NEHEMIA 12

12
പുരോഹിതന്മാരും ലേവ്യരും
1ശെയൽതീയേലിന്റെ പുത്രൻ സെരുബ്ബാബേലിന്റെയും യേശുവയുടെയും കൂടെ വന്ന പുരോഹിതന്മാർ: സെരായാ, യിരെമ്യാ, 2എസ്രാ, അമര്യാ, മല്ലൂക്, ഹത്തൂശ്, ശെഖന്യാ, 3-4രെഹൂം, മെരേമോത്ത്, ഇദ്ദോ, ഗിന്നെഥോയി, 5അബ്ബീയാ, മിയാമീൻ, മയദ്യാ, ബിൽഗാ, 6ശെമയ്യാ, യോയാരീബ്, യെദായാ, സല്ലൂ, 7ആമോക്, ഹില്‌കീയാ, യെദായാ. ഇവർ യേശുവയുടെ കാലത്ത് പുരോഹിതന്മാരുടെയും തങ്ങളുടെ ചാർച്ചക്കാരുടെയും നേതാക്കന്മാർ ആയിരുന്നു. 8ലേവ്യർ: യേശുവ, ബിന്നൂയി, കദ്മീയേൽ, ശേരെബ്യാ, യെഹൂദാ എന്നിവരും സ്തോത്രഗാനങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന മത്ഥന്യായും ചാർച്ചക്കാരും. 9അവരുടെ സഹോദരന്മാരായ ബക്ബുക്യായും ഉന്നോയും ശുശ്രൂഷയിൽ അവർക്ക് അഭിമുഖമായി നിന്നു. 10യേശുവാ യോയാക്കീമിന്റെയും യോയാക്കീം എല്യാശീബിന്റെയും എല്യാശീബ് യോയാദയുടെയും പിതാവായിരുന്നു. 11യോയാദ യോനാഥാന്റെയും യോനാഥാൻ യദൂവയുടെയും പിതാവായിരുന്നു. 12യോയാക്കീമിന്റെ കാലത്തെ പിതൃഭവനത്തലവന്മാരായിരുന്ന പുരോഹിതന്മാർ: സെരായാകുലത്തിനു മെരായ്യാ; യിരെമ്യാകുലത്തിനു ഹനന്യാ; 13എസ്രാകുലത്തിനു മെശുല്ലാം; അമര്യാകുലത്തിനു യെഹോഹാനാൻ; 14മല്ലൂക്ക്കുലത്തിനു യോനാഥാൻ; ശെബന്യാകുലത്തിനു യോസേഫ്, 15ഹാരിംകുലത്തിന് അദ്നാ, മെരായോത്ത്കുലത്തിനു ഹെല്‌ക്കായി; 16ഇദ്ദോകുലത്തിനു സെഖര്യാ; ഗിന്നെഥോൻ കുലത്തിനു മെശുല്ലാം; 17അബീയാകുലത്തിനു സിക്രി; മിന്യാമീൻകുലത്തിനും മോവദ്യാകുലത്തിനും പിൽതായി; 18ബിൽഗാകുലത്തിനു ശമ്മൂവാ; ശെമയ്യാകുലത്തിനു യെഹോനാഥാൻ; 19യോയാരീബ്കുലത്തിനു മഥെനായി; യെദായാകുലത്തിനു ഉസ്സി; 20സല്ലായികുലത്തിനു കല്ലായി; ആമോക്‌കുലത്തിനു ഏബർ; 21ഹില്‌കീയാകുലത്തിനു ഹശബ്യാ; യെദായാ കുലത്തിനു നെഥനയേൽ. 22എല്യാശീബ്, യോയാദ, യോഹാനാൻ, യദൂവ എന്നിവരുടെ കാലത്തു ലേവ്യരുടെയും പേർഷ്യൻരാജാവായ ദാരിയൂസിന്റെയും കാലംവരെ പുരോഹിതന്മാരുടെയും പിതൃഭവനത്തലവന്മാരുടെയും പേരുകൾ രേഖപ്പെടുത്തിയിരുന്നു. 23എല്യാശീബിന്റെ പുത്രൻ യോഹാനാന്റെ കാലംവരെ ലേവികുടുംബത്തലവന്മാരുടെ പേരുകൾ ദിനവൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു. 24ലേവ്യരുടെ തലവന്മാർ: ഹശബ്യാ, ശേരെബ്യാ, കദ്മീയേലിന്റെ പുത്രൻ യേശുവ എന്നിവർ തങ്ങൾക്ക് അഭിമുഖമായി നിന്ന സഹോദരരോടൊത്ത് ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരമുള്ള സ്തുതിസ്തോത്രങ്ങൾ യാമംതോറും അർപ്പിച്ചു. 25മത്ഥന്യാ, ബക്ക്ബുക്യാ, ഓബദ്യാ, മെശുല്ലാം, തല്മോൻ, അക്കൂബ് എന്നിവർ വാതിലുകൾക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങളുടെ കാവല്‌ക്കാരായിരുന്നു. 26ഇവർ യോസാദാക്കിന്റെ പുത്രൻ യേശുവയുടെ പുത്രൻ യോയാക്കീമിന്റെയും ദേശാധിപതി നെഹെമ്യായുടെയും വേദപണ്ഡിതനായ എസ്രാപുരോഹിതന്റെയും കാലത്തു ജീവിച്ചിരുന്നു.
മതിലിന്റെ പ്രതിഷ്ഠ
27യെരൂശലേമിന്റെ മതിൽ പ്രതിഷ്ഠിക്കുന്ന സമയത്ത് ഇലത്താളം, വീണ, കിന്നരം എന്നീ വാദ്യോപകരണങ്ങളോടുകൂടി സന്തോഷപൂർവം സ്തോത്രഗാനങ്ങൾ അർപ്പിക്കുന്നതിന് ലേവ്യരെ അവരുടെ വാസസ്ഥലങ്ങളിൽനിന്നു യെരൂശലേമിൽ വരുത്തി. 28ഗായകർ യെരൂശലേമിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളിൽനിന്നും 29ബേത്ത്-ഗില്ഗാലിൽനിന്നും ഗേബയുടെയും അസ്മാവെത്തിന്റെയും പ്രദേശങ്ങളിൽനിന്നും വന്നുകൂടി; ഗായകർ തങ്ങൾക്കു വസിക്കാൻ യെരൂശലേമിന്റെ ചുറ്റും ഗ്രാമങ്ങൾ നിർമ്മിച്ചു. 30പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചശേഷം ജനങ്ങളെയും വാതിലുകൾ, മതിൽ എന്നിവയും ശുദ്ധീകരിച്ചു. 31പിന്നീട് യെഹൂദാപ്രഭുക്കന്മാരെ മതിലിനു മുകളിൽ കൊണ്ടുവന്നു സ്തോത്രഗീതം ആലപിച്ചുകൊണ്ട് പ്രദക്ഷിണം ചെയ്യാൻ രണ്ടു വലിയ ഗായകസംഘങ്ങളെ നിയോഗിച്ചു. അവയിൽ ഒന്ന് മതിലിന്മേൽ വലത്തുഭാഗത്തുകൂടി പുറപ്പെട്ട് ചവറ്റു വാതില്‌ക്കലേക്കു പോയി. 32ഹോശയ്യായും യെഹൂദാപ്രഭുക്കന്മാരിൽ പകുതിപ്പേരും അവരെ അനുഗമിച്ചു. 33അസര്യാ, എസ്രാ, മെശുല്ലാം, 34യെഹൂദാ, ബെന്യാമീൻ, ശെമയ്യാ, യിരെമ്യാ എന്നിവരും 35കാഹളങ്ങളോടുകൂടി പുരോഹിതന്മാരിൽ ചിലരും സെഖര്യായും; (സെഖര്യാ യോനാഥാന്റെ പുത്രൻ, യോനാഥാൻ ശെമയ്യായുടെ പുത്രൻ, ശെമയ്യാ മത്ഥന്യായുടെ പുത്രൻ, മത്ഥന്യാ മീഖായുടെ പുത്രൻ, മീഖാ സക്കൂറിന്റെ പുത്രൻ; സക്കൂർ ആസാഫിന്റെ പുത്രൻ) 36അയാളുടെ ചാർച്ചക്കാരും ദൈവപുരുഷനായ ദാവീദിന്റെ വാദ്യോപകരണങ്ങൾ വഹിച്ചിരുന്നവരും ആയ ശെമയ്യാ, അസരയേൽ, മീലലായി, ഗീലലായി, മായായി, നെഥനയേൽ, യെഹൂദാ, ഹനാനി എന്നിവരും അവരോടൊത്തു നടന്നു. വേദപണ്ഡിതനായ എസ്രാ അവരുടെ മുമ്പിൽ നടന്നു. 37അവർ ഉറവക്കവാടം കടന്നു ദാവീദിന്റെ നഗരത്തിലേക്കുള്ള നടകൾ കയറി ദാവീദിന്റെ കൊട്ടാരത്തിനപ്പുറമുള്ള മതിലിന്റെ കയറ്റത്തിലൂടെ ചെന്നു കിഴക്കു ജലകവാടത്തിൽ എത്തി. 38സ്തോത്രഗായകരുടെ മറ്റേ സംഘം ഇടതുവശത്തേക്കു നീങ്ങി; അവരുടെ പിന്നാലെ ഞാനും പകുതി ജനങ്ങളും ചൂളഗോപുരത്തിനപ്പുറം വിശാലമായ മതിൽവരെയും 39എഫ്രയീംവാതിലിനപ്പുറം പുരാതനകവാടം, മത്സ്യകവാടം, ഹനനേലിന്റെ ഗോപുരം, ശതഗോപുരം, അജകവാടം എന്നിവ കടന്നു കാവൽപ്പുരയ്‍ക്കടുത്തുള്ള കവാടംവരെ എത്തി. 40സ്തോത്രഗായകരുടെ രണ്ടു സംഘവും ഞാനും എന്റെ കൂടെയുള്ള പ്രമാണികളിൽ പകുതിപ്പേരും 41കാഹളങ്ങൾ വഹിച്ചുകൊണ്ട് എല്യാക്കീം, മയസേയാ, മിന്യാമിൻ, മീഖായാ, എല്യോവേനായി, സെഖര്യാ, ഹനന്യാ എന്നീ പുരോഹിതന്മാരും 42മയസേയാ, ശെമയ്യാ, എലെയാസർ, ഉസ്സി, യെഹോഹാനാൻ, മല്‌ക്കീയാ, ഏലാം, ഏസെർ എന്നിവരും ദേവാലയത്തിനരികെ വന്നുനിന്നു; ഗായകർ ഉറക്കെ പാടി; യിസ്രഹ്യാ ആയിരുന്നു അവരുടെ നേതാവ്. 43അന്ന് അവർ വലിയ യാഗങ്ങൾ അർപ്പിച്ച് ആഹ്ലാദിച്ചു; അതിനു ദൈവം അവർക്ക് ഇട നല്‌കി; സ്‍ത്രീകളും കുട്ടികളുമെല്ലാം സന്തോഷിച്ചു. യെരൂശലേമിലെ ആഹ്ലാദപ്രകടനങ്ങൾ വളരെ ദൂരെ കേൾക്കാമായിരുന്നു.
44അന്നു ശുശ്രൂഷ ചെയ്തിരുന്ന പുരോഹിതന്മാരിലും ലേവ്യരിലും യെഹൂദാജനങ്ങൾ വളരെ സംപ്രീതരായിരുന്നു. അതുകൊണ്ട്, പുരോഹിതന്മാർക്കും ലേവ്യർക്കുംവേണ്ടി നിയമപ്രകാരം വേർതിരിക്കപ്പെട്ടിരുന്ന ഓഹരികൾ-അഥവാ സംഭാവനകളും ആദ്യഫലങ്ങളും ദശാംശങ്ങളും പട്ടണങ്ങളോടു ചേർന്നു നിലങ്ങളിൽനിന്ന് ശേഖരിച്ച് അവയ്‍ക്കുവേണ്ടിയുള്ള സംഭരണഗൃഹങ്ങളിൽ സൂക്ഷിക്കാൻ ആളുകളെ നിയമിച്ചു. 45പുരോഹിതന്മാരും ലേവ്യരും ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണ ശുശ്രൂഷയും അനുഷ്ഠിച്ചു. ദാവീദും അദ്ദേഹത്തിന്റെ പുത്രൻ ശലോമോനും കല്പിച്ചിരുന്ന പ്രകാരം ഗായകരും വാതിൽകാവല്‌ക്കാരും പ്രവർത്തിച്ചു. 46പണ്ടു ദാവീദിന്റെയും ആസാഫിന്റെയും കാലത്ത് ഗായകർക്ക് ഒരു നേതാവുണ്ടായിരുന്നു; അവർ ദൈവത്തിനു സ്തുതിഗാനങ്ങളും സ്തോത്രങ്ങളും അർപ്പിച്ചിരുന്നു. 47സെരൂബ്ബാബേലിന്റെയും നെഹെമ്യായുടെയും കാലത്ത് എല്ലാ ഇസ്രായേല്യരും ഗായകർക്കും വാതിൽകാവല്‌ക്കാർക്കും പ്രതിദിനവിഹിതം കൊടുത്തുവന്നു. അവർ ലേവ്യർക്കും വിഹിതം കൊടുത്തിരുന്നു. ലേവ്യർ പുരോഹിതന്മാർക്കുമുള്ള വിഹിതം നല്‌കിയിരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

NEHEMIA 12: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക