MATHAIA 12
12
ശബത്ത് ആചരണത്തെപ്പറ്റി
(മർക്കോ. 2:23-28; ലൂക്കോ. 6:1-5)
1അക്കാലത്ത് ഒരു ശബത്തുദിവസം യേശു ഒരു വിളഭൂമിയിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോൾ അവിടുത്തെ ശിഷ്യന്മാർക്കു വിശന്നു. 2അവർ കതിർ പറിച്ചെടുത്തു തിന്നുതുടങ്ങി. ഇതു കണ്ടിട്ടു പരീശന്മാർ യേശുവിനോടു പറഞ്ഞു: “നോക്കൂ, അങ്ങയുടെ ശിഷ്യന്മാർ ശബത്തിൽ ചെയ്തുകൂടാത്തതു ചെയ്യുന്നു.”
3അവിടുന്ന് അവരോട് ഇങ്ങനെ പറഞ്ഞു: “ദാവീദും സഹചരന്മാരും വിശന്നപ്പോൾ ചെയ്തത് എന്താണെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? 4ദാവീദ് ദേവാലയത്തിൽ പ്രവേശിച്ചു കാഴ്ചയപ്പം എടുത്തു ഭക്ഷിച്ചത് എങ്ങനെ? നിയമപ്രകാരം പുരോഹിതന്മാർക്കല്ലാതെ അദ്ദേഹത്തിനോ കൂടെയുള്ളവർക്കോ ഭക്ഷിക്കുവാൻ പാടില്ലാത്തതായിരുന്നല്ലോ അത്. 5മാത്രമല്ല ശബത്തു ദിവസങ്ങളിൽ ദേവാലയത്തിൽവച്ചു പുരോഹിതന്മാർ ശബത്തു ലംഘിക്കുന്നു എങ്കിലും അവർ കുറ്റക്കാരല്ലെന്നു ധർമശാസ്ത്രത്തിൽ പറയുന്നത് നിങ്ങൾ വായിച്ചിട്ടില്ലേ? 6ഞാൻ നിങ്ങളോട് പറയുന്നു: ദേവാലയത്തെക്കാൾ വലിയവൻ ഇവിടെയുണ്ട്; 7യാഗമല്ല കാരുണ്യമാണു ഞാൻ ആഗ്രഹിക്കുന്നത് എന്ന തിരുവെഴുത്തിന്റെ അർഥം നിങ്ങൾ ഗ്രഹിച്ചിരുന്നെങ്കിൽ നിർദോഷികളെ കുറ്റവാളികളെന്നു നിങ്ങൾ വിധിക്കുകയില്ലായിരുന്നു. 8എന്നാൽ മനുഷ്യപുത്രൻ ശബത്തിന്റെയും കർത്താവാണ്.”
ശോഷിച്ച കൈയുള്ള മനുഷ്യൻ
(മർക്കോ. 3:1-6; ലൂക്കോ. 6:6-11)
9അനന്തരം യേശു അവിടെനിന്നു പുറപ്പെട്ട് അവരുടെ സുനഗോഗിലെത്തി. 10അവിടെ കൈ ശോഷിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. യേശുവിൽ കുറ്റമാരോപിക്കുന്നതിനുവേണ്ടി “ശബത്തിൽ രോഗം സുഖപ്പെടുത്തുന്നതു നിയമാനുസൃതമാണോ?” എന്ന് അവർ ചോദിച്ചു.
11യേശു പ്രതിവചിച്ചു: “ശബത്തുദിവസം നിങ്ങളിൽ ആരുടെയെങ്കിലും ഒരു ആട് കുഴിയിൽ വീണു എന്നിരിക്കട്ടെ; നിങ്ങൾ അതിനെ കരയ്ക്കു കയറ്റാതിരിക്കുമോ? മനുഷ്യൻ ആടിനെക്കാൾ എത്രയോ വിലയുള്ളവനാണ്! 12അതുകൊണ്ട് ശബത്തുദിവസം നന്മ ചെയ്യുന്നതു നിയമാനുസൃതമാണ്. 13പിന്നീട് യേശു ആ മനുഷ്യനോടു “കൈ നീട്ടുക” എന്നു പറഞ്ഞു.
14അയാൾ കൈ നീട്ടി. ഉടനെ അതു സുഖപ്പെട്ട് മറ്റേ കൈ പോലെ ആയി. പരീശന്മാരാകട്ടെ പുറത്തുപോയി എങ്ങനെ യേശുവിനെ നശിപ്പിക്കാമെന്നു ഗൂഢാലോചന നടത്തി.
ദൈവം തിരഞ്ഞെടുത്ത ദാസൻ
15യേശു ഇതറിഞ്ഞ് അവിടം വിട്ടുപോയി. ധാരാളം ആളുകൾ അവിടുത്തെ അനുഗമിച്ചു. അവിടുന്ന് എല്ലാവരെയും സുഖപ്പെടുത്തി. 16തന്നെക്കുറിച്ച് ഒന്നും പരസ്യപ്പെടുത്തരുതെന്ന് അവിടുന്ന് അവരോട് ആജ്ഞാപിച്ചു. 17അങ്ങനെ യെശയ്യാ മുഖാന്തരം അരുളിച്ചെയ്തത് പൂർത്തിയായി. അദ്ദേഹം പ്രവചിച്ചത് ഇങ്ങനെയാണ്:
18“ഇതാ ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ,
എന്റെ അന്തരംഗം പ്രസാദിച്ച എന്റെ പ്രിയങ്കരൻ.
എന്റെ ആത്മാവിനെ
ഞാൻ അവന്റെമേൽ ആവസിപ്പിക്കും;
എന്റെ ന്യായവിധി
അവൻ സർവജനതകളോടും പ്രഖ്യാപനം ചെയ്യും.
19അവൻ വാദകോലാഹലത്തിലേർപ്പെടുകയില്ല;
തെരുവീഥികളിൽ ആരും
അവന്റെ ശബ്ദം കേൾക്കുകയുമില്ല.
20നീതിനിർവഹണം വിജയത്തിലെത്തിക്കുന്നതുവരെ
ചതഞ്ഞ ഓടക്കമ്പ് അവൻ ഒടിക്കുകയില്ല;
മങ്ങിക്കത്തുന്ന തിരി കെടുത്തുകയുമില്ല.
21അവന്റെ നാമത്തിലായിരിക്കും
സകല ജനതകളുടെയും പ്രത്യാശ.”
ഭൂതങ്ങളുടെ തലവനെക്കൊണ്ട്
(മർക്കോ. 3:20-30; ലൂക്കോ. 11:14-23)
22അനന്തരം അന്ധനും മൂകനുമായ ഒരു ഭൂതാവിഷ്ടനെ യേശുവിന്റെ അടുക്കൽ ചിലർ കൊണ്ടുവന്നു. യേശു അയാളെ സുഖപ്പെടുത്തി; അയാൾ സംസാരിക്കുകയും കാണുകയും ചെയ്തു. 23ജനസമൂഹം വിസ്മയഭരിതരായി, “ഇദ്ദേഹമായിരിക്കുമോ ദാവീദിന്റെ പുത്രൻ?” എന്നു പറഞ്ഞു.
24പരീശന്മാർ ഇതു കേട്ടപ്പോൾ “ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ട് മാത്രമാണ് ഈ മനുഷ്യൻ ഭൂതങ്ങളെ പുറത്താക്കുന്നത്” എന്നു പറഞ്ഞു.
25യേശു അവരുടെ അന്തർഗതം മനസ്സിലാക്കിക്കൊണ്ട് അവരോട് ഇങ്ങനെ പറഞ്ഞു: അന്തഃഛിദ്രമുള്ള ഏതു രാജ്യവും ശൂന്യമാകും. 26അന്തഃഛിദ്രമുണ്ടായാൽ ഒരു നഗരമോ ഭവനമോ നിലനില്ക്കുകയില്ല. സാത്താൻ സാത്താനെ ഉച്ചാടനം ചെയ്യുകയാണെങ്കിൽ അവൻ സ്വയം ഭിന്നിച്ചു നശിക്കും. അപ്പോൾ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? 27ഞാൻ ബേൽസെബൂലിനെക്കൊണ്ടാണു ഭൂതങ്ങളെ ഒഴിച്ചുവിടുന്നതെങ്കിൽ നിങ്ങളുടെ അനുയായികൾ ആരെക്കൊണ്ടാണ് അവയെ ഉച്ചാടനം ചെയ്യുന്നത്? അതുകൊണ്ടു നിങ്ങൾ പറയുന്നതു തെറ്റാണെന്നു നിങ്ങളുടെ അനുയായികൾ തന്നെ വിധിക്കുന്നു. 28എന്നാൽ ബേൽസെബൂലല്ല ദൈവത്തിന്റെ ആത്മാവാണു ഭൂതങ്ങളെ പുറത്താക്കുവാൻ എനിക്കു ശക്തി നല്കുന്നത്; ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നു കഴിഞ്ഞിരിക്കുന്നു എന്ന് അതു തെളിയിക്കുകയും ചെയ്യുന്നു.
29“ഒരു ബലശാലിയെ പിടിച്ചു കെട്ടിയിട്ടല്ലാതെ അയാളുടെ വീട്ടിൽ പ്രവേശിച്ച് അതിലുള്ള വകകൾ കൊള്ള ചെയ്യുന്നത് എങ്ങനെയാണ്?
30“എന്റെ പക്ഷത്തു നില്ക്കാത്തവൻ എനിക്കെതിരാണ്. ശേഖരിക്കുന്നതിൽ എന്നെ സഹായിക്കാത്തവൻ ചിതറിക്കുകയാണു ചെയ്യുന്നത്. 31അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യന്റെ ഏതു പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാൽ പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കപ്പെടുകയില്ല. 32മനുഷ്യപുത്രനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കപ്പെടും. പക്ഷേ, പരിശുദ്ധാത്മാവിന് എതിരെ എന്തെങ്കിലും പറഞ്ഞാൽ ഈ യുഗത്തിലോ വരുവാനുള്ള യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല.
വൃക്ഷവും ഫലവും
(ലൂക്കോ. 6:43-45)
33“വൃക്ഷം നല്ലതെങ്കിൽ നല്ല ഫലം ലഭിക്കുന്നു; വൃക്ഷം ചീത്തയാണെങ്കിൽ ഫലവും ചീത്തയായിരിക്കും. ഫലം കൊണ്ടാണല്ലോ വൃക്ഷത്തെ അറിയുന്നത്. 34സർപ്പസന്തതികളേ! നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിക്കുവാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതാണല്ലോ വാക്കുകളായി പുറത്തുവരുന്നത്. 35സജ്ജനങ്ങൾ തങ്ങളുടെ നന്മയുടെ നിക്ഷേപത്തിൽനിന്ന് ഉത്തമമായവ പുറപ്പെടുവിക്കുന്നു. ദുർജനങ്ങൾ തങ്ങളുടെ ദുഷ്ടതയുടെ നിക്ഷേപത്തിൽനിന്ന് അധമമായവ പുറപ്പെടുവിക്കുന്നു.
36“മനുഷ്യർ പറയുന്ന ഓരോ വ്യർഥവാക്കിനും ന്യായവിധിനാളിൽ സമാധാനം പറയേണ്ടതായി വരുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. 37നിങ്ങളുടെ വാക്കുകൾ കൊണ്ടാണു നിങ്ങൾക്കു കുറ്റമില്ലെന്നു സ്ഥാപിക്കുകയോ നിങ്ങൾ കുറ്റക്കാരെന്നു വിധിക്കപ്പെടുകയോ ചെയ്യുന്നത്.”
അടയാളം ആവശ്യപ്പെടുന്നു
(മർക്കോ. 8:11-12; ലൂക്കോ. 11:29-32)
38അപ്പോൾ ചില മതപണ്ഡിതന്മാരും പരീശന്മാരും യേശുവിനോട്, “ഗുരോ, അങ്ങ് ഒരടയാളം കാണിച്ചാൽ കൊള്ളാം” എന്നു പറഞ്ഞു.
39യേശു പ്രതിവചിച്ചു: “ദുഷ്ടതയും അവിശ്വസ്തതയും നിറഞ്ഞ ഈ തലമുറയാണ് അടയാളം അന്വേഷിക്കുന്നത്. യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും നിങ്ങൾക്കു ലഭിക്കുകയില്ല. 40യോനാ മൂന്നു പകലും മൂന്നു രാത്രിയും തിമിംഗലത്തിന്റെ വയറ്റിലായിരുന്നു. അതുപോലെ മനുഷ്യപുത്രനും മൂന്നു പകലും മൂന്നു രാവും ഭൂഗർഭത്തിലായിരിക്കും. 41നിനെവേയിലെ ജനങ്ങൾ ന്യായവിധിനാളിൽ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും. എന്തുകൊണ്ടെന്നാൽ നിനെവേക്കാർ യോനായുടെ പ്രസംഗംകേട്ട് അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിഞ്ഞു. ഇതാ യോനായെക്കാൾ മഹത്തരമായ ഒന്ന് ഇവിടെയുണ്ട്. 42ന്യായവിധിദിവസം ദക്ഷിണദേശത്തിലെ രാജ്ഞി ഈ തലമുറയോടൊപ്പം ഉയിർത്തെഴുന്നേറ്റ് അതിനെ കുറ്റംവിധിക്കും. ശലോമോന്റെ ജ്ഞാനവചസ്സുകൾ കേൾക്കാൻ അവർ ഭൂമിയുടെ അങ്ങേ അറ്റത്തുനിന്നു വന്നുവല്ലോ. ഇതാ ശലോമോനെക്കാൾ വലിയവൻ ഇവിടെയുണ്ട്.
അശുദ്ധാത്മാവ് തിരിച്ചുവരുന്നു
(ലൂക്കോ. 11:24-26)
43ഒരു മനുഷ്യനെ വിട്ടുപോകുന്ന അശുദ്ധാത്മാവ് വെള്ളമില്ലാത്ത സ്ഥലങ്ങളിൽ വിശ്രമം തേടി അലയുന്നു. എന്നാൽ അതു വിശ്രമം കണ്ടെത്തുന്നില്ല. 44അപ്പോൾ താൻ പുറപ്പെട്ടുപോന്ന വീട്ടിലേക്കുതന്നെ തിരിച്ചുപോകും എന്ന് അതു സ്വയം പറയുന്നു. അവിടെ ചെല്ലുമ്പോൾ വീടെല്ലാം അടിച്ചുവാരി അടുക്കിലും ചിട്ടയിലും ഇട്ടിരിക്കുന്നതു കാണുന്നു; 45അപ്പോൾ അതുപോയി തന്നെക്കാൾ ദുഷ്ടതയേറിയ മറ്റു ഏഴ് ആത്മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ വാസമുറപ്പിക്കുന്നു. ആ മനുഷ്യന്റെ അവസാനത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ കഷ്ടതരമായിത്തീരുന്നു. ഈ ദുഷ്ടതലമുറയ്ക്കും അതുപോലെയായിരിക്കും സംഭവിക്കുക.”
യേശുവിന്റെ അമ്മയും സഹോദരന്മാരും
(മർക്കോ. 3:31-35; ലൂക്കോ. 8:19-21)
46യേശു ജനങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവിടുത്തെ അമ്മയും സഹോദരന്മാരും അവിടുത്തോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു പുറത്തുനിന്നിരുന്നു. 47#12:47 ചില കൈയെഴുത്തു പ്രതികളിൽ ഈ വാക്യം കാണുന്നില്ല."അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ വെളിയിൽ കാത്തുനില്ക്കുന്നു” എന്ന് ഒരാൾ അവിടുത്തോടു പറഞ്ഞു.
48എന്നാൽ യേശു അയാളോട്, “ആരാണ് എന്റെ സഹോദരന്മാർ?” എന്നു ചോദിച്ചു. 49തന്റെ ശിഷ്യന്മാരുടെ നേരെ കൈ ചൂണ്ടിക്കൊണ്ട് “ഇതാ എന്റെ അമ്മയും സഹോദരന്മാരും; 50സ്വർഗത്തിലുള്ള എന്റെ പിതാവിന്റെ തിരുവിഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും, സഹോദരിയും, അമ്മയും” എന്ന് അരുൾചെയ്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
MATHAIA 12: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.