മർക്കൊസ് 9:14-29
മർക്കൊസ് 9:14-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോടു തർക്കിക്കുന്നതും കണ്ടു. പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ച് ഓടിവന്ന് അവനെ വന്ദിച്ചു. അവൻ അവരോട്: നിങ്ങൾ അവരുമായി തർക്കിക്കുന്നത് എന്ത് എന്നു ചോദിച്ചു. അതിനു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു. അത് അവനെ എവിടെവച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിനു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ട് അവർക്കു കഴിഞ്ഞില്ല എന്ന് ഉത്തരം പറഞ്ഞു. അവൻ അവരോട്: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്ന് ഉത്തരം പറഞ്ഞു. അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവൻ നിലത്തു വീണു നുരച്ചുരുണ്ടു. ഇത് അവന് സംഭവിച്ചിട്ട് എത്ര കാലമായി എന്ന് അവന്റെ അപ്പനോടു ചോദിച്ചതിന് അവൻ: ചെറുപ്പംമുതൽ തന്നെ. അത് അവനെ നശിപ്പിക്കേണ്ടതിനു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു. യേശു അവനോട്: നിന്നാൽ കഴിയും എങ്കിൽ എന്നോ വിശ്വസിക്കുന്നവനു സകലവും കഴിയും എന്നു പറഞ്ഞു. ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു. എന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ട് അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുത് എന്നു ഞാൻ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ അതു നിലവിളിച്ച് അവനെ വളരെ ഇഴച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി. യേശു അവനെ കൈക്കു പിടിച്ചു നിവിർത്തി, അവൻ എഴുന്നേറ്റു. വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോട്: ഞങ്ങൾക്ക് അതിനെ പുറത്താക്കുവാൻ കഴിയാതിരുന്നത് എന്ത് എന്ന് ചോദിച്ചു. പ്രാർഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്ന് അവൻ പറഞ്ഞു.
മർക്കൊസ് 9:14-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ ശിഷ്യന്മാരുടെ അടുക്കലെത്തിയപ്പോൾ ഒരു വലിയ ജനസഞ്ചയം അവരുടെ ചുറ്റും കൂടിനില്‌ക്കുന്നതും മതപണ്ഡിതന്മാർ അവരോടു തർക്കിക്കുന്നതും കണ്ടു. യേശുവിനെ പെട്ടെന്നു കണ്ടപ്പോൾ ജനങ്ങൾ ആശ്ചര്യഭരിതരായി ഓടിവന്ന് അവിടുത്തെ അഭിവാദനം ചെയ്തു. അവിടുന്ന് അവരോടു ചോദിച്ചു: “നിങ്ങളെന്തിനെക്കുറിച്ചാണ് അവരുമായി തർക്കിക്കുന്നത്?” ജനക്കൂട്ടത്തിലൊരാൾ പറഞ്ഞു: “ഗുരോ, എന്റെ മകനെ ഞാൻ അങ്ങയുടെ അടുക്കൽ കൊണ്ടുവന്നു; അവനിൽ ഒരു മൂകനായ ദുഷ്ടാത്മാവുള്ളതുകൊണ്ട് അവനു സംസാരിക്കുവാൻ കഴിവില്ല. ആവേശിക്കുന്നിടത്തുവച്ച് അത് അവനെ തള്ളിയിടുന്നു. അവന്റെ വായിൽനിന്നു നുരയും പതയും വരികയും അവൻ പല്ലുകടിക്കുകയും ചെയ്യും. അതോടെ അവന്റെ ദേഹം വിറങ്ങലിച്ചുപോകുകയും ചെയ്യുന്നു. ഈ ഭൂതത്തെ പുറത്താക്കണമെന്ന് അങ്ങയുടെ ശിഷ്യന്മാരോടു ഞാൻ അപേക്ഷിച്ചു. പക്ഷേ അവർക്കു കഴിഞ്ഞില്ല.” അപ്പോൾ യേശു അവരോടു പറഞ്ഞു: “അവിശ്വാസികളായ തലമുറക്കാരേ, എത്രകാലം ഞാൻ നിങ്ങളോടുകൂടിയിരിക്കണം? എത്രകാലം ഞാൻ നിങ്ങളെ വഹിക്കണം? അവനെ ഇങ്ങു കൊണ്ടുവരൂ.” അവർ ആ ബാലനെ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. യേശുവിനെ കണ്ടയുടൻ ആ ഭൂതം അവനെ വിറപ്പിച്ച് ശരീരം കോട്ടി തള്ളിയിട്ടു. അവൻ വായിൽനിന്നു നുര പുറപ്പെടുവിച്ചുകൊണ്ട് നിലത്തുകിടന്നുരുണ്ടു. യേശു അവന്റെ പിതാവിനോട്, “ഇതു തുടങ്ങിയിട്ട് എത്രകാലമായി?” എന്നു ചോദിച്ചു. “കുട്ടിക്കാലം മുതൽത്തന്നെ തുടങ്ങിയതാണ്; ഇവനെ നശിപ്പിക്കുന്നതിനുവേണ്ടി പലപ്പോഴും തീയിലും വെള്ളത്തിലും അത് ഇവനെ തള്ളിയിട്ടിട്ടുണ്ട്. അങ്ങേക്ക് എന്തെങ്കിലും ചെയ്യുവാൻ കഴിയുമെങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിച്ചാലും” എന്ന് അയാൾ പറഞ്ഞു. “കഴിയുമെങ്കിൽ എന്നോ!” യേശു പറഞ്ഞു; “വിശ്വസിക്കുന്നവനു സകലവും സാധ്യമാണ്.” ഉടനെ ആ കുട്ടിയുടെ പിതാവ് “നാഥാ! ഞാൻ വിശ്വസിക്കുന്നു; എന്റെ വിശ്വാസത്തിന്റെ പോരായ്മ നികത്താൻ സഹായിച്ചാലും” എന്ന് ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു. ജനം തിങ്ങിക്കൂടുന്നതു കണ്ടപ്പോൾ യേശു ദുഷ്ടാത്മാവിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: “ബധിരനും മൂകനുമായ ആത്മാവേ, ഇവനിൽനിന്നു ഒഴിഞ്ഞുപോകൂ! ഇനി ഒരിക്കലും ഇവനിൽ പ്രവേശിക്കരുത് എന്നു ഞാൻ നിന്നോടാജ്ഞാപിക്കുന്നു.” അപ്പോൾ അത് അലറിക്കൊണ്ട് അവനെ ഞെരിച്ചിഴച്ച് അവനിൽനിന്ന് ഒഴിഞ്ഞുപോയി. ആ ബാലൻ മരിച്ചവനെപ്പോലെ ആയി. “അവൻ മരിച്ചുപോയി” എന്നു പലരും പറഞ്ഞു. യേശു അവന്റെ കൈക്കു പിടിച്ചു പൊക്കി; അവൻ എഴുന്നേറ്റു നിന്നു. യേശു വീട്ടിൽ വന്നപ്പോൾ ശിഷ്യന്മാർ അവിടുത്തോടു രഹസ്യമായി ചോദിച്ചു; ‘ഞങ്ങൾക്കതിനെ പുറത്താക്കുവാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?” അവിടുന്ന് അരുൾചെയ്തു: “ഈ വകയെ ബഹിഷ്കരിക്കുവാൻ പ്രാർഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും സാധ്യമല്ല.”
മർക്കൊസ് 9:14-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ മറ്റു ശിഷ്യന്മാരുടെ അടുക്കെ മടങ്ങിവന്നപ്പോൾ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോട് തർക്കിക്കുന്നതും കണ്ടു. പുരുഷാരം യേശുവിനെ കണ്ട ഉടനെ ഭ്രമിച്ചു; ഓടിവന്നു അവനെ വന്ദിച്ചു. യേശു അവരോട്: “നിങ്ങൾ എന്തിനെക്കുറിച്ചാണ് അവരുമായി തർക്കിക്കുന്നത്?” എന്നു ചോദിച്ചു. അതിന് പുരുഷാരത്തിൽ ഒരുവൻ: “ഗുരോ, എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു; അവനെ ഊമനായ ഒരു ആത്മാവ് ബാധിച്ചിരിക്കുന്നു. അത് അവനെ എവിടെവച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരച്ച് പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിനു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ട് അവർക്ക് കഴിഞ്ഞില്ല” എന്നു ഉത്തരം പറഞ്ഞു. അവൻ അവരോട്: “അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെയിരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു ഉത്തരം പറഞ്ഞു. അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവൻ നിലത്തുവീണു, വായിൽനിന്ന് നുരച്ചുവന്നു. “ഇതു അവനു സംഭവിച്ചിട്ട് എത്ര കാലമായി?” എന്നു അവന്‍റെ അപ്പനോട് ചോദിച്ചതിന് അവൻ: “ചെറുപ്പംമുതൽ തന്നെ, അത് അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞ് ഞങ്ങളെ സഹായിക്കണമേ” എന്നു പറഞ്ഞു. യേശു അവനോട്: “നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന് സകലവും കഴിയും” എന്നു പറഞ്ഞു. ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തെ പരിഹരിക്കണമേ” എന്നു പറഞ്ഞു. പുരുഷാരം ഓടിക്കൂടുന്നതു കണ്ടിട്ട് യേശു അശുദ്ധാത്മാവിനെ ശാസിച്ചു: “ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടുപോ; ഇനി അവനിൽ കടക്കരുത് എന്നു ഞാൻ നിന്നോട് കല്പിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അത് നിലവിളിച്ച് അവനെ വളരെ ഇഴച്ചു പുറപ്പെട്ടുപോയി. ‘മരിച്ചുപോയി’ എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി. യേശു അവനെ കൈയ്ക്കു പിടിച്ചു നിവർത്തി, അവൻ എഴുന്നേറ്റ് നിന്നു. യേശു വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോട്: “ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞത് എന്ത്?” എന്നു ചോദിച്ചു. “പ്രാർത്ഥനയാൽ അല്ലാതെ ഈ ജനതകൾ ഒന്നിനാലും പുറപ്പെട്ടുപോകയില്ല” എന്നു അവൻ പറഞ്ഞു.
മർക്കൊസ് 9:14-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോടു തർക്കിക്കുന്നതും കണ്ടു. പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ചു ഓടിവന്നു അവനെ വന്ദിച്ചു. അവൻ അവരോടു: നിങ്ങൾ അവരുമായി തർക്കിക്കുന്നതു എന്തു എന്നു ചോദിച്ചു. അതിന്നു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു. അതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരെച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന്നു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടു അവർക്കു കഴിഞ്ഞില്ല എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു. അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവൻ നിലത്തു വീണു നുരെച്ചുരുണ്ടു. ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവൻ: ചെറുപ്പംമുതൽ തന്നേ. അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു. യേശു അവനോടു: നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു. ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു. എന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുതു എന്നു ഞാൻ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി. യേശു അവനെ കൈക്കു പിടിച്ചു നിവിർത്തി, അവൻ എഴുന്നേറ്റു. വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോടു: ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു. പ്രാർത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്നു അവൻ പറഞ്ഞു.
മർക്കൊസ് 9:14-29 സമകാലിക മലയാളവിവർത്തനം (MCV)
അവർ മറ്റു ശിഷ്യന്മാരുടെ അടുത്തെത്തിയപ്പോൾ വലിയൊരു ജനസമൂഹം അവർക്കുചുറ്റും നിൽക്കുന്നതും വേദജ്ഞർ അവരോടു തർക്കിക്കുന്നതും കണ്ടു. യേശുവിനെ കണ്ട ഉടനെ ജനങ്ങളെല്ലാം അദ്ഭുതാദരങ്ങളോടെ ഓടിച്ചെന്ന് അദ്ദേഹത്തെ അഭിവാദനംചെയ്തു. “എന്തിനെക്കുറിച്ചാണ് നിങ്ങൾ അവരോടു തർക്കിച്ചുകൊണ്ടിരിക്കുന്നത്?” യേശു ചോദിച്ചു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മനുഷ്യൻ: “ഗുരോ, ഒരു ദുരാത്മാവ് ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ട എന്റെ മകനെ ഞാൻ അങ്ങയുടെ അടുക്കൽ കൊണ്ടുവന്നിരുന്നു. അത് അവനിൽ ആവേശിക്കുമ്പോഴെല്ലാം അവനെ നിലത്തുവീഴ്ത്തും; അവന്റെ വായിൽനിന്ന് നുരയും പതയും വരികയും പല്ലുകടിക്കുകയും ശരീരം മരവിക്കുകയും ചെയ്യും. അതിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോട് അപേക്ഷിച്ചു; എന്നാൽ അവർക്കതു കഴിഞ്ഞില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു, “അവിശ്വാസമുള്ള തലമുറയേ, ഞാൻ എത്രകാലം നിങ്ങളോടുകൂടെ വസിക്കും? എത്രകാലം നിങ്ങളെ വഹിക്കും? ബാലനെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. അവർ അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആ ആത്മാവ് ബാലനെ തള്ളിയിട്ടു. അവൻ നിലത്തു വീണുരുളുകയും വായിലൂടെ നുരയും പതയും വരികയും ചെയ്തു. യേശു ബാലന്റെ പിതാവിനോട്, “ഇവൻ ഇങ്ങനെ ആയിട്ട് എത്രനാളായി?” എന്നു ചോദിച്ചു. “കുട്ടിക്കാലംമുതൽതന്നെ. ആ ദുരാത്മാവ് അവനെ കൊല്ലേണ്ടതിനു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്. അങ്ങേക്കു കഴിയുമെങ്കിൽ ദയതോന്നി ഞങ്ങളെ സഹായിക്കണമേ,” എന്ന് അയാൾ മറുപടി പറഞ്ഞു. “ ‘അങ്ങേക്കു കഴിയുമെങ്കിൽ എന്നോ?’ വിശ്വസിക്കുന്നവനു സകലതും സാധ്യം,” യേശു പറഞ്ഞു. ഉടനെ ബാലന്റെ പിതാവ്, “ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തെ അതിജീവിക്കാൻ എന്നെ സഹായിക്കണമേ” എന്നു നിലവിളിച്ചു പറഞ്ഞു. ജനങ്ങൾ കൂട്ടമായി അവിടേക്ക് ഓടിക്കൂടുന്നതു കണ്ടിട്ട് യേശു ദുരാത്മാവിനെ ശാസിച്ചുകൊണ്ട്, “ബധിരനും മൂകനുമായ ആത്മാവേ, അവനിൽനിന്ന് പുറത്തുപോകൂ, ഇനിയൊരിക്കലും അവനിൽ കടക്കരുത് എന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. ആത്മാവ് നിലവിളിച്ച് അവനെ നിലത്തു പിന്നെയും തള്ളിയിട്ട് ഉരുട്ടിയശേഷം അവനെ വിട്ടുപോയി. ബാലൻ ഒരു മൃതശരീരംപോലെ ആയിത്തീർന്നതുകൊണ്ട് “അവൻ മരിച്ചുപോയി” എന്നു പലരും പറഞ്ഞു. യേശു അവനെ കൈക്കുപിടിച്ച് ഉയർത്തി, അവൻ എഴുന്നേറ്റുനിന്നു. യേശു വീട്ടിൽ എത്തിയപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തോട്, “ഞങ്ങൾക്ക് ആ ആത്മാവിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?” എന്നു രഹസ്യമായി ചോദിച്ചു. അതിന് യേശു, “പ്രാർഥനയാൽ മാത്രമല്ലാതെ ഈവക ഒഴിഞ്ഞുപോകുകയില്ല” എന്ന് ഉത്തരം പറഞ്ഞു.