EZEKIELA 41

41
1പിന്നീട് അയാൾ എന്നെ ദേവാലയത്തിന്റെ അന്തർമന്ദിരത്തിലേക്ക് നയിച്ചു. അതിന്റെ കട്ടിളകൾ അയാൾ അളന്നു. ഓരോ വശത്തുമുള്ള കട്ടിളയുടെ വീതി ആറു മുഴം ആയിരുന്നു. 2പ്രവേശനദ്വാരത്തിന്റെ വീതി പത്തുമുഴവും പാർശ്വഭിത്തികളുടെ കനം അഞ്ചു മുഴവും വീതം ആയിരുന്നു. 3പിന്നീട് അയാൾ അന്തർമന്ദിരം അളന്നു; അതിനു നാല്പതുമുഴം നീളം, ഇരുപതു മുഴം വീതി. പിന്നീട് അയാൾ അന്തർമന്ദിരത്തിന്റെ ഉള്ളിൽ കടന്ന് അതിന്റെ കട്ടിളകൾ അളന്നു. അവയുടെ വീതി രണ്ടു മുഴം. പ്രവേശനദ്വാരത്തിന് വീതി ആറു മുഴവും പാർശ്വഭിത്തികൾക്ക് ഏഴു മുഴവും. 4പിന്നീട് ആ മുറിയുടെ നീളവും വീതിയും അളന്നു. നീളവും വീതിയും ഇരുപതു മുഴം വീതമായിരുന്നു. ഇതാണ് അതിവിശുദ്ധസ്ഥലം എന്ന് അയാൾ പറഞ്ഞു.
പാർശ്വമുറികൾ
5പിന്നീട് ദേവാലയഭിത്തികൾ അളന്നു. അതിന്റെ കനം ആറു മുഴം. ദേവാലയത്തിന്റെ പാർശ്വമുറികളുടെ വീതി നാലു മുഴം. 6പാർശ്വമുറികൾ മൂന്നു നിലകളിലായി നിലതോറും മുപ്പതു വീതം ഉണ്ടായിരുന്നു. ആ മുറികൾ താങ്ങു ചുവരുകളിൽ ഉറപ്പിച്ചിരുന്നു. ദേവാലയഭിത്തികൾ അല്ലായിരുന്നു അവയെ താങ്ങി നിർത്തിയിരുന്നത്. 7മുകളിലേക്ക് ചെല്ലുന്തോറും താങ്ങുകളുടെ വലിപ്പം അനുസരിച്ചു പാർശ്വമുറികളുടെ വിസ്താരം കൂടിവന്നു. ദേവാലയത്തിന്റെ അരികിൽ ഒരു ഗോവണി ഉണ്ടായിരുന്നു. അതിൽകൂടി രണ്ടാം നിലയിലേക്കും അവിടെനിന്ന് മൂന്നാം നിലയിലേക്കും കയറാൻ കഴിയുമായിരുന്നു. 8ദേവാലയത്തിനു ചുറ്റും ഉയർന്ന ഒരു തറ ഞാൻ കണ്ടു. പാർശ്വമുറികളുടെ അടിസ്ഥാനത്തിന് ഒരു ദണ്ഡ് വീതി ഉണ്ടായിരുന്നു. 9പാർശ്വമുറികളുടെ പുറംഭിത്തിക്ക് കനം അഞ്ചു മുഴം, തറയുടെ ശേഷിച്ച ഭാഗം അഞ്ചു മുഴം. 10ആലയത്തിന്റെ പാർശ്വമുറികൾക്കും മണ്ഡപങ്ങൾക്കും ഇടയിൽ ഇരുപതു മുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു. 11പാർശ്വമുറികളുടെ വാതിലുകൾ തറയുടെ ഒഴിഞ്ഞു കിടന്ന ഭാഗത്തേക്കാണു തുറന്നിരുന്നത്. ഒരു വാതിൽ തെക്കോട്ടും മറ്റൊന്ന് വടക്കോട്ടും തുറക്കാവുന്നവിധം അതു സജ്ജീകരിച്ചിരുന്നു. ചുറ്റും ഒഴിഞ്ഞു കിടന്ന തറയ്‍ക്ക് വീതി അഞ്ചു മുഴം.
പടിഞ്ഞാറു വശത്തെ കെട്ടിടം
12ദേവാലയാങ്കണത്തിന് അഭിമുഖമായി പടിഞ്ഞാറു വശത്തുണ്ടായിരുന്ന കെട്ടിടത്തിന്റെ നീളം തൊണ്ണൂറു മുഴവും വീതി എഴുപതു മുഴവും ചുറ്റുമുള്ള ഭിത്തിയുടെ കനം അഞ്ച് മുഴവും ആയിരുന്നു.
ദേവാലയത്തിന്റെ അളവുകൾ
13പിന്നീട് അയാൾ ദേവാലയം അളന്നു. നീളം നൂറു മുഴം; അങ്കണവും കെട്ടിടവും അതിന്റെ ചുവരുകളും ഉൾപ്പെടെ നീളം നൂറുമുഴം. 14ആലയത്തിന്റെ മുൻഭാഗത്തിന്റെയും അങ്കണത്തിന്റെയും വീതി നൂറു മുഴം.
15പിന്നീട് അയാൾ പടിഞ്ഞാറുവശത്ത് അങ്കണത്തിന് അഭിമുഖമായി നിന്നിരുന്ന കെട്ടിടത്തിന്റെ ഇരുവശത്തുമുള്ള ഇടനാഴികൾ ഉൾപ്പെടെയുള്ള നീളം അളന്നു-നൂറു മുഴം. അന്തർമന്ദിരത്തിന്റെ അകത്തും അതിവിശുദ്ധസ്ഥലത്തും പൂമുഖത്തും തറമുതൽ ജാലകങ്ങൾ വരെ ചുറ്റും പലകകൾ അടിച്ചിരുന്നു. 16ഇവയ്‍ക്കു മൂന്നിനും ചുറ്റുമായി അകത്തേക്ക് ഇടുങ്ങിയതും അഴിയിട്ടതുമായ ജാലകങ്ങൾ ഉണ്ടായിരുന്നു. ജാലകങ്ങൾക്കു മറയും അന്തർമന്ദിരത്തിന്റെ പുറത്ത് ഉമ്മരപ്പടിയുടെ മുകൾഭാഗം വരെ പുറമേ ചുറ്റും പലക അടിച്ചിരുന്നു. 17അന്തർമന്ദിരത്തിന്റെയും അതിവിശുദ്ധ സ്ഥലത്തിന്റെയും എല്ലാ ചുവരുകളിലും കെരൂബുകളുടെയും ഈന്തപ്പനയുടെയും രൂപങ്ങൾ കൊത്തിവച്ചിരുന്നു. 18രണ്ടു കെരൂബുകൾക്കിടയിൽ ഒരു ഈന്തപ്പന എന്ന കണക്കിനാണ് രൂപങ്ങൾ കൊത്തിവച്ചിരുന്നത്. ഓരോ കെരൂബിനും ഈരണ്ടു മുഖങ്ങൾ ഉണ്ടായിരുന്നു. 19ഒരു മുഖം മനുഷ്യൻറേതും മറ്റേമുഖം സിംഹത്തിൻറേതുമായിരുന്നു. ഓരോ മുഖവും ഇരുവശങ്ങളിലുള്ള ഈന്തപ്പനകൾക്ക് അഭിമുഖമായിരുന്നു. ദേവാലയത്തിനു പുറമേയും ചുറ്റുമായി ഇതുപോലെയുള്ള കൊത്തുപണികൾ ഉണ്ടായിരുന്നു. 20ദേവാലയത്തിന്റെ തറമുതൽ വാതിലിന്റെ മേലറ്റംവരെ കെരൂബിന്റെയും ഈന്തപ്പനയുടെയും രൂപങ്ങൾ കൊത്തിവച്ചിരുന്നു. അന്തർമന്ദിരത്തിന്റെ കട്ടിളകൾ സമചതുരാകൃതിയിലായിരുന്നു.
യാഗപീഠം
21തടികൊണ്ടു നിർമിച്ച യാഗപീഠംപോലെ തോന്നിക്കുന്ന ഏതോ ഒന്ന് വിശുദ്ധമന്ദിരത്തിന്റെ മുമ്പിലുണ്ടായിരുന്നു. 22അതിന്റെ നീളം രണ്ടു മുഴം, വീതി രണ്ടു മുഴം, ഉയരം മൂന്നു മുഴം. അതിന്റെ കോണുകളും ചുവടും വശങ്ങളും തടികൊണ്ടാണു നിർമിച്ചിരുന്നത്. അയാൾ എന്നോടു പറഞ്ഞു: “ഇത് സർവേശ്വരന്റെ സന്നിധിയിലെ മേശയാണ്.”
കതകുകൾ
23അന്തർമന്ദിരത്തിനും വിശുദ്ധമന്ദിരത്തിനും ഇരട്ടക്കതകുകളോടുകൂടിയ ഓരോ വാതിലുണ്ടായിരുന്നു. 24ഓരോ കതകിനും മടക്കാവുന്ന രണ്ടു പാളികളുണ്ടായിരുന്നു. 25ചുവരുകളിൽ ചെയ്തിരുന്ന കൊത്തുപണിപോലെ വിശുദ്ധമന്ദിരത്തിന്റെ കതകുകളിലും ഈന്തപ്പനയുടെയും കെരൂബുകളുടെയും രൂപം കൊത്തിയിരുന്നു. 26പൂമുഖത്തിന്റെ മുമ്പിൽ തടികൊണ്ടു നിർമിച്ച ഒരു മേല്‌ക്കട്ടി ഉണ്ടായിരുന്നു. പൂമുഖത്തിന്റെ പാർശ്വഭിത്തികളിൽ ഉള്ളിലേക്ക് ഇടുങ്ങിയ ജാലകങ്ങളും അവയുടെ ഇരുവശങ്ങളിലുമായി ഈന്തപ്പനരൂപങ്ങളും ഉണ്ടായിരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EZEKIELA 41: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക