DEUTERONOMY 3
3
ഓഗ്രാജാവിനെ കീഴടക്കുന്നു
(സംഖ്യാ. 21:31-35)
1“പിന്നീട് നാം ബാശാനിലേക്കുള്ള വഴിയെ യാത്രതിരിച്ചു. അപ്പോൾ ബാശാൻരാജാവായ ഓഗും അവന്റെ സർവജനവും എദ്രെയിൽ നമ്മെ എതിർത്തു. 2എന്നാൽ സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “അവനെ ഭയപ്പെടേണ്ടാ; അവനെയും അവന്റെ ജനത്തെയും അവന്റെ ദേശത്തെയും നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യുക.’ 3“അങ്ങനെ, നമ്മുടെ ദൈവമായ സർവേശ്വരൻ ബാശാൻരാജാവായ ഓഗിനെയും അവന്റെ സകല ജനത്തെയും നമ്മുടെ കൈയിൽ ഏല്പിച്ചു. നാം അവരെ നിശ്ശേഷം സംഹരിച്ചു. 4അവരുടെ എല്ലാ പട്ടണങ്ങളും നാം പിടിച്ചെടുത്തു; കീഴടക്കാത്ത ഒരു പട്ടണംപോലും ഉണ്ടായിരുന്നില്ല. അറുപതു പട്ടണങ്ങളുള്ള അർഗ്ഗോബ് പ്രദേശമായിരുന്നു ബാശാനിലെ ഓഗിന്റെ രാജ്യം. 5ആ പട്ടണങ്ങളെല്ലാം ഉയർന്ന മതിലുകളും ഓടാമ്പൽ ഘടിപ്പിച്ച വാതിലുകളും കൊണ്ടു സുരക്ഷിതമാക്കിയിരുന്നു; ഇവ കൂടാതെ മതിലുകളില്ലാത്ത അനേകം ചെറിയ പട്ടണങ്ങളും ഉണ്ടായിരുന്നു. 6ഹെശ്ബോൻ രാജാവായ സീഹോനോടു ചെയ്തതുപോലെ നാം ആ പട്ടണങ്ങളെല്ലാം ഉന്മൂലനം ചെയ്തു. സകല പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കി. 7കന്നുകാലികളും പട്ടണങ്ങളിൽ അവശേഷിച്ച വസ്തുക്കളും നാം കൊള്ളയടിച്ചു. 8“അങ്ങനെ ആ രണ്ട് അമോര്യരാജാക്കന്മാരിൽനിന്നു യോർദ്ദാൻനദിക്കു കിഴക്ക് അർന്നോൻതാഴ്വരമുതൽ ഹെർമ്മോൻപർവതംവരെയുള്ള പ്രദേശം അന്നു നാം കൈവശപ്പെടുത്തി. 9ഹെർമ്മോനെ സിര്യോൻ എന്ന് സീദോന്യരും സെനീർ എന്ന് അമോര്യരും വിളിച്ചിരുന്നു. 10പീഠഭൂമിയിലെ എല്ലാ പട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാൻരാജാവായ ഓഗിന്റെ രാജ്യത്തിൽപ്പെട്ട സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾവരെയുള്ള ബാശാൻ മുഴുവനും നാം പിടിച്ചടക്കി. 11രെഫായീമ്യരിൽ ബാശാൻരാജാവായ ഓഗ് മാത്രമേ ശേഷിച്ചിരുന്നുള്ളൂ. അവന്റെ ഇരുമ്പുകട്ടിലിന് ഒൻപതു മുഴം നീളവും നാലു മുഴം വീതിയും ഉണ്ടായിരുന്നു; അത് അമ്മോന്യനഗരമായ രബ്ബായിൽ ഇപ്പോഴും ഉണ്ടല്ലോ.”
യോർദ്ദാനു കിഴക്കുള്ള ഗോത്രങ്ങൾ
(സംഖ്യാ. 32:1-42)
12“അന്ന് നാം ഈ ദേശം കൈവശപ്പെടുത്തിയപ്പോൾ അർന്നോൻതാഴ്വരയുടെ അടുത്തുള്ള അരോവേർമുതലുള്ള പ്രദേശവും ഗിലെയാദ് മലനാടിന്റെ പകുതിയും അവിടെയുണ്ടായിരുന്ന പട്ടണങ്ങളും രൂബേന്യർക്കും ഗാദ്യർക്കും ഞാൻ നല്കി. 13ഗിലെയാദിന്റെ ബാക്കി ഭാഗവും ഓഗിന്റെ രാജ്യമായ ബാശാൻ മുഴുവനും അതായത് അർഗ്ഗോബ്പ്രദേശം ഞാൻ മനശ്ശെയുടെ പകുതി ഗോത്രത്തിനും നല്കി. രെഫായീമ്യരുടെ നാടെന്നായിരുന്നു ബാശാൻ അറിയപ്പെട്ടിരുന്നത്; 14മനശ്ശെഗോത്രക്കാരനായ യായീർ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള അർഗ്ഗോബു ദേശം മുഴുവൻ കൈവശപ്പെടുത്തി; തന്റെ പേരനുസരിച്ചു ബാശാനു ഹവോത്ത്-യായീർ എന്നു പേരിട്ടു. ഇന്നും ഇതേ പേരിൽ അത് അറിയപ്പെടുന്നു; 15ഗിലെയാദ് ഞാൻ മാഖീരിനു കൊടുത്തു. 16ഗിലെയാദുമുതൽ അർന്നോൻ താഴ്വരവരെയുള്ള പ്രദേശം രൂബേൻ, ഗാദ് എന്നീ ഗോത്രങ്ങൾക്കു നല്കി. താഴ്വരയുടെ മധ്യഭാഗത്തായിരുന്നു അവരുടെ തെക്കേ അതിര്; വടക്കേ അതിര് അമ്മോന്യരുടെ അതിർത്തികൂടിയായ യബ്ബോക്ക്നദി ആയിരുന്നു. 17അവരുടെ സ്ഥലം പടിഞ്ഞാറു യോർദ്ദാൻനദിക്കും വടക്ക് ഗലീലാതടാകത്തിനും തെക്ക് ചാവുകടലിനും കിഴക്ക് പിസ്ഗാമലയുടെ താഴ്വരയ്ക്കും ഇടയ്ക്കുള്ളതായിരുന്നു.
18അന്നു ഞാൻ നിങ്ങളോടു കല്പിച്ചു: നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഈ ദേശം നിങ്ങൾക്ക് അവകാശമായി നല്കിയിരിക്കുന്നു; നിങ്ങളിൽ കരുത്തന്മാർ ആയുധങ്ങൾ ധരിച്ചു നിങ്ങളുടെ ഇസ്രായേല്യസഹോദരന്മാരുടെ മുമ്പേ നടക്കണം. 19എന്നാൽ നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും ഞാൻ നിങ്ങൾക്കു തന്ന നഗരങ്ങളിൽത്തന്നെ പാർക്കട്ടെ. നിങ്ങൾക്ക് ആടുമാടുകൾ ധാരാളമുണ്ടെന്ന് എനിക്കറിയാം. 20സർവേശ്വരൻ കല്പിച്ചിരുന്നതുപോലെ യോർദ്ദാന് അക്കരെയുള്ള സ്ഥലം കൈവശപ്പെടുത്തി അവർ നിങ്ങളെപ്പോലെ സമാധാനമായി ജീവിക്കാൻ അവിടുന്ന് ഇടയാക്കുന്നതുവരെ നിങ്ങൾ അവർക്കു മുമ്പേ പോകണം; പിന്നെ ഞാൻ നിങ്ങൾക്ക് അവകാശമായി നല്കിയ സ്ഥലത്തേക്ക് മടങ്ങിപ്പോകാം. 21അന്ന് ഞാൻ യോശുവയോടു കല്പിച്ചു: ഈ രണ്ടു രാജാക്കന്മാരോടു നിങ്ങളുടെ ദൈവമായ സർവേശ്വരൻ എങ്ങനെ പ്രവർത്തിച്ചു എന്നു നിങ്ങൾ കണ്ടല്ലോ; നീ കടന്നുപോകുന്ന സകല രാജ്യങ്ങളോടും അവിടുന്ന് അങ്ങനെതന്നെ ചെയ്യും. 22നിങ്ങൾ അവരെ ഭയപ്പെടേണ്ടാ, നിങ്ങളുടെ ദൈവമായ സർവേശ്വരനാണ് നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നത്.”
മോശ കനാനിൽ പ്രവേശിക്കുകയില്ല
23അക്കാലത്ത് ഞാൻ സർവേശ്വരനോടു ഇപ്രകാരം അപേക്ഷിച്ചു: 24“ദൈവമായ സർവേശ്വരാ, അവിടുത്തെ മഹത്ത്വവും കരബലവും അങ്ങയുടെ ദാസനെ കാണിക്കാൻ തുടങ്ങിയതേയുള്ളല്ലോ. അവിടുന്നു ചെയ്തതുപോലെ ശക്തമായ പ്രവൃത്തികൾ ചെയ്യാൻ കഴിവുള്ള ദൈവം സ്വർഗത്തിലും ഭൂമിയിലും ആരുള്ളൂ. 25യോർദ്ദാൻനദി കടന്ന് അക്കരെയുള്ള ഫലഭൂയിഷ്ഠമായ ദേശവും മനോഹരമായ മലനാടും ലെബാനോനും കാണാൻ എന്നെ അനുവദിക്കണമേ. 26എന്നാൽ സർവേശ്വരൻ നിങ്ങൾ നിമിത്തം എന്നോടു കോപിച്ചിരുന്നു; അവിടുന്ന് എന്റെ അപേക്ഷ കൈക്കൊണ്ടില്ല; അവിടുന്ന് എന്നോടു പറഞ്ഞു: മതി, ഇക്കാര്യത്തെക്കുറിച്ച് ഇനി എന്നോടു സംസാരിക്കേണ്ടാ; 27പിസ്ഗാമലയുടെ മുകളിൽ കയറി വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക; ആ സ്ഥലങ്ങളെല്ലാം കണ്ടുകൊൾക. 28നീ യോർദ്ദാൻ കടക്കുകയില്ല. യോശുവയ്ക്കു വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുക; അവന് ഉറപ്പും ധൈര്യവും പകരുക. അവൻ ഈ ജനത്തെ അക്കരയ്ക്കു നയിച്ച് നീ കാണാൻ പോകുന്ന ദേശം അവർക്ക് അവകാശമായി കൊടുക്കും. 29അങ്ങനെ നാം ബേത്ത്-പെയോരിനെതിരെയുള്ള താഴ്വരയിൽ പാർത്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
DEUTERONOMY 3: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.