എബ്രായർ 11:1-40

എബ്രായർ 11:1-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. അതിനാലല്ലോ പൂർവന്മാർക്ക് സാക്ഷ്യം ലഭിച്ചത്. ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറ് ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്ന് നാം വിശ്വാസത്താൽ അറിയുന്നു. വിശ്വാസത്താൽ ഹാബെൽ ദൈവത്തിനു കയീൻറേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവനു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിനു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസത്താൽ ഹാനോക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്ന് അവൻ എടുക്കപ്പെട്ടതിനു മുമ്പേ സാക്ഷ്യം പ്രാപിച്ചു. എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ച് അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷയ്ക്കായിട്ട് ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ച് വിശ്വാസത്താലുള്ള നീതിക്ക് അവകാശിയായിത്തീർന്നു. വിശ്വാസത്താൽ അബ്രാഹാം തനിക്ക് അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാകുവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ച് എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു. വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്ന് വാഗ്ദത്തത്തിനു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ട് ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്നു. വിശ്വാസത്താൽ സാറായും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്ന് എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിനു ശക്തി പ്രാപിച്ചു. അതുകൊണ്ട് ഒരുവന്, മൃതപ്രായനായവനുതന്നെ, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതി ജനിച്ചു. ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ട് അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്ന് ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു. ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്ന് കാണിക്കുന്നു. അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ. അവരോ അധികം നല്ലതിനെ, സ്വർഗീയമായതിനെത്തന്നെ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്ന് വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ. വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്ന് വിളിക്കപ്പെടും എന്ന് അരുളപ്പാട് ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു; മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്ന് എണ്ണുകയും അവരുടെ ഇടയിൽനിന്ന് എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു. വിശ്വാസത്താൽ യിസ്ഹാക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ച് അനുഗ്രഹിച്ചു. വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്ത് ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു. വിശ്വാസത്താൽ യോസേഫ് താൻ മരിപ്പാറായപ്പോൾ യിസ്രായേൽമക്കളുടെ പുറപ്പാടിന്റെ കാര്യം ഓർപ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പന കൊടുത്തു. വിശ്വാസത്താൽ മോശെയുടെ ജനനത്തിങ്കൽ ശിശു സുന്ദരൻ എന്ന് അമ്മയപ്പന്മാർ കണ്ടു: രാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവച്ചു. വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാല ഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നത് തിരഞ്ഞെടുത്തു. പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്ന് വിളിക്കപ്പെടുന്നത് നിരസിക്കയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്ന് എണ്ണുകയും ചെയ്തു. വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറച്ചുനില്ക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു. വിശ്വാസത്താൽ അവൻ കടിഞ്ഞൂലുകളുടെ സംഹാരകൻ അവരെ തൊടാതിരിപ്പാൻ പെസഹയും ചോരത്തളിയും ആചരിച്ചു. വിശ്വാസത്താൽ അവർ കരയിൽ എന്നപോലെ ചെങ്കടലിൽകൂടി കടന്നു; അത് മിസ്രയീമ്യർ ചെയ്‍വാൻ നോക്കിയിട്ടു മുങ്ങിപ്പോയി. വിശ്വാസത്താൽ അവർ ഏഴു ദിവസം ചുറ്റിനടന്നപ്പോൾ യെരീഹോമതിൽ ഇടിഞ്ഞുവീണു. വിശ്വാസത്താൽ രാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ട് അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു. ഇനി എന്തു പറയേണ്ടൂ? ഗിദ്യോൻ, ബാരാക്, ശിംശോൻ, യിഫ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാൻ സമയം പോരാ. വിശ്വാസത്താൽ അവർ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടച്ചു, തീയുടെ ബലം കെടുത്തു, വാളിന്റെ വായ്ക്കു തെറ്റി, ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായിത്തീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു. സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്പിനാൽ തിരികെ കിട്ടി; മറ്റു ചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പു ലഭിക്കേണ്ടതിന് ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു. വേറേ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവ് ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. കല്ലേറ് ഏറ്റു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു, കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല. അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിനു ദൈവം നമുക്കുവേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.

എബ്രായർ 11:1-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നതിനെക്കുറിച്ചുള്ള ഉറപ്പും, അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള നിശ്ചയവുമാണ്. വിശ്വാസംമൂലമാണ് പൂർവികർക്ക് ദൈവത്തിന്റെ അംഗീകാരം ലഭിച്ചത്. ദൈവത്തിന്റെ വചനത്താൽ ഈ പ്രപഞ്ചം സൃഷ്‍ടിക്കപ്പെട്ടു എന്നും ദൃശ്യമായവ അദൃശ്യമായവയിൽ നിന്നുണ്ടായി എന്നും വിശ്വാസത്താൽ നാം മനസ്സിലാക്കുന്നു. വിശ്വാസത്താൽ ഹാബേൽ ദൈവത്തിന് അർപ്പിച്ച യാഗം കയീന്റെ യാഗത്തെക്കാൾ ശ്രേഷ്ഠമായിരുന്നു. ദൈവം ഹാബേലിന്റെ വഴിപാടുകൾ സ്വീകരിച്ചു. അങ്ങനെ വിശ്വാസത്തിലൂടെ നീതിമാൻ എന്ന അംഗീകാരം അയാൾ ദൈവത്തിൽനിന്നു നേടി. ഹാബേൽ മരിച്ചെങ്കിലും, തന്റെ വിശ്വാസം മുഖേന അയാൾ ഇപ്പോഴും സംസാരിക്കുന്നു. വിശ്വാസംമൂലമാണ് ഹാനോക്ക് മരണമടയാതെ ദൈവത്തിങ്കലേക്ക് ഉയർത്തപ്പെട്ടത്. ദൈവം അദ്ദേഹത്തെ സ്വർഗത്തിലേക്ക് ഉയർത്തിയതുകൊണ്ട് ആർക്കും അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ഹാനോക്ക് എടുക്കപ്പെടുന്നതിനുമുമ്പ് അദ്ദേഹം ദൈവത്തെ പ്രസാദിപ്പിച്ചു എന്നു വേദഗ്രന്ഥത്തിൽ പറയുന്നു. വിശ്വാസംകൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ ആർക്കും സാധ്യമല്ല; ദൈവത്തെ സമീപിക്കുന്ന ഏതൊരുവനും ദൈവം ഉണ്ടെന്നും, അവിടുത്തെ അന്വേഷിക്കുന്നവർക്ക് അവിടുന്നു പ്രതിഫലം നല്‌കുന്നു എന്നും വിശ്വസിക്കേണ്ടതാണല്ലോ. വിശ്വാസത്താൽ നോഹ ഒരു കപ്പൽ നിർമിച്ച് കുടുംബസമേതം അതിൽ കയറി രക്ഷപ്പെട്ടു; വരാൻപോകുന്നതും അതുവരെ കണ്ടിട്ടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ മുന്നറിയിപ്പു കേട്ട് നോഹ അനുസരിച്ചു. അങ്ങനെ അദ്ദേഹം ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്താലുള്ള നീതിക്ക് അവകാശിയായിത്തീരുകയും ചെയ്തു. വിശ്വാസംമൂലം അബ്രഹാം ദൈവത്തെ അനുസരിച്ചു; തനിക്ക് അവകാശമായി ലഭിക്കുവാനിരുന്ന ദേശത്തേക്കു പോകുവാൻ ദൈവം വിളിച്ചപ്പോൾ, താൻ എങ്ങോട്ടാണു പോകുന്നതെന്ന് അറിയാതെ അദ്ദേഹം പുറപ്പെട്ടു. വിശ്വാസത്താൽ വാഗ്ദത്തദേശത്ത് ഒരു പരദേശിയെപ്പോലെ അദ്ദേഹം ജീവിച്ചു. അതേ വാഗ്ദാനത്തിന്റെ കൂട്ടവകാശികളായിരുന്ന ഇസ്ഹാക്കിനോടും യാക്കോബിനോടുമൊത്ത് അബ്രഹാമും കൂടാരങ്ങളിലാണു പാർത്തത്. എന്തെന്നാൽ ദൈവം രൂപസംവിധാനം ചെയ്ത്, സ്ഥിരമായ അടിസ്ഥാനമിട്ടു നിർമിക്കുന്ന നഗരത്തിനുവേണ്ടി അബ്രഹാം കാത്തിരിക്കുകയായിരുന്നു. വിശ്വാസംമൂലമാണ് വന്ധ്യയായ സാറായ്‍ക്ക് പ്രായം കടന്നിട്ടും ഗർഭധാരണശക്തി ലഭിച്ചത്. വാഗ്ദാനം ചെയ്ത ദൈവം വിശ്വസ്തനാണെന്ന് അവർ കരുതി. അങ്ങനെ കേവലം മൃതപ്രായനായിരുന്നിട്ടും അബ്രഹാം എന്ന ഏക മനുഷ്യനിൽനിന്ന് ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽത്തരികൾപോലെയും അസംഖ്യം സന്താനപരമ്പരകളുണ്ടായി. വിശ്വാസത്തോടുകൂടിയാണ് ഇവരെല്ലാം മൃതിയടഞ്ഞത്. ദൈവം വാഗ്ദാനം ചെയ്തവ അവർ പ്രാപിച്ചില്ല എങ്കിലും ദൂരെ നിന്നുകൊണ്ട് അവർ അവ കാണുകയും അവയെ അഭിവാദനം ചെയ്യുകയും ഭൂമിയിൽ തങ്ങൾ പരദേശികളും പ്രവാസികളുമാണെന്നു പരസ്യമായി സമ്മതിക്കുകയും ചെയ്തു. ഇങ്ങനെ പറയുന്നവർ സ്വന്തമായ ഒരു നാടിനുവേണ്ടി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണെന്നു വ്യക്തമാകുന്നു. തങ്ങൾ വിട്ടുപോന്ന ദേശത്തെക്കുറിച്ച് അവർ ഓർത്തുകൊണ്ടിരുന്നില്ല. അപ്രകാരം ചെയ്തിരുന്നെങ്കിൽ അവർക്കു തിരിച്ചുപോകാനുള്ള സാധ്യത ഉണ്ടായിരുന്നല്ലോ. പകരം അതിനെക്കാൾ മികച്ച ഒരു സ്വർഗീയ ദേശത്തെതന്നെ അവർ കാംക്ഷിച്ചു. അതുകൊണ്ട് അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതിൽ ദൈവം ലജ്ജിക്കുന്നില്ല. അവർക്കുവേണ്ടി ഒരു നഗരം അവിടുന്ന് ഒരുക്കിയിരിക്കുന്നുവല്ലോ. വിശ്വാസംമൂലമാണ്, താൻ പരീക്ഷിക്കപ്പെട്ടപ്പോൾ, അബ്രഹാം