MARKA 15:1-32

MARKA 15:1-32 MALCLBSI

അതിരാവിലെതന്നെ മുഖ്യപുരോഹിതന്മാർ, ജനപ്രമാണിമാരോടും മതപണ്ഡിതന്മാരോടും സന്നദ്രിംസംഘത്തിലെ എല്ലാ അംഗങ്ങളോടുംകൂടി ആലോചിച്ചശേഷം യേശുവിനെ ബന്ധിച്ച് പീലാത്തോസിന്റെ മുമ്പിൽ ഹാജരാക്കി. പീലാത്തോസ് യേശുവിനോട് ചോദിച്ചു: “നിങ്ങൾ യെഹൂദന്മാരുടെ രാജാവാണോ?” യേശു പ്രതിവചിച്ചു: “താങ്കൾ അങ്ങനെ പറയുന്നു.” മുഖ്യപുരോഹിതന്മാർ യേശുവിനെതിരെ പല ആരോപണങ്ങൾ ഉന്നയിച്ചു. പീലാത്തോസ് വീണ്ടും ചോദിച്ചു: “താങ്കൾ ഒരു മറുപടിയും പറയുന്നില്ലേ? നോക്കൂ, താങ്കൾക്കെതിരെ എത്രയെത്ര കുറ്റങ്ങളാണ് അവർ ആരോപിക്കുന്നത്!” എന്നിട്ടും യേശു മറുപടിയൊന്നും പറഞ്ഞില്ല. അതിൽ പീലാത്തോസ് ആശ്ചര്യപ്പെട്ടു. ഉത്സവദിവസം അവർ ആവശ്യപ്പെടുന്ന ഒരു തടവുകാരനെ പീലാത്തോസ് മോചിപ്പിക്കുക പതിവായിരുന്നു. ഒരു കലാപത്തിൽ കൊലക്കുറ്റം ചെയ്ത ബറബ്ബാസ് എന്നൊരാൾ മറ്റു കലാപകാരികളോടുകൂടി തടവിൽ കിടക്കുന്നുണ്ടായിരുന്നു. ജനങ്ങൾ പീലാത്തോസിന്റെ അടുക്കൽചെന്ന്, പതിവുപോലെ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. “യെഹൂദന്മാരുടെ രാജാവിനെ ഞാൻ നിങ്ങൾക്കു വിട്ടുതരണമെന്നാണോ നിങ്ങളുടെ ആഗ്രഹം?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. അസൂയകൊണ്ടാണ് മുഖ്യപുരോഹിതന്മാർ യേശുവിനെ പിടിച്ച് തന്നെ ഏല്പിച്ചതെന്ന് പീലാത്തോസ് മനസ്സിലാക്കിയിരുന്നു. ബറബ്ബാസിനെത്തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാൻ പുരോഹിതമുഖ്യന്മാർ ജനത്തെ പറഞ്ഞിളക്കി. പീലാത്തോസ് വീണ്ടും ചോദിച്ചു: “യെഹൂദന്മാരുടെ രാജാവ് എന്നു നിങ്ങൾ പറയുന്ന ഈ മനുഷ്യനെ ഞാൻ എന്തുചെയ്യണം?” “അയാളെ ക്രൂശിക്കുക” എന്ന് അവർ അത്യുച്ചത്തിൽ പറഞ്ഞു. “എന്തിന്? അയാൾ എന്തുദോഷം ചെയ്തു?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. എന്നാൽ അവർ പൂർവാധികം ഉച്ചത്തിൽ “അയാളെ ക്രൂശിക്കുക” എന്ന് അട്ടഹസിച്ചു. ജനങ്ങളെ പ്രീണിപ്പിക്കുവാൻ പീലാത്തോസ് ആഗ്രഹിച്ചതുകൊണ്ട് ബറബ്ബാസിനെ മോചിപ്പിക്കുകയും യേശുവിനെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ക്രൂശിക്കുവാൻ അവരെ ഏല്പിക്കുകയും ചെയ്തു. പടയാളികൾ യേശുവിനെ കൊട്ടാരത്തിനുള്ളിലുള്ള അങ്കണത്തിലേക്കു കൊണ്ടുപോയി. അവർ അവിടെയുണ്ടായിരുന്ന പട്ടാളത്തെ മുഴുവൻ വിളിച്ചുകൂട്ടി; അവിടുത്തെ കടുംചുമപ്പ് നിറമുള്ള ഒരു അങ്കി അണിയിച്ചു; മുള്ളുകൊണ്ടു മെടഞ്ഞ കിരീടം അവിടുത്തെ ശിരസ്സിൽ ചൂടിക്കുകയും ചെയ്തു. പിന്നീട് “ഹേ, യെഹൂദന്മാരുടെ രാജാവേ! ജയിച്ചാലും! ജയിച്ചാലും! എന്നു പറഞ്ഞുകൊണ്ട് ഹാസ്യമായി അഭിവാദനം ചെയ്തു. വടികൊണ്ട് അവർ അവിടുത്തെ തലയ്‍ക്കടിച്ചു; മുഖത്തു തുപ്പി; മുട്ടുകുത്തി അവിടുത്തെ നമസ്കരിച്ചു. ഇങ്ങനെ അവർ അവിടുത്തെ അവഹേളിച്ചശേഷം അങ്കി ഊരി സ്വന്തം വസ്ത്രം ധരിപ്പിച്ചു ക്രൂശിക്കുവാൻ പുറത്തേക്കു കൊണ്ടുപോയി. അലക്സാണ്ടറിന്റെയും രൂഫസിന്റെയും പിതാവായ കുറേനക്കാരൻ ശിമോൻ വയലിൽനിന്ന് അതുവഴി കടന്നുപോകുമ്പോൾ യേശുവിന്റെ കുരിശ് ചുമക്കുവാൻ പടയാളികൾ അയാളെ നിർബന്ധിച്ചു. അവർ യേശുവിനെ തലയോടിന്റെ സ്ഥലം എന്ന് അർഥമുള്ള ഗോല്ഗോഥായിലേക്ക് കൊണ്ടുപോയി. അവർ അവിടുത്തെ കയ്പുചേർത്ത വീഞ്ഞു കുടിക്കുവാൻ കൊടുത്തു. പക്ഷേ അവിടുന്ന് അതു സ്വീകരിച്ചില്ല. അവർ അവിടുത്തെ ക്രൂശിച്ചു. പിന്നീട് അവിടുത്തെ വസ്ത്രങ്ങൾ പങ്കിട്ടശേഷം ആർക്കു കിട്ടണമെന്നറിയുന്നതിനു നറുക്കിട്ടു. രാവിലെ ഒൻപതുമണിക്കാണ് അവർ യേശുവിനെ ക്രൂശിച്ചത്. അവിടുത്തെ പേരിലുള്ള കുറ്റമായി ‘യെഹൂദന്മാരുടെ രാജാവ്’ എന്ന് മീതെ എഴുതിവച്ചു. യേശുവിന്റെ കൂടെ രണ്ടു കൊള്ളക്കാരെ ഒരാളെ വലത്തും അപരനെ ഇടത്തുമായി ക്രൂശിച്ചു. ’അവൻ അധർമികളുടെകൂടെ എണ്ണപ്പെട്ടു’ എന്ന വേദലിഖിതം ഇങ്ങനെ സത്യമായി. അതുവഴി കടന്നുപോയവർ യേശുവിനെ ദുഷിച്ചു; “ആഹാ! ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയുന്നവനല്ലേ നീ! കുരിശിൽനിന്ന് ഇറങ്ങിവന്നു നീ നിന്നെത്തന്നെ രക്ഷിക്കുക!” എന്നു തലയാട്ടിക്കൊണ്ട് അവർ പറഞ്ഞു. അതുപോലെതന്നെ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യേശുവിനെ പരിഹസിച്ചു; അവർ അന്യോന്യം പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു; പക്ഷേ തന്നെത്തന്നെ രക്ഷിക്കുവാൻ കഴിവില്ല. ഇസ്രായേലിന്റെ രാജാവായ മശിഹാ ഇപ്പോൾ കുരിശിൽനിന്ന് ഇറങ്ങിവരട്ടെ; നമുക്കു കണ്ടു വിശ്വസിക്കാമല്ലോ” യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവിടുത്തെ നിന്ദിച്ചു.

MARKA 15 വായിക്കുക