MATHAIA 2:13-23

MATHAIA 2:13-23 MALCLBSI

ജ്യോതിശാസ്ത്രജ്ഞന്മാർ പോയശേഷം ഒരു ദൈവദൂതൻ സ്വപ്നത്തിൽ യോസേഫിനു പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു: “നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് വേഗം ഈജിപ്തിലേക്കു പോയി രക്ഷപെടുക. ഞാൻ പറയുന്നതുവരെ അവിടെ പാർക്കണം. ഹേരോദാ ശിശുവിനെ കണ്ടുപിടിച്ചു കൊല്ലുവാൻ ശ്രമിക്കുന്നു.” അങ്ങനെ യോസേഫ് ഉണർന്ന് ശിശുവിനെയും മാതാവിനെയും കൂട്ടിക്കൊണ്ട് രാത്രിതന്നെ ഈജിപ്തിലേക്കു പുറപ്പെട്ടു. ഹേരോദാ അന്തരിക്കുന്നതുവരെ അവർ അവിടെ പാർത്തു. “ഈജിപ്തിൽനിന്ന് എന്റെ പുത്രനെ ഞാൻ വിളിച്ചു വരുത്തി” എന്നു പ്രവാചകൻ മുഖേന ദൈവം അരുളിച്ചെയ്തത് ഇങ്ങനെ സംഭവിച്ചു. ജ്യോതിശാസ്ത്രജ്ഞന്മാർ തന്നെ കബളിപ്പിച്ചു എന്നു മനസ്സിലാക്കിയപ്പോൾ ഹേരോദാ അത്യധികം കുപിതനായി; അവരിൽനിന്നു ചോദിച്ചറിഞ്ഞ സമയം ആസ്പദമാക്കി ബേത്‍ലഹേമിലും എല്ലാ പരിസരപ്രദേശങ്ങളിലും രണ്ടു വയസ്സോ അതിനു താഴെയോ പ്രായമുള്ള സകല ആൺകുട്ടികളെയും ഹേരോദാ ആളയച്ചു കൊല്ലിച്ചു. റാമയിൽ ഒരു ശബ്ദം കേൾക്കുന്നു; അലമുറയും വലിയ കരച്ചിലും തന്നെ. റാഹേൽ തന്റെ മക്കളെച്ചൊല്ലി കരയുന്നു; അവരിൽ ആരും ജീവനോടെ ശേഷിക്കാത്തതിനാൽ സാന്ത്വനവാക്കുകൾ അവൾ നിരസിക്കുന്നു എന്നിങ്ങനെ യിരെമ്യാപ്രവാചകൻ മുഖേന അരുൾചെയ്തത് അന്നു സംഭവിച്ചു. ഹേരോദായുടെ നിര്യാണശേഷം ഈജിപ്തിൽവച്ച് ദൈവദൂതൻ യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി ഇപ്രകാരം പറഞ്ഞു: “എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് ഇസ്രായേൽദേശത്തേക്കു പോകുക; ശിശുവിനെ വധിക്കുവാൻ തുനിഞ്ഞവർ അന്തരിച്ചു.” അങ്ങനെ യോസേഫ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് ഇസ്രായേൽദേശത്തു വന്നു. എന്നാൽ അർക്കലയൊസ് തന്റെ പിതാവായ ഹേരോദായ്‍ക്കു പകരം യെഹൂദ്യയിൽ ഭരണം നടത്തുന്നു എന്നു കേട്ടതുകൊണ്ട് അവിടേക്കു പോകുവാൻ യോസേഫ് ഭയപ്പെട്ടു; സ്വപ്നത്തിൽ ലഭിച്ച അരുളപ്പാടനുസരിച്ചു ഗലീലാപ്രദേശത്തേക്കു മാറിപ്പോയി. അവിടെയെത്തി അദ്ദേഹം നസ്രെത്ത് എന്ന പട്ടണത്തിൽ വാസമുറപ്പിച്ചു. “യേശു നസറായൻ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് അങ്ങനെ പൂർത്തിയായി.

MATHAIA 2 വായിക്കുക