ഇതു പറഞ്ഞശേഷം യേശു സ്വർഗത്തിലേക്കു ദൃഷ്‍ടികളുയർത്തി ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, സമയം ആയിരിക്കുന്നു. അവിടുത്തെ പുത്രൻ അങ്ങയെ മഹത്ത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്ത്വപ്പെടുത്തിയാലും. അവിടുന്ന് ഏല്പിച്ചിട്ടുള്ളവർക്കെല്ലാം അനശ്വരജീവൻ നല്‌കേണ്ടതിനു സകല മനുഷ്യരുടെയുംമേൽ അവിടുത്തെ പുത്രന് അധികാരം നല്‌കിയിരിക്കുന്നു. ഏക സത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെയാണല്ലോ അനശ്വരജീവൻ. അങ്ങ് എന്നെ ഏല്പിച്ച ജോലി പൂർത്തീകരിച്ചുകൊണ്ട് ഞാൻ ഭൂമിയിൽ അങ്ങയെ മഹത്ത്വപ്പെടുത്തി. പിതാവേ, പ്രപഞ്ചോല്പത്തിക്കുമുമ്പ് എനിക്ക് അങ്ങയോടുകൂടിയുണ്ടായിരുന്ന മഹത്ത്വത്താൽ ഇപ്പോൾ എന്നെ മഹത്ത്വപ്പെടുത്തണമേ. ലോകത്തിൽനിന്ന് എനിക്കു നല്‌കിയവർക്ക് അവിടുത്തെ നാമം ഞാൻ വെളിപ്പെടുത്തി. അവർ അങ്ങേക്കുള്ളവരായിരുന്നു. അങ്ങ് അവരെ എനിക്കു നല്‌കി; അങ്ങയുടെ വചനം അവർ അനുസരിക്കുകയും ചെയ്തിരിക്കുന്നു. എനിക്ക് അങ്ങു നല്‌കിയിട്ടുള്ളതെല്ലാം അങ്ങയിൽനിന്നുള്ളവയാണെന്ന് ഇപ്പോൾ അവർ അറിഞ്ഞിരിക്കുന്നു. എന്തെന്നാൽ അവിടുന്ന് എനിക്കു നല്‌കിയ ഉപദേശങ്ങൾ ഞാൻ അവർക്കു നല്‌കി. അവർ അതു സ്വീകരിക്കുകയും അങ്ങയിൽനിന്നാണു ഞാൻ വന്നതെന്ന് യഥാർഥമായി ഗ്രഹിക്കുകയും അവിടുന്നാണ് എന്നെ അയച്ചതെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. “ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു; ലോകത്തിനുവേണ്ടിയല്ല. അങ്ങ് എനിക്കു നല്‌കിയിട്ടുള്ളവർ അവിടുത്തെ സ്വന്തം ആയതുകൊണ്ട് അവർക്കുവേണ്ടിയാണ് ഞാൻ അപേക്ഷിക്കുന്നത്. എനിക്കുള്ളവരെല്ലാം അങ്ങേക്കുള്ളവർതന്നെ; അങ്ങേക്കുള്ളവർ എനിക്കുള്ളവരും. അവരിൽകൂടി എന്റെ മഹത്ത്വം വെളിപ്പെട്ടിരിക്കുന്നു. ഇനി ഞാൻ ലോകത്തിൽ ഉണ്ടായിരിക്കുകയില്ല. അവരാകട്ടെ ലോകത്തിൽ ആകുന്നു; അവിടുത്തെ സന്നിധിയിലേക്കു ഞാൻ വരുന്നു. പരിശുദ്ധപിതാവേ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകുന്നതിന് അവിടുന്ന് എന്നെ ഏല്പിച്ചവരെയെല്ലാം അവിടുത്തെ നാമത്തിൽ കാത്തുകൊള്ളണമേ. അവരോടുകൂടി ആയിരുന്നപ്പോൾ അവിടുത്തെ നാമത്തിനു ചേർന്നവിധം ഞാൻ അവരെ കാത്തു; അവരെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്തു. ആ നാശയോഗ്യനല്ലാതെ അവരിൽ ആരുംതന്നെ നഷ്ടപ്പെട്ടിട്ടില്ല. വേദലിഖിതം നിറവേറേണ്ടതാണല്ലോ. ഇപ്പോൾ ഞാൻ അങ്ങയുടെ അടുക്കലേക്കു വരുന്നു. എന്റെ ആനന്ദം അവർക്കു സമ്പൂർണമായി ഉണ്ടാകുവാൻ ഞാൻ ലോകത്തിൽവച്ച് ഇതു സംസാരിക്കുന്നു. അവിടുത്തെ വചനം ഞാൻ അവർക്കു നല്‌കി. ഞാൻ ലോകത്തിന്റെ വകയല്ലാത്തതുപോലെ അവരും ലോകത്തിന്റെ വകയല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തിരിക്കുന്നു. അവരെ ലോകത്തിൽനിന്നു നീക്കണമെന്നല്ല പൈശാചിക ശക്തിയിൽനിന്ന് അവരെ കാത്തു രക്ഷിക്കണം എന്നു ഞാൻ പ്രാർഥിക്കുന്നു. ഞാൻ ലോകത്തിന്റെ വകയല്ലാത്തതുപോലെ അവരും ലോകത്തിന്റെ വകയല്ലല്ലോ. സത്യത്താൽ അവരെ വിശുദ്ധീകരിക്കണമേ; അവിടുത്തെ വചനമാണല്ലോ സത്യം. അങ്ങ് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു. സത്യത്താൽ അവർ അങ്ങേക്കു സമർപ്പിക്കപ്പെടുന്നതിനുവേണ്ടി ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. “അവർക്കുവേണ്ടി മാത്രമല്ല, അവരുടെ വചനംമൂലം എന്നിൽ വിശ്വസിക്കാനിരുന്നവർക്കുവേണ്ടിയും ഞാൻ പ്രാർഥിക്കുന്നു. പിതാവേ, അവിടുന്ന് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരെല്ലാവരും ഒന്നായിത്തീരണമേ. അങ്ങനെ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിക്കുവാൻവേണ്ടി അവർ നമ്മിലായിത്തീരണമേ. അങ്ങും ഞാനും ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുവാൻവേണ്ടി അങ്ങ് എനിക്കു നല്‌കിയ മഹത്ത്വം ഞാൻ അവർക്കു നല്‌കിയിരിക്കുന്നു. അങ്ങനെ ഞാൻ അവരിലും അങ്ങ് എന്നിലും ആയിരിക്കുന്നതിനാൽ, അവർ സമ്പൂർണമായി ഐക്യത്തിൽ ആകണമേ. തന്മൂലം അവിടുന്ന് എന്നെ അയച്ചു എന്നും എന്നെ സ്നേഹിക്കുന്നതുപോലെ അങ്ങ് അവരെ സ്നേഹിക്കുന്നു എന്നും മനുഷ്യവർഗം അറിയുന്നതിന് ഇടയാകട്ടെ. “പിതാവേ, പ്രപഞ്ചസൃഷ്‍ടിക്കു മുമ്പുതന്നെ അങ്ങ് എന്നെ സ്നേഹിച്ചിരുന്നു. ആ സ്നേഹം മൂലം അങ്ങ് എനിക്കു നല്‌കിയിരിക്കുന്ന മഹത്ത്വം എനിക്കു നല്‌കിയിട്ടുള്ളവർ ദർശിക്കുന്നതിന് ഞാൻ എവിടെ ആയിരിക്കുന്നുവോ അവിടെ അവരും ഉണ്ടായിരിക്കണമെന്ന് ഞാൻ ഇച്ഛിക്കുന്നു. നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാൽ ഞാൻ അങ്ങയെ അറിയുന്നു; അങ്ങ് എന്നെ അയച്ചു എന്ന് ഇവരും അറിയുന്നു. അങ്ങേക്ക് എന്നോടുള്ള സ്നേഹം ഇവരിൽ ഉണ്ടായിരിക്കുന്നതിനും ഞാൻ ഇവരിൽ വസിക്കുന്നതിനും അങ്ങയുടെ നാമം ഞാൻ ഇവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനി വെളിപ്പെടുത്തുകയും ചെയ്യും.”
JOHANA 17 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOHANA 17:1-26
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