മർക്കൊസ് 10:1-12
മർക്കൊസ് 10:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവിടെനിന്ന് അവൻ പുറപ്പെട്ടു യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്റെ അടുക്കൽ വന്നുകൂടി, പതിവുപോലെ അവൻ അവരെ പിന്നെയും ഉപദേശിച്ചു. അപ്പോൾ പരീശന്മാർ അടുക്കെ വന്നു: ഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷനു വിഹിതമോ എന്ന് അവനെ പരീക്ഷിച്ചുകൊണ്ട് അവനോടു ചോദിച്ചു. അവൻ അവരോട്: മോശെ നിങ്ങൾക്ക് എന്തു കല്പന തന്നു എന്നു ചോദിച്ചു. ഉപേക്ഷണപത്രം എഴുതിക്കൊടുത്ത് അവളെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചു എന്ന് അവർ പറഞ്ഞു. യേശു അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്ക് ഈ കല്പന എഴുതിത്തന്നത്. സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി. അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ. ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്ന് ഉത്തരം പറഞ്ഞു. വീട്ടിൽവച്ചു ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ച് അവനോടു ചോദിച്ചു. അവൻ അവരോട്: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു. സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു.
മർക്കൊസ് 10:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു അവിടംവിട്ട് യോർദ്ദാന്റെ മറുകരെയുള്ള യെഹൂദ്യപ്രദേശത്തേക്കു പോയി. വീണ്ടും ജനങ്ങൾ കൂട്ടംകൂട്ടമായി അവിടുത്തെ അടുക്കൽ വന്നുചേർന്നു. പതിവുപോലെ അവിടുന്ന് അവരെ പ്രബോധിപ്പിക്കുവാൻ തുടങ്ങി. അപ്പോൾ പരീശന്മാർ അടുത്തുവന്ന് അവിടുത്തെ പരീക്ഷിക്കുന്നതിനുവേണ്ടി ചോദിച്ചു: “ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതു ന്യായമാണോ?” യേശു മറുപടിയായി “മോശ കല്പിച്ചിരിക്കുന്നതെന്താണ്?” എന്നു ചോദിച്ചു. “പുരുഷൻ മോചനപത്രം എഴുതിക്കൊടുത്തിട്ട് ഭാര്യയെ ഉപേക്ഷിക്കുവാൻ മോശ അനുവദിച്ചിട്ടുണ്ട്” എന്നവർ പറഞ്ഞു. യേശു അവരോട് അരുൾചെയ്തു: “നിങ്ങൾക്ക് ഇതിലുപരി ഗ്രഹിക്കുവാൻ കഴിയാത്തതുകൊണ്ടാണ് മോശ അപ്രകാരം അനുശാസിച്ചത്. സൃഷ്‍ടിയുടെ ആരംഭത്തിൽത്തന്നെ ദൈവം മനുഷ്യരെ ആണും പെണ്ണുമായി സൃഷ്‍ടിച്ചു. അതിനാൽ ഒരുവൻ തന്റെ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും; അവർ ഇരുവരും ഒരു മെയ്യായിത്തീരുകയും ചെയ്യും.” അതുകൊണ്ട് അതുമുതൽ അവർ രണ്ടല്ല, ഒരു ശരീരമാകുന്നു. ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപിരിക്കരുത്. വീട്ടിൽവച്ച് ഇക്കാര്യത്തെപ്പറ്റി ശിഷ്യന്മാർ വീണ്ടും അവിടുത്തോട് ചോദിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “സ്വഭാര്യയെ ഉപേക്ഷിച്ച് വേറൊരു സ്‍ത്രീയെ വിവാഹം ചെയ്യുന്ന ഏതൊരുവനും അവൾക്കെതിരെ വ്യഭിചാരം ചെയ്യുന്നു. ഒരു സ്‍ത്രീ തന്റെ ഭർത്താവിനെ ഉപേക്ഷിച്ച് വേറൊരുവനെ വിവാഹം ചെയ്താൽ ആ സ്‍ത്രീയും വ്യഭിചാരം ചെയ്യുന്നു.”
മർക്കൊസ് 10:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യേശു അവിടെനിന്ന് പുറപ്പെട്ടു യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു. പുരുഷാരം പിന്നെയും അവന്റെ അടുക്കൽ വന്നുകൂടി, പതിവുപോലെ അവൻ അവരെ വീണ്ടും ഉപദേശിച്ചു. അപ്പോൾ പരീശന്മാർ അടുക്കെ വന്നു: “ഭാര്യയെ ഉപേക്ഷിക്കുന്നത് പുരുഷന് നിയമാനുസൃതമോ?” എന്നു അവനെ പരീക്ഷിച്ചുകൊണ്ട് അവനോടു ചോദിച്ചു. അവൻ അവരോട്: “മോശെ നിങ്ങൾക്ക് എന്ത് കല്പന തന്നു?” എന്നു ചോദിച്ചു. “ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചു” എന്നു അവർ പറഞ്ഞു. യേശു അവരോട്: “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്ക് ഈ കല്പന എഴുതിത്തന്നത്. സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ. ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്” എന്നു ഉത്തരം പറഞ്ഞു. അവർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ച് അവനോടു ചോദിച്ചു. അവൻ അവരോട്: “ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്ക് വിരോധമായി വ്യഭിചാരം ചെയ്യുന്നു. സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു” എന്നു പറഞ്ഞു.
മർക്കൊസ് 10:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവിടെ നിന്നു അവൻ പുറപ്പെട്ടു യോർദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്റെ അടുക്കൽ വന്നു കൂടി, പതിവുപോലെ അവൻ അവരെ പിന്നെയും ഉപദേശിച്ചു. അപ്പോൾ പരീശന്മാർ അടുക്കെ വന്നു: ഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷന്നു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുകൊണ്ടു അവനോടു ചോദിച്ചു. അവൻ അവരോടു: മോശെ നിങ്ങൾക്കു എന്തു കല്പന തന്നു എന്നു ചോദിച്ചു. ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചു എന്നു അവർ പറഞ്ഞു. യേശു അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്കു ഈ കല്പന എഴുതിത്തന്നതു. *സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി. *അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ. ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു. വീട്ടിൽ വെച്ചു ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ചു അവനോടു ചോദിച്ചു. അവൻ അവരോടു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു. സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു.
മർക്കൊസ് 10:1-12 സമകാലിക മലയാളവിവർത്തനം (MCV)
യേശു കഫാർനഹൂം വിട്ട് യോർദാൻനദിയുടെ അക്കരെയുള്ള യെഹൂദ്യപ്രവിശ്യയിലേക്ക് യാത്രതിരിച്ചു. ജനക്കൂട്ടം വീണ്ടും അദ്ദേഹത്തിന്റെ ചുറ്റും തടിച്ചുകൂടി; പതിവുപോലെ അദ്ദേഹം അവരെ പിന്നെയും ഉപദേശിച്ചു. ചില പരീശന്മാർ വന്ന്, “ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടോ?” എന്ന് അദ്ദേഹത്തെ പരീക്ഷിക്കുന്നതിനായി ചോദിച്ചു. അദ്ദേഹം മറുപടിയായി, “മോശ നിങ്ങളോടു കൽപ്പിച്ചത് എന്താണ്?” എന്നു ചോദിച്ചു. “വിവാഹമോചനപത്രം എഴുതിയിട്ട് ഭാര്യയെ ഉപേക്ഷിക്കാൻ മോശ അനുവദിച്ചിരിക്കുന്നു,” എന്ന് അവർ പറഞ്ഞു. അതിന് യേശു മറുപടി പറഞ്ഞത്: “നിങ്ങളുടെ പിടിവാശി നിമിത്തമാണ് മോശ ഈ കൽപ്പന നിങ്ങൾക്ക് എഴുതിത്തന്നത്. എന്നാൽ, ദൈവം സൃഷ്ടിയുടെ ആരംഭത്തിൽ ‘പുരുഷനും സ്ത്രീയുമായിട്ടാണ് മനുഷ്യസൃഷ്ടി ചെയ്തത്.’ ‘ഇക്കാരണത്താൽ ഒരു പുരുഷൻ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും. അവരിരുവരും ഒരു ശരീരമായിത്തീരും.’ എന്നു നിങ്ങൾ വായിച്ചിട്ടില്ലേ? അതിനാൽ അവർ ഇനി രണ്ടല്ല, ഒരു ശരീരമാണ്. അതുകൊണ്ട് ദൈവം സംയോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.” അവർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശിഷ്യന്മാർ ഇതേപ്പറ്റി യേശുവിനോടു വീണ്ടും ചോദിച്ചു. അദ്ദേഹം പറഞ്ഞു: “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ ആ ഭാര്യയ്ക്ക് എതിരായി വ്യഭിചാരം ചെയ്യുന്നു. ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹംചെയ്യുന്നവളും വ്യഭിചാരം ചെയ്യുകയാണ്.”