യേശു അവിടംവിട്ട് യോർദ്ദാന്റെ മറുകരെയുള്ള യെഹൂദ്യപ്രദേശത്തേക്കു പോയി. വീണ്ടും ജനങ്ങൾ കൂട്ടംകൂട്ടമായി അവിടുത്തെ അടുക്കൽ വന്നുചേർന്നു. പതിവുപോലെ അവിടുന്ന് അവരെ പ്രബോധിപ്പിക്കുവാൻ തുടങ്ങി. അപ്പോൾ പരീശന്മാർ അടുത്തുവന്ന് അവിടുത്തെ പരീക്ഷിക്കുന്നതിനുവേണ്ടി ചോദിച്ചു: “ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതു ന്യായമാണോ?” യേശു മറുപടിയായി “മോശ കല്പിച്ചിരിക്കുന്നതെന്താണ്?” എന്നു ചോദിച്ചു. “പുരുഷൻ മോചനപത്രം എഴുതിക്കൊടുത്തിട്ട് ഭാര്യയെ ഉപേക്ഷിക്കുവാൻ മോശ അനുവദിച്ചിട്ടുണ്ട്” എന്നവർ പറഞ്ഞു. യേശു അവരോട് അരുൾചെയ്തു: “നിങ്ങൾക്ക് ഇതിലുപരി ഗ്രഹിക്കുവാൻ കഴിയാത്തതുകൊണ്ടാണ് മോശ അപ്രകാരം അനുശാസിച്ചത്. സൃഷ്‍ടിയുടെ ആരംഭത്തിൽത്തന്നെ ദൈവം മനുഷ്യരെ ആണും പെണ്ണുമായി സൃഷ്‍ടിച്ചു. അതിനാൽ ഒരുവൻ തന്റെ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും; അവർ ഇരുവരും ഒരു മെയ്യായിത്തീരുകയും ചെയ്യും.” അതുകൊണ്ട് അതുമുതൽ അവർ രണ്ടല്ല, ഒരു ശരീരമാകുന്നു. ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപിരിക്കരുത്. വീട്ടിൽവച്ച് ഇക്കാര്യത്തെപ്പറ്റി ശിഷ്യന്മാർ വീണ്ടും അവിടുത്തോട് ചോദിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “സ്വഭാര്യയെ ഉപേക്ഷിച്ച് വേറൊരു സ്‍ത്രീയെ വിവാഹം ചെയ്യുന്ന ഏതൊരുവനും അവൾക്കെതിരെ വ്യഭിചാരം ചെയ്യുന്നു. ഒരു സ്‍ത്രീ തന്റെ ഭർത്താവിനെ ഉപേക്ഷിച്ച് വേറൊരുവനെ വിവാഹം ചെയ്താൽ ആ സ്‍ത്രീയും വ്യഭിചാരം ചെയ്യുന്നു.”
MARKA 10 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MARKA 10:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