HEBRAI 11:1-40

HEBRAI 11:1-40 MALCLBSI

വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നതിനെക്കുറിച്ചുള്ള ഉറപ്പും, അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള നിശ്ചയവുമാണ്. വിശ്വാസംമൂലമാണ് പൂർവികർക്ക് ദൈവത്തിന്റെ അംഗീകാരം ലഭിച്ചത്. ദൈവത്തിന്റെ വചനത്താൽ ഈ പ്രപഞ്ചം സൃഷ്‍ടിക്കപ്പെട്ടു എന്നും ദൃശ്യമായവ അദൃശ്യമായവയിൽ നിന്നുണ്ടായി എന്നും വിശ്വാസത്താൽ നാം മനസ്സിലാക്കുന്നു. വിശ്വാസത്താൽ ഹാബേൽ ദൈവത്തിന് അർപ്പിച്ച യാഗം കയീന്റെ യാഗത്തെക്കാൾ ശ്രേഷ്ഠമായിരുന്നു. ദൈവം ഹാബേലിന്റെ വഴിപാടുകൾ സ്വീകരിച്ചു. അങ്ങനെ വിശ്വാസത്തിലൂടെ നീതിമാൻ എന്ന അംഗീകാരം അയാൾ ദൈവത്തിൽനിന്നു നേടി. ഹാബേൽ മരിച്ചെങ്കിലും, തന്റെ വിശ്വാസം മുഖേന അയാൾ ഇപ്പോഴും സംസാരിക്കുന്നു. വിശ്വാസംമൂലമാണ് ഹാനോക്ക് മരണമടയാതെ ദൈവത്തിങ്കലേക്ക് ഉയർത്തപ്പെട്ടത്. ദൈവം അദ്ദേഹത്തെ സ്വർഗത്തിലേക്ക് ഉയർത്തിയതുകൊണ്ട് ആർക്കും അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ഹാനോക്ക് എടുക്കപ്പെടുന്നതിനുമുമ്പ് അദ്ദേഹം ദൈവത്തെ പ്രസാദിപ്പിച്ചു എന്നു വേദഗ്രന്ഥത്തിൽ പറയുന്നു. വിശ്വാസംകൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ ആർക്കും സാധ്യമല്ല; ദൈവത്തെ സമീപിക്കുന്ന ഏതൊരുവനും ദൈവം ഉണ്ടെന്നും, അവിടുത്തെ അന്വേഷിക്കുന്നവർക്ക് അവിടുന്നു പ്രതിഫലം നല്‌കുന്നു എന്നും വിശ്വസിക്കേണ്ടതാണല്ലോ. വിശ്വാസത്താൽ നോഹ ഒരു കപ്പൽ നിർമിച്ച് കുടുംബസമേതം അതിൽ കയറി രക്ഷപ്പെട്ടു; വരാൻപോകുന്നതും അതുവരെ കണ്ടിട്ടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ മുന്നറിയിപ്പു കേട്ട് നോഹ അനുസരിച്ചു. അങ്ങനെ അദ്ദേഹം ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്താലുള്ള നീതിക്ക് അവകാശിയായിത്തീരുകയും ചെയ്തു. വിശ്വാസംമൂലം അബ്രഹാം ദൈവത്തെ അനുസരിച്ചു; തനിക്ക് അവകാശമായി ലഭിക്കുവാനിരുന്ന ദേശത്തേക്കു പോകുവാൻ ദൈവം വിളിച്ചപ്പോൾ, താൻ എങ്ങോട്ടാണു പോകുന്നതെന്ന് അറിയാതെ അദ്ദേഹം പുറപ്പെട്ടു. വിശ്വാസത്താൽ വാഗ്ദത്തദേശത്ത് ഒരു പരദേശിയെപ്പോലെ അദ്ദേഹം ജീവിച്ചു. അതേ വാഗ്ദാനത്തിന്റെ കൂട്ടവകാശികളായിരുന്ന ഇസ്ഹാക്കിനോടും യാക്കോബിനോടുമൊത്ത് അബ്രഹാമും കൂടാരങ്ങളിലാണു പാർത്തത്. എന്തെന്നാൽ ദൈവം രൂപസംവിധാനം ചെയ്ത്, സ്ഥിരമായ അടിസ്ഥാനമിട്ടു നിർമിക്കുന്ന നഗരത്തിനുവേണ്ടി അബ്രഹാം കാത്തിരിക്കുകയായിരുന്നു. വിശ്വാസംമൂലമാണ് വന്ധ്യയായ സാറായ്‍ക്ക് പ്രായം കടന്നിട്ടും ഗർഭധാരണശക്തി ലഭിച്ചത്. വാഗ്ദാനം ചെയ്ത ദൈവം വിശ്വസ്തനാണെന്ന് അവർ കരുതി. അങ്ങനെ കേവലം മൃതപ്രായനായിരുന്നിട്ടും അബ്രഹാം എന്ന ഏക മനുഷ്യനിൽനിന്ന് ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽത്തരികൾപോലെയും അസംഖ്യം സന്താനപരമ്പരകളുണ്ടായി. വിശ്വാസത്തോടുകൂടിയാണ് ഇവരെല്ലാം മൃതിയടഞ്ഞത്. ദൈവം വാഗ്ദാനം ചെയ്തവ അവർ പ്രാപിച്ചില്ല എങ്കിലും ദൂരെ നിന്നുകൊണ്ട് അവർ അവ കാണുകയും അവയെ അഭിവാദനം ചെയ്യുകയും ഭൂമിയിൽ തങ്ങൾ പരദേശികളും പ്രവാസികളുമാണെന്നു പരസ്യമായി സമ്മതിക്കുകയും ചെയ്തു. ഇങ്ങനെ പറയുന്നവർ സ്വന്തമായ ഒരു നാടിനുവേണ്ടി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണെന്നു വ്യക്തമാകുന്നു. തങ്ങൾ വിട്ടുപോന്ന ദേശത്തെക്കുറിച്ച് അവർ ഓർത്തുകൊണ്ടിരുന്നില്ല. അപ്രകാരം ചെയ്തിരുന്നെങ്കിൽ അവർക്കു തിരിച്ചുപോകാനുള്ള സാധ്യത ഉണ്ടായിരുന്നല്ലോ. പകരം അതിനെക്കാൾ മികച്ച ഒരു സ്വർഗീയ ദേശത്തെതന്നെ അവർ കാംക്ഷിച്ചു. അതുകൊണ്ട് അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതിൽ ദൈവം ലജ്ജിക്കുന്നില്ല. അവർക്കുവേണ്ടി ഒരു നഗരം അവിടുന്ന് ഒരുക്കിയിരിക്കുന്നുവല്ലോ. വിശ്വാസംമൂലമാണ്, താൻ പരീക്ഷിക്കപ്പെട്ടപ്പോൾ, അബ്രഹാം വാഗ്ദാനത്താൽ ലഭിച്ച ഏകപുത്രനായ ഇസ്ഹാക്കിനെ ബലികഴിക്കുവാൻ സന്നദ്ധനായത്. “ഇസ്ഹാക്കിൽ കൂടി ആയിരിക്കും നിനക്കു സന്താനപരമ്പരകൾ ലഭിക്കുന്നത്” എന്നു ദൈവം