വാഗ്ദാനത്താൽ ലഭിച്ച ഏകപുത്രനായ ഇസ്ഹാക്കിനെ ബലികഴിക്കുവാൻ സന്നദ്ധനായത്. “ഇസ്ഹാക്കിൽ കൂടി ആയിരിക്കും നിനക്കു സന്താനപരമ്പരകൾ ലഭിക്കുന്നത്” എന്നു ദൈവം അബ്രഹാമിനോട് അരുൾചെയ്തിരുന്നെങ്കിലും ആ പുത്രനെ ബലികഴിക്കുവാൻ അബ്രഹാം സന്നദ്ധനായി. മരിച്ചവരെ ഉയിർപ്പിക്കുവാൻപോലും ദൈവത്തിനു കഴിയുമെന്ന് അബ്രഹാം വിശ്വസിച്ചു. ഒരർഥത്തിൽ മരണത്തിൽനിന്നെന്നപോലെ ഇസ്ഹാക്കിനെ അബ്രഹാമിനു തിരിച്ചുകിട്ടുകയും ചെയ്തു. വിശ്വാസത്താൽ ഇസ്ഹാക്ക് ഭാവിവരങ്ങൾ നേർന്നുകൊണ്ട് യാക്കോബിനെയും ഏശാവിനെയും അനുഗ്രഹിച്ചു. വിശ്വാസത്താലത്രേ, ആസന്നമരണനായ യാക്കോബ് വടിയൂന്നിയിരുന്ന് പ്രാർഥനാപൂർവം യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിച്ചത്. വിശ്വാസത്താലാണ് യോസേഫ് മരിക്കാറായപ്പോൾ, ഈജിപ്തിൽനിന്നുള്ള ഇസ്രായേൽജനത്തിന്റെ പുറപ്പാടിനെക്കുറിച്ച് സൂചിപ്പിക്കുകയും, തന്റെ ഭൗതികാവശിഷ്ടം എന്തു ചെയ്യണമെന്നതിനെക്കുറിച്ചുള്ള നിർദേശം നല്‌കുകയും ചെയ്തത്. വിശ്വാസംമൂലമാണ്, മോശ ജനിച്ചപ്പോൾ, ശിശു സുന്ദരനെന്നു കാണുകയാൽ, മോശയുടെ മാതാപിതാക്കൾ രാജകല്പനയെ ഭയപ്പെടാതെ മൂന്നുമാസം അവനെ ഒളിച്ചുവച്ചത്. വിശ്വാസത്താലാണ് പ്രായപൂർത്തി ആയപ്പോൾ മോശ ഫറവോന്റെ പുത്രിയുടെ മകൻ എന്ന പദവി നിഷേധിച്ചത്. പാപത്തിന്റെ ക്ഷണികമായ ഉല്ലാസമല്ല, ദൈവത്തിന്റെ ജനത്തോടുകൂടിയുള്ള സഹനമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ക്രിസ്തുവിനുവേണ്ടി നിന്ദ സഹിക്കുന്നത് ഈജിപ്തിലെ സകല നിധിയെയുംകാൾ വിലയേറിയതായി മോശ കരുതി. ഭാവിയിൽ ഉണ്ടാകുന്ന പ്രതിഫലത്തിലാണ് അദ്ദേഹം ദൃഷ്‍ടി ഉറപ്പിച്ചത്. വിശ്വാസത്താലാണ് രാജാവിന്റെ കോപത്തെ ഭയപ്പെടാതെ മോശ ഈജിപ്തിൽനിന്നു പുറപ്പെട്ടത്. വിശ്വാസംകൊണ്ട് അദൃശ്യനായ ദൈവത്തെ ദർശിച്ചാലെന്നവണ്ണം അദ്ദേഹം ഉറച്ചുനിന്നു. വിശ്വാസത്താലത്രേ ഇസ്രായേൽജനത്തിന്റെ ആദ്യജാതന്മാരെ സംഹാരദൂതൻ കൊല്ലാതിരിക്കേണ്ടതിന് പെസഹ ഏർപ്പെടുത്തിയതും വാതിലുകളിൽ രക്തം തളിക്കുവാൻ കല്പിച്ചതും. വിശ്വാസത്താലാണ് ഇസ്രായേൽജനം വരണ്ട ഭൂമിയിലൂടെയെന്നവണ്ണം ചെങ്കടൽ കടന്നത്. ഈജിപ്തുകാർ കടക്കാൻ ശ്രമിച്ചപ്പോഴാകട്ടെ, കടൽ അവരെ വിഴുങ്ങിക്കളഞ്ഞു. വിശ്വാസംമൂലം ഇസ്രായേൽജനം ഏഴു ദിവസം യെരീഹോവിനെ പ്രദക്ഷിണം ചെയ്തപ്പോൾ അതിന്റെ മതിലുകൾ ഇടിഞ്ഞുവീണു. വിശ്വാസത്താൽ റാഹാബ് എന്ന വേശ്യ ചാരന്മാരെ സൗഹൃദപൂർവം സ്വീകരിച്ചതിനാൽ ദൈവത്തെ അനുസരിക്കാത്തവരോടൊപ്പം അവൾ നശിച്ചില്ല. ഇതിൽ കൂടുതൽ ഇനി ഞാൻ എന്താണു പറയേണ്ടത്? ഗിദെയോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് മുതലായവരെയും, ശമൂവേൽ തുടങ്ങിയ പ്രവാചകന്മാരെയും സംബന്ധിച്ചു വിവരിക്കുവാൻ സമയംപോരാ. വിശ്വാസത്താൽ അവർ രാജ്യങ്ങൾ പിടിച്ചടക്കി; നീതി നടപ്പാക്കി; ദൈവത്തിന്റെ വാഗ്ദാനങ്ങൾ പ്രാപിച്ചു; സിംഹങ്ങളുടെ വായ് അടച്ചു. ജ്വലിക്കുന്ന അഗ്നി കെടുത്തി; വാളിന്റെ വായ്ത്തലയിൽനിന്നു തെറ്റിയൊഴിഞ്ഞു; ബലഹീനതയിൽനിന്നു ശക്തി ആർജിച്ചു; യുദ്ധത്തിൽ വീരന്മാരായിത്തീർന്നു; വിദേശസൈന്യങ്ങളെ തുരത്തിക്കളഞ്ഞു; സ്‍ത്രീകൾക്കു തങ്ങളുടെ മരിച്ചുപോയവരെ ഉയിർത്തെഴുന്നേല്പിലൂടെ തിരിച്ചുകിട്ടി. ചിലർ ശ്രേഷ്ഠമായ ജീവിതത്തിലേക്കു ഉത്ഥാനം ചെയ്യപ്പെടുന്നതിനുവേണ്ടി വിമോചനം നിരസിച്ചുകൊണ്ട് പീഡനം സഹിച്ചു മരിച്ചു. മറ്റുചിലർ പരിഹസിക്കപ്പെട്ടു; ചാട്ടവാറുകൊണ്ടുള്ള അടിയേറ്റു; വിലങ്ങു വയ്‍ക്കപ്പെട്ടു; തുറുങ്കിൽ അടയ്‍ക്കപ്പെട്ടു; ചിലരെ കല്ലെറിഞ്ഞു; ഈർച്ചവാളുകൊണ്ട് രണ്ടായി അറുത്തു മുറിച്ചു; വാളുകൊണ്ട് വെട്ടിക്കൊന്നു; അവർ കോലാടുകളെയും ചെമ്മരിയാടുകളുടെയും തോൽ ധരിച്ചു. അവർ അഗതികളും പീഡിതരും നിന്ദിതരുമായി നടന്നു. അവർക്കു ജീവിക്കുവാൻ തക്ക യോഗ്യത ലോകത്തിനുണ്ടായിരുന്നില്ല! അവർ അഭയാർഥികളെപ്പോലെ മലകളിലും മരുഭൂമികളിലും അലഞ്ഞുതിരിയുകയും ഗുഹകളിലും മാളങ്ങളിലും കഴിഞ്ഞുകൂടുകയും ചെയ്തു. അവരുടെ വിശ്വാസത്തെ സംബന്ധിച്ചു മഹനീയമായ സാക്ഷ്യം ലഭിച്ചെങ്കിലും ദൈവത്തിന്റെ വാഗ്ദാനം അവർ പ്രാപിച്ചില്ല. നമ്മോടുകൂടിയല്ലാതെ അവർ പൂർണരാകാതിരിക്കുവാൻ കൂടുതൽ ശ്രേഷ്ഠമായതിനെ ദൈവം നമുക്കെല്ലാവർക്കും വേണ്ടി മുൻകൂട്ടി കരുതിയിരുന്നു.

