മർക്കൊ. 10:1-12

മർക്കൊ. 10:1-12 IRVMAL

യേശു അവിടെനിന്ന് പുറപ്പെട്ടു യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്‍റെ അതിരോളം ചെന്നു. പുരുഷാരം പിന്നെയും അവന്‍റെ അടുക്കൽ വന്നുകൂടി, പതിവുപോലെ അവൻ അവരെ വീണ്ടും ഉപദേശിച്ചു. അപ്പോൾ പരീശന്മാർ അടുക്കെ വന്നു: “ഭാര്യയെ ഉപേക്ഷിക്കുന്നത് പുരുഷന് നിയമാനുസൃതമോ?” എന്നു അവനെ പരീക്ഷിച്ചുകൊണ്ട് അവനോടു ചോദിച്ചു. അവൻ അവരോട്: “മോശെ നിങ്ങൾക്ക് എന്ത് കല്പന തന്നു?” എന്നു ചോദിച്ചു. “ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചു” എന്നു അവർ പറഞ്ഞു. യേശു അവരോട്: “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്ക് ഈ കല്പന എഴുതിത്തന്നത്. സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ. ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്” എന്നു ഉത്തരം പറഞ്ഞു. അവർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ച് അവനോടു ചോദിച്ചു. അവൻ അവരോട്: “ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്ക് വിരോധമായി വ്യഭിചാരം ചെയ്യുന്നു. സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു” എന്നു പറഞ്ഞു.