യോഹന്നാൻ 17:1-26

യോഹന്നാൻ 17:1-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇതു സംസാരിച്ചിട്ടു യേശു സ്വർഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്ത്വപ്പെടുത്തേണ്ടതിനു പുത്രനെ മഹത്ത്വപ്പെടുത്തേണമേ. നീ അവനു നല്കിയിട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിനു നീ സകല ജഡത്തിന്മേലും അവന് അധികാരം നല്കിയിരിക്കുന്നുവല്ലോ. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു. ഞാൻ ഭൂമിയിൽ നിന്നെ മഹത്ത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാൻ തന്ന പ്രവൃത്തി തികച്ചിരിക്കുന്നു. ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പേ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്ത്വപ്പെടുത്തേണമേ. നീ ലോകത്തിൽനിന്ന് എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു. നീ എനിക്കു തന്നത് എല്ലാം നിന്റെ പക്കൽനിന്ന് ആകുന്നു എന്ന് അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു. നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു, ഞാൻ നിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്ന് വിശ്വസിച്ചുമിരിക്കുന്നു. ഞാൻ അവർക്കുവേണ്ടി അപേക്ഷിക്കുന്നു; ലോകത്തിനുവേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ട് അവർക്കുവേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നത്. എൻറേത് എല്ലാം നിൻറേതും നിൻറേത് എൻറേതും ആകുന്നു; ഞാൻ അവരിൽ മഹത്ത്വപ്പെട്ടുമിരിക്കുന്നു. ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ. അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിനു നിവൃത്തി വരേണ്ടതിന് ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല. ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്ക് ഉള്ളിൽ പൂർണമാകേണ്ടതിന് ഇതു ലോകത്തിൽ വച്ചു സംസാരിക്കുന്നു. ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ട് ലോകം അവരെ പകച്ചു. അവരെ ലോകത്തിൽനിന്ന് എടുക്കേണം എന്നല്ല ദുഷ്ടന്റെ കൈയിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്. ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നു. നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്ക് അയച്ചിരിക്കുന്നു. അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന് ഞാൻ അവർക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. ഇവർക്കുവേണ്ടി മാത്രമല്ല ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിനു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ, അവരും നമ്മിൽ ആകേണ്ടതിനുതന്നെ. നീ എനിക്കു തന്നിട്ടുള്ള മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിനും ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിനുംതന്നെ. പിതാവേ, നീ ലോകസ്ഥാപനത്തിനു മുമ്പേ എന്നെ സ്നേഹിച്ചിരിക്കകൊണ്ട് എനിക്കു നല്കിയ മഹത്ത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിനു ഞാൻ ഇരിക്കുന്ന ഇടത്ത് അവരും എന്നോടുകൂടെ ഇരിക്കേണം എന്ന് ഞാൻ ഇച്ഛിക്കുന്നു. നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്ന് ഇവരും അറിഞ്ഞിരിക്കുന്നു. നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.

യോഹന്നാൻ 17:1-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇതു പറഞ്ഞശേഷം യേശു സ്വർഗത്തിലേക്കു ദൃഷ്‍ടികളുയർത്തി ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, സമയം ആയിരിക്കുന്നു. അവിടുത്തെ പുത്രൻ അങ്ങയെ മഹത്ത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്ത്വപ്പെടുത്തിയാലും. അവിടുന്ന് ഏല്പിച്ചിട്ടുള്ളവർക്കെല്ലാം അനശ്വരജീവൻ നല്‌കേണ്ടതിനു സകല മനുഷ്യരുടെയുംമേൽ അവിടുത്തെ പുത്രന് അധികാരം നല്‌കിയിരിക്കുന്നു. ഏക സത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെയാണല്ലോ അനശ്വരജീവൻ. അങ്ങ് എന്നെ ഏല്പിച്ച ജോലി പൂർത്തീകരിച്ചുകൊണ്ട് ഞാൻ ഭൂമിയിൽ അങ്ങയെ മഹത്ത്വപ്പെടുത്തി. പിതാവേ, പ്രപഞ്ചോല്പത്തിക്കുമുമ്പ് എനിക്ക് അങ്ങയോടുകൂടിയുണ്ടായിരുന്ന മഹത്ത്വത്താൽ ഇപ്പോൾ എന്നെ മഹത്ത്വപ്പെടുത്തണമേ. ലോകത്തിൽനിന്ന് എനിക്കു നല്‌കിയവർക്ക് അവിടുത്തെ നാമം ഞാൻ വെളിപ്പെടുത്തി. അവർ അങ്ങേക്കുള്ളവരായിരുന്നു. അങ്ങ് അവരെ എനിക്കു നല്‌കി; അങ്ങയുടെ വചനം അവർ അനുസരിക്കുകയും ചെയ്തിരിക്കുന്നു. എനിക്ക് അങ്ങു നല്‌കിയിട്ടുള്ളതെല്ലാം അങ്ങയിൽനിന്നുള്ളവയാണെന്ന് ഇപ്പോൾ അവർ അറിഞ്ഞിരിക്കുന്നു. എന്തെന്നാൽ അവിടുന്ന് എനിക്കു നല്‌കിയ ഉപദേശങ്ങൾ ഞാൻ അവർക്കു നല്‌കി. അവർ അതു സ്വീകരിക്കുകയും അങ്ങയിൽനിന്നാണു ഞാൻ വന്നതെന്ന് യഥാർഥമായി ഗ്രഹിക്കുകയും അവിടുന്നാണ് എന്നെ അയച്ചതെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. “ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു; ലോകത്തിനുവേണ്ടിയല്ല. അങ്ങ് എനിക്കു നല്‌കിയിട്ടുള്ളവർ അവിടുത്തെ സ്വന്തം ആയതുകൊണ്ട് അവർക്കുവേണ്ടിയാണ് ഞാൻ അപേക്ഷിക്കുന്നത്. എനിക്കുള്ളവരെല്ലാം അങ്ങേക്കുള്ളവർതന്നെ; അങ്ങേക്കുള്ളവർ എനിക്കുള്ളവരും. അവരിൽകൂടി എന്റെ മഹത്ത്വം വെളിപ്പെട്ടിരിക്കുന്നു. ഇനി ഞാൻ ലോകത്തിൽ ഉണ്ടായിരിക്കുകയില്ല. അവരാകട്ടെ ലോകത്തിൽ ആകുന്നു; അവിടുത്തെ സന്നിധിയിലേക്കു ഞാൻ വരുന്നു. പരിശുദ്ധപിതാവേ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകുന്നതിന് അവിടുന്ന് എന്നെ ഏല്പിച്ചവരെയെല്ലാം അവിടുത്തെ നാമത്തിൽ കാത്തുകൊള്ളണമേ. അവരോടുകൂടി ആയിരുന്നപ്പോൾ അവിടുത്തെ നാമത്തിനു ചേർന്നവിധം ഞാൻ അവരെ കാത്തു; അവരെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്തു. ആ നാശയോഗ്യനല്ലാതെ അവരിൽ ആരുംതന്നെ നഷ്ടപ്പെട്ടിട്ടില്ല. വേദലിഖിതം നിറവേറേണ്ടതാണല്ലോ. ഇപ്പോൾ ഞാൻ അങ്ങയുടെ അടുക്കലേക്കു വരുന്നു. എന്റെ ആനന്ദം അവർക്കു സമ്പൂർണമായി ഉണ്ടാകുവാൻ ഞാൻ ലോകത്തിൽവച്ച് ഇതു സംസാരിക്കുന്നു. അവിടുത്തെ വചനം ഞാൻ അവർക്കു നല്‌കി. ഞാൻ ലോകത്തിന്റെ വകയല്ലാത്തതുപോലെ അവരും ലോകത്തിന്റെ വകയല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തിരിക്കുന്നു. അവരെ ലോകത്തിൽനിന്നു നീക്കണമെന്നല്ല പൈശാചിക ശക്തിയിൽനിന്ന് അവരെ കാത്തു രക്ഷിക്കണം എന്നു ഞാൻ പ്രാർഥിക്കുന്നു. ഞാൻ ലോകത്തിന്റെ വകയല്ലാത്തതുപോലെ അവരും ലോകത്തിന്റെ വകയല്ലല്ലോ. സത്യത്താൽ അവരെ വിശുദ്ധീകരിക്കണമേ; അവിടുത്തെ വചനമാണല്ലോ സത്യം. അങ്ങ് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു. സത്യത്താൽ അവർ അങ്ങേക്കു സമർപ്പിക്കപ്പെടുന്നതിനുവേണ്ടി ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. “അവർക്കുവേണ്ടി മാത്രമല്ല, അവരുടെ വചനംമൂലം എന്നിൽ വിശ്വസിക്കാനിരുന്നവർക്കുവേണ്ടിയും ഞാൻ പ്രാർഥിക്കുന്നു. പിതാവേ, അവിടുന്ന് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരെല്ലാവരും ഒന്നായിത്തീരണമേ. അങ്ങനെ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിക്കുവാൻവേണ്ടി അവർ നമ്മിലായിത്തീരണമേ. അങ്ങും ഞാനും ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുവാൻവേണ്ടി അങ്ങ് എനിക്കു നല്‌കിയ മഹത്ത്വം ഞാൻ അവർക്കു നല്‌കിയിരിക്കുന്നു. അങ്ങനെ ഞാൻ അവരിലും അങ്ങ് എന്നിലും ആയിരിക്കുന്നതിനാൽ, അവർ സമ്പൂർണമായി ഐക്യത്തിൽ ആകണമേ. തന്മൂലം അവിടുന്ന് എന്നെ അയച്ചു എന്നും എന്നെ സ്നേഹിക്കുന്നതുപോലെ അങ്ങ് അവരെ സ്നേഹിക്കുന്നു എന്നും മനുഷ്യവർഗം അറിയുന്നതിന് ഇടയാകട്ടെ. “പിതാവേ, പ്രപഞ്ചസൃഷ്‍ടിക്കു മുമ്പുതന്നെ അങ്ങ് എന്നെ സ്നേഹിച്ചിരുന്നു. ആ സ്നേഹം മൂലം അങ്ങ് എനിക്കു നല്‌കിയിരിക്കുന്ന മഹത്ത്വം എനിക്കു നല്‌കിയിട്ടുള്ളവർ ദർശിക്കുന്നതിന് ഞാൻ എവിടെ ആയിരിക്കുന്നുവോ അവിടെ അവരും ഉണ്ടായിരിക്കണമെന്ന് ഞാൻ ഇച്ഛിക്കുന്നു. നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാൽ ഞാൻ അങ്ങയെ അറിയുന്നു; അങ്ങ് എന്നെ അയച്ചു എന്ന് ഇവരും അറിയുന്നു. അങ്ങേക്ക് എന്നോടുള്ള സ്നേഹം ഇവരിൽ ഉണ്ടായിരിക്കുന്നതിനും ഞാൻ ഇവരിൽ വസിക്കുന്നതിനും അങ്ങയുടെ നാമം ഞാൻ ഇവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനി വെളിപ്പെടുത്തുകയും ചെയ്യും.”

