മർക്കൊ. 15:1-32

മർക്കൊ. 15:1-32 IRVMAL

അതികാലത്ത് മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു. പിന്നെ അവർ യേശുവിനെ ബന്ധിച്ചു കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു. പീലാത്തോസ് അവനോട്: “നീ യെഹൂദന്മാരുടെ രാജാവോ?” എന്നു ചോദിച്ചതിന്: “നീ അങ്ങനെ പറയുന്നു” എന്നു യേശു പറഞ്ഞു. മുഖ്യപുരോഹിതന്മാർ അവനെതിരെ അനേകം കുറ്റങ്ങൾ ആരോപിച്ചു. പീലാത്തോസ് പിന്നെയും അവനോടു ചോദിച്ചു: “നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിനക്കെതിരെ എന്തെല്ലാം കുറ്റങ്ങൾ ആരോപിക്കുന്നു” എന്നു പറഞ്ഞു. യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തോസ് ആശ്ചര്യപ്പെട്ടു. അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടുകൊടുക്കുക പതിവായിരുന്നു. എന്നാൽ ഒരു വിപ്ലവത്തിൽ കൊല ചെയ്തവരായ വിപ്ലവക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുവൻ തടവിൽ ഉണ്ടായിരുന്നു. പുരുഷാരം പീലാത്തോസിന്‍റെ അടുക്കൽവന്ന്, പതിവുപോലെ ചെയ്യേണം എന്നു അവനോടു അപേക്ഷിച്ചുതുടങ്ങി. “യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്ക് വിട്ടുതരേണം എന്നു നിങ്ങള്‍ ഇച്ഛിക്കുന്നുവോ?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. മുഖ്യപുരോഹിതന്മാർ അസൂയകൊണ്ടാണ് യേശുവിനെ ഏല്പിച്ചത് എന്നു പീലാത്തോസ് അറിഞ്ഞിരുന്നു. എന്നാൽ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന് ചോദിപ്പാൻ മുഖ്യപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പീലാത്തോസ് പിന്നെയും അവരോട്: “എന്നാൽ യെഹൂദന്മാരുടെ രാജാവ്” എന്നു നിങ്ങൾ വിളിക്കുന്നവനെ ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു. “അവനെ ക്രൂശിയ്ക്ക” എന്നു അവർ വീണ്ടും നിലവിളിച്ചു. പീലാത്തോസ് അവരോട്: “അവൻ എന്ത് ദോഷം ചെയ്തു?” എന്നു ചോദിച്ചു. “അവനെ ക്രൂശിയ്ക്ക” എന്നു അവർ അധികമായി നിലവിളിച്ചു. പീലാത്തോസ് പുരുഷാരത്തിന് തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു ക്രൂശിപ്പാൻ ഏല്പിച്ചു. പടയാളികൾ അവനെ അവരുടെ ആസ്ഥാനമായ മണ്ഡപത്തിനകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി. അവനെ രക്താംബരം ധരിപ്പിച്ച്, മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു: “യെഹൂദന്മാരുടെ രാജാവേ, ജയജയ” എന്നു പറഞ്ഞു വന്ദിച്ചു; കോൽകൊണ്ട് അവന്‍റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു. അങ്ങനെ അവനെ പരിഹസിച്ച ശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ച് അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി. അലെക്സന്തരിന്‍റെയും രൂഫൊസിന്‍റെയും അപ്പനായ കുറേനക്കാരൻ ശിമോൻ നാട്ടിൻപുറത്തുനിന്ന് വന്നു അതുവഴി പോവുകയായിരുന്നു. യേശുവിന്‍റെ ക്രൂശ് ചുമപ്പാൻ അവർ അവനെ നിര്‍ബ്ബന്ധിച്ചു. തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേയ്ക്ക് അവർ യേശുവിനെ കൊണ്ടുപോയി; കുന്തുരുക്കം കലർത്തിയ വീഞ്ഞ് അവനു കൊടുത്തു; അവൻ അത് കുടിച്ചില്ല. അവനെ ക്രൂശിച്ചശേഷം അവന്‍റെ വസ്ത്രങ്ങൾ ഓരോരുത്തരും വിഭാഗിച്ച് എടുക്കേണ്ടതിന് അവർ ചീട്ടിട്ടു. അവനെ ക്രൂശിച്ചപ്പോൾ മൂന്നാംമണി നേരമായിരുന്നു. ‘യെഹൂദന്മാരുടെ രാജാവ്’ എന്നിങ്ങനെ അവന്‍റെമേൽ ചുമത്തിയ കുറ്റം മീതെ എഴുതിവച്ചിരുന്നു. അവർ രണ്ടു കള്ളന്മാരെ ഒരുവനെ വലത്തും ഒരുവനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു. അധർമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്ത് നിവൃത്തിയായി. അതുവഴി കടന്നു പോകുന്നവർ തല കുലുക്കിക്കൊണ്ട്: “ഹാ, ഹാ, മന്ദിരം പൊളിച്ച് മൂന്നു നാളുകൊണ്ട് പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിച്ചു ക്രൂശിൽ നിന്നു ഇറങ്ങിവാ” എന്നു പറഞ്ഞു അവനെ ദുഷിച്ചു. അങ്ങനെ തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ തന്നെത്താൻ രക്ഷിക്കാൻ ഇവന് കഴിയുന്നില്ല” എന്നു പരസ്പരം പറഞ്ഞു. “നമ്മൾ കണ്ടു വിശ്വസിക്കേണ്ടതിന് ക്രിസ്തു എന്ന യിസ്രായേൽ രാജാവ് ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ” എന്നു പറഞ്ഞു. അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു.