അവർ ശിഷ്യന്മാരുടെ അടുക്കലെത്തിയപ്പോൾ ഒരു വലിയ ജനസഞ്ചയം അവരുടെ ചുറ്റും കൂടിനില്‌ക്കുന്നതും മതപണ്ഡിതന്മാർ അവരോടു തർക്കിക്കുന്നതും കണ്ടു. യേശുവിനെ പെട്ടെന്നു കണ്ടപ്പോൾ ജനങ്ങൾ ആശ്ചര്യഭരിതരായി ഓടിവന്ന് അവിടുത്തെ അഭിവാദനം ചെയ്തു. അവിടുന്ന് അവരോടു ചോദിച്ചു: “നിങ്ങളെന്തിനെക്കുറിച്ചാണ് അവരുമായി തർക്കിക്കുന്നത്?” ജനക്കൂട്ടത്തിലൊരാൾ പറഞ്ഞു: “ഗുരോ, എന്റെ മകനെ ഞാൻ അങ്ങയുടെ അടുക്കൽ കൊണ്ടുവന്നു; അവനിൽ ഒരു മൂകനായ ദുഷ്ടാത്മാവുള്ളതുകൊണ്ട് അവനു സംസാരിക്കുവാൻ കഴിവില്ല. ആവേശിക്കുന്നിടത്തുവച്ച് അത് അവനെ തള്ളിയിടുന്നു. അവന്റെ വായിൽനിന്നു നുരയും പതയും വരികയും അവൻ പല്ലുകടിക്കുകയും ചെയ്യും. അതോടെ അവന്റെ ദേഹം വിറങ്ങലിച്ചുപോകുകയും ചെയ്യുന്നു. ഈ ഭൂതത്തെ പുറത്താക്കണമെന്ന് അങ്ങയുടെ ശിഷ്യന്മാരോടു ഞാൻ അപേക്ഷിച്ചു. പക്ഷേ അവർക്കു കഴിഞ്ഞില്ല.” അപ്പോൾ യേശു അവരോടു പറഞ്ഞു: “അവിശ്വാസികളായ തലമുറക്കാരേ, എത്രകാലം ഞാൻ നിങ്ങളോടുകൂടിയിരിക്കണം? എത്രകാലം ഞാൻ നിങ്ങളെ വഹിക്കണം? അവനെ ഇങ്ങു കൊണ്ടുവരൂ.” അവർ ആ ബാലനെ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. യേശുവിനെ കണ്ടയുടൻ ആ ഭൂതം അവനെ വിറപ്പിച്ച് ശരീരം കോട്ടി തള്ളിയിട്ടു. അവൻ വായിൽനിന്നു നുര പുറപ്പെടുവിച്ചുകൊണ്ട് നിലത്തുകിടന്നുരുണ്ടു. യേശു അവന്റെ പിതാവിനോട്, “ഇതു തുടങ്ങിയിട്ട് എത്രകാലമായി?” എന്നു ചോദിച്ചു. “കുട്ടിക്കാലം മുതൽത്തന്നെ തുടങ്ങിയതാണ്; ഇവനെ നശിപ്പിക്കുന്നതിനുവേണ്ടി പലപ്പോഴും തീയിലും വെള്ളത്തിലും അത് ഇവനെ തള്ളിയിട്ടിട്ടുണ്ട്. അങ്ങേക്ക് എന്തെങ്കിലും ചെയ്യുവാൻ കഴിയുമെങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിച്ചാലും” എന്ന് അയാൾ പറഞ്ഞു. “കഴിയുമെങ്കിൽ എന്നോ!” യേശു പറഞ്ഞു; “വിശ്വസിക്കുന്നവനു സകലവും സാധ്യമാണ്.” ഉടനെ ആ കുട്ടിയുടെ പിതാവ് “നാഥാ! ഞാൻ വിശ്വസിക്കുന്നു; എന്റെ വിശ്വാസത്തിന്റെ പോരായ്മ നികത്താൻ സഹായിച്ചാലും” എന്ന് ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു. ജനം തിങ്ങിക്കൂടുന്നതു കണ്ടപ്പോൾ യേശു ദുഷ്ടാത്മാവിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: “ബധിരനും മൂകനുമായ ആത്മാവേ, ഇവനിൽനിന്നു ഒഴിഞ്ഞുപോകൂ! ഇനി ഒരിക്കലും ഇവനിൽ പ്രവേശിക്കരുത് എന്നു ഞാൻ നിന്നോടാജ്ഞാപിക്കുന്നു.” അപ്പോൾ അത് അലറിക്കൊണ്ട് അവനെ ഞെരിച്ചിഴച്ച് അവനിൽനിന്ന് ഒഴിഞ്ഞുപോയി. ആ ബാലൻ മരിച്ചവനെപ്പോലെ ആയി. “അവൻ മരിച്ചുപോയി” എന്നു പലരും പറഞ്ഞു. യേശു അവന്റെ കൈക്കു പിടിച്ചു പൊക്കി; അവൻ എഴുന്നേറ്റു നിന്നു. യേശു വീട്ടിൽ വന്നപ്പോൾ ശിഷ്യന്മാർ അവിടുത്തോടു രഹസ്യമായി ചോദിച്ചു; ‘ഞങ്ങൾക്കതിനെ പുറത്താക്കുവാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?” അവിടുന്ന് അരുൾചെയ്തു: “ഈ വകയെ ബഹിഷ്കരിക്കുവാൻ പ്രാർഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും സാധ്യമല്ല.”
MARKA 9 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MARKA 9:14-29
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