മത്തായി 2:13-23
മത്തായി 2:13-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്ക് ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക. ഹെരോദാവ് ശിശുവിനെ നശിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽതന്നെ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി. ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു. വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവ് കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിനൊത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്‍ലഹേമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു. “റാമായിൽ ഒരു ശബ്ദം കേട്ടു, കരച്ചലും വലിയ നിലവിളിയും തന്നെ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു” എന്ന് യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് അന്നു നിവൃത്തിയായി. എന്നാൽ ഹെരോദാവ് കഴിഞ്ഞുപോയശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽവച്ചു യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ശിശുവിനു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു. എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിനു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ട് അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി. അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.
മത്തായി 2:13-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്യോതിശാസ്ത്രജ്ഞന്മാർ പോയശേഷം ഒരു ദൈവദൂതൻ സ്വപ്നത്തിൽ യോസേഫിനു പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു: “നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് വേഗം ഈജിപ്തിലേക്കു പോയി രക്ഷപെടുക. ഞാൻ പറയുന്നതുവരെ അവിടെ പാർക്കണം. ഹേരോദാ ശിശുവിനെ കണ്ടുപിടിച്ചു കൊല്ലുവാൻ ശ്രമിക്കുന്നു.” അങ്ങനെ യോസേഫ് ഉണർന്ന് ശിശുവിനെയും മാതാവിനെയും കൂട്ടിക്കൊണ്ട് രാത്രിതന്നെ ഈജിപ്തിലേക്കു പുറപ്പെട്ടു. ഹേരോദാ അന്തരിക്കുന്നതുവരെ അവർ അവിടെ പാർത്തു. “ഈജിപ്തിൽനിന്ന് എന്റെ പുത്രനെ ഞാൻ വിളിച്ചു വരുത്തി” എന്നു പ്രവാചകൻ മുഖേന ദൈവം അരുളിച്ചെയ്തത് ഇങ്ങനെ സംഭവിച്ചു. ജ്യോതിശാസ്ത്രജ്ഞന്മാർ തന്നെ കബളിപ്പിച്ചു എന്നു മനസ്സിലാക്കിയപ്പോൾ ഹേരോദാ അത്യധികം കുപിതനായി; അവരിൽനിന്നു ചോദിച്ചറിഞ്ഞ സമയം ആസ്പദമാക്കി ബേത്‍ലഹേമിലും എല്ലാ പരിസരപ്രദേശങ്ങളിലും രണ്ടു വയസ്സോ അതിനു താഴെയോ പ്രായമുള്ള സകല ആൺകുട്ടികളെയും ഹേരോദാ ആളയച്ചു കൊല്ലിച്ചു. റാമയിൽ ഒരു ശബ്ദം കേൾക്കുന്നു; അലമുറയും വലിയ കരച്ചിലും തന്നെ. റാഹേൽ തന്റെ മക്കളെച്ചൊല്ലി കരയുന്നു; അവരിൽ ആരും ജീവനോടെ ശേഷിക്കാത്തതിനാൽ സാന്ത്വനവാക്കുകൾ അവൾ നിരസിക്കുന്നു എന്നിങ്ങനെ യിരെമ്യാപ്രവാചകൻ മുഖേന അരുൾചെയ്തത് അന്നു സംഭവിച്ചു. ഹേരോദായുടെ നിര്യാണശേഷം ഈജിപ്തിൽവച്ച് ദൈവദൂതൻ യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി ഇപ്രകാരം പറഞ്ഞു: “എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് ഇസ്രായേൽദേശത്തേക്കു പോകുക; ശിശുവിനെ വധിക്കുവാൻ തുനിഞ്ഞവർ അന്തരിച്ചു.” അങ്ങനെ യോസേഫ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് ഇസ്രായേൽദേശത്തു വന്നു. എന്നാൽ അർക്കലയൊസ് തന്റെ പിതാവായ ഹേരോദായ്‍ക്കു പകരം യെഹൂദ്യയിൽ ഭരണം നടത്തുന്നു എന്നു കേട്ടതുകൊണ്ട് അവിടേക്കു പോകുവാൻ യോസേഫ് ഭയപ്പെട്ടു; സ്വപ്നത്തിൽ ലഭിച്ച അരുളപ്പാടനുസരിച്ചു ഗലീലാപ്രദേശത്തേക്കു മാറിപ്പോയി. അവിടെയെത്തി അദ്ദേഹം നസ്രെത്ത് എന്ന പട്ടണത്തിൽ വാസമുറപ്പിച്ചു. “യേശു നസറായൻ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് അങ്ങനെ പൂർത്തിയായി.
മത്തായി 2:13-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷനായി. ‘‘നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് മിസ്രയീമിലേക്ക് ഓടിപ്പോക, ഞാൻ നിന്നോട് പറയുംവരെ അവിടെ പാർക്കുക; ഹെരോദാവ് ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു. ആ രാത്രിയിൽ യോസേഫ് എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് മിസ്രയീമിലേക്ക് പുറപ്പെട്ടു. ഹെരോദാവിൻ്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവ് പ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത പ്രവചനം നിവൃത്തിയാകുവാൻ ഇടവന്നു. കിഴക്കുനിന്നും വന്ന ജ്ഞാനികൾ തന്നെ കളിയാക്കി എന്നു ഹെരോദാവ് കണ്ടു വളരെ കോപിച്ചു, അവരോട് ചോദിച്ചറിഞ്ഞ കാലത്തിന് ഒത്തവണ്ണം രണ്ടു വയസ്സും അതിൽ താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്-ലേഹേമിലും അതിന്‍റെ എല്ലാ അതിരുകളിലും ആളയച്ച് കൊല്ലിച്ചു. “റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നെ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു” യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത പ്രവചനം അന്നു നിവൃത്തിയായി. എന്നാൽ ഹെരോദാവ് മരിച്ചു കഴിഞ്ഞശേഷം കർത്താവിന്‍റെ ദൂതൻ മിസ്രയീമിൽ വച്ചു യോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷനായി: ”ശിശുവിന് പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ട് നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് യിസ്രായേൽദേശത്തേക്കു പോക” എന്നു പറഞ്ഞു. യോസേഫ് എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് യിസ്രായേൽദേശത്തു വന്നു. എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന് പകരം വാഴുന്നു എന്നു കേട്ടതുകൊണ്ട് അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ട് ഗലീലപ്രദേശങ്ങളിലേക്ക് മാറിപ്പോയി. അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയാകുവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.
മത്തായി 2:13-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക; ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി. ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു. വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ലേ ഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു. “റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി. എന്നാൽ ഹെരോദാവു കഴിഞ്ഞുപോയശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ചു യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ശിശുവിന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു. എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി. അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.
മത്തായി 2:13-23 സമകാലിക മലയാളവിവർത്തനം (MCV)
ജ്ഞാനികൾ യാത്രയായതിനുശേഷം, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി യോസേഫിനോട്, “എഴുന്നേൽക്കുക! ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്ക് ഓടി രക്ഷപ്പെടുക. ഹെരോദാവ് ശിശുവിനെ കൊല്ലാൻ അന്വേഷിക്കുന്നതിനാൽ, ഞാൻ നിന്നോടു കൽപ്പിക്കുന്നതുവരെ അവിടെ താമസിക്കുക” എന്നു പറഞ്ഞു. യോസേഫ് ഉറക്കമുണർന്ന് രാത്രിയിൽത്തന്നെ ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്കു യാത്രയായി; ഹെരോദാവ് നാടുനീങ്ങുന്നതുവരെ അവർ അവിടെ താമസിച്ചു. “ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി” എന്ന് കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് ഇങ്ങനെ നിവൃത്തിയായി. ജ്ഞാനികൾ തന്നെ പരിഹസിച്ചെന്ന് ഹെരോദാവ് മനസ്സിലാക്കിയപ്പോൾ അദ്ദേഹം രോഷാകുലനായി, ജ്ഞാനികളിൽനിന്ന് മനസ്സിലാക്കിയ സമയത്തിന് അനുസൃതമായി, ബേത്ലഹേമിലും പരിസരപ്രദേശങ്ങളിലുമുള്ള രണ്ടുവയസ്സും അതിൽ താഴെയും പ്രായമുള്ള എല്ലാ ആൺകുട്ടികളെയും കൊല്ലാൻ ആജ്ഞ നൽകി. “രാമായിൽ ഒരു ശബ്ദം കേൾക്കുന്നു, രോദനവും അത്യുച്ചവിലാപവുംതന്നെ. റാഹേൽ തന്റെ കുഞ്ഞുങ്ങളെച്ചൊല്ലി വിലപിക്കുന്നു. അവരിലാരും അവശേഷിക്കുന്നില്ല; സാന്ത്വനം അവൾ നിരസിക്കുന്നു,” എന്നിങ്ങനെ യിരെമ്യാപ്രവാചകനിലൂടെ ഉണ്ടായ അരുളപ്പാട് നിവൃത്തിയായി. ഹെരോദാവു നാടുനീങ്ങിയപ്പോൾ, കർത്താവിന്റെ ദൂതൻ ഈജിപ്റ്റിൽവെച്ച് സ്വപ്നത്തിൽ യോസേഫിന് പ്രത്യക്ഷനായി, “എഴുന്നേൽക്കുക! ശിശുവിനെയും അമ്മയെയുംകൂട്ടി ഇസ്രായേൽ നാട്ടിലേക്ക് മടങ്ങുക, ശിശുവിനെ വധിക്കാൻ തുനിഞ്ഞവർ മരിച്ചുപോയി” എന്നു പറഞ്ഞു. യോസേഫ് എഴുന്നേറ്റ് യേശുവിനെയും അമ്മയെയുംകൂട്ടി ഇസ്രായേലിൽ എത്തിച്ചേർന്നു. എന്നാൽ, യെഹൂദ്യപ്രവിശ്യയിൽ അർക്കെലാവോസ്, തന്റെ പിതാവ് ഹെരോദാവിന്റെ പിൻഗാമിയായി ഭരണമേറ്റിരിക്കുന്നു എന്നു കേട്ടപ്പോൾ, യോസേഫ് അവിടേക്കു പോകാൻ ഭയപ്പെട്ടു. സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് ഗലീലാപ്രവിശ്യയിലേക്കു യാത്രതിരിച്ചു. അവിടെ നസറെത്ത് എന്ന പട്ടണത്തിൽ ചെന്നു താമസിച്ചു. “യേശു നസറായൻ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാരിലൂടെ ദൈവം അരുളിച്ചെയ്തത് ഇപ്രകാരം നിറവേറി.