എബ്രായർ 11:1-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ വിശ്വാസം എന്നതോ, ധൈര്യത്തോടെ ചിലത് പ്രതീക്ഷിക്കുന്ന ഒരുവന്‍റെ ഉറപ്പാണ്. അത് കാണാൻ കഴിയാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. ഇപ്രകാരമല്ലോ പൂർവ്വപിതാക്കന്മാർക്ക് തങ്ങളുടെ വിശ്വാസം നിമിത്തം ദൈവത്തിന്‍റെ അംഗീകാരം ലഭിച്ചത്. ഈ പ്രപഞ്ചം ദൈവത്തിന്‍റെ കല്പനയാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നും, നാം കാണുന്ന ഈ ലോകത്തിനു, ദൃശ്യമായതല്ല കാരണം, പ്രത്യുത പ്രപഞ്ചം ദൈവത്തിന്‍റെ വചനത്താൽ സൃഷ്ടിക്കപ്പെട്ടു എന്നും നാം വിശ്വാസത്താൽ മനസ്സിലാക്കുന്നു. വിശ്വാസത്താൽ ഹാബെൽ ദൈവത്തിന് കയീൻ്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവനു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു. ദൈവം അവന്‍റെ വഴിപാടിന് സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസത്താൽ ഹാനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിനു മുമ്പെ സാക്ഷ്യം പ്രാപിച്ചു. എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യം തന്നെ; ദൈവത്തിന്‍റെ അടുക്കൽ വരുന്നവൻ ദൈവം വാഴുന്നു എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടത് ആവശ്യമാകുന്നു. വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ട് ദൈവിക ഭയത്തോടെ തന്‍റെ കുടുംബത്തിന്‍റെ രക്ഷക്കായിട്ട് ഒരു പെട്ടകം തീർത്തു; അങ്ങനെ ആ അനുസരണത്തിൻ്റെ പ്രവർത്തി നിമിത്തം അവൻ ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്താലുള്ള നീതിയ്ക്ക് അവകാശിയായി തീരുകയും ചെയ്തു. വിശ്വാസത്താൽ അബ്രാഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്ക് പോകുവാനുള്ള വിളികേട്ടപ്പോൾ, അനുസരണത്തോടെ എവിടേക്ക് പോകുന്നു എന്നറിയാതെ പുറപ്പെട്ടു. വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്ത് ഒരു പരദേശി എന്നപോലെ ചെന്നു വാഗ്ദത്തത്തിന് കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ കൂടാരങ്ങളിൽ പാർത്തു. ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി താൻ ദർശനത്തോടെ കാത്തിരുന്നു. വിശ്വാസത്താൽ അബ്രാഹാമും, സാറായും തങ്ങൾക്ക് ഒരു മകനെ നൽകും എന്നു വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന് ശക്തിപ്രാപിച്ചു. അതുകൊണ്ട് മൃതപ്രായനായവനായ ഈ ഒരുവനിൽനിന്ന് തന്നെയാണ്, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതികൾ ജനിച്ചത്. ഇവർ എല്ലാവരും വാഗ്ദത്ത നിവൃത്തി പ്രാപിച്ചില്ലെങ്കിലും ദൂരത്തുനിന്ന് അത് കണ്ടു സ്വാഗതം ചെയ്തും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞും കൊണ്ടു വിശ്വാസത്തിൽ മരിച്ചു. ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അവർക്കായി അന്വേഷിക്കുന്നു എന്നു വ്യക്തമാക്കുന്നു. വാസ്തവമായും അവർ വിട്ടുപോന്ന ദേശത്തെ ഓർത്തിരുന്നു എങ്കിൽ മടങ്ങിപ്പോകുവാൻ അവസരം ഉണ്ടായിരുന്നുവല്ലോ. പക്ഷേ അവരോ അധികം നല്ല ദേശത്തെ തന്നെ, അതായത് സ്വർഗ്ഗീയമായതിനെ തന്നെ പ്രതീക്ഷിച്ചിരുന്നു; അതുകൊണ്ട് ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ. വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. അതെ, വാഗ്ദത്തങ്ങളെ സന്തോഷത്തോടെ കൈക്കൊണ്ടവൻ തന്‍റെ ഏകജാതനെ യാഗം അർപ്പിച്ചു; മുന്നമേ യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്‍റെ സന്തതി എന്നു വിളിക്കപ്പെടും എന്ന അരുളപ്പാടു അവനു ലഭിച്ചിരുന്നു യിസ്ഹാക്കിനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കുവാൻ ദൈവം ശക്തൻ എന്നു അബ്രാഹാം വിശ്വസിക്കുകയും, മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കുകയും ചെയ്തു. വിശ്വാസത്താൽ യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ച് അനുഗ്രഹിച്ചു. വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്‍റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്‍റെ ഊന്നുവടിയുടെ അറ്റത്തു ചാരിക്കൊണ്ട് നമസ്കരിക്കയും ചെയ്തു. വിശ്വാസത്താൽ യോസേഫ് താൻ മരിക്കാറായപ്പോൾ യിസ്രായേൽ മക്കളുടെ പുറപ്പാടിന്‍റെ കാര്യം ഓർമ്മിപ്പിച്ചു, തന്‍റെ അസ്ഥികൾ അവരോടൊപ്പം എടുക്കേണം എന്നു കല്പന കൊടുത്തു. മോശെ ജനിച്ചപ്പോൾ ശിശു സുന്ദരൻ എന്നു അമ്മയപ്പന്മാർ കണ്ടിട്ട്, വിശ്വാസത്താൽ രാജാവിന്‍റെ കല്പന ഭയപ്പെടാതെ അവനെ മൂന്നുമാസം ഒളിപ്പിച്ചുവച്ചു. വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ ഫറവോന്‍റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും, പകരം പാപത്തിന്‍റെ അല്പകാലത്തെ സന്തോഷത്തേക്കാളും ദൈവജനത്തോട് കൂടെ കഷ്ടമനുഭവിക്കുന്നത് നല്ലതെന്ന് കണ്ടു അത് തിരഞ്ഞെടുക്കുകയും ചെയ്തു. ഭാവിയിൽ ലഭിക്കുവാനുള്ള പ്രതിഫലം നോക്കിയതുകൊണ്ട് മിസ്രയീമിലെ നിക്ഷേപങ്ങളേക്കാൾ ക്രിസ്തു നിമിത്തമുള്ള നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു. വിശ്വാസത്താൽ മോശെ മിസ്രയീം വിട്ടുപോന്നു. അവൻ കാണാനാകാത്ത ദൈവത്തെ കണ്ടതുപോലെ ഉറച്ചുനില്ക്കുകയാൽ രാജാവിന്‍റെ കോപത്തെ ഭയപ്പെട്ടില്ല. വിശ്വാസത്താൽ അവൻ തങ്ങളുടെ കടിഞ്ഞൂലുകളെ സംഹാരകൻ തൊടാതിരിപ്പാൻ പെസഹ ആചരിക്കുകയും വാതിലുകളിൽ രക്തം തളിക്കുകയും ചെയ്തു. വിശ്വാസത്താൽ അവർ ഉണങ്ങിയ നിലത്തു കൂടെ എന്നപോലെ ചെങ്കടലിൽ കൂടി കടന്നു; അത് മിസ്രയീമ്യർ ചെയ്‌വാൻ നോക്കിയപ്പോൾ ചെങ്കടൽ അവരെ വിഴുങ്ങികളഞ്ഞു. വിശ്വാസത്താൽ അവർ ഏഴു ദിവസം യെരിഹോപട്ടണ മതിലിനു ചുറ്റും നടന്നപ്പോൾ മതിൽ ഇടിഞ്ഞുവീണു. വിശ്വാസത്താൽ രാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടതിനാൽ അനുസരണം കെട്ടവരോടു കൂടെ നശിക്കാതിരുന്നു. ഇനി ഞാൻ എന്ത് പറയേണ്ടു? ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ച് വിവരിപ്പാൻ സമയം പോരാ. വിശ്വാസത്താൽ അവർ രാജ്യങ്ങളെ കീഴടക്കി, നീതി പ്രവർത്തിച്ചു, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായില്‍ നിന്നും വിടുവിക്കപ്പെട്ടു, തീയുടെ ബലം കെടുത്തി, വാൾമുനയിൽ നിന്നും രക്ഷപ്രാപിച്ചു, രോഗത്തിൽ സൗഖ്യം പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായ്തീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു. സ്ത്രീകൾക്ക് തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേറ്റതിനാൽ തിരികെ ലഭിച്ചു; മറ്റുചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പ് ലഭിക്കേണ്ടതിന് മോചനം സ്വീകരിക്കാതെ പീഢനം ഏറ്റു. വേറെ ചിലർ പരിഹാസം, ചാട്ടവാർ, ചങ്ങല, തടവ് ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. കല്ലേറ് ഏറ്റു, ഈർച്ചവാളാൽ രണ്ടായി അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു. കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്ക് യോഗ്യമായിരുന്നില്ല. അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്ത നിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന് ദൈവം നമുക്കുവേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.

എബ്രായർ 11:1-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. അതിനാലല്ലോ പൂർവ്വന്മാർക്കു സാക്ഷ്യം ലഭിച്ചതു. ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു. വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവന്നു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസത്താൽ ഹനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു. എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീർന്നു. വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു. വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു. വിശ്വാസത്താൽ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു. അതുകൊണ്ടു ഒരുവന്നു, മൃതപ്രായനായവന്നു തന്നേ, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതി ജനിച്ചു. ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു. ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്നു കാണിക്കുന്നു. അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ. അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ. വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു; മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു. വിശ്വാസത്താൽ യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു. വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു. വിശ്വാസത്താൽ യോസേഫ് താൻ മരിപ്പാറായപ്പോൾ യിസ്രായേൽമക്കളുടെ പുറപ്പാടിന്റെ കാര്യം ഓർപ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പനകൊടുത്തു. വിശ്വാസത്താൽ മോശെയുടെ ജനനത്തിങ്കൽ ശിശു സുന്ദരൻ എന്നു അമ്മയപ്പന്മാർ കണ്ടു: രാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു. വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു, പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു. വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു. വിശ്വാസത്താൽ അവൻ കടിഞ്ഞൂലുകളുടെ സംഹാരകൻ അവരെ തൊടാതിരിപ്പാൻ പെസഹയും ചോരത്തളിയും ആചരിച്ചു. വിശ്വാസത്താൽ അവർ കരയിൽ എന്നപോലെ ചെങ്കടലിൽ കൂടി കടന്നു; അതു മിസ്രയീമ്യർ ചെയ്‌വാൻ നോക്കീട്ടു മുങ്ങിപ്പോയി. വിശ്വാസത്താൽ അവർ ഏഴു ദിവസം ചുറ്റിനടന്നപ്പോൾ യെരീഹോമതിൽ ഇടിഞ്ഞുവീണു. വിശ്വാസത്താൽ റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു. ഇനി എന്തുപറയേണ്ടു? ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാൻ സമയം പോരാ. വിശ്വാസത്താൽ അവർ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടെച്ചു, തീയുടെ ബലം കെടുത്തു, വാളിന്റെ വായ്ക്കു തെറ്റി, ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായ്തീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു. സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്പിനാൽ തിരികെ കിട്ടി; മറ്റു ചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു. വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. കല്ലേറു ഏറ്റു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു. കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല. അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.

എബ്രായർ 11:1-40 സമകാലിക മലയാളവിവർത്തനം (MCV)

വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നവയുടെ ഉറപ്പും നമുക്ക് അദൃശ്യമായ കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. ഈ വിശ്വാസത്തിനാണ് പൂർവികർ പ്രശംസിക്കപ്പെട്ടത്. ദൈവവചനത്താൽ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് വിശ്വാസത്താൽ നാം മനസ്സിലാക്കുന്നു. അങ്ങനെ, ദൃശ്യമായതെല്ലാം അദൃശ്യമായതിൽനിന്ന് ഉളവായി എന്നു നാം അറിയുന്നു. ഹാബേൽ ദൈവത്തിനു കയീന്റേതിലും വിശിഷ്ടമായ ഒരു യാഗം, വിശ്വാസത്താൽ അർപ്പിച്ചു. അതിനാൽ അദ്ദേഹത്തിന് നീതിനിഷ്ഠൻ എന്നു സാക്ഷ്യം ലഭിച്ചു. ദൈവം അദ്ദേഹത്തിന്റെ വഴിപാട് അംഗീകരിച്ചു. അദ്ദേഹം മരിച്ചെങ്കിലും വിശ്വാസത്താൽ ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നു. ഹാനോക്ക് മരണം അനുഭവിക്കാതെ, വിശ്വാസത്താൽ എടുക്കപ്പെട്ടു; “ദൈവം അദ്ദേഹത്തെ തന്റെ അടുത്തേക്കെടുത്തതിനാൽ പിന്നെ കാണപ്പെട്ടതേയില്ല;” എടുക്കപ്പെടുന്നതിനു മുമ്പ്, ദൈവത്തെ പ്രസാദിപ്പിച്ചവൻ എന്ന സാക്ഷ്യം അദ്ദേഹത്തിനു ലഭിച്ചു. വിശ്വാസംകൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യം; ദൈവത്തിന്റെ അടുക്കൽ വരാൻ ആഗ്രഹിക്കുന്നയാൾ ദൈവം ഉണ്ടെന്നും തന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർക്ക് അവിടന്ന് പ്രതിഫലം നൽകുമെന്നും വിശ്വസിക്കേണ്ടതാണ്. നോഹ, അതുവരെയും കണ്ടിട്ടില്ലാതിരുന്ന കാര്യങ്ങളെക്കുറിച്ചു മുന്നറിയിപ്പു ലഭിച്ചപ്പോൾ തന്റെ കുടുംബത്തെ രക്ഷിക്കുന്നതിനുവേണ്ടി ഭയഭക്തിയോടെ, വിശ്വാസത്താൽ ഒരു വലിയ പെട്ടകം നിർമിച്ചു; വിശ്വാസത്താൽ ലോകത്തെ കുറ്റം വിധിച്ച്, വിശ്വാസത്തിൽ അധിഷ്ഠിതമായ നീതിക്ക് അവകാശിയായിത്തീർന്നു. അബ്രാഹാം തനിക്ക് ഓഹരിയായി ലഭിക്കാനിരുന്ന ദേശത്തേക്കു പോകാൻ വിളിക്കപ്പെട്ടപ്പോൾ താൻ എവിടേക്കു പോകുന്നു എന്നറിയാതെ വിശ്വാസത്താൽ അനുസരണയോടെ യാത്രപുറപ്പെട്ടു. അദ്ദേഹം വാഗ്ദാനദേശത്ത് വിശ്വാസത്താൽ ഒരു പ്രവാസിയെപ്പോലെ ജീവിച്ചു. ഇതേ വാഗ്ദാനത്തിന് അവകാശികളായ യിസ്ഹാക്കും യാക്കോബും അതുപോലെതന്നെ കൂടാരങ്ങളിൽ താമസിച്ചു. ദൈവം ശില്പിയും നിർമാതാവുമായി അടിസ്ഥാനമിട്ട ഒരു നഗരത്തിനായി അബ്രാഹാം കാത്തിരുന്നു. സാറ വന്ധ്യയും വയോധികയും ആയിരുന്നിട്ടും വിശ്വാസത്താൽ, “വാഗ്ദാനംചെയ്ത ദൈവം വിശ്വസ്തൻ” എന്നു കണക്കാക്കിയതുകൊണ്ട്, ഗർഭധാരണത്തിന് ശക്തയായിത്തീർന്നു. അങ്ങനെ ഒരു മനുഷ്യനിൽനിന്ന്, മൃതപ്രായനായവനിൽനിന്നുതന്നെ, ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും സമുദ്രതീരത്തെ മണൽത്തരിപോലെയും അസംഖ്യം സന്തതികൾ ഉത്ഭവിച്ചു. ഇവരെല്ലാവരും വിശ്വാസത്തിൽ മരണംവരെ ഉറച്ചുനിന്നു. അവർ സ്വന്തം ജീവിതകാലത്ത് വാഗ്ദാനനിവൃത്തി കരഗതമാകാതെ, ദൂരെനിന്ന് അവയെ (വിശ്വാസത്താൽ) കണ്ട്, ഈ ലോകത്തിൽ തങ്ങൾ അപരിചിതരും വിദേശികളും എന്നു ബോധ്യപ്പെട്ട് അവയെ (ആനന്ദത്തോടെ) സ്വാഗതംചെയ്തു. ഇങ്ങനെ (അവരുടെ പ്രവൃത്തിയിലൂടെ) പറയുന്നവർ, തങ്ങൾക്ക് സ്വന്തമായി ഒരു ദേശം അന്വേഷിക്കുന്നെന്നു സുവ്യക്തമാക്കുകയാണ്. തങ്ങൾ വിട്ടുപോന്ന ദേശത്തെക്കുറിച്ച് ഗൃഹാതുരരായിരുന്നെങ്കിൽ അവർക്ക് മടങ്ങിപ്പോകാൻ സമയമുണ്ടായിരുന്നു. എന്നാൽ അവരാകട്ടെ, അധികം ശ്രേഷ്ഠമായ സ്ഥലം, സ്വർഗീയമാതൃരാജ്യംതന്നെ, വാഞ്ഛിച്ചുകൊണ്ടിരുന്നു. അതുകൊണ്ടു ദൈവം, അവരുടെ ദൈവം എന്നു വിളിക്കപ്പെടാൻ ലജ്ജിക്കുന്നില്ല; കാരണം അവിടന്ന് അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നു. താൻ പരീക്ഷിക്കപ്പെട്ടപ്പോൾ അബ്രാഹാം വിശ്വാസത്താൽ യിസ്ഹാക്കിനെ യാഗമായി അർപ്പിച്ചു. “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്ന വാഗ്ദാനത്തെ സഹർഷം സ്വീകരിച്ചയാൾതന്നെ തന്റെ ഒരേയൊരു മകനെ യാഗാർപ്പണം ചെയ്യാൻ തയ്യാറായി. മരിച്ചവരെ ഉയിർപ്പിക്കാൻ ദൈവം ശക്തനെന്ന് അബ്രാഹാം താത്ത്വികമായി ചിന്തിച്ചു. ഒരുപ്രകാരത്തിൽ അവനെ, മരിച്ചവരിൽനിന്ന് ഉത്ഥാനംചെയ്തവനായി തിരികെ ലഭിക്കുകതന്നെയായിരുന്നു. യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും വിശ്വാസത്താൽ അവരുടെ ഭാവി മുൻകൂട്ടിക്കണ്ട് അനുഗ്രഹിച്ചു. ആസന്നമരണനായ യാക്കോബ് തന്റെ വടിയുടെ തലയ്ക്കൽ ഊന്നിനിന്ന് യോസേഫിന്റെ പുത്രന്മാർ ഇരുവരെയും വിശ്വാസത്താൽ അനുഗ്രഹിച്ചു. യോസേഫ് തന്റെ ജീവിതാന്ത്യത്തിൽ, ഈജിപ്റ്റിൽനിന്നുള്ള ഇസ്രായേല്യരുടെ പലായനത്തിന്റെ കാര്യം, വിശ്വാസത്താൽ പരാമർശിക്കുകയും തന്റെ അസ്ഥികളുടെ പുനഃസംസ്കരണത്തെക്കുറിച്ച് നിർദേശിക്കുകയും ചെയ്തു. മോശ ജനിച്ചപ്പോൾ, ശിശു അസാധാരണ സൗന്ദര്യം ഉള്ളവനെന്ന് അവന്റെ മാതാപിതാക്കൾ കണ്ടിട്ട് വിശ്വാസത്താൽ മൂന്നുമാസം അവനെ ഒളിച്ചുവെച്ചു. അവർ രാജാവിന്റെ ആജ്ഞയെ ഭയപ്പെട്ടതേയില്ല. മോശ വളർന്നപ്പോൾ “ഫറവോന്റെ പുത്രിയുടെ മകൻ” എന്നു വിളിക്കപ്പെടാൻ വിസമ്മതിച്ചത് ഈ വിശ്വാസത്താൽത്തന്നെയാണ്. അദ്ദേഹം പാപത്തിന്റെ ക്ഷണനേരത്തേക്കുള്ള ആസ്വാദനത്തെക്കാൾ, ദൈവജനം സഹിക്കുന്ന കഷ്ടതയിൽ പങ്കുചേരുന്നത് തെരഞ്ഞെടുത്തു; അദ്ദേഹം ഈജിപ്റ്റിലെ അമൂല്യ സമ്പത്തിനെക്കാൾ ക്രിസ്തുവിനെപ്രതിയുള്ള അപമാനം മൂല്യമേറിയതെന്നു കരുതി. കാരണം മോശ ദൈവത്തിൽനിന്ന് തനിക്കു ലഭിക്കാനുള്ള പ്രതിഫലത്തിൽ സ്ഥിരചിത്തനായിരുന്നു. അദ്ദേഹം വിശ്വാസത്താൽ രാജകോപം ഭയപ്പെടാതെ ഈജിപ്റ്റ് വിട്ടുപോന്നു; അദൃശ്യനായ ദൈവത്തെ ദർശിച്ചു എന്നതുപോലെ തന്റെ പ്രയാണം തുടർന്നു. ആദ്യജാതന്മാരെ സംഹരിക്കുന്ന ദൂതൻ ഇസ്രായേല്യരുടെ ആദ്യജാതന്മാരെ സ്പർശിക്കാതിരിക്കേണ്ടതിനായി മോശ വിശ്വാസത്താൽ പെസഹ ആചരിക്കുകയും രക്തം (വീടുകളുടെ കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും) പുരട്ടുകയും ചെയ്തു. ഇസ്രായേല്യർ വിശ്വാസത്താൽ, ഉണങ്ങിയ നിലത്തെന്നപോലെ ചെങ്കടൽ കടന്നു; എന്നാൽ അതിന് ഈജിപ്റ്റുകാർ പരിശ്രമിച്ചപ്പോൾ അവരെല്ലാം മുങ്ങിമരിച്ചു. ഇസ്രായേൽസൈന്യം വിശ്വാസത്താൽ ഏഴുദിവസം യെരീഹോക്കോട്ട വലംവെച്ചു; അത് നിലംപൊത്തി. രാഹാബ് എന്ന ഗണിക വിശ്വാസത്താൽ ചാരന്മാരെ സമാധാനത്തോടെ സ്വാഗതം ചെയ്തതുകൊണ്ട് വിശ്വസിക്കാതിരുന്ന മറ്റുള്ളവരോടൊപ്പം നശിക്കാതിരുന്നു. ഇതിലുപരിയായി എന്താണ് എഴുതേണ്ടത്? ഗിദെയോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ്, ശമുവേൽ എന്നിവരെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും ഇപ്പോൾ പരാമർശിക്കാൻ നിവൃത്തിയില്ല. അവർ വിശ്വാസത്താൽ രാജ്യങ്ങൾ പിടിച്ചടക്കി, നീതി നിർവഹിച്ചു, വാഗ്ദാനങ്ങൾ സ്വായത്തമാക്കി, സിംഹങ്ങളുടെ വായ് അടച്ചു, അഗ്നിജ്വാലകളുടെ തീക്ഷ്ണത ശമിപ്പിച്ചു, വാളിന്റെ വായ്ത്തലയിൽനിന്ന് രക്ഷപ്പെട്ടു, ബലഹീനതയിൽനിന്ന് ശക്തിയാർജിച്ചു, അവർ വീരസേനാനികളായി ശത്രുസൈന്യത്തെ തുരത്തിയോടിച്ചു. ചില സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ജീവനോടെ തിരികെ കിട്ടി, മറ്റുചിലർ രക്ഷപ്പെടാൻ ആഗ്രഹിക്കാതെ ശ്രേഷ്ഠമായ പുനരുത്ഥാനം ലഭിക്കേണ്ടതിന് മരണംവരെ പീഡനം ഏറ്റു. വേറെചിലർ പരിഹാസം, ചമ്മട്ടിയടി, ചങ്ങല, തടവ് എന്നിവ സഹിച്ചു. ചിലർ കല്ലേറിനാൽ വധിക്കപ്പെട്ടു, ഈർച്ചവാളാൽ പിളർത്തപ്പെട്ടു, വാളിനാൽ കൊല്ലപ്പെട്ടു. ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തുകൽ ധരിച്ച്, നിരാശ്രയരും പീഡിതരും നിന്ദിതരുമായി കാടുകളിലും മലകളിലും അലഞ്ഞുതിരിഞ്ഞു, ഗുഹകളിലും മാളങ്ങളിലുമായി ജീവിച്ചു. ലോകം അവർക്ക് അനുയോജ്യമായിരുന്നില്ല. അവർ എല്ലാവരും തങ്ങളുടെ വിശ്വാസത്തിന് അഭിനന്ദിക്കപ്പെട്ടുവെങ്കിലും അവരിൽ ആരുംതന്നെ വാഗ്ദാനനിവൃത്തി പ്രാപിച്ചില്ല. നമ്മോടുചേർന്ന് അവരും പൂർണത പ്രാപിക്കാനായി ദൈവം നമുക്കുവേണ്ടി ഏറ്റവും ശ്രേഷ്ഠമായതു കരുതിയിരുന്നു.