അബ്രഹാമിനോട് അരുൾചെയ്തിരുന്നെങ്കിലും ആ പുത്രനെ ബലികഴിക്കുവാൻ അബ്രഹാം സന്നദ്ധനായി. മരിച്ചവരെ ഉയിർപ്പിക്കുവാൻപോലും ദൈവത്തിനു കഴിയുമെന്ന് അബ്രഹാം വിശ്വസിച്ചു. ഒരർഥത്തിൽ മരണത്തിൽനിന്നെന്നപോലെ ഇസ്ഹാക്കിനെ അബ്രഹാമിനു തിരിച്ചുകിട്ടുകയും ചെയ്തു. വിശ്വാസത്താൽ ഇസ്ഹാക്ക് ഭാവിവരങ്ങൾ നേർന്നുകൊണ്ട് യാക്കോബിനെയും ഏശാവിനെയും അനുഗ്രഹിച്ചു. വിശ്വാസത്താലത്രേ, ആസന്നമരണനായ യാക്കോബ് വടിയൂന്നിയിരുന്ന് പ്രാർഥനാപൂർവം യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിച്ചത്. വിശ്വാസത്താലാണ് യോസേഫ് മരിക്കാറായപ്പോൾ, ഈജിപ്തിൽനിന്നുള്ള ഇസ്രായേൽജനത്തിന്റെ പുറപ്പാടിനെക്കുറിച്ച് സൂചിപ്പിക്കുകയും, തന്റെ ഭൗതികാവശിഷ്ടം എന്തു ചെയ്യണമെന്നതിനെക്കുറിച്ചുള്ള നിർദേശം നല്‌കുകയും ചെയ്തത്. വിശ്വാസംമൂലമാണ്, മോശ ജനിച്ചപ്പോൾ, ശിശു സുന്ദരനെന്നു കാണുകയാൽ, മോശയുടെ മാതാപിതാക്കൾ രാജകല്പനയെ ഭയപ്പെടാതെ മൂന്നുമാസം അവനെ ഒളിച്ചുവച്ചത്. വിശ്വാസത്താലാണ് പ്രായപൂർത്തി ആയപ്പോൾ മോശ ഫറവോന്റെ പുത്രിയുടെ മകൻ എന്ന പദവി നിഷേധിച്ചത്. പാപത്തിന്റെ ക്ഷണികമായ ഉല്ലാസമല്ല, ദൈവത്തിന്റെ ജനത്തോടുകൂടിയുള്ള സഹനമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ക്രിസ്തുവിനുവേണ്ടി നിന്ദ സഹിക്കുന്നത് ഈജിപ്തിലെ സകല നിധിയെയുംകാൾ വിലയേറിയതായി മോശ കരുതി. ഭാവിയിൽ ഉണ്ടാകുന്ന പ്രതിഫലത്തിലാണ് അദ്ദേഹം ദൃഷ്‍ടി ഉറപ്പിച്ചത്. വിശ്വാസത്താലാണ് രാജാവിന്റെ കോപത്തെ ഭയപ്പെടാതെ മോശ ഈജിപ്തിൽനിന്നു പുറപ്പെട്ടത്. വിശ്വാസംകൊണ്ട് അദൃശ്യനായ ദൈവത്തെ ദർശിച്ചാലെന്നവണ്ണം അദ്ദേഹം ഉറച്ചുനിന്നു. വിശ്വാസത്താലത്രേ ഇസ്രായേൽജനത്തിന്റെ ആദ്യജാതന്മാരെ സംഹാരദൂതൻ കൊല്ലാതിരിക്കേണ്ടതിന് പെസഹ ഏർപ്പെടുത്തിയതും വാതിലുകളിൽ രക്തം തളിക്കുവാൻ കല്പിച്ചതും. വിശ്വാസത്താലാണ് ഇസ്രായേൽജനം വരണ്ട ഭൂമിയിലൂടെയെന്നവണ്ണം ചെങ്കടൽ കടന്നത്. ഈജിപ്തുകാർ കടക്കാൻ ശ്രമിച്ചപ്പോഴാകട്ടെ, കടൽ അവരെ വിഴുങ്ങിക്കളഞ്ഞു. വിശ്വാസംമൂലം ഇസ്രായേൽജനം ഏഴു ദിവസം യെരീഹോവിനെ പ്രദക്ഷിണം ചെയ്തപ്പോൾ അതിന്റെ മതിലുകൾ ഇടിഞ്ഞുവീണു. വിശ്വാസത്താൽ റാഹാബ് എന്ന വേശ്യ ചാരന്മാരെ സൗഹൃദപൂർവം സ്വീകരിച്ചതിനാൽ ദൈവത്തെ അനുസരിക്കാത്തവരോടൊപ്പം അവൾ നശിച്ചില്ല. ഇതിൽ കൂടുതൽ ഇനി ഞാൻ എന്താണു പറയേണ്ടത്? ഗിദെയോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് മുതലായവരെയും, ശമൂവേൽ തുടങ്ങിയ പ്രവാചകന്മാരെയും സംബന്ധിച്ചു വിവരിക്കുവാൻ സമയംപോരാ. വിശ്വാസത്താൽ അവർ രാജ്യങ്ങൾ പിടിച്ചടക്കി; നീതി നടപ്പാക്കി; ദൈവത്തിന്റെ വാഗ്ദാനങ്ങൾ പ്രാപിച്ചു; സിംഹങ്ങളുടെ വായ് അടച്ചു. ജ്വലിക്കുന്ന അഗ്നി കെടുത്തി; വാളിന്റെ വായ്ത്തലയിൽനിന്നു തെറ്റിയൊഴിഞ്ഞു; ബലഹീനതയിൽനിന്നു ശക്തി ആർജിച്ചു; യുദ്ധത്തിൽ വീരന്മാരായിത്തീർന്നു; വിദേശസൈന്യങ്ങളെ തുരത്തിക്കളഞ്ഞു; സ്‍ത്രീകൾക്കു തങ്ങളുടെ മരിച്ചുപോയവരെ ഉയിർത്തെഴുന്നേല്പിലൂടെ തിരിച്ചുകിട്ടി. ചിലർ ശ്രേഷ്ഠമായ ജീവിതത്തിലേക്കു ഉത്ഥാനം ചെയ്യപ്പെടുന്നതിനുവേണ്ടി വിമോചനം നിരസിച്ചുകൊണ്ട് പീഡനം സഹിച്ചു മരിച്ചു. മറ്റുചിലർ പരിഹസിക്കപ്പെട്ടു; ചാട്ടവാറുകൊണ്ടുള്ള അടിയേറ്റു; വിലങ്ങു വയ്‍ക്കപ്പെട്ടു; തുറുങ്കിൽ അടയ്‍ക്കപ്പെട്ടു; ചിലരെ കല്ലെറിഞ്ഞു; ഈർച്ചവാളുകൊണ്ട് രണ്ടായി അറുത്തു മുറിച്ചു; വാളുകൊണ്ട് വെട്ടിക്കൊന്നു; അവർ കോലാടുകളെയും ചെമ്മരിയാടുകളുടെയും തോൽ ധരിച്ചു. അവർ അഗതികളും പീഡിതരും നിന്ദിതരുമായി നടന്നു. അവർക്കു ജീവിക്കുവാൻ തക്ക യോഗ്യത ലോകത്തിനുണ്ടായിരുന്നില്ല! അവർ അഭയാർഥികളെപ്പോലെ മലകളിലും മരുഭൂമികളിലും അലഞ്ഞുതിരിയുകയും ഗുഹകളിലും മാളങ്ങളിലും കഴിഞ്ഞുകൂടുകയും ചെയ്തു. അവരുടെ വിശ്വാസത്തെ സംബന്ധിച്ചു മഹനീയമായ സാക്ഷ്യം ലഭിച്ചെങ്കിലും ദൈവത്തിന്റെ വാഗ്ദാനം അവർ പ്രാപിച്ചില്ല. നമ്മോടുകൂടിയല്ലാതെ അവർ പൂർണരാകാതിരിക്കുവാൻ കൂടുതൽ ശ്രേഷ്ഠമായതിനെ ദൈവം നമുക്കെല്ലാവർക്കും വേണ്ടി മുൻകൂട്ടി കരുതിയിരുന്നു.

HEBRAI 11 വായിക്കുക