JOSUA 13
13
ദേശവിഭജനം
1യോശുവ വൃദ്ധനായപ്പോൾ സർവേശ്വരൻ അദ്ദേഹത്തോട് അരുളിച്ചെയ്തു: “നീ വൃദ്ധനായിരിക്കുന്നു; വളരെ അധികം സ്ഥലങ്ങൾ ഇനിയും കൈവശപ്പെടുത്താനുണ്ട്. 2ഇനിയും കൈവശമാക്കുവാനുള്ള സ്ഥലങ്ങൾ: ഈജിപ്തിന്റെ കിഴക്കുള്ള സീഹോർ മുതൽ വടക്ക് കനാന്യരുടേതെന്നു കരുതപ്പെടുന്ന എക്രോന്റെ അതിർവരെയുള്ളതും ഫെലിസ്ത്യരുടെയും ഗെശൂര്യരുടെയും കൈവശം ഇരുന്നതുമായ സ്ഥലങ്ങൾ, ഫെലിസ്ത്യ പ്രഭുക്കന്മാർ ഭരിച്ചിരുന്ന ഗസ്സ, 3അസ്തോദ്, അസ്കലോൻ, ഗത്ത്, എക്രോൻ എന്നീ സ്ഥലങ്ങളും 4തെക്ക് ആവിംദേശവും കനാന്യരുടെ ദേശവും സീദോന്യരുടെ ദേശമായ മെയാരമുതൽ അമ്മോന്യരുടെ അതിർത്തിയായ അഫേക് വരെയുള്ള സ്ഥലങ്ങളും 5ഗിബെല്യരുടെ ദേശവും ഹെർമ്മോൻ പർവതത്തിന്റെ അടിവാരത്തിലെ ബാൽഗാദ്മുതൽ ഹാമാത്തിലേക്കു തിരിയുന്ന ലെബാനോൻ പ്രദേശവും 6ലെബാനോൻ മുതൽ മിസ്രെഫോത്ത്മയീംവരെയുള്ള പർവതപ്രദേശത്തു പാർക്കുന്ന സീദോന്യരുടെ ദേശവുമെല്ലാം ഇതിലുൾപ്പെടുന്നു. ഇസ്രായേൽജനം മുന്നേറുന്നതനുസരിച്ച് ഈ ജനതകളെയെല്ലാം ഞാൻ നീക്കിക്കളയും. അവരുടെ ദേശമെല്ലാം ഞാൻ നിന്നോടു കല്പിച്ചതുപോലെ ഇസ്രായേൽജനത്തിന് അവകാശമായി വിഭജിച്ചു കൊടുക്കണം. 7അതുകൊണ്ട് ഇപ്പോൾ ഈ ദേശം മനശ്ശെയുടെ പകുതി ഗോത്രം ഉൾപ്പെടെയുള്ള ഒൻപതു ഗോത്രക്കാർക്ക് അവകാശമായി വിഭജിച്ചുകൊടുക്കുക.”
യോർദ്ദാനു കിഴക്കുള്ള പ്രദേശങ്ങൾ
8സർവേശ്വരന്റെ ദാസനായ മോശ, രൂബേൻ ഗാദ്ഗോത്രക്കാർക്കും മനശ്ശെയുടെ പകുതി ഗോത്രക്കാർക്കും യോർദ്ദാൻനദിയുടെ കിഴക്ക് കൊടുത്തിരുന്ന ദേശങ്ങൾ അവർ കൈവശപ്പെടുത്തിയിരുന്നു. 9അർന്നോൻതാഴ്വരയുടെ അതിരിലുള്ള അരോവേർ ദേശവും താഴ്വരയുടെ മധ്യഭാഗത്തുള്ള പട്ടണവും മേദെബാമുതൽ ദീബോൻവരെയുള്ള സമഭൂമിയും അവരുടെ കൈവശത്തിൽ ആയിരുന്നു. 10ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോൻറേതായി അമ്മോന്യരുടെ അതിർവരെയുള്ള നഗരങ്ങളും 11ഗിലെയാദുദേശവും ഗെശൂരിന്റെയും മാഖാത്യരുടെയും ദേശവും ഹെർമ്മോൻ പർവതവും സൽക്കാവരെയുള്ള ബാശാൻദേശം മുഴുവനും അവർ കൈവശപ്പെടുത്തിയ ഭൂമിയിൽ ഉൾപ്പെട്ടിരുന്നു. 12രെഫായീമ്യരിൽ അവസാനത്തെ രാജാവായി അസ്താരോത്തിലും എദ്രെയിലും വാണിരുന്ന ഓഗിന്റെ രാജ്യവും ഉൾപ്പെട്ടതായിരുന്നു അത്. ഈ ജനതകളെയെല്ലാം മോശ പരാജയപ്പെടുത്തി അവരുടെ ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു. 13എന്നാൽ ഇസ്രായേൽജനം ഗെശൂര്യരെയും മാഖാത്യരെയും അവരുടെ ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നില്ല. അവർ ഇന്നും ഇസ്രായേല്യരുടെ ഇടയിൽ പാർത്തുവരുന്നു. 14ലേവിഗോത്രത്തിന് അവകാശമായി ഒരു സ്ഥലവും കൊടുത്തിരുന്നില്ല. കാരണം സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ യാഗപീഠത്തിൽ അർപ്പിക്കുന്ന യാഗവസ്തുക്കളുടെ ഓഹരി അവർക്ക് ലഭിച്ചുവന്നിരുന്നു.
രൂബേന്റെ ഓഹരി
15രൂബേൻഗോത്രത്തിലെ ഓരോ കുടുംബത്തിനും മോശ അവകാശം നല്കി. 16അർന്നോൻതാഴ്വരയുടെ അതിർത്തിയിലുള്ള അരോവേർ ദേശവും താഴ്വരയുടെ മധ്യത്തിലുള്ള പട്ടണവും മേദെബയുടെ ചുറ്റുമുള്ള സമഭൂമിയും അതിൽ ഉൾപ്പെട്ടിരുന്നു. 17ഹെശ്ബോനും പീഠഭൂമിയിലുള്ള പട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും 18യഹ്സയും കെദേമോത്തും മേഫാത്തും കിര്യത്തയീമും സിബ്മായും 19താഴ്വരയിലെ മലയിലുള്ള 20സേരത്ത് -ശഹറും ബേത്ത്-പെയോരും, പിസ്ഗാമലയുടെ ചരിവുകളും ബേത്ത്-യെശീമോത്തും അതിൽ ഉൾപ്പെട്ടിരുന്നു. 21പീഠഭൂമിയിലെ എല്ലാ പട്ടണങ്ങളും ഹെശ്ബോനിൽ അമോര്യരുടെ രാജാവായ സീഹോന്റെ രാജ്യവും അതിന്റെ ഭാഗമായിരുന്നു. സീഹോനെയും, ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശ സംഹരിച്ചു. ഈ പ്രഭുക്കന്മാരെല്ലാം സീഹോനുവേണ്ടി ആ പ്രദേശങ്ങൾ ഭരിച്ചവരായിരുന്നു. 22ഇസ്രായേൽജനം വധിച്ചവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന ഭാവിഫലം പറയുന്നവനും ഉൾപ്പെട്ടിരുന്നു. 23യോർദ്ദാൻനദി ആയിരുന്നു രൂബേന്യരുടെ പടിഞ്ഞാറേ അതിര്. ഈ പട്ടണങ്ങളും ഗ്രാമങ്ങളും രൂബേൻഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ചവയായിരുന്നു.
ഗാദിന്റെ ഓഹരി
24ഗാദ്ഗോത്രത്തിലെ ഓരോ കുടുംബത്തിനും മോശ അവകാശം നല്കി. 25അവർക്കു നല്കിയ ദേശങ്ങൾ യസേർ, ഗിലെയാദിലെ പട്ടണങ്ങൾ, രബ്ബായുടെ കിഴക്ക് അരോവേർ വരെയുള്ള അമ്മോന്യരുടെ പകുതിദേശം, 26ഹെശ്ബോൻമുതൽ രാമത്ത്-മിസ്പെയും ബെതോനീമുംവരെ, മഹനയീം മുതൽ ദെബീരിന്റെ അതിർവരെ ഉള്ള ദേശം, 27യോർദ്ദാൻ താഴ്വര, ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോൻ എന്നീ പ്രദേശങ്ങൾ, ഹെശ്ബോനിൽ പാർത്തിരുന്ന സീഹോന്റെ രാജ്യത്തിൽ ശേഷിച്ച ഭാഗങ്ങൾ എന്നിവയായിരുന്നു. ഗലീലതടാകംവരെയുള്ള യോർദ്ദാൻ നദിയായിരുന്നു അവരുടെ ദേശത്തിന്റെ പടിഞ്ഞാറേ അതിര്. 28ഇവയായിരുന്നു ഗാദ്ഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച പട്ടണങ്ങളും ഗ്രാമങ്ങളും.
29മനശ്ശെയുടെ പകുതി ഗോത്രക്കാരിൽ ഓരോ കുടുംബത്തിനും മോശ അവകാശം നല്കി. 30അത് മഹനയീംമുതൽ ബാശാൻരാജാവായ ഓഗിന്റെ രാജ്യം മുഴുവനും ബാശാനിലെ യായീരിന്റെ അറുപതു ഗ്രാമങ്ങളും 31ഗിലെയാദിന്റെ പകുതി ഭാഗവും ബാശാൻരാജാവായ ഓഗിന്റെ രാജ്യത്തിലെ അസ്താരോത്ത്, എദ്രയീം എന്നീ പട്ടണങ്ങളും ആയിരുന്നു. മനശ്ശെയുടെ പുത്രനായ മാഖീരിന്റെ പിൻഗാമികളിൽ പകുതി കുടുംബക്കാർക്ക് ഈ പ്രദേശം അവകാശമായി ലഭിച്ചു.
32മോവാബ് സമതലത്തിൽവച്ചു യോർദ്ദാന് അക്കരെ യെരീഹോവിനു കിഴക്കുവശത്തുള്ള ദേശം മോശ വിഭജിച്ചു കൊടുത്തത് ഇങ്ങനെ ആയിരുന്നു. 33ലേവിഗോത്രക്കാർക്ക് അവകാശമായി ഒരു സ്ഥലവും മോശ നല്കിയില്ല. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അവരോടു കല്പിച്ചിരുന്നതുപോലെ അവിടുന്നുതന്നെ ആയിരുന്നു അവരുടെ അവകാശം.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JOSUA 13: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.