ISAIA 61

61
1സർവേശ്വരനായ ദൈവത്തിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്, കാരണം പീഡിതനെ സദ്‍വാർത്ത അറിയിക്കാൻ സർവേശ്വരൻ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു; ഹൃദയം തകർന്നവരുടെ മുറിവു കെട്ടാനും തടവുകാർക്കു സ്വാതന്ത്ര്യവും ബന്ധികൾക്കു കാരാഗൃഹമോചനവും പ്രഖ്യാപിക്കാനും; 2സർവേശ്വരന്റെ പ്രസാദവർഷവും ദൈവത്തിന്റെ പ്രതികാരദിനവും പ്രഖ്യാപിക്കാനും ദുഃഖിക്കുന്നവരെയെല്ലാം ആശ്വസിപ്പിക്കാനും 3സീയോനിലെ സങ്കടപ്പെടുന്നവർക്ക് ചാരത്തിനു പകരം പൂമാല നല്‌കാനും, സങ്കടത്തിനു പകരം ആനന്ദതൈലവും തളർന്നമനസ്സിനു പകരം സ്തുതിയുടെ മേലങ്കിയും നല്‌കാനും അവിടുന്ന് എന്നെ അയച്ചിരിക്കുന്നു; അവിടുന്ന് മഹത്ത്വപ്പെടേണ്ടതിന് സർവേശ്വരൻ നട്ടുവളർത്തിയ നീതിയുടെ ഓക്കുമരങ്ങൾ എന്നും അവർ വിളിക്കപ്പെടുന്നു. 4പുരാതന അവശിഷ്ടങ്ങൾ അവർ പുതുക്കിപ്പണിയും; പണ്ടു നശിച്ചുപോയവ അവർ പണിതുയർത്തും; തലമുറകളായി നശിപ്പിക്കപ്പെട്ട പട്ടണങ്ങളുടെ കേടുപാടുകൾ അവർ തീർക്കും.
5അന്യർ നിങ്ങളുടെ ആട്ടിൻപറ്റത്തെ മേയിക്കാൻ നില്‌ക്കും, പരദേശികൾ നിങ്ങളുടെ ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആകും; 6എന്നാൽ നിങ്ങൾ സർവേശ്വരന്റെ പുരോഹിതർ എന്നു വിളിക്കപ്പെടും, ദൈവത്തിന്റെ ശുശ്രൂഷകരെന്നു നിങ്ങളെക്കുറിച്ചു മനുഷ്യർ പറയും; ജനതകളുടെ സമ്പത്ത് നിങ്ങൾ ഭക്ഷിച്ച് അവരുടെ മഹത്ത്വത്തിന് അവകാശികളായിത്തീരും. 7നിങ്ങളുടെ നാണക്കേടിനു പകരം നിങ്ങൾക്ക് ഇരട്ടി പങ്കു ലഭിക്കും; നിങ്ങളുടെ അപമാനത്തിനു പകരം നിങ്ങൾ നിങ്ങളുടെ ഓഹരിയിൽ സന്തോഷിക്കും; അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ദേശത്ത് ഇരട്ടി പങ്ക് കൈവശമാക്കും; നിങ്ങളുടെ ആനന്ദം എന്നും നിലനില്‌ക്കുന്നതായിരിക്കും.
8കാരണം സർവേശ്വരനായ ഞാൻ നീതി ഇഷ്ടപ്പെടുന്നു; കവർച്ചയും തിന്മയും ഞാൻ വെറുക്കുന്നു; വിശ്വസ്തതയോടെ ഞാൻ അവർക്കു പ്രതിഫലം നല്‌കി അവരുമായി എന്നും നിലനില്‌ക്കുന്ന ഉടമ്പടി ഉണ്ടാക്കും. 9അവരുടെ പിൻഗാമികൾ ജനതകൾക്കിടയിലും, അവരുടെ സന്തതികൾ ജനങ്ങൾക്കിടയിലും അറിയപ്പെടും; അവരെ കാണുന്നവരെല്ലാം സർവേശ്വരനാൽ അനുഗ്രഹിക്കപ്പെട്ട ഒരു ജനമാണ് അവർ എന്ന് അംഗീകരിക്കും.
10ഞാൻ സർവേശ്വരനിൽ അത്യധികം സന്തോഷിക്കും, എന്റെ ആത്മാവ് എന്റെ ദൈവത്തിൽ ജയാഹ്ലാദം കൊള്ളും; മണവാളൻ പൂമാല അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങൾ ചാർത്തുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചിരിക്കുന്നു; എന്നെ നീതിയുടെ മേലങ്കിയാൽ മറച്ചിരിക്കുന്നു. 11ഭൂമി മുളകൾ പുറപ്പെടുവിക്കുന്നതുപോലെയും തോട്ടം അതിൽ വിതച്ച വിത്ത് കിളിർപ്പിക്കുന്നതുപോലെയും സർവേശ്വരനായ ദൈവം എല്ലാ ജനതകളുടെയും മുമ്പാകെ നീതിയും സ്തുതിയും മുളപ്പിക്കും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ISAIA 61: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക