മർക്കൊസ് 15:1-32

മർക്കൊസ് 15:1-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഉടനെ അതികാലത്തുതന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘമൊക്കെയും കൂടി ആലോചിച്ചു യേശുവിനെ കെട്ടിക്കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു. പീലാത്തൊസ് അവനോട്: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്: ഞാൻ ആകുന്നു എന്ന് അവൻ ഉത്തരം പറഞ്ഞു. മഹാപുരോഹിതന്മാർ അവനെ ഏറിയോന്നു കുറ്റം ചുമത്തി. പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു. യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തൊസ് ആശ്ചര്യപ്പെട്ടു. അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടുകൊടുക്ക പതിവായിരുന്നു. എന്നാൽ ഒരു കലഹത്തിൽ കൊല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തൻ ഉണ്ടായിരുന്നു. പുരുഷാരം കയറിവന്നു, അവൻ പതിവുപോലെ ചെയ്യേണം എന്ന് അപേക്ഷിച്ചുതുടങ്ങി. മഹാപുരോഹിതന്മാർ അസൂയകൊണ്ട് അവനെ ഏല്പിച്ചു എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ട് അവരോട്: യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്കു വിട്ടുതരേണം എന്ന് ഇച്ഛിക്കുന്നുവോ എന്നു ചോദിച്ചു. എന്നാൽ അവൻ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിനു ചോദിപ്പാൻ മഹാപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പീലാത്തൊസ് പിന്നെയും അവരോട്: എന്നാൽ യെഹൂദന്മാരുടെ രാജാവ് എന്നു നിങ്ങൾ പറയുന്നവനെ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. അവനെ ക്രൂശിക്ക എന്ന് അവർ വീണ്ടും നിലവിളിച്ചു. പീലാത്തൊസ് അവരോട്: അവൻ എന്തു ദോഷം ചെയ്തു എന്നു പറഞ്ഞാറെ, അവനെ ക്രൂശിക്ക എന്ന് അവർ അധികമായി നിലവിളിച്ചു. പീലാത്തൊസ് പുരുഷാരത്തിനു തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു ക്രൂശിപ്പാൻ ഏല്പിച്ചു. പടയാളികൾ അവനെ ആസ്ഥാനമായ മണ്ഡപത്തിനകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി. അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവനെ ചൂടിച്ചു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു വന്ദിച്ചു. കോൽകൊണ്ട് അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു. അങ്ങനെ അവനെ പരിഹസിച്ചശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ച് അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി. അലെക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽനിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു. തലയോടിടം എന്നർഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്ക് അവനെ കൊണ്ടുപോയി; കണ്ടിവെണ്ണ കലർത്തിയ വീഞ്ഞ് അവനു കൊടുത്തു; അവനോ വാങ്ങിയില്ല. അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം ഇന്നവന് ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതിചെയ്തു. മൂന്നാംമണി നേരമായപ്പോൾ അവനെ ക്രൂശിച്ചു. യെഹൂദന്മാരുടെ രാജാവ് എന്നിങ്ങനെ അവന്റെ കുറ്റം മീതെ എഴുതിയിരുന്നു. അവർ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു. [അധർമികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.] കടന്നുപോകുന്നവർ തല കുലുക്കിക്കൊണ്ട്: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിച്ചു ക്രൂശിൽനിന്ന് ഇറങ്ങിവാ എന്നു പറഞ്ഞ് അവനെ ദുഷിച്ചു. അങ്ങനെ തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താൻ രക്ഷിപ്പാൻ വഹിയാ. നാം കണ്ടു വിശ്വസിക്കേണ്ടതിനു ക്രിസ്തു എന്ന യിസ്രായേൽരാജാവ് ഇപ്പോൾ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചുപറഞ്ഞു.

മർക്കൊസ് 15:1-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതിരാവിലെതന്നെ മുഖ്യപുരോഹിതന്മാർ, ജനപ്രമാണിമാരോടും മതപണ്ഡിതന്മാരോടും സന്നദ്രിംസംഘത്തിലെ എല്ലാ അംഗങ്ങളോടുംകൂടി ആലോചിച്ചശേഷം യേശുവിനെ ബന്ധിച്ച് പീലാത്തോസിന്റെ മുമ്പിൽ ഹാജരാക്കി. പീലാത്തോസ് യേശുവിനോട് ചോദിച്ചു: “നിങ്ങൾ യെഹൂദന്മാരുടെ രാജാവാണോ?” യേശു പ്രതിവചിച്ചു: “താങ്കൾ അങ്ങനെ പറയുന്നു.” മുഖ്യപുരോഹിതന്മാർ യേശുവിനെതിരെ പല ആരോപണങ്ങൾ ഉന്നയിച്ചു. പീലാത്തോസ് വീണ്ടും ചോദിച്ചു: “താങ്കൾ ഒരു മറുപടിയും പറയുന്നില്ലേ? നോക്കൂ, താങ്കൾക്കെതിരെ എത്രയെത്ര കുറ്റങ്ങളാണ് അവർ ആരോപിക്കുന്നത്!” എന്നിട്ടും യേശു മറുപടിയൊന്നും പറഞ്ഞില്ല. അതിൽ പീലാത്തോസ് ആശ്ചര്യപ്പെട്ടു. ഉത്സവദിവസം അവർ ആവശ്യപ്പെടുന്ന ഒരു തടവുകാരനെ പീലാത്തോസ് മോചിപ്പിക്കുക പതിവായിരുന്നു. ഒരു കലാപത്തിൽ കൊലക്കുറ്റം ചെയ്ത ബറബ്ബാസ് എന്നൊരാൾ മറ്റു കലാപകാരികളോടുകൂടി തടവിൽ കിടക്കുന്നുണ്ടായിരുന്നു. ജനങ്ങൾ പീലാത്തോസിന്റെ അടുക്കൽചെന്ന്, പതിവുപോലെ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. “യെഹൂദന്മാരുടെ രാജാവിനെ ഞാൻ നിങ്ങൾക്കു വിട്ടുതരണമെന്നാണോ നിങ്ങളുടെ ആഗ്രഹം?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. അസൂയകൊണ്ടാണ് മുഖ്യപുരോഹിതന്മാർ യേശുവിനെ പിടിച്ച് തന്നെ ഏല്പിച്ചതെന്ന് പീലാത്തോസ് മനസ്സിലാക്കിയിരുന്നു. ബറബ്ബാസിനെത്തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാൻ പുരോഹിതമുഖ്യന്മാർ ജനത്തെ പറഞ്ഞിളക്കി. പീലാത്തോസ് വീണ്ടും ചോദിച്ചു: “യെഹൂദന്മാരുടെ രാജാവ് എന്നു നിങ്ങൾ പറയുന്ന ഈ മനുഷ്യനെ ഞാൻ എന്തുചെയ്യണം?” “അയാളെ ക്രൂശിക്കുക” എന്ന് അവർ അത്യുച്ചത്തിൽ പറഞ്ഞു. “എന്തിന്? അയാൾ എന്തുദോഷം ചെയ്തു?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. എന്നാൽ അവർ പൂർവാധികം ഉച്ചത്തിൽ “അയാളെ ക്രൂശിക്കുക” എന്ന് അട്ടഹസിച്ചു. ജനങ്ങളെ പ്രീണിപ്പിക്കുവാൻ പീലാത്തോസ് ആഗ്രഹിച്ചതുകൊണ്ട് ബറബ്ബാസിനെ മോചിപ്പിക്കുകയും യേശുവിനെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ക്രൂശിക്കുവാൻ അവരെ ഏല്പിക്കുകയും ചെയ്തു. പടയാളികൾ യേശുവിനെ കൊട്ടാരത്തിനുള്ളിലുള്ള അങ്കണത്തിലേക്കു കൊണ്ടുപോയി. അവർ അവിടെയുണ്ടായിരുന്ന പട്ടാളത്തെ മുഴുവൻ വിളിച്ചുകൂട്ടി; അവിടുത്തെ കടുംചുമപ്പ് നിറമുള്ള ഒരു അങ്കി അണിയിച്ചു; മുള്ളുകൊണ്ടു മെടഞ്ഞ കിരീടം അവിടുത്തെ ശിരസ്സിൽ ചൂടിക്കുകയും ചെയ്തു. പിന്നീട് “ഹേ, യെഹൂദന്മാരുടെ രാജാവേ! ജയിച്ചാലും! ജയിച്ചാലും! എന്നു പറഞ്ഞുകൊണ്ട് ഹാസ്യമായി അഭിവാദനം ചെയ്തു. വടികൊണ്ട് അവർ അവിടുത്തെ തലയ്‍ക്കടിച്ചു; മുഖത്തു തുപ്പി; മുട്ടുകുത്തി അവിടുത്തെ നമസ്കരിച്ചു. ഇങ്ങനെ അവർ അവിടുത്തെ അവഹേളിച്ചശേഷം അങ്കി ഊരി സ്വന്തം വസ്ത്രം ധരിപ്പിച്ചു ക്രൂശിക്കുവാൻ പുറത്തേക്കു കൊണ്ടുപോയി. അലക്സാണ്ടറിന്റെയും രൂഫസിന്റെയും പിതാവായ കുറേനക്കാരൻ ശിമോൻ വയലിൽനിന്ന് അതുവഴി കടന്നുപോകുമ്പോൾ യേശുവിന്റെ കുരിശ് ചുമക്കുവാൻ പടയാളികൾ അയാളെ നിർബന്ധിച്ചു. അവർ യേശുവിനെ തലയോടിന്റെ സ്ഥലം എന്ന് അർഥമുള്ള ഗോല്ഗോഥായിലേക്ക് കൊണ്ടുപോയി. അവർ അവിടുത്തെ കയ്പുചേർത്ത വീഞ്ഞു കുടിക്കുവാൻ കൊടുത്തു. പക്ഷേ അവിടുന്ന് അതു സ്വീകരിച്ചില്ല. അവർ അവിടുത്തെ ക്രൂശിച്ചു. പിന്നീട് അവിടുത്തെ വസ്ത്രങ്ങൾ പങ്കിട്ടശേഷം ആർക്കു കിട്ടണമെന്നറിയുന്നതിനു നറുക്കിട്ടു. രാവിലെ ഒൻപതുമണിക്കാണ് അവർ യേശുവിനെ ക്രൂശിച്ചത്. അവിടുത്തെ പേരിലുള്ള കുറ്റമായി ‘യെഹൂദന്മാരുടെ രാജാവ്’ എന്ന് മീതെ എഴുതിവച്ചു. യേശുവിന്റെ കൂടെ രണ്ടു കൊള്ളക്കാരെ ഒരാളെ വലത്തും അപരനെ ഇടത്തുമായി ക്രൂശിച്ചു. ’അവൻ അധർമികളുടെകൂടെ എണ്ണപ്പെട്ടു’ എന്ന വേദലിഖിതം ഇങ്ങനെ സത്യമായി. അതുവഴി കടന്നുപോയവർ യേശുവിനെ ദുഷിച്ചു; “ആഹാ! ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയുന്നവനല്ലേ നീ! കുരിശിൽനിന്ന് ഇറങ്ങിവന്നു നീ നിന്നെത്തന്നെ രക്ഷിക്കുക!” എന്നു തലയാട്ടിക്കൊണ്ട് അവർ പറഞ്ഞു. അതുപോലെതന്നെ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യേശുവിനെ പരിഹസിച്ചു; അവർ അന്യോന്യം പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു; പക്ഷേ തന്നെത്തന്നെ രക്ഷിക്കുവാൻ കഴിവില്ല. ഇസ്രായേലിന്റെ രാജാവായ മശിഹാ ഇപ്പോൾ കുരിശിൽനിന്ന് ഇറങ്ങിവരട്ടെ; നമുക്കു കണ്ടു വിശ്വസിക്കാമല്ലോ” യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവിടുത്തെ നിന്ദിച്ചു.

മർക്കൊസ് 15:1-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അതികാലത്ത് മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു. പിന്നെ അവർ യേശുവിനെ ബന്ധിച്ചു കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു. പീലാത്തോസ് അവനോട്: “നീ യെഹൂദന്മാരുടെ രാജാവോ?” എന്നു ചോദിച്ചതിന്: “നീ അങ്ങനെ പറയുന്നു” എന്നു യേശു പറഞ്ഞു. മുഖ്യപുരോഹിതന്മാർ അവനെതിരെ അനേകം കുറ്റങ്ങൾ ആരോപിച്ചു. പീലാത്തോസ് പിന്നെയും അവനോടു ചോദിച്ചു: “നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിനക്കെതിരെ എന്തെല്ലാം കുറ്റങ്ങൾ ആരോപിക്കുന്നു” എന്നു പറഞ്ഞു. യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തോസ് ആശ്ചര്യപ്പെട്ടു. അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടുകൊടുക്കുക പതിവായിരുന്നു. എന്നാൽ ഒരു വിപ്ലവത്തിൽ കൊല ചെയ്തവരായ വിപ്ലവക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുവൻ തടവിൽ ഉണ്ടായിരുന്നു. പുരുഷാരം പീലാത്തോസിന്‍റെ അടുക്കൽവന്ന്, പതിവുപോലെ ചെയ്യേണം എന്നു അവനോടു അപേക്ഷിച്ചുതുടങ്ങി. “യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്ക് വിട്ടുതരേണം എന്നു നിങ്ങള്‍ ഇച്ഛിക്കുന്നുവോ?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. മുഖ്യപുരോഹിതന്മാർ അസൂയകൊണ്ടാണ് യേശുവിനെ ഏല്പിച്ചത് എന്നു പീലാത്തോസ് അറിഞ്ഞിരുന്നു. എന്നാൽ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന് ചോദിപ്പാൻ മുഖ്യപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പീലാത്തോസ് പിന്നെയും അവരോട്: “എന്നാൽ യെഹൂദന്മാരുടെ രാജാവ്” എന്നു നിങ്ങൾ വിളിക്കുന്നവനെ ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു. “അവനെ ക്രൂശിയ്ക്ക” എന്നു അവർ വീണ്ടും നിലവിളിച്ചു. പീലാത്തോസ് അവരോട്: “അവൻ എന്ത് ദോഷം ചെയ്തു?” എന്നു ചോദിച്ചു. “അവനെ ക്രൂശിയ്ക്ക” എന്നു അവർ അധികമായി നിലവിളിച്ചു. പീലാത്തോസ് പുരുഷാരത്തിന് തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു ക്രൂശിപ്പാൻ ഏല്പിച്ചു. പടയാളികൾ അവനെ അവരുടെ ആസ്ഥാനമായ മണ്ഡപത്തിനകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി. അവനെ രക്താംബരം ധരിപ്പിച്ച്, മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു: “യെഹൂദന്മാരുടെ രാജാവേ, ജയജയ” എന്നു പറഞ്ഞു വന്ദിച്ചു; കോൽകൊണ്ട് അവന്‍റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു. അങ്ങനെ അവനെ പരിഹസിച്ച ശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ച് അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി. അലെക്സന്തരിന്‍റെയും രൂഫൊസിന്‍റെയും അപ്പനായ കുറേനക്കാരൻ ശിമോൻ നാട്ടിൻപുറത്തുനിന്ന് വന്നു അതുവഴി പോവുകയായിരുന്നു. യേശുവിന്‍റെ ക്രൂശ് ചുമപ്പാൻ അവർ അവനെ നിര്‍ബ്ബന്ധിച്ചു. തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേയ്ക്ക് അവർ യേശുവിനെ കൊണ്ടുപോയി; കുന്തുരുക്കം കലർത്തിയ വീഞ്ഞ് അവനു കൊടുത്തു; അവൻ അത് കുടിച്ചില്ല. അവനെ ക്രൂശിച്ചശേഷം അവന്‍റെ വസ്ത്രങ്ങൾ ഓരോരുത്തരും വിഭാഗിച്ച് എടുക്കേണ്ടതിന് അവർ ചീട്ടിട്ടു. അവനെ ക്രൂശിച്ചപ്പോൾ മൂന്നാംമണി നേരമായിരുന്നു. ‘യെഹൂദന്മാരുടെ രാജാവ്’ എന്നിങ്ങനെ അവന്‍റെമേൽ ചുമത്തിയ കുറ്റം മീതെ എഴുതിവച്ചിരുന്നു. അവർ രണ്ടു കള്ളന്മാരെ ഒരുവനെ വലത്തും ഒരുവനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു. അധർമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്ത് നിവൃത്തിയായി. അതുവഴി കടന്നു പോകുന്നവർ തല കുലുക്കിക്കൊണ്ട്: “ഹാ, ഹാ, മന്ദിരം പൊളിച്ച് മൂന്നു നാളുകൊണ്ട് പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിച്ചു ക്രൂശിൽ നിന്നു ഇറങ്ങിവാ” എന്നു പറഞ്ഞു അവനെ ദുഷിച്ചു. അങ്ങനെ തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ തന്നെത്താൻ രക്ഷിക്കാൻ ഇവന് കഴിയുന്നില്ല” എന്നു പരസ്പരം പറഞ്ഞു. “നമ്മൾ കണ്ടു വിശ്വസിക്കേണ്ടതിന് ക്രിസ്തു എന്ന യിസ്രായേൽ രാജാവ് ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ” എന്നു പറഞ്ഞു. അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു.

മർക്കൊസ് 15:1-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഉടനെ അതികാലത്തു തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു യേശുവിനെ കെട്ടി കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു. പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു. മഹാപുരോഹിതന്മാർ അവനെ ഏറിയോന്നു കുറ്റം ചുമത്തി. പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു. യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തൊസ് ആശ്ചര്യപ്പെട്ടു. അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടുകൊടുക്ക പതിവായിരുന്നു. എന്നാൽ ഒരു കലഹത്തിൽ കൊല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തൻ ഉണ്ടായിരുന്നു. പുരുഷാരം കയറി വന്നു, അവൻ പതിവുപോലെ ചെയ്യേണം എന്നു അപേക്ഷിച്ചുതുടങ്ങി. മഹാപുരോഹിതന്മാർ അസൂയകൊണ്ടു അവനെ ഏല്പിച്ചു എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ടു അവരോടു: യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്കു വിട്ടുതരേണം എന്നു ഇച്ഛിക്കുന്നുവോ എന്നു ചോദിച്ചു. എന്നാൽ അവൻ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന്നു ചോദിപ്പാൻ മഹാപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പീലാത്തൊസ് പിന്നെയും അവരോടു: എന്നാൽ യെഹൂദന്മാരുടെ രാജാവു എന്നു നിങ്ങൾ പറയുന്നവനെ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. അവനെ ക്രൂശിക്ക എന്നു അവർ വീണ്ടും നിലവിളിച്ചു. പീലാത്തൊസ് അവരോടു: അവൻ എന്തു ദോഷം ചെയ്തു എന്നു പറഞ്ഞാറെ, അവനെ ക്രൂശിക്ക എന്നു അവർ അധികമായി നിലവിളിച്ചു. പീലാത്തൊസ് പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു യേശുവിനെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിപ്പാൻ ഏല്പിച്ചു. പടയാളികൾ അവനെ ആസ്ഥാനമായ മണ്ഡപത്തിന്നകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി. അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞു വന്ദിച്ചു; കോൽകൊണ്ടു അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു. അങ്ങനെ അവനെ പരിഹസിച്ച ശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ചു അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി. അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു. തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കു അവനെ കൊണ്ടുപോയി; കണ്ടിവെണ്ണ കലർത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല. അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം ഇന്നവന്നു ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതി ചെയ്തു. മൂന്നാം മണി നേരമായപ്പോൾ അവനെ ക്രൂശിച്ചു. യെഹൂദന്മാരുടെ രാജാവു എന്നിങ്ങനെ അവന്റെ കുറ്റം മീതെ എഴുതിയിരുന്നു. അവർ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു. [അധർമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.] കടന്നു പോകുന്നവർ തല കുലുക്കിക്കൊണ്ടു: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിച്ചു ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു. അങ്ങനെ തന്നേ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താൻ രക്ഷിപ്പാൻ വഹിയാ. നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേൽ രാജാവു ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.

മർക്കൊസ് 15:1-32 സമകാലിക മലയാളവിവർത്തനം (MCV)

അതിരാവിലെതന്നെ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും വേദജ്ഞരും ന്യായാധിപസമിതിയിലുള്ള എല്ലാവരും പദ്ധതിയിട്ടതനുസരിച്ച് യേശുവിനെ ബന്ധിച്ച് അവിടെനിന്ന് കൊണ്ടുപോയി പീലാത്തോസിന് കൈമാറി. “നീയാണോ യെഹൂദരുടെ രാജാവ്?” പീലാത്തോസ് ചോദിച്ചു. “അതേ, താങ്കൾ പറയുന്നതു ശരിതന്നെ,” യേശു ഉത്തരം പറഞ്ഞു. പുരോഹിതമുഖ്യന്മാർ യേശുവിനെതിരായി പല ആരോപണങ്ങളും ഉന്നയിച്ചു. പീലാത്തോസ് വീണ്ടും യേശുവിനോട്, “താങ്കൾ മറുപടി ഒന്നും പറയുന്നില്ലേ? നോക്കൂ, എത്രയോ ആരോപണങ്ങളാണ് ഇവർ താങ്കൾക്കെതിരേ ഉന്നയിക്കുന്നത്?” എന്നു ചോദിച്ചു. എന്നിട്ടും യേശു മറുപടിയൊന്നും പറയാതിരുന്നതുകൊണ്ടു പീലാത്തോസ് ആശ്ചര്യപ്പെട്ടു. പെസഹാഘോഷവേളയിൽ ജനങ്ങൾ ആവശ്യപ്പെടുന്ന ഒരു തടവുകാരനെ മോചിപ്പിക്കുക പതിവായിരുന്നു. വിപ്ളവത്തിനിടയിൽ കൊല നടത്തിയ ബറബ്ബാസ് എന്നു പേരുള്ള ഒരു തീവ്രവാദി ഈ സമയത്ത് കാരാഗൃഹത്തിൽ ഉണ്ടായിരുന്നു. ജനക്കൂട്ടം പീലാത്തോസിന്റെ അടുക്കൽ ചെന്നു തങ്ങൾക്കുവേണ്ടി പതിവുപോലെ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പുരോഹിതമുഖ്യന്മാർ അസൂയ നിമിത്തമാണ് യേശുവിനെ തന്റെ പക്കൽ ഏൽപ്പിച്ചതെന്ന് അറിഞ്ഞിരുന്ന പീലാത്തോസ് അവരോട്, “യെഹൂദരുടെ രാജാവിനെ നിങ്ങൾക്കായി മോചിപ്പിച്ചുതരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു. എന്നാൽ, ബറബ്ബാസിനെയാണ് മോചിപ്പിക്കേണ്ടതെന്ന് പീലാത്തോസിനോട് ആവശ്യപ്പെടാൻ പുരോഹിതമുഖ്യന്മാർ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചിരുന്നു. “എങ്കിൽ, യെഹൂദരുടെ രാജാവെന്നു നിങ്ങൾ വിളിക്കുന്ന ഇയാളെ ഞാൻ എന്തു ചെയ്യണം?” പീലാത്തോസ് വീണ്ടും അവരോടു ചോദിച്ചു. “അവനെ ക്രൂശിക്ക!” അവർ കൂടുതൽ ഉച്ചത്തിൽ അട്ടഹസിച്ചു. “എന്തിന്? അയാൾ എന്തു കുറ്റമാണു ചെയ്തത്?” പീലാത്തോസ് ചോദിച്ചു. എന്നാൽ, അവർ അത്യുച്ചത്തിൽ, “അവനെ ക്രൂശിക്ക” എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു. ജനക്കൂട്ടത്തെ അനുനയിപ്പിക്കാൻ ആഗ്രഹിച്ചുകൊണ്ട് പീലാത്തോസ് ബറബ്ബാസിനെ അവർക്കുവേണ്ടി മോചിപ്പിച്ചു. അയാൾ യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചതിനുശേഷം, ക്രൂശിക്കാൻ പട്ടാളത്തെ ഏൽപ്പിച്ചു. സൈനികർ യേശുവിനെ കൊട്ടാരത്തിനുള്ളിൽ ദേശാധിപതിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. അവർ സൈന്യത്തെ മുഴുവൻ വിളിച്ചുവരുത്തി. അവർ അദ്ദേഹത്തെ ഊതനിറമുള്ള പുറങ്കുപ്പായം ധരിപ്പിച്ചു; അതിനുശേഷം ഒരു മുൾക്കിരീടം മെടഞ്ഞ് അദ്ദേഹത്തിന്റെ ശിരസ്സിൽ വെച്ചു. പിന്നീട്, “യെഹൂദരുടെ രാജാവ്, നീണാൾ വാഴട്ടെ!” എന്നു (പരിഹസിച്ചു) പറഞ്ഞുകൊണ്ട് അദ്ദേഹത്തെ വന്ദിച്ചു. അവർ അദ്ദേഹത്തിന്റെ തലയിൽ വടികൊണ്ട് അടിച്ചു; ദേഹത്തു തുപ്പി; മുട്ടുകുത്തി അദ്ദേഹത്തെ പരിഹാസപൂർവം നമസ്കരിച്ചു. ഇങ്ങനെ അദ്ദേഹത്തെ പരിഹസിച്ചുതീർന്നശേഷം ഊതനിറമുള്ള പുറങ്കുപ്പായം മാറ്റി, സ്വന്തം വസ്ത്രം ധരിപ്പിച്ചു. പിന്നെ അവർ അദ്ദേഹത്തെ ക്രൂശിക്കാൻ കൊണ്ടുപോയി. അലെക്സന്തറിന്റെയും രൂഫൊസിന്റെയും പിതാവായ കുറേനഗ്രാമവാസിയായ ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഗ്രാമപ്രദേശത്തുനിന്ന് അതുവഴി കടന്നുപോകുകയായിരുന്നു. യേശുവിന്റെ ക്രൂശ് ചുമക്കാൻ അവർ അയാളെ നിർബന്ധിച്ചു. അവർ യേശുവിനെ “തലയോട്ടിയുടെ സ്ഥലം” എന്നർഥമുള്ള “ഗൊൽഗോഥാ” എന്നു വിളിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി. മീറ കലക്കിയ വീഞ്ഞ് അവർ അദ്ദേഹത്തിന് കൊടുത്തു; എന്നാൽ അദ്ദേഹം അതു സ്വീകരിച്ചില്ല. അവർ യേശുവിനെ ക്രൂശിച്ചു. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ പങ്കിട്ട്, ഓരോരുത്തനും അവയിൽ ഏതു കിട്ടുമെന്നറിയാൻ നറുക്കിട്ടു. മൂന്നാംമണി നേരത്താണ് അവർ അദ്ദേഹത്തെ ക്രൂശിച്ചത്. യെഹൂദരുടെ രാജാവ്, എന്നതായിരുന്നു അദ്ദേഹത്തിന്റെ ക്രൂശിൻമീതേ എഴുതിവെച്ചിരുന്ന കുറ്റപത്രം. അവർ അദ്ദേഹത്തോടുകൂടെ രണ്ട് കൊള്ളക്കാരെ, ഒരാളെ വലത്തും മറ്റേയാളെ ഇടത്തുമായി ക്രൂശിച്ചു. “അധർമികളുടെ കൂട്ടത്തിൽ അയാൾ എണ്ണപ്പെട്ടു” എന്ന തിരുവെഴുത്ത് നിവൃത്തിയായി. ആ വഴി കടന്നുപോയവർ തലകുലുക്കിക്കൊണ്ട്, “ഹേ, ദൈവാലയം തകർത്ത് മൂന്ന് ദിവസംകൊണ്ട് പണിയുന്നവനേ, ക്രൂശിൽനിന്ന് ഇറങ്ങിവാ, നിന്നെത്തന്നെ രക്ഷിക്കുക!” എന്നു പറഞ്ഞ് അദ്ദേഹത്തെ നിന്ദിച്ചു. അങ്ങനെതന്നെ, പുരോഹിതമുഖ്യന്മാരും വേദജ്ഞരും അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് പരസ്പരം പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ തന്നെത്താൻ രക്ഷിക്കാനുള്ള കഴിവോ ഇല്ല! ഇസ്രായേലിന്റെ രാജാവായ ഈ ക്രിസ്തു ഇപ്പോൾത്തന്നെ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ; എങ്കിൽ നമുക്ക് അതുകണ്ടു വിശ്വസിക്കാം.” ഒപ്പം ക്രൂശിക്കപ്പെട്ടവരും അതുപോലെതന്നെ അദ്ദേഹത്തെ അധിക്ഷേപിച്ചു.