യോഹന്നാൻ 17:1-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഇതു സംസാരിച്ചിട്ട് യേശു സ്വർഗ്ഗത്തേക്ക് നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്‍റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്വപ്പെടുത്തേണമേ. നീ അവനു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കണ്ടതിന് നീ സകലജഡത്തിന്മേലും അവനു അധികാരം നല്കിയിരിക്കുന്നുവല്ലോ. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ ആകുന്നു. നീ എനിക്ക് ചെയ്‌വാൻ തന്ന പ്രവൃത്തി തികച്ചുകൊണ്ട് ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്ക് നിന്‍റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്നോടുകൂടെ മഹത്വപ്പെടുത്തേണമേ. നീ ലോകത്തിൽനിന്ന് എനിക്ക് തന്നിട്ടുള്ള മനുഷ്യർക്ക് ഞാൻ നിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്ക് തന്നു; അവർ നിന്‍റെ വചനം പ്രമാണിച്ചുമിരിക്കുന്നു. നീ എനിക്ക് തന്നതു എല്ലാം നിന്‍റെ പക്കൽ നിന്നു ആകുന്നു എന്നു അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു. നീ എനിക്ക് തന്ന വചനം ഞാൻ അവർക്ക് കൊടുത്തു; അവർ അത് സ്വീകരിക്കുകയും ഞാൻ നിന്‍റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു. ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു; ലോകത്തിനു വേണ്ടി അല്ല; നീ എനിക്ക് തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ട് അവർക്ക് വേണ്ടിയത്രേ ഞാൻ പ്രാർത്ഥിക്കുന്നത്. എൻ്റേത് എല്ലാം നിൻ്റേതും നിൻ്റെത് എൻ്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു. ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്‍റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്ക് തന്നിരിക്കുന്ന നിന്‍റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ. അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്ക് തന്നിരിക്കുന്ന നിന്‍റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന് നിവൃത്തി വരേണ്ടതിന് ആ നാശത്തിന്‍റെ പുത്രനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല. ഇപ്പോഴോ ഞാൻ നിന്‍റെ അടുക്കൽ വരുന്നു; എന്‍റെ സന്തോഷം അവർക്ക് ഉള്ളിൽ പൂർണ്ണമാകേണ്ടതിന് ഞാൻ ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു. ഞാൻ അവർക്ക് നിന്‍റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തു. അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്‍റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ പ്രാർത്ഥിക്കുന്നത്. ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്‍റെ വചനം സത്യം ആകുന്നു. നീ എന്നെ ലോകത്തിലേക്കു അയച്ചു; ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു. അവരും സത്യത്താൽ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്ക് വേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. ഇവർക്ക് വേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. അവർ എല്ലാവരും ഒന്നാകേണ്ടതിന്, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിനും, നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിക്കേണ്ടതിനും പ്രാർത്ഥിക്കുന്നു. നീ എനിക്ക് തന്നിട്ടുള്ള മഹത്വം ഞാൻ അവർക്ക് കൊടുത്തിരിക്കുന്നു: നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന് ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിന് തന്നെ. പിതാവേ, നീ ലോകസ്ഥാപനത്തിന് മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ട് എനിക്ക് നല്കിയ മഹത്വം നീ എനിക്ക് തന്നിട്ടുള്ളവർ കാണേണ്ടതിന് ഞാൻ ഇരിക്കുന്ന ഇടത്ത് അവരും എന്നോട് കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു. ഞാൻ നിന്‍റെ നാമം അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു; നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനുമായി ഇനിയും അത് വെളിപ്പെടുത്തും.

യോഹന്നാൻ 17:1-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇതു സംസാരിച്ചിട്ടു യേശു സ്വർഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ. നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നല്കിയിരിക്കുന്നുവല്ലോ. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്‌വാൻ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു. ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ. നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു. നീ എനിക്കു തന്നതു എല്ലാം നിന്റെ പക്കൽ നിന്നു ആകുന്നു എന്നു അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു. നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു ഞാൻ നിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു. ഞാൻ അവർക്കു വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ടു അവർക്കു വേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നതു. എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു. ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ. അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല. ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്കു ഉള്ളിൽ പൂർണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു. ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു. അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു. ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു. നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു. അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു. ഇവർക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ. നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു: നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ. പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു. നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.

യോഹന്നാൻ 17:1-26 സമകാലിക മലയാളവിവർത്തനം (MCV)

ഇങ്ങനെ, ശിഷ്യന്മാരുമായുള്ള സംഭാഷണം അവസാനിപ്പിച്ചശേഷം യേശു സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്തിക്കൊണ്ട് ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, സമയം ഇതാ വന്നിരിക്കുന്നു. അങ്ങയുടെ പുത്രൻ അങ്ങയെ മഹത്ത്വപ്പെടുത്തേണ്ടതിന് അങ്ങ് പുത്രനെ മഹത്ത്വപ്പെടുത്തണമേ. അങ്ങ് അവനെ ഏൽപ്പിച്ചിട്ടുള്ള എല്ലാവർക്കും നിത്യജീവൻ നൽകേണ്ടതിന് സകലമനുഷ്യരുടെമേലും അവന് അധികാരം നൽകിയിരിക്കുന്നല്ലോ. ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ. അവിടന്ന് എനിക്കു ചെയ്യാൻ തന്ന പ്രവൃത്തി പൂർത്തീകരിച്ചുകൊണ്ട് ഞാൻ ഭൂമിയിൽ അങ്ങയെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ, പിതാവേ, ലോകാരംഭത്തിനുമുമ്പേ അങ്ങയോടൊപ്പം എനിക്കുണ്ടായിരുന്ന മഹത്ത്വത്താൽ അവിടത്തെ സന്നിധിയിൽ എന്നെ മഹത്ത്വപ്പെടുത്തണമേ. “ലോകത്തിൽനിന്ന് അവിടന്ന് എനിക്കു നൽകിയിട്ടുള്ളവർക്കു ഞാൻ അവിടത്തെ നാമം വെളിപ്പെടുത്തി. അവർ അങ്ങയുടെ സ്വന്തമായിരുന്നു. അവരെ അങ്ങ് എനിക്കു തന്നു; അവർ അങ്ങയുടെ വചനം അനുസരിച്ചുമിരിക്കുന്നു. അങ്ങ് എനിക്കു നൽകിയിട്ടുള്ളതെല്ലാം അങ്ങയുടെ അടുക്കൽനിന്ന് വന്നിട്ടുള്ളതാണെന്ന് അവർക്കിപ്പോൾ അറിയാം. അവിടന്ന് എന്നെ ഏൽപ്പിച്ച വചനം ഞാൻ അവർക്കു കൊടുത്തു. അവർ അതു സ്വീകരിക്കുകയും ഞാൻ അങ്ങയുടെ പക്കൽനിന്നു വന്നു എന്നു സത്യമായും ഗ്രഹിക്കുകയും അവിടന്ന് എന്നെ അയച്ചെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എന്നെ ഏൽപ്പിച്ചിട്ടുള്ളവർ അങ്ങേക്കുള്ളവരാകുകയാൽ അവർക്കുവേണ്ടിയാണ് ഞാൻ ഇപ്പോൾ പ്രാർഥിക്കുന്നത്. എനിക്കുള്ളതെല്ലാം അങ്ങയുടേതും അങ്ങേക്കുള്ളതെല്ലാം എന്റേതുമാകുന്നു; അവരിലൂടെ എനിക്കു മഹത്ത്വം കൈവന്നിരിക്കുന്നു. ഇനി ഞാൻ ലോകത്തിൽ ഉണ്ടായിരിക്കുകയില്ല; അവരോ ലോകത്തിൽ ഉണ്ടായിരിക്കും. ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു. അതിനാൽ പരിശുദ്ധപിതാവേ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്, തിരുനാമശക്തിയാൽ—അവിടന്ന് എനിക്കു തന്നിരിക്കുന്ന അതേ നാമത്തിന്റെ ശക്തിയാൽത്തന്നെ—അവരെ കാത്തുരക്ഷിക്കണമേ. അവരോടുകൂടെ ആയിരുന്നപ്പോൾ അവിടന്ന് എനിക്കു നൽകിയ നാമത്താൽ ഞാൻ അവരെ സംരക്ഷിക്കുകയും ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു. തിരുവെഴുത്തു നിറവേറേണ്ടതിന്, ആ വിനാശപുത്രനല്ലാതെ ആരും നഷ്ടപ്പെട്ടുപോയിട്ടില്ല. “ഇപ്പോൾ ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു; എന്റെ ആനന്ദം അവരുടെ ഉള്ളിൽ പരിപൂർണമാകേണ്ടതിന്, ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾത്തന്നെ ഇതു സംസാരിച്ചിരിക്കുന്നു. അവിടത്തെ വചനം ഞാൻ അവർക്കു കൊടുത്തു; ഞാൻ ഈ ലോകത്തിന്റെ സ്വന്തം അല്ലാത്തതുപോലെതന്നെ അവരും ഈ ലോകത്തിന്റെ സ്വന്തം അല്ല. അതിനാൽ ഈ ലോകം അവരെ വെറുക്കുന്നു. അവിടന്ന് അവരെ ലോകത്തിൽനിന്ന് എടുക്കണം എന്നല്ല, പിന്നെയോ പിശാചിൽനിന്ന് സംരക്ഷിച്ചുകൊള്ളണം എന്നാണ് എന്റെ പ്രാർഥന. ഞാൻ ഈ ലോകത്തിൽനിന്നുള്ളവൻ അല്ലാത്തതുപോലെതന്നെ അവരും ഈ ലോകത്തിൽനിന്നുള്ളവരല്ല. സത്യത്താൽ അവരെ വിശുദ്ധീകരിക്കണമേ; അവിടത്തെ വചനം സത്യംതന്നെ. അവിടന്ന് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു. അവരും വാസ്തവമായി വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. “അവർക്കുവേണ്ടിമാത്രമല്ല, അവർ അറിയിക്കുന്ന വചനത്താൽ എന്നിൽ വിശ്വാസമർപ്പിക്കാനിരിക്കുന്ന എല്ലാവർക്കുവേണ്ടിയുംകൂടിയാണ് ഞാൻ പ്രാർഥിക്കുന്നത്. പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ഒന്നായിത്തീർന്നിട്ട്, അങ്ങാണ് എന്നെ അയച്ചിരിക്കുന്നതെന്ന് ലോകം വിശ്വസിക്കാനിടയാകേണം എന്നാണ് ഞാൻ പ്രാർഥിക്കുന്നത്. അവർ നമ്മെപ്പോലെ ഒന്നായിരിക്കേണ്ടതിന് അവിടന്ന് തന്ന മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. ഞാൻ അവരിലും അങ്ങ് എന്നിലും ആകുന്നു. അവരെ പൂർണ ഐക്യത്തിലേക്കു നയിക്കണമേ. അപ്പോൾ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്നും, എന്നെ സ്നേഹിച്ചതുപോലെ അങ്ങ് അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയും. “പിതാവേ, അവിടന്ന് എനിക്കു നൽകിയിട്ടുള്ളവർ എന്നോടുകൂടെ, ഞാൻ ആയിരിക്കുന്നേടത്ത് ഉണ്ടായിരിക്കണമെന്നും അവർ എന്റെ മഹത്ത്വം—ലോകസൃഷ്ടിക്കുമുമ്പേ അങ്ങ് എന്നെ സ്നേഹിച്ചിരുന്നതിനാൽ അവിടന്ന് എനിക്കു നൽകിയ അതേ മഹത്ത്വംതന്നെ—കാണണമെന്നും ഞാൻ ആഗ്രഹിക്കുന്നു. “നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിയുന്നില്ല; എന്നാൽ ഞാൻ അങ്ങയെ അറിയുന്നു; അങ്ങ് എന്നെ അയച്ചിരിക്കുന്നെന്ന് ഇവരും അറിയുന്നു. അങ്ങേക്ക് എന്നോടുള്ള സ്നേഹം അവരിൽ ആകാനും ഞാൻ അവരിൽ ആകാനും ഞാൻ അങ്ങയുടെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു, ഇനിയും വെളിപ്പെടുത്തും.”