ISAIA 16

16
1മോവാബിലെ ജനങ്ങൾ സേലായിൽനിന്നു യെരൂശലേമിന്റെ ദേശാധിപതിക്കു സമ്മാനമായി ആട്ടിൻകുട്ടികളെ മരുഭൂമി വഴി സീയോൻപുത്രിയുടെ മലയിലേക്കു കൊടുത്തയയ്‍ക്കട്ടെ. 2മോവാബിലെ ജനം അർന്നോൻനദിയുടെ പടവുകളിൽ കൂടുവിട്ടലയുന്ന കിളിക്കുഞ്ഞുങ്ങളെപ്പോലെയും ചിറകടിക്കുന്ന പക്ഷികളെപ്പോലെയും ആയിരിക്കും. 3ഞങ്ങളെ ഉപദേശിക്കുക; ഞങ്ങൾക്ക് നീതി നടത്തിത്തരിക; നട്ടുച്ചയ്‍ക്കു ഞങ്ങൾക്കു രാത്രിപോലെയുള്ള തണലേകുക. 4മോവാബിലെ ഭൃഷ്ടർ നിങ്ങളുടെകൂടെ വസിക്കട്ടെ. അഭയാർഥികൾക്കു നിങ്ങൾ രക്ഷാസങ്കേതം നല്‌കുക. അവർക്കു നാശം നേരിടാതെ നിങ്ങൾ അഭയം നല്‌കുക. മർദകൻ ഇല്ലാതാകുകയും സംഹാരം അവസാനിക്കുകയും അക്രമികൾ ദേശത്തുനിന്ന് അപ്രത്യക്ഷമാകുകയും ചെയ്യുമ്പോൾ, 5സുസ്ഥിരമായ സ്നേഹത്തിന്മേൽ ഒരു സിംഹാസനം സ്ഥാപിതമാകും. അതിൽ ദാവീദ്‍വംശജനായ ഒരു രാജാവ് ഇരുന്നു ന്യായംപാലിക്കുകയും ചുറുചുറുക്കോടെ നീതിനടത്തുകയും ചെയ്യും. ഞങ്ങൾ മോവാബിന്റെ ഗർവത്തെപ്പറ്റി കേട്ടിട്ടുണ്ട്.
6അവരുടെ അഹങ്കാരത്തെയും ധാർഷ്ഠ്യത്തെയും ധിക്കാരത്തെയും കുറിച്ചു ഞങ്ങൾക്കറിയാം. അവരുടെ ആത്മപ്രശംസ അർഥശൂന്യം. 7അതുകൊണ്ടു മോവാബു വിലപിക്കട്ടെ. എല്ലാവരും മോവാബിനുവേണ്ടി നിലവിളിക്കട്ടെ. കീർഹരേശേത്തിലെ മുന്തിരിയടകളെക്കുറിച്ചോർത്ത് അവർ കരയട്ടെ.
8ഹെശ്ബോനിലെ വയലുകളും ശിബ്മായിലെ മുന്തിരിത്തോട്ടങ്ങളും വാടിക്കരിയുന്നു. യാസേർവരെ നീണ്ടു മരുഭൂമിവരെ വ്യാപിച്ചിരുന്ന അവിടത്തെ മുന്തിരിവള്ളികളുടെ ശാഖകളും തലപ്പുകളും വിജാതീയരാജാക്കന്മാർ ഒടിച്ചുകളഞ്ഞു. അതിന്റെ ശാഖകൾ കടലിനക്കരെവരെയും എത്തിയിരുന്നു. 9അതുകൊണ്ട് ഞാൻ യാസേറിനോടൊത്ത് ശിബ്മായിലെ മുന്തിരിയെച്ചൊല്ലി കരയും. ഹെശ്ബോനേ, എലയാലേ, നിങ്ങൾ എന്റെ കണ്ണുനീരിൽ കുതിരും, നിങ്ങളുടെ കനികൾക്കും വിളവെടുപ്പിനും നേരെ പോർവിളി മുഴങ്ങുന്നു. 10ഫലസമൃദ്ധമായ തോട്ടത്തിൽ ആർപ്പുവിളിയും ആഹ്ലാദവും ഇല്ലാതായിരിക്കുന്നു. മുന്തിരിത്തോട്ടത്തിൽ പാട്ടുകേൾക്കുന്നില്ല. മുന്തിരിച്ചക്കു ചവുട്ടുന്നവർ വീഞ്ഞ് ഉത്പാദിപ്പിക്കുന്നില്ല. മുന്തിരി വിളവെടുപ്പിന്റെ ആർപ്പുവിളി കേൾക്കുന്നില്ല. 11അതുകൊണ്ട്, മോവാബിനെക്കുറിച്ച് എന്റെ അന്തരംഗവും കീർഹശിനെക്കുറിച്ച് എന്റെ ഹൃദയവും കിന്നരംപോലെ വിലാപനാദം ഉയർത്തും. 12മോവാബ്യർ പാടുപെട്ട് പൂജാഗിരിയിൽ ചെന്നു പ്രാർഥിച്ചാലും ഫലം ഉണ്ടാകുകയില്ല.
13ഇതാകുന്നു മോവാബിനെക്കുറിച്ചു സർവേശ്വരൻ പണ്ടുതന്നെ അരുളിച്ചെയ്ത വചനം. 14എന്നാൽ ഇപ്പോൾ അവിടുന്ന് അരുളിച്ചെയ്യുന്നു: കൂലിക്കാരൻ കണക്കാക്കുന്നതുപോലെ മൂന്നുവർഷത്തിനകം സംഖ്യാബലമുണ്ടെങ്കിലും മോവാബിന്റെ പ്രതാപം നിശ്ചയമായും അസ്തമിക്കും. ദുർബലരായ ഒരു ചെറിയ കൂട്ടം മാത്രമേ അവശേഷിക്കൂ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ISAIA 16: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക