചു പറയുന്നതായി അങ്ങ് കണ്ടല്ലോ. 24രാജാവേ, അതിന്റെ സാരം എന്താണെന്നോ? അത് അത്യുന്നതനായ ദൈവത്തിന്റെ വിധിയാകുന്നു. എന്റെ യജമാനനായ അങ്ങയുടെ ജീവിതത്തിൽ അതു സംഭവിക്കും. 25അങ്ങയെ മനുഷ്യരുടെ ഇടയിൽനിന്ന് ഓടിച്ചുകളയും; വന്യമൃഗങ്ങളോടുകൂടി ആയിരിക്കും അങ്ങയുടെ വാസം; കാളയെപ്പോലെ അങ്ങു പുല്ലുതിന്നാൻ ഇടവരുത്തും; ആകാശത്തുനിന്നു പെയ്യുന്ന മഞ്ഞ് ഏറ്റ് അങ്ങു നനയും; അങ്ങനെ ഏഴു വർഷം കഴിയും. അത്യുന്നതനായ ദൈവമാണ് മനുഷ്യരുടെ രാജ്യം ഭരിക്കുന്നതെന്നും താൻ ഇച്ഛിക്കുന്നവർക്ക് അവിടുന്ന് അതു നല്‌കുമെന്നും അങ്ങ് അപ്പോൾ മനസ്സിലാക്കും. 26വൃക്ഷത്തിന്റെ കുറ്റി വേരോടുകൂടി നശിപ്പിക്കാതെ വിടുക എന്നു കല്പിച്ചത്, ദൈവമാണ് സർവവും ഭരിക്കുന്നതെന്ന് അങ്ങു മനസ്സിലാക്കുന്ന സമയം മുതൽ രാജ്യം അങ്ങയുടേതായിരിക്കും എന്ന് വ്യക്തമാക്കാൻ വേണ്ടിയാണ്. 27അതുകൊണ്ട് രാജാവേ, എന്റെ ഉപദേശം അങ്ങു സ്വീകരിച്ചാലും. ധർമനിഷ്ഠകൊണ്ട് പാപവും മർദിതരോടു കാരുണ്യം കാട്ടി അകൃത്യവും പരിഹരിക്കുക. അങ്ങനെ ഒരുപക്ഷേ അവിടുത്തെ ക്ഷേമകാലം നീണ്ടുകിട്ടിയേക്കാം.”
28ഇവയെല്ലാം നെബുഖദ്നേസർ രാജാവിനു വന്നു ഭവിച്ചു. 29പന്ത്രണ്ടു മാസം കഴിഞ്ഞ് രാജാവ് ബാബിലോണിലെ രാജമന്ദിരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തിക്കൊണ്ടിരിക്കെ അദ്ദേഹം സ്വയം പറഞ്ഞു: 30“നമ്മുടെ രാജകീയ പ്രൗഢിക്കുവേണ്ടി എന്റെ മഹാപ്രഭാവത്താൽ രാജധാനിയായി നാം നിർമിച്ച മഹത്തായ ബാബിലോണല്ലേ ഇത്.” 31ഇതു പറഞ്ഞുതീരും മുമ്പ് സ്വർഗത്തിൽനിന്ന് ഒരശരീരി ഉണ്ടായി: “നെബുഖദ്നേസർരാജാവേ, നിന്നോടാണ് ഇതു പറയുന്നത്; രാജത്വം നിന്നിൽനിന്ന് എടുത്തിരിക്കുന്നു; 32നിന്നെ മനുഷ്യരുടെ ഇടയിൽനിന്ന് ഓടിച്ചുകളയും; കാട്ടുമൃഗങ്ങളോടുകൂടി നീ പാർക്കും; കാളയെപ്പോലെ നീ പുല്ലുതിന്നും; അങ്ങനെ ഏഴു വർഷം കഴിയും. അപ്പോൾ മനുഷ്യരുടെ രാജ്യം വാഴുന്നത് അത്യുന്നതനായ ദൈവം ആണെന്നും താൻ ഇച്ഛിക്കുന്നവന് അവിടുന്നു അത് നല്‌കുമെന്നും നീ അറിയും.” 33ഉടനെ അങ്ങനെ സംഭവിച്ചു. നെബുഖദ്നേസർ മനുഷ്യരുടെ ഇടയിൽനിന്ന് ഓടിക്കപ്പെട്ടു. കാളയെപ്പോലെ അവൻ പുല്ലുതിന്നു. അവന്റെ ശരീരം ആകാശത്തുനിന്നു വീണ മഞ്ഞുകൊണ്ടു നനഞ്ഞു. അവന്റെ രോമങ്ങൾ കഴുകന്റെ തൂവലുകൾപോലെയും നഖം പക്ഷികളുടെ നഖംപോലെയും വളർന്നു.
നെബുഖദ്നേസർ ദൈവത്തെ സ്തുതിക്കുന്നു
34ആ ഏഴുവർഷം പൂർത്തിയായപ്പോൾ നെബുഖദ്നേസർ എന്ന ഞാൻ സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി. അപ്പോൾ വിവേകം എനിക്കു തിരിച്ചുകിട്ടി; ഞാൻ അത്യുന്നതനായ ദൈവത്തെ വാഴ്ത്തുകയും ജീവിക്കുന്ന ദൈവത്തെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്തു. അവിടുത്തെ ആധിപത്യം അനന്തമാണ്. അവിടുത്തെ രാജ്യം എന്നേക്കും നിലനില്‌ക്കുന്നു. 35സർവഭൂവാസികളും അവിടുത്തെ മുമ്പിൽ ഏതുമില്ല. സ്വർഗീയ സൈന്യത്തോടും ഭൂവാസികളോടും അവിടുന്നു യഥേഷ്ടം പ്രവർത്തിക്കുന്നു. അവിടുത്തെ കൈ തടയാനോ “അങ്ങ് എന്തുചെയ്യുന്നു” എന്നു ചോദിക്കാനോ ആർക്കും സാധ്യമല്ല. 36ആ സമയത്തുതന്നെ എനിക്കു വിവേകം തിരിച്ചുകിട്ടി. എന്റെ രാജ്യത്തിന്റെ മഹത്ത്വത്തിനുവേണ്ടി രാജകീയ അധികാരവും പ്രതാപവും എനിക്ക് വീണ്ടുകിട്ടി. എന്റെ ഉപദേഷ്ടാക്കളും പ്രഭുക്കന്മാരും എന്നെ അന്വേഷിച്ചെത്തി. എന്റെ രാജ്യത്തു ഞാൻ പുനഃസ്ഥാപിതനായി. എനിക്കു പൂർവാധികം മഹത്ത്വം ഉണ്ടായി. 37നെബുഖദ്നേസരായ ഞാൻ സ്വർഗസ്ഥനായ രാജാവിനെ സ്തുതിക്കുകയും വാഴ്ത്തുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു. അവിടുത്തെ പ്രവൃത്തികൾ എല്ലാം സത്യവും അവിടുത്തെ വഴികൾ നീതിയുക്തവും ആകുന്നു. അഹങ്കാരികളെ താഴ്ത്താൻ അവിടുത്തേക്കു കഴിയും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

DANIELA 4: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക