മർക്കോസ് 9:14-29

മർക്കോസ് 9:14-29 MCV

അവർ മറ്റു ശിഷ്യന്മാരുടെ അടുത്തെത്തിയപ്പോൾ വലിയൊരു ജനസമൂഹം അവർക്കുചുറ്റും നിൽക്കുന്നതും വേദജ്ഞർ അവരോടു തർക്കിക്കുന്നതും കണ്ടു. യേശുവിനെ കണ്ട ഉടനെ ജനങ്ങളെല്ലാം അദ്ഭുതാദരങ്ങളോടെ ഓടിച്ചെന്ന് അദ്ദേഹത്തെ അഭിവാദനംചെയ്തു. “എന്തിനെക്കുറിച്ചാണ് നിങ്ങൾ അവരോടു തർക്കിച്ചുകൊണ്ടിരിക്കുന്നത്?” യേശു ചോദിച്ചു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മനുഷ്യൻ: “ഗുരോ, ഒരു ദുരാത്മാവ് ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ട എന്റെ മകനെ ഞാൻ അങ്ങയുടെ അടുക്കൽ കൊണ്ടുവന്നിരുന്നു. അത് അവനിൽ ആവേശിക്കുമ്പോഴെല്ലാം അവനെ നിലത്തുവീഴ്ത്തും; അവന്റെ വായിൽനിന്ന് നുരയും പതയും വരികയും പല്ലുകടിക്കുകയും ശരീരം മരവിക്കുകയും ചെയ്യും. അതിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോട് അപേക്ഷിച്ചു; എന്നാൽ അവർക്കതു കഴിഞ്ഞില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു, “അവിശ്വാസമുള്ള തലമുറയേ, ഞാൻ എത്രകാലം നിങ്ങളോടുകൂടെ വസിക്കും? എത്രകാലം നിങ്ങളെ വഹിക്കും? ബാലനെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. അവർ അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആ ആത്മാവ് ബാലനെ തള്ളിയിട്ടു. അവൻ നിലത്തു വീണുരുളുകയും വായിലൂടെ നുരയും പതയും വരികയും ചെയ്തു. യേശു ബാലന്റെ പിതാവിനോട്, “ഇവൻ ഇങ്ങനെ ആയിട്ട് എത്രനാളായി?” എന്നു ചോദിച്ചു. “കുട്ടിക്കാലംമുതൽതന്നെ. ആ ദുരാത്മാവ് അവനെ കൊല്ലേണ്ടതിനു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്. അങ്ങേക്കു കഴിയുമെങ്കിൽ ദയതോന്നി ഞങ്ങളെ സഹായിക്കണമേ,” എന്ന് അയാൾ മറുപടി പറഞ്ഞു. “ ‘അങ്ങേക്കു കഴിയുമെങ്കിൽ എന്നോ?’ വിശ്വസിക്കുന്നവനു സകലതും സാധ്യം,” യേശു പറഞ്ഞു. ഉടനെ ബാലന്റെ പിതാവ്, “ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തെ അതിജീവിക്കാൻ എന്നെ സഹായിക്കണമേ” എന്നു നിലവിളിച്ചു പറഞ്ഞു. ജനങ്ങൾ കൂട്ടമായി അവിടേക്ക് ഓടിക്കൂടുന്നതു കണ്ടിട്ട് യേശു ദുരാത്മാവിനെ ശാസിച്ചുകൊണ്ട്, “ബധിരനും മൂകനുമായ ആത്മാവേ, അവനിൽനിന്ന് പുറത്തുപോകൂ, ഇനിയൊരിക്കലും അവനിൽ കടക്കരുത് എന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. ആത്മാവ് നിലവിളിച്ച് അവനെ നിലത്തു പിന്നെയും തള്ളിയിട്ട് ഉരുട്ടിയശേഷം അവനെ വിട്ടുപോയി. ബാലൻ ഒരു മൃതശരീരംപോലെ ആയിത്തീർന്നതുകൊണ്ട് “അവൻ മരിച്ചുപോയി” എന്നു പലരും പറഞ്ഞു. യേശു അവനെ കൈക്കുപിടിച്ച് ഉയർത്തി, അവൻ എഴുന്നേറ്റുനിന്നു. യേശു വീട്ടിൽ എത്തിയപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തോട്, “ഞങ്ങൾക്ക് ആ ആത്മാവിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?” എന്നു രഹസ്യമായി ചോദിച്ചു. അതിന് യേശു, “പ്രാർഥനയാൽ മാത്രമല്ലാതെ ഈവക ഒഴിഞ്ഞുപോകുകയില്ല” എന്ന് ഉത്തരം പറഞ്ഞു